സിപിഐയുടെ മാധ്യമ സിന്റിക്കേറ്റ്

കെ എം ഷാജഹാന്റെ നേതൃത്വത്തില്‍ ഒരു മാധ്യമമാഫിയ വീണ്ടും കേരളത്തില്‍ സജീവമാവുകയാണ്. ആടിനെ പട്ടിയാക്കുന്ന തനത് പരിപാടികളുമായി അവര്‍ മുന്നോട്ടുപോവുകയാണ്. അച്യുതാനന്ദന്റെ സില്‍ബന്ധികളായി നില്‍ക്കുന്ന ചിലരും അറിഞ്ഞുതന്നെ ഈ കൂട്ടായ്മയുടെ അജണ്ടകള്‍ നിശ്ചയിക്കുന്നവരായി വരുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരാവകാശ നിയമപ്രകാരമെടുത്ത രേഖകള്‍, ഹൈലൈറ്റര്‍ കൊണ്ട് മാര്‍ക്ക് ചെയ്ത് നല്‍കി, വാര്‍ത്തകളിലെ വാചകങ്ങള്‍ വരെ എഴുതി കൊടുക്കാന്‍ ഷാജഹാനും കൂട്ടരും തയ്യാറാവുമ്പോള്‍ നേട്ടം കൊയ്യുന്നത് ബി ജെ പിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കാനം രാജേന്ദ്രന് വ്യക്തിപരമായി അല്‍പ്പമൊക്കെ പ്രതിച്ഛായ നന്നാക്കാന്‍ സാധിക്കുന്നുണ്ട് എങ്കിലും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബി ജെ പിക്കെതിരെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമ്പോള്‍, ബി ജെ പി സ്ഥാനാര്‍ത്ഥി വി മുരളീധരനെ അഭിനന്ദിക്കുന്ന കാനത്തിന്റെയും പന്ന്യന്റെയും ഫഌക്‌സുകള്‍ മണ്ഡലത്തില്‍ നിറയും. അന്ന് മാധ്യമസിന്‍ഡിക്കേറ്റ് ബി ജെ പിയുടെ കൂടെയാവും. ക്ഷീരമുള്ള അകിടിന്റെ ചുവട്ടിലും കൊതുകിന്റെ ലക്ഷ്യം ചോര തന്നെയായിരിക്കും. അതുകൊണ്ട് സി പി ഐയില്‍ വിവരവും തിരിച്ചറിവും ഉള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ കാനം രാജേന്ദ്രന് ഒരു ബ്രെയിന്‍ മസാജര്‍ വാങ്ങി നല്‍കുക.

ഇപ്പോള്‍ ലോ അക്കാദമി ലോ കോളേജിന് മുന്നില്‍ നടക്കുന്ന സമരം ആരുടേതാണ്? ഈ ചോദ്യത്തിന് പെട്ടെന്നുള്ള മറുപടി കെ എസ് യു, എ ബി വി പി, എ ഐ എസ് എഫ്, എം എസ് എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെയും വിദ്യാര്‍ത്ഥിനി കൂട്ടായ്മയുടെയുമാണ് എന്നാണ്. പിന്നെ, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി എന്ന നാട്യേന ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബി ജെ പി നടത്തുന്ന നിരാഹാരസമരവും കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുമോ എന്ന ഭയപ്പാടോടെ സ്ഥലം എം എല്‍ എ, കെ മുരളീധരന്‍ നടത്തുന്ന നിരാഹാരസമരവും ലോ അക്കാദമിക്ക് മുന്നില്‍ നടക്കുന്നുണ്ട്. ഇതാണ് പ്രത്യക്ഷത്തില്‍ കാണുന്ന കാഴ്ച.

