അഴിമതിയുടെ സംഘപരിവാരം

ആര്‍ എസ് എസാണ് ബി ജെ പി അടക്കമുള്ള സംഘപരിവാര പ്രവര്‍ത്തകരുടെ രാഷ്ട്രീയാധികാരി. നരേന്ദ്രമോഡിയോട് പ്രധാനമന്ത്രിയാവാന്‍ പറഞ്ഞതും കുമ്മനം രാജശേഖരനോട് ബി ജെ പി അധ്യക്ഷനാവാന്‍ പറഞ്ഞതും ആര്‍ എസ് എസാണ്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കോഴവാങ്ങുന്നതിനും കുംഭകോണങ്ങള്‍ സംഘടിപ്പിക്കുന്നതിനും ആര്‍ എസ് എസ് അനുശാസിക്കുന്ന മാനദണ്ഢങ്ങളുണ്ട്. അത് മാത്രമേ നടപ്പിലാകാന്‍ പാടുള്ളു. അതിനപ്പുറത്ത് വല്ലതും ചെയ്താല്‍ അവര്‍ ശിക്ഷിക്കപ്പെടും. കേരളത്തില്‍ നടന്ന മെഡിക്കല്‍ കോളേജ് കുംഭകോണവും തോജസ്വിനി കുംഭകോണവും ജന്‍ഔഷധി അഴിമതിയും ഗവര്‍ണര്‍ നിയമന കോഴയുമൊക്കെ ആര്‍ എസ് എസ് പദ്ധതിയാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ ഈ അഴിമതികളെയൊക്കെ വെള്ളപൂശാനുള്ള നടപടികളുമായാണ് മുന്നോട്ടുപോവുക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് എന്‍ക്വയറി ബി ജെ പി അഴിമതിയുടെ ഒരറ്റത്തെമാത്രമേ സ്പര്‍ശിക്കുകയുള്ളു. അതിനപ്പുറത്തേക്ക് കടക്കാന്‍ ആര്‍ എസ് എസ് അനുവദിക്കില്ല. അഴിമതിയും കുംഭകോണങ്ങളും കോഴയുമൊക്കെ ഗുരുദക്ഷിണയായി വാങ്ങുന്ന ആര്‍ എസ് എസ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള സാമ്പത്തിക ശേഖരണമാണ് നടത്തുന്നത്.

അഴിമതിയുടെ ചെളിക്കുണ്ടിലാണ്ട ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന്റെ ഓരോരോ അഴിമതി കഥകള്‍ തെളിവോടെ പുറത്തുവരികയാണ്. കേരളത്തില്‍ ബി ജെ പി നേതാക്കള്‍ വാങ്ങിയ കൈക്കൂലിക്കേസില്‍ ചില നടപടികളെടുത്ത് മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ആര്‍ എസ് എസ് പ്രചാരകനായ ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലാണ് കേന്ദ്രസര്‍ക്കാരുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ആര്‍ എസ് എസ് പ്രചാരകനാണ്. സംഘം മുന്നോട്ടുവെക്കുന്ന അജണ്ടകള്‍ നടപ്പിലാക്കിവരികയാണ് കേന്ദ്രസര്‍ക്കാര്‍. നരേന്ദ്രമോഡിയും മറ്റ് മന്ത്രിമാരും നേരിട്ട് പണംവാങ്ങരുതെന്ന കര്‍ശനനിര്‍ദേശമാണ് സര്‍സംഘചാലക് നല്‍കിയിരിക്കുന്നത്. ആര്‍ എസ് എസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് വഴിയാണ് എല്ലാ ഇടപാടുകളും. അതിനുള്ള സംവിധാനം നാഗ്പൂരില്‍ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ വഴിവിട്ട കാര്യങ്ങള്‍ നടന്നുകിട്ടാന്‍ കോര്‍പ്പറേറ്റുകളും മുതലാളിമാരും മറ്റ് ആവശ്യക്കാരും സമീപിക്കുന്നത് നാഗ്പൂരിലുള്ള ആര്‍ എസ് എസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ്. സര്‍ സംഘചാലക് മോഹന്‍ ഭഗവത് അനുവാദം നല്‍കുന്ന കാര്യങ്ങള്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പാടുള്ളു. സംഘം ആവശ്യപ്പെടുന്ന പണം നാഗ്പൂരില്‍ എത്തിയാല്‍ അഴിമതികളും കുംഭകോണങ്ങളും നടത്താനുള്ള സാഹചര്യം രാജ്യത്തെവിടെയും കേന്ദ്രഭരണത്തിന്റെ മറവില്‍ ഉണ്ടാക്കിക്കൊടുക്കും.

