ആശങ്കയുയര്‍ത്തുന്ന സ്ത്രീസുരക്ഷ

ഒാരോ 25 മിനിട്ടില്ലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നു, ഒാരോ 40 മിനിട്ടില്ലും ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഒറ്റയ്ക്കായാലും, ആള്‍ക്കൂട്ടത്തിലായാല്ലും, പകല്‍ രാത്രി വ്യത്യാസങ്ങളില്ലാതെ സ്ത്രീ ശരീരം പുരുഷന്‍റെ ഇച്ഛക്കനുസരിച്ച് ആക്രമിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. നഗരങ്ങളില്ലും, ഗ്രാമങ്ങളില്ലും, വീട്ടില്ലും, സ്കൂളില്ലും, യാത്രാ വേളകളില്ലും സ്ത്രീയെന്നത് കേവലം മാസപിണ്ഡമായി മാത്രം പരിഗണിക്കപ്പെടുന്നു. ഡല്‍ഹിയില്‍ നിന്നും വളരെ അകലെയാണ് കേരളവും, പെരുമ്പാവൂരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പീഡനവാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ ഇതൊക്കെ അവിടെയല്ലേ നടക്കൂ, നമ്മള്‍ കേരളത്തിലല്ലേ ജീവിക്കുന്നത് എന്നു സമാധാനിച്ചിരുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് സ്വന്തം വീട് പോലും സുരക്ഷിതമല്ലന്ന് വ്യക്തമാകുന്ന സംഭവമായിരുന്നു ജിഷ കൊലപാതകം. സ്വന്തം വീടിന്‍റെ വാതില്‍ ഭദ്രമായി അടച്ചാല്‍ തങ്ങളുടെ പെണ്‍മക്കള്‍ സുരക്ഷിതരാണന്ന ചിന്ത വിഡ്ഡിത്തരമാകുന്ന നേര്‍ക്കാഴ്ച്ചയാണീ കൊലപാതകം.

ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ മനുഷ്യ വികസന സൂചികകളുടെ അളവുകളിലെല്ലാം സാമൂഹ്യ പുരോഗതിയുടെ മികവുകള്‍ പ്രകടിപ്പിക്കുന്ന കേരളം സ്ത്രീ സുരക്ഷയുടെ മേഖലയില്‍ ഗത്യന്തരമില്ലാത്ത വിധം ദുര്‍ബലപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്. ബലാല്‍സംഗം, പീഡനങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന പീഡന മരണങ്ങള്‍, എന്നീ ക്രൂരതകളിലെല്ലാം സംസ്ഥാനം റെക്കോര്‍ഡ് വേഗതയിലാണ്.

ഒരു രാഷ്ട്രത്തിന്‍റെ അളവുകോല്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പദവിയാണെന്നാണ് പണ്ഡിറ്റ് നെഹ്റു ചൂണ്ടിക്കാട്ടിയത്. ഈ മാനദണ്ഡം വെച്ചു നോക്കിയാല്‍ നമ്മുടെ രാജ്യത്തെ സ്ത്രീകളില്‍ മഹാഭൂരിപക്ഷത്തിനും അര്‍ഹമായ അംഗീകാരവും, പദവിയും ലഭിക്കുന്നില്ലന്നു മാത്രമല്ല കടുത്ത വിവേചനവും, നീതിനിഷേധവും അനുഭവിക്കേണ്ടി വരുന്നു.

ഗര്‍ഭത്തില്‍ നിന്നും തുടങ്ങുന്ന ശരീരമെന്ന വിവേചനം ഗര്‍ഭത്തില്‍ വച്ചും, പിറന്നു വീഴുമ്പോഴും പെണ്‍ ശരീരം പേറുന്ന പല ആത്മാക്കള്‍ക്കും ജീവിതം നിക്ഷേധിക്കുന്നത് സ്വന്തം മാതാപിതാക്കള്‍ തന്നെയാണ്. വളര്‍ച്ചയുടെ ഒാരോ പടവുകള്‍ കയറുമ്പോഴും പെണ്‍കുട്ടി തിരിച്ചറിയുന്നു, ഈ ശരീരം അപകടമാണ്, ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതാണ്. പിന്നെ സ്വയംരക്ഷാ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. ഇക്കാരണങ്ങളാല്‍ തലമുറകളായി സ്ത്രീ സമൂഹം വീടുകള്‍ക്കുള്ളില്‍ തളച്ചിടുകയാണ്. രണ്ടാം തരം പൗരത്വത്തിന് മാത്രം അവകാശമുള്ളവരായി അവര്‍ മാറ്റപ്പെടുകയാണ്. 