ഈ സമരത്തില്‍ വിവിധ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പിറകില്‍ ചാലകശക്തികളായി നില്‍ക്കുന്ന കുറച്ചുപേരുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം അവര്‍ സജീവമാവുകയാണ്. പിണറായി വിജയന്‍ സിപിഐ എം പാര്‍ടി സെക്രട്ടറിയായിരുന്ന കാലത്ത്, ആ പാര്‍ടിക്കകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെക്കുറെ കൂച്ചുവിലങ്ങിട്ടിരുന്നു. അന്ന് വി എസ് അച്യുതാനന്ദന്റെ ഗ്രാഫ് സിപിഐ എംല്‍ വല്ലാതെ ഇടിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വിഭാഗീയതയിലൂടെ പാര്‍ടിയിലും പൊതുസമൂഹത്തിലും തന്റെ പരിവേഷം ഉയര്‍ത്താനാവില്ലെന്ന തിരിച്ചറിവില്‍ നിന്ന അച്യുതാനന്ദനെ, പൊതുസമൂഹത്തില്‍ താരപരിവേഷത്തോടെ ഉയര്‍ത്തിക്കാട്ടിയതിന് പിന്നില്‍ ഒരു സംഘമുണ്ടായിരുന്നു. പരിസ്ഥിതി വിഷയങ്ങളിലൊക്കെ നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെ അച്യുതാനന്ദന്‍ ഇടപെടാന്‍ തുടങ്ങിയതും കുന്നും മലകളും മാധ്യമങ്ങളുടെ അകമ്പടിയോടെ കയറിയിറങ്ങിയതുമൊക്കെ ആ കാലത്താണ്. കെ എം ഷാജഹാന്റെ നേതൃത്വത്തില്‍ സജീവമായിരുന്ന ഒരു മാധ്യമ സിന്‍ഡിക്കേറ്റായിരുന്നു അതിന് പിന്നിലുള്ളത്. അവര്‍ ഇന്ന് പുതിയ രൂപത്തില്‍ ആവിര്‍ഭവിച്ചിരിക്കുന്നു. അച്യുതാനന്ദന് പകരം ആ സംഘത്തിന്റെ സഹായം തേടുന്നത് സിപിഐ എന്ന പാര്‍ടിയാണ് അല്ലെങ്കില്‍ കാനം രാജേന്ദ്രനാണ്. ഇടയ്ക്ക് പുട്ടിന് പീരയെന്ന പോലെ അച്യുതാനന്ദനും രംഗത്തുവരുന്നുണ്ട്.

പാര്‍ടി നടപടികള്‍ക്ക് വിധേയനാവുകയും കുറച്ചുകഴിഞ്ഞ് അച്യുതാനന്ദനുമായി തെറ്റിപ്പിരിയുകയും ചെയ്ത ഷാജഹാന്‍, വായ്പ്പാട്ടില്‍ തന്റെ കഴിവുതെളിയിച്ചു. സി ഡിറ്റില്‍ അനധികൃതമായി ഉദ്യോഗകയറ്റം തരമാക്കി. പിന്നീട്  അദ്ദേഹം തന്റെ ജന്‍മസിദ്ധമായ കഴിവുകള്‍ ഏത് മേഖലയിലാണ് വിനിയോഗിച്ചത്? അത്തരത്തില്‍ ഷാജഹാനെ പരിശോധിക്കുമ്പോള്‍ ലാവ്‌ലിന്‍ കേസില്‍ കക്ഷിചേര്‍ന്ന ഷാജഹാനെ കാണാനാവും. പിന്നെ വിവരാവകാശ നിയമപ്രകാരം വിവിധ വകുപ്പുകളില്‍ നിന്ന് പല തരത്തിലുള്ള വിശദാംശങ്ങള്‍ ശേഖരിക്കുന്ന പ്രവൃത്തിയും ഉഷാറായി നടത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ പി സി ജോര്‍ജ്ജിനെ പോലെ ഒരൊറ്റയാള്‍ സൈന്യമായി പടവെട്ടുന്ന രൂപഭാവങ്ങളൊക്കെ പ്രകടിപ്പിക്കുകയും സമാനമായ സ്വഭാവത്തില്‍ പഴയ കരിങ്കാലിപ്പണി തുടരുകയുമാണ് ആ ദേഹം. പിണറായി വിജയനെ കുത്തുമ്പോള്‍ കിട്ടുന്ന സുഖം മറ്റൊരു പണിയില്‍ നിന്നും ഷാജഹാന് ലഭിക്കുന്നില്ല. അതിനാല്‍ ലാവ്‌ലിനില്‍ പൂക്കാതെപോയ വസന്തം വേറെവിടെങ്കിലും സൃഷ്ടിക്കാന്‍ സാധിക്കുമോ എന്ന അന്വേഷണത്തിലാണ് ഷാജഹാന്‍.