നാഗ്പൂരിലെ ആര്‍ എസ് എസ് ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാല്‍ കേന്ദ്രമന്ത്രിമാര്‍ ഏത് അഴിമതിക്കും കൂട്ടുനില്‍ക്കും. അതാണിപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഇന്ത്യകണ്ട ഏറ്റവും വിപുലവും വിശാലവുമായ സാമ്പത്തിക ശേഖരണമാണ് ആര്‍ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്ത് അഴിമതിയും അതിനായി നടത്താം. എത്ര കോടിയും കോഴയായി വാങ്ങാം. വരും നാളുകളില്‍ രാജ്യത്തെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഇല്ലാതാക്കാനും വര്‍ഗീയധ്രുവീകരണവും ഫാസിസ്റ്റ് വാഴ്ചയും സുഗമമായി നടത്താനുമുള്ള പണമാണ് സമാഹരിക്കുന്നത്. വരുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ ബി ജെ പിക്ക് പണംവാരിയെറിയണമെങ്കില്‍ കോഴപ്പണം അനിവാര്യമാണെന്നാണ് ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.

കേരളത്തിലും വ്യാപകമായ തോതിലാണ് അഴിമതിയും കോഴശേഖരണവും നടത്തുന്നത്. മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള അനുവാദം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഒരു ഭാഗത്ത് പണം പിരിക്കുമ്പോള്‍ ഗവര്‍ണര്‍ സ്ഥാനം ഒപ്പിച്ചുനല്‍കാമെന്ന് പറഞ്ഞ് മറ്റൊരുഭാഗത്തുനിന്ന് കോടികള്‍ കോഴവാങ്ങുന്നു. ക്വാറികള്‍ നടത്താന്‍ കേന്ദ്രത്തില്‍ നിന്ന് അനുവാദം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കോഴവാങ്ങിയതിന്റെ തെളിവുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ആര്‍ എസ് എസ് - ബി ജെ പി നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കോഴശേഖരണത്തിന്റെ ചെറിയൊരു ഭാഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ബി ജെ പിയുടെ സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ്, വര്‍ക്കലയിലെ എസ് ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്നും 5.60 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയ സംഭവത്തില്‍ ബി ജെ പിയുടെ സംസ്ഥാന-കേന്ദ്ര നേതൃത്വത്തിന് പങ്കുണ്ട്. അത് തെളിയിക്കാനുള്ള സമഗ്രമായ അന്വേഷണമാണ് ഇവിടെ നടക്കേണ്ടത്.