അധികാര സ്വാധീനവും, വിത്ത പ്രതാപവും കെെകോര്‍ത്തു നടത്തിയ പീഡനങ്ങളുടേയും, ഹത്യകളുടേയും പരമ്പരകള്‍ കേരളത്തില്ലും അപമാനകരമായ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. വിക്ടര്‍ ഹ്യൂഗോ തന്‍റെ പാവങ്ങള്‍ എന്ന നോവലിനെപ്പറ്റി പറയുന്ന കാര്യം ഇവിടെ പ്രസ്ക്തമാണ്. സ്ത്രീകളോടും, കുട്ടികളോടും ഒരു സമൂഹം എങ്ങനെ പെരുമാറുന്നു എന്നത് ആ സമൂഹത്തിന്‍റെ നിലവാരം നിശ്ചയിക്കുന്നു എന്നാണ്. കഴിഞ്ഞ 5 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ബലാല്‍സംഗം 5982, സ്ത്രീധനപീഡന മരണം 103, സ്ത്രീകളെയും, കുട്ടികളെയും തട്ടിക്കൊണ്ടുപോകല്‍ 886, ലെെംഗികതിക്രമം 1997 എന്ന നിലയിലാണ്. കേരളത്തിലെ സ്ത്രീകളുടെ ജീവിതം എത്രത്തോളം അരക്ഷിതാവസഥയിലാണ് എന്നതിന്‍റെ തെളിവുകളാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സാമൂഹ്യ നിര്‍മ്മിതമായ ഇത്തരം അരക്ഷിതാവസ്ഥയുടെ പ്രതിസന്ധികളെ മറികടന്ന് ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കുക എന്നത് ഇന്ന് സാധാരണക്കാരായ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളിയാകുന്നു. സുരക്ഷിതത്വത്തിന്‍റെ ആസ്ഥാനങ്ങളെന്ന് കരുതിപ്പോരുന്ന അടച്ചറപ്പുള്ള വീടുകളിലടക്കം പ്രായഭേദമന്യേ സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഉത്തര്‍പ്രദേശില്ലും, ബീഹാറില്ലും, ഒറീസയില്ലും ദളിതര്‍ക്കും മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്കും നേരെ നടക്കുന്ന കൊലപാതകങ്ങളും, പീഡനങ്ങളും നിരന്തരമായി നമ്മള്‍ കേള്‍ക്കാറുള്ളതാണ്, ചര്‍ച്ചകള്‍ ചെയ്യാറുമുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മലവിസര്‍ജനത്തിന് വെളിപ്രദേശങ്ങളില്‍ പോകുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വാര്‍ത്തകള്‍ പലതവണ പത്രതാളുകളില്‍ കണ്ടിരിക്കുന്നു. എന്നാല്‍, കേരളത്തില്‍ ഒരു തീരദേശഗ്രാമത്തിലോ , ഉള്‍നാടന്‍ പ്രദേശങ്ങളിലോ അത്തരം പ്രാഥമികക്യത്യം നിര്‍വഹിക്കാന്‍ പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വാര്‍ത്ത ഉണ്ടായിട്ടില്ല. 'ദെെവത്തിന്‍റെ സ്വന്തം നാട്' എന്ന സല്‍പ്പേരില്‍ അനുഗ്രഹീതമായ നമ്മുടെ ഈ കേരളത്തിലാണ് സ്വന്തം വീടിനുള്ളില്‍വച്ച് ഒരു ദളിത് പെണ്‍കുട്ടി പകല്‍ സമയത്ത് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട വാര്‍ത്തയുമായി ഇതുവരെ പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ് മലയാളികള്‍.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം - ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ സൗമ്യ അതിക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ ഇനി ഒരു സൗമ്യയും ഇവിടെ ഉണ്ടാകരുത് എന്ന് തീരുമാനിച്ചവരാണ് നമമള്‍. റെയില്‍ പാളങ്ങളോളം നീളുന്ന സൗമ്യയുടെ നിലവിളി നമ്മെ ഞെട്ടിക്കുക മാത്രമല്ല നമ്മുടെ ഒാരോ പെണ്‍കുട്ടികള്‍ക്കും വന്നെത്താവുന്ന ദുര്‍വിധിയുടെ സംഭ്രാന്തമായൊരു പരിപ്രേക്ഷ്യം നാം അനുഭവിക്കുക കൂടി ചെയ്യുകയായിരുന്നു. കേരളത്തിലെ സ്ത്രീകള്‍ യാത്രാവേളകളില്‍ എത്രമാത്രം സുരക്ഷിതരാണന്ന ചിന്ത വല്ലാതെ അലോസരപ്പെടുത്താന്‍ തുടങ്ങിയത് അന്ന് മുതലായിരുന്നു. എന്നാല്‍ 2012 ഡിസംബര്‍ 16 നായിരുന്നു മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി പീഡനം നടന്നത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ആ പെണ്‍കുട്ടി 15 ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ ജീവന്‍ വെടിഞ്ഞപ്പോഴും പേര് പുറത്ത് വിടാത്ത ആ പെണ്‍കുട്ടിയെ നമ്മള്‍ നിര്‍ഭയ എന്ന് വിളിച്ചു. 'ഇന്ത്യയുടെ മകള്‍' എന്ന വിശേഷണവും നല്‍കി. രാജ്യത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി ജുവെെനല്‍ ജസ്റ്റിസ് നിയമങ്ങളില്‍പ്പോല്ലും മാറ്റങ്ങള്‍ വരുത്താന്‍ ഈ സംഭവം കാരണമായി. രാജ്യത്തെ മുഴുവന്‍ ജനങ്ങളും നിര്‍ഭയയുടെ നീതിയ്ക്കായി അണിനിരന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതി എന്ന അവളുടെ യഥാര്‍ത്ഥ നാമം പുറത്തുവിട്ടപ്പോഴും നിരവധി മാറ്റങ്ങള്‍ക്ക് കാരണമായ ആ പെണ്‍കുട്ടിയുടെ ആത്മവിശ്വാസവും, ധെെര്യവും മരണത്തിന് കീഴടങ്ങുമ്പോഴും അവള്‍ നിര്‍ഭയയായി ഇവിടെ നിലകൊണ്ടു.