സിന്‍ഡിക്കേറ്റില്‍ നിന്നും കൊഴിഞ്ഞുപോയവര്‍ക്ക് പകരം 'എടേ..' എന്ന് കല്‍പ്പിക്കാവുന്ന പുതിയ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ടിചേര്‍ത്ത്, മാധ്യമ സിന്‍ഡിക്കേറ്റിന്റെ പുതിയ വേര്‍ഷന്‍ തിരുവനന്തപുരത്ത് ഉണ്ടാക്കിയിരിക്കുകയാണ്. അച്യുതാനന്ദനെ നിയന്ത്രിക്കുന്ന പുത്തന്‍ശക്തികള്‍ വീട്ടില്‍ തന്നെ വളര്‍ന്നുവന്നതുകൊണ്ട് ആ ഏരിയയിലേക്ക് അധികം കയറി കളിക്കാന്‍ പറ്റില്ല. എങ്കിലും ചില്ലറ സ്വാധീനം ഇപ്പോഴുമുണ്ട്. എന്നാല്‍, കാനം രാജേന്ദ്രന്‍ ലൈംലൈറ്റിനോട് വല്ലാത്ത ആര്‍ത്തിയുള്ള, പരിവേഷ മോഹമുള്ള 'ഉത്തമകമ്യൂണിസ്റ്റാ'ണ്. സ്വന്തം പരിവേഷം ഉയര്‍ത്താനായി എന്ത് വിട്ടുവീഴ്ചക്കും തയ്യാറാവുന്ന നട്ടെല്ലുള്ള വ്യക്തി. കാനത്തിന്റെ ആ ദൗര്‍ബല്യം മനസിലാക്കി, സിപിഐയെ മീഡിയാ സിന്‍ഡിക്കേറ്റിന്റെ കൈയ്യിലെ പാവയാക്കി മാറ്റിയിരിക്കുന്നു. തങ്ങളുടെ ഇപ്പോഴത്തെ നിലപാടുകളും സംസാരങ്ങളും വര്‍ഗീയ ഫാസിസ്റ്റ ശക്തികള്‍ക്കാണ് ശക്തിപകരുന്നത് എന്ന് മനസിലാക്കാനുള്ള മൂളപോലും പരിവേഷാര്‍ത്തിയില്‍ നില്‍ക്കുന്ന കാനത്തിനും കൂട്ടര്‍ക്കുമില്ല എന്നത് സഹതാപാര്‍ഹമായ കാര്യമാണ്.

കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും; ലോ അക്കാദമിക്ക് മുന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെ നിരാഹാരം കിടക്കുന്ന ബി ജെ പി നേതാവിനെ നിരാഹാരപന്തലില്‍ സന്ദര്‍ശിച്ചത് ചില മാധ്യമ പ്രവര്‍ത്തകരുടെ ഉപദേശത്തെയും നിര്‍ബന്ധത്തെയും തുടര്‍ന്നാണ്. സിപിഐക്കകത്ത് ആ സന്ദര്‍ശനം വേണ്ടിയിരുന്നില്ല എന്ന പക്ഷക്കാരുമുണ്ട്. കാനത്തെയും പന്ന്യനെയും അവിടേക്കെത്തിച്ച മാധ്യമ സിന്‍ഡിക്കേറ്റാണ്, ഇപ്പോഴും തുടരുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തിന്റെ ഗതിയും മുദ്രാവാക്യങ്ങളും നിര്‍ണയിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന പ്രചരണം വരെ ഈ സിന്‍ഡിക്കേറ്റിന്റെ അജണ്ടയാണ്.

ലോ അക്കാദമിക്ക് ഭൂമി നല്‍കിയ എം എന്‍ ഗോവിന്ദന്‍ നായരും പാട്ടം പുതുക്കി നല്‍കിയ അച്യുതമേനോനും സിപിഐക്കാരാണ്. ഭൂമിപതിച്ചുനല്‍കിയ കരുണാകരന്‍ കോണ്‍ഗ്രസുകാരനാണ്. അക്കാദമിയുടെ ബലത്തില്‍ ഏറെക്കാലം യൂണിവേഴ്‌സിറ്റി അടക്കിഭരിച്ച നാരായണന്‍ നായര്‍ സിപിഐ നേതാവാണ്. ഇത്തരം വസ്തുതകള്‍ നിലനില്‍ക്കെ, അക്കാദമിയിലെ കൊള്ളരുതായ്മകളുടെ മൊത്തം ഉത്തരവാദിത്തം സിപിഐ എംന്റെ തലയില്‍ കെട്ടിവെക്കാനുള്ള അതിബുദ്ധി നടപ്പിലായത് മാധ്യമസിന്‍ഡിക്കേറ്റിന്റെ സംഘടിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ലക്ഷ്മിനായരെന്ന നാരായണന്‍നായരുടെ മകളെ, കൈരളി ചാനലിന്റെ സന്തതി എന്ന രൂപത്തില്‍ വളച്ചൊടിച്ച് പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ചുറപ്പിച്ചതും സിന്‍ഡിക്കേറ്റ് തന്നെയാണ്.