കേരളത്തില്‍ നടന്നത്

കേരളത്തിലെ ബി ജെ പി നേതൃത്വം കോഴവാങ്ങിയത് ആര്‍ എസ് എസ്- ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ അറിവോടുകൂടി തന്നെയാണ്. ഉന്നതനേക്കാളുടെ പങ്ക് വെളിപ്പെടാതിരിക്കാനാണ് സഹകരണസെല്‍ കണ്‍വീനര്‍ വിനോദിനെതിരെ മാത്രം നടപടിയെടുത്ത് പുറത്താക്കിയത്. തന്റെ വരുതിയില്‍ നില്‍ക്കാത്ത ചില ബി ജെ പി നേതാക്കളെ ഒതുക്കാമെന്ന ഉദ്ദേശത്തോടെയാണ് ബി ജെ പി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കോഴപ്പരാതിയുടെ മുകളില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പക്ഷെ, കളി കൈവിട്ടുപോയി. കമ്മീഷന്‍ റിപ്പോര്‍ട്ട് ബി ജെ പി സംസ്ഥാനകമ്മറ്റി ഓഫീസില്‍ നിന്ന് ചോര്‍ന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന നേതാക്കള്‍ പത്രസമ്മേളനം വിളിച്ച് താന്‍ അഴിമതിയില്‍ പങ്കാളിയല്ല എന്ന് പറയാന്‍ നിര്‍ബന്ധിതരായി. അതോടൊപ്പം
മറുഗ്രൂപ്പിലുള്ളവര്‍ നടത്തിയ അഴിമതികളെയും കോഴ ഇടപാടുകളെയും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തു. 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍' എന്ന പഴമൊഴി ബി ജെ പിയെ സംബന്ധിച്ച് അഴിമതിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമായിരിക്കയാണ്. അഴിമതി നടത്താത്ത ആരും ഇപ്പോള്‍ ബി ജെ പിയിലില്ല.

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

ബി ജെ പി നേതാക്കളായ കെ പി ശ്രീശനും എ കെ നസീറുമായിരുന്നു കമ്മീഷനിലെ അംഗങ്ങള്‍. അവര്‍ എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവന്നില്ലായിരുന്നുവെങ്കില്‍ കോഴപ്പണം വീതംവെച്ച് എല്ലാം ഒതുക്കിതീര്‍ത്തേനെ. പരാതിക്കാരനായ ആര്‍ ഷാജി പറയുന്നത്, ബി ജെ പി നേതാക്കള്‍ മെഡിക്കല്‍കോളേജ് അനുമതിക്ക് 17 കോടി രൂപ ആവശ്യപ്പെട്ടു എന്നാണ്. ആദ്യഗഡുവായാണ് 5.60 കോടി രൂപ നല്‍കിയത്. തുക നല്‍കിയത് ഡല്‍ഹിയിലെ സതീഷ് നായര്‍ക്കാണ്. ബി ജെ പി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രൈവറ്റ് സെക്രട്ടറി എസ് രാകേഷാണ് സതീഷ് നായരെ പരിചയപ്പെടുത്തി കൊടുക്കുന്നത്. എം ടി രമേശ് വഴിയാണ് സതീഷ് നായര്‍ക്ക് കോഴത്തുക നല്‍കിയത് എന്നും പരാതിക്കാരന്‍ കമ്മീഷനോട് പറഞ്ഞു.