നിലയ്ക്കാത്ത നിലവിളിയായി സൗമ്യയും, നിര്‍ഭയയും അത്രമാത്രം നമ്മെ വേദനിപ്പിച്ചിരുന്നു.  ഇനിയൊരു സൗമ്യയോ, നിര്‍ഭയയോ ഇവിടെ ഉണ്ടാകരുത് എന്ന് പ്രതിഞ്ജ ചെയ്തവരാണ് നമ്മള്‍ . ഇപ്പോള്‍ നമ്മുടെ കേരളത്തിന് മറ്റൊരു നിര്‍ഭയ കൂടി ഉണ്ടായിരിക്കുന്നു. ദുരിത ജീവിതത്തെ അതിജീവിച്ച് , പുറംപോക്കിലെ കെട്ടുറപ്പില്ലാത്ത ഒറ്റമുറിയില്‍ ജീവിച്ച ജിഷയെന്ന പെണ്‍കുട്ടി. ഏപ്രില്‍ 28 വെെകിട്ടോടെയാണ് ജിഷ കൊല്ലപ്പെടുന്നത്. മാനഭംഗത്തിന് പുറമേ മുഖവും, മൂക്കും, മാറിടവും, ജനനേന്ദ്രിയങ്ങളെല്ലാം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മുറിവുകളും, ഇതിന് പുറമേ ശരീരത്തില്‍ കടിയേറ്റ പാടുകളും. ഡല്‍ഹി പീഡനത്തേക്കാളും ക്രൂരമായ പീഡനം എന്ന് വിലയിരുത്തേണ്ടി വരുന്നു. രാത്രിയില്‍ പെണ്‍കുട്ടി തനിച്ച് യാത്ര ചെയ്തതിനാലാണ് നിര്‍ഭയ പീഡിപ്പിക്കപ്പെട്ടത് എന്ന് വിലയിരുത്തിയവര്‍ക്ക് വീട് എത്ര ചെറുതായാല്ലും സ്വന്തം സുരക്ഷയുടെ താവളം എന്ന് വിശ്വസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആ പ്രതീക്ഷയുടെ തിരിനാളം അണഞ്ഞു പോയിരിക്കുന്നു. 

ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തെ തുടര്‍ന്ന് സ്ത്രീകളുടെ സാമൂഹിക ഉന്നമനവും, സ്ത്രീ സുരക്ഷയും ലക്ഷ്യമിട്ട് കേരള പോലീസ് ആവിഷ്കരിച്ച ' നിര്‍ഭയ കേരളം ,സുരക്ഷിത കേരളം ' പദ്ധതി വിപുലമായി നടത്തിയെന്ന് അവകാശപ്പെടുന്നവരാണ് നമ്മള്‍. സ്ത്രീകള്‍ക്കും , കുട്ടികള്‍ക്കുമെതിരായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനും, സ്ത്രീകള്‍ക്ക് നിര്‍ഭയമായും, സുരക്ഷിതമായും യാത്ര ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍ സ്യഷ്ടിക്കുന്നതിനുമുള്ള സമഗ്ര ഇടപെടല്‍ ഇത്തരം പദ്ധതികളിലൂടെ വിഭാവനം ചെയ്ത സര്‍ക്കാരാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും ഒാര്‍ക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമം 375 ാം വകുപ്പ് പ്രകാരം ഒരു പുരുഷന്‍ സ്ത്രീയുടെ സമ്മതമില്ലാതെ ലെെംഗിക വേഴ്ച്ച നടത്തിയാല്‍ അത് ബലാല്‍സംഗമാണ്. ഇനി സ്ത്രീ സമ്മതത്തോടെയാണങ്കില്ലും ആ സമ്മതം നേടിയത്  ഭീഷണിപ്പെടുത്തിയോ, വിവാഹം കഴിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചോ , ലഹരി പദാര്‍ത്ഥങ്ങള്‍ കൊടുത്തോ ആണങ്കില്ലും ബലാല്‍സംഗത്തിന്‍റെ പരിധിയില്‍ വരും. പതിനാറു വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായുള്ള ലെെംഗികബന്ധം അവളുടെ സമ്മതപ്രകാരമാണങ്കില്ലും ബലാല്‍സംഗമാണ്.  ഇതിനെല്ലാം ക്രിത്യമായി ശിക്ഷയും ഏര്‍പ്പെടുത്തിയ ഒരു നിയമ വ്യവസ്ഥയ നിലനില്‍ക്കുന്ന നമ്മുടെ പരിഷ്ക്യത കേരള ജനതയാണ്  ഇത്തരം ദാരുണ സംഭവത്തിന് സാക്ഷി്യാകേണ്ടി വന്നത്.

ഒാരോ 25 മിനിട്ടില്ലും ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നു, ഒാരോ 40 മിനിട്ടില്ലും ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഒറ്റയ്ക്കായാലും, ആള്‍ക്കൂട്ടത്തിലായാല്ലും, പകല്‍ രാത്രി വ്യത്യാസങ്ങളില്ലാതെ സ്ത്രീ ശരീരം പുരുഷന്‍റെ ഇച്ഛക്കനുസരിച്ച് ആക്രമിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. നഗരങ്ങളില്ലും, ഗ്രാമങ്ങളില്ലും, വീട്ടില്ലും, സ്കൂളില്ലും, യാത്രാ വേളകളില്ലും സ്ത്രീയെന്നത് കേവലം മാസപിണ്ഡമായി മാത്രം പരിഗണിക്കപ്പെടുന്നു