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മിനായരുടെ തോന്ന്യവാസങ്ങള്‍ക്ക് കൂട്ടുനിന്നത് അച്ഛന്‍ നാരായണന്‍ നായരെന്ന സിപിഐക്കാരനാണ്. കൈരളി ചാനലിനും അതിന്റെ എം ഡിക്കും അവിടെ പരിപാടി അവതരിപ്പിക്കുന്ന വ്യക്തികളുടെ, വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന ഏര്‍പ്പാടില്ല. മറ്റ് ചാനലുകളിലും അങ്ങനെതന്നെയാണ്. അത് ഏറ്റവും നന്നായി അറിയുന്നവരാണ് സിന്‍ഡിക്കേറ്റിലുള്ളതും ഇല്ലാത്തതുമായ മാധ്യമ പ്രവര്‍ത്തകര്‍. എന്നിട്ടും അവര്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.

കെ എം ഷാജഹാന്റെ നേതൃത്വത്തില്‍ ഒരു മാധ്യമമാഫിയ വീണ്ടും കേരളത്തില്‍ സജീവമാവുകയാണ്. ആടിനെ പട്ടിയാക്കുന്ന തനത് പരിപാടികളുമായി അവര്‍ മുന്നോട്ടുപോവുകയാണ്. അച്യുതാനന്ദന്റെ സില്‍ബന്ധികളായി നില്‍ക്കുന്ന ചിലരും അറിഞ്ഞുതന്നെ ഈ കൂട്ടായ്മയുടെ അജണ്ടകള്‍ നിശ്ചയിക്കുന്നവരായി വരുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരാവകാശ നിയമപ്രകാരമെടുത്ത രേഖകള്‍, ഹൈലൈറ്റര്‍ കൊണ്ട് മാര്‍ക്ക് ചെയ്ത് നല്‍കി, വാര്‍ത്തകളിലെ വാചകങ്ങള്‍ വരെ എഴുതി കൊടുക്കാന്‍ ഷാജഹാനും കൂട്ടരും തയ്യാറാവുമ്പോള്‍ നേട്ടം കൊയ്യുന്നത് ബി ജെ പിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കാനം രാജേന്ദ്രന് വ്യക്തിപരമായി അല്‍പ്പമൊക്കെ പ്രതിച്ഛായ നന്നാക്കാന്‍ സാധിക്കുന്നുണ്ട് എങ്കിലും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബി ജെ പിക്കെതിരെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമ്പോള്‍, ബി ജെ പി സ്ഥാനാര്‍ത്ഥി വി മുരളീധരനെ അഭിനന്ദിക്കുന്ന കാനത്തിന്റെയും പന്ന്യന്റെയും ഫഌക്‌സുകള്‍ മണ്ഡലത്തില്‍ നിറയും. അന്ന് മാധ്യമസിന്‍ഡിക്കേറ്റ് ബി ജെ പിയുടെ കൂടെയാവും. ക്ഷീരമുള്ള അകിടിന്റെ ചുവട്ടിലും കൊതുകിന്റെ ലക്ഷ്യം ചോര തന്നെയായിരിക്കും. അതുകൊണ്ട് സി പി ഐയില്‍ വിവരവും തിരിച്ചറിവും ഉള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ കാനം രാജേന്ദ്രന് ഒരു ബ്രെയിന്‍ മസാജര്‍ വാങ്ങി നല്‍കുക. അഥവാ എന്തെങ്കിലും മാറ്റമുണ്ടായാലോ.

ലോ അക്കാദമി എന്ന സ്ഥാപനത്തില്‍ സി പി ഐ എന്ന പാര്‍ട്ടിക്ക് എന്തെങ്കിലും തിന്‍മകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഓടിയൊളിക്കാന്‍ ഇങ്ങനെയൊരു സമരനാടകം കൊണ്ട് സാധിക്കില്ല. കാരണം ലോ അക്കാദമിയുടെ ചരിത്രം സിപിഐയുമായി അത്രമേല്‍ ബലത്തില്‍ ബന്ധിപ്പിക്കപ്പെട്ടതാണ്.

05-Feb-2017