ബി ജെ പി നടപടിയെടുത്ത് പുറത്താക്കിയ ആര്‍ എസ് വിനോദ് കമ്മീഷനോട് വെളിപ്പെടുത്തിയ കാര്യങ്ങളിലൂടെ ബി ജെ പി നേതൃത്വമാകെ അഴിമതിക്കറ പുരണ്ടുനില്‍ക്കുന്നുവെന്ന് തെളിയുന്നു. പണം കൈപ്പറ്റിയത് ശരിയാണ്. ഇത് ഹവാലഇടപെടലിലൂടെ സതീഷ് നായര്‍ക്ക് കൈമാറി. ലോധ കമ്മീഷനില്‍ മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട ഹിയറിംഗിന് ഷാജി (പരാതിക്കാരന്‍) ഹാജരായപ്പോള്‍ പി കണ്ണദാസും എസ് രാകേഷും കൂടെയുണ്ടായിരുന്നു എന്നാണ് വിനോദിന്റെ മൊഴി. റിച്ചാര്‍ഡ് ഹേ എം പിയുടെ പി എയാണ് കണ്ണദാസ്. അയാളും കമ്മീഷന് മൊഴി നല്‍കി. എം പിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ലോധകമ്മറ്റിക്ക് മുന്നിലെത്തിയത് എന്നാണ് ആ മൊഴി. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായ എസ് രാകേഷ്, കമ്മീഷന് മുന്നില്‍ പറഞ്ഞത് പരാതിക്കാരനായ ഷാജിയെ സഹായിക്കാന്‍ ശ്രമിച്ചു എന്നാണ്. സതീഷ് നായര്‍ കമ്മീഷനോട് പറഞ്ഞത്, പണം കൈപ്പറ്റിയിട്ടുണ്ട് എന്ന് തന്നെയാണ്. മുഴുവന്‍തുകയും നല്‍കാത്തതുകൊണ്ടാണ് അനുമതിവാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്നത് എന്ന് അദ്ദേഹം പറയുന്നു. തന്നെ സഹായിച്ച മറ്റ് നേതാക്കളെ കുറിച്ചുള്ള വിവരം കമ്മീഷനോട് പങ്കുവെക്കാന്‍ പറ്റില്ലെന്നും സതീഷ് കമ്മീഷനോട് പറയുന്നുണ്ട്. അന്വേഷണ കമ്മീഷന്‍ വിലയിരുത്തുന്നത് അഴിമതിയും കോഴയിടപാടും നടന്നു എന്നുതന്നെയാണ്. പിന്നിലുള്ള പ്രമുഖരിലേക്ക് പോകാനും നടപടികള്‍ കൈക്കൊള്ളാനും കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് ആവശ്യപ്പെടുന്നു.

ബി ജെ പി അധ്യക്ഷന് നേരിട്ട്, ഒപ്പിട്ട് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടാണ് ബി ജെ പി സംസ്ഥാന കാര്യാലയത്തില്‍ നിന്നും ചോര്‍ന്നത്. കോടികള്‍ കോഴവാങ്ങിയത് കൃത്യമായി പങ്കുവെക്കാത്തുകൊണ്ടാണ് ബി ജെ പി നേതാക്കള്‍ തന്നെ ഈ വിധത്തില്‍ റിപ്പോര്‍ട്ട് ചോര്‍ത്താന്‍ തയ്യാറായത്.

പ്രതിക്കൂട്ടിലാവുന്നത് കേന്ദ്രനേതൃത്വവും കേന്ദ്രസര്‍ക്കാരും

 “നാം സംഘടനയുടെ ഒരു ഭാഗമായി തീര്‍ന്നാല്‍,തിന്റെ അച്ചടക്കം സ്വീകരിച്ചാല്‍ പിന്നെ സ്വന്തം തെരഞ്ഞെടുപ്പുകള്‍ക്ക് സ്ഥാനമില്ല. നിര്‍ദേശിക്കുന്നത് ചെയ്യുക. കബഡി കളിക്കാന്‍ നിര്‍ദേശിച്ചാല്‍ കബഡി കളിക്കുക. പൊതുയോഗം സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചാല്‍ അത് സംഘടിപ്പിക്കുക... 

ബി ജെ പിയുടെ കേന്ദ്രനേതൃത്വത്തിന്റെ ഒത്താശയില്ലാതെ, ആര്‍ എസ് എസിന്റെ അനുവാദമില്ലാതെ ലോധകമ്മറ്റിയെ സ്വാധീനിക്കാന്‍ കേരളത്തിലെ ബി ജെ പിക്കാര്‍ക്ക് സാധിക്കില്ല. 17 കോടി മുതല്‍ 25 കോടി രൂപ വരെയാണ് രാജ്യത്ത് അനുമതി നിഷേധിക്കപ്പെട്ട 70 കോളേജുകളില്‍, അനുമതിക്കായി ശ്രമിച്ചവരില്‍ നിന്ന് കൈപ്പറ്റിയിട്ടുള്ളത്. ഇതില്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അഴിമതി തടയാന്‍ സുപ്രീംകോടതി മുന്‍കൈ എടുത്താണ് മുന്‍