ഡല്‍ഹിയില്‍ നിന്നും വളരെ അകലെയാണ് കേരളവും, പെരുമ്പാവൂരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പീഡനവാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ ഇതൊക്കെ അവിടെയല്ലേ നടക്കൂ, നമ്മള്‍ കേരളത്തിലല്ലേ ജീവിക്കുന്നത് എന്നു സമാധാനിച്ചിരുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് സ്വന്തം വീട് പോലും സുരക്ഷിതമല്ലന്ന് വ്യക്തമാകുന്ന സംഭവമായിരുന്നു ജിഷ കൊലപാതകം.

സ്വന്തം വീടിന്‍റെ വാതില്‍ ഭദ്രമായി അടച്ചാല്‍ തങ്ങളുടെ പെണ്‍മക്കള്‍ സുരക്ഷിതരാണന്ന ചിന്ത വിഡ്ഡിത്തരമാകുന്ന നേര്‍ക്കാഴ്ച്ചയാണീ കൊലപാതകം. ഒരു തെരഞ്ഞെടുപ്പും, ഒരു രാഷ്ട്രീയ വ്യത്യാസവും ഇവിടെ സത്യം കണ്ടുപിടിക്കുന്നതിന്  തടസ്സമാകരുത്. സാമൂഹ്യ ജാഗ്രതയുടെ പ്രാധാന്യം എത്രത്തോളം വേണമെന്നുള്ളത്  ഈ കൊലപാതകത്തിലൂടെ സമൂഹത്തിന് ബോധ്യപ്പെടേണ്ടതുണ്ട്. സ്ത്രീകളോടുള്ള സാമൂഹ്യ മനോഭാവം മാറാതെ കേരളത്തിന് ഒരിഞ്ച് പോല്ലും മുന്നോട്ട് പോകാനാകില്ലന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നത്.

നിര്‍ഭയയുടെ നീതിയ്ക്കായി ശബ്ദമുയര്‍ത്തിയപ്പോള്‍ പ്രായത്തിന്‍റെ ആനുകൂല്യത്തില്‍ കുറ്റവാളി രക്ഷപ്പെടുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടത് എന്നാല്‍ ജിഷ എന്ന ദളിത് പെണ്‍കുട്ടി കൊലചെയ്യപ്പെട്ട് ഇത്ര ദിവസം പിന്നിട്ടിട്ടും പ്രതിയെ കുറച്ച് ഒരു സൂചനപോല്ലും നമുക്ക് ലഭിച്ചിട്ടില്ല. കുറ്റവാളിയായി പിടിക്കപ്പെടുന്നവരെല്ലാം ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ ഇവിടെ രക്ഷപ്പെടുന്നു എന്നതാണ് യാഥാര്‍ത്യം. സ്ത്രീ സ്വതന്ത്ര്യത്തിനും,സുരക്ഷയ്ക്കും വേണ്ടിയുള്ള നിയമങ്ങളെല്ലാം  ഇവിടെ അപ്രായോഗികമാകുന്നു. ഇത്തരം ക്രൂരതകള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു. മകള്‍ക്ക് നീതി ലഭിക്കണം എന്ന ജിഷയുടെ അമ്മ ഒാരോ രാഷ്ട്രീയ നേതാവിന്‍റെ മുന്‍പില്ലും അലമുറയിട്ടു കരയുമ്പോള്‍ ആരാണ് ഈ നീതിയ്ക്ക് തടസ്സമാകുന്നത്, ആരാണ് ഈ മരണത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്,,,!

ഇത്ര നിഷ്ഠുരമായൊരു കൊല നടന്ന് ഇത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും ലഭിക്കാതെ ഇരുട്ടില്‍ തപ്പുന്ന പോലീസിനെയും, അധികാരപ്പെട്ട നേതാക്കളെയും കാണുമ്പോള്‍  സാധാരണക്കാരായ സ്ത്രീകളെ സംബദ്ധിച്ച് 'നീതി ' എന്നത് നീറുന്ന ഒരു വാക്ക് മാത്രമായി മാറുന്നു.

സ്ത്രീ സംരക്ഷണത്തിനും, സുരക്ഷയ്ക്കും വേണ്ടി നിരവധി പദ്ധതികളും, നിയമങ്ങളുമുള്ള നമ്മുടെ നാട്ടില്‍ പലപ്പോഴും ഇവയൊക്കെ നോക്കുകുത്തിയാകുന്ന ദയനീയ കാഴ്ച്ചയാണ് കാണാനാകുന്നത്. ഒാരോ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും താത്കാലിക ആശ്വാസത്തിന് വേണ്ടി ചില നടപടികള്‍ ഉണ്ടാകുന്നു എന്നതല്ലാതെ പീഡനത്തിനിരയായവര്‍ക്ക് എത്രമാത്രം നീതി ലഭിക്കുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയും,കുടുംബവും വീണ്ടും പീഡനങ്ങളേറ്റു വാങ്ങേണ്ട അവസ്ഥയാണിന്ന് കണ്ടുവരുന്നത് എന്നതാണ് മറ്റൊരു ദയനീയമായ വസ്തുത. ഒരു മനുഷ്യ ജീവിയെ ഇത്ര ക്രൂരമായി പിച്ചി ചീന്തുമ്പോള്‍ വ്യക്തമാകുന്നത്, ഒരു മനുഷ്യജീവി മറ്റൊരു മനുഷ്യജീവിയ്ക്ക് നല്‍കേണ്ട സാമാന്യ പരിഗണന പോലും ലഭിക്കാന്‍ അര്‍ഹതയില്ലാത്ത രീതിയില്‍ സ്ത്രീശരീരം അവള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത ജനത ഇക്കാര്യം പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.നിയമങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് സ്ത്രീകളുടെ ശക്തമായ ഇടപെടലും, ജാഗ്രതയും അനിവാര്യമാണ്. നയരൂപീകരണത്തില്ലും, ഭരണനിര്‍വഹണരംഗത്തും സ്ത്രീകള്‍ക്ക് അര്‍ഹമായ പങ്കാളിത്തം ഉറപ്പാക്കിയാല്‍ മാത്രമേ സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടുകയുള്ളൂ.

നിലവിലുള്ള പുരുഷാധിപത്യ സാമൂഹ്യ ഘടനയില്‍ മാറ്റം വരുക എന്നത് ഒരു ശരിയായ പോംവഴിയാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ഇടപെടലുകള്‍ സാധ്യമാവുകയും, സാമ്പത്തികവും, സാമൂഹികവുമായ സ്ത്രീ പുരുഷ സമത്വം നിലവില്‍ വരുകയും വേണം. സ്ത്രീ -പുരുഷ അനുപാതത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതലുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം (1000/1084). എന്നാല്‍ ഇതിനനുസ്യതമായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് നിയമസഭയില്ലോ,മറ്റ്  അധികാര സ്ഥാപനങ്ങളില്ലോ ലഭിക്കുന്നില്ല. സ്ത്രീകള്‍ക്ക് ലഭിക്കുന്ന അധികാര സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളെല്ലാം പുരുഷന്‍മാര്‍ തന്നെയാണ്. മാത്രമല്ല ഒാരോ ആണ്‍കുട്ടിയുടേയും, പെണ്‍കുട്ടിയുടേയും മനോഘടന രൂപപ്പെടുന്നത് കുടുംബത്തില്‍ നിന്നാണ്. 'നീയാണ് സൂക്ഷിക്കേണ്ടത്' എന്ന് പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതില്‍ മാറ്റം വരണം. സ്വയം പ്രതിരോധിക്കാന്‍ ശാരീരികമായും, മാനസികമായും അവളെ പ്രാപ്തയാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.  കാലത്തിന്‍റെ മാറ്റം ഉള്‍ക്കൊള്ളാന്‍ സമൂഹം തയാറാകണം. 

15-Jun-2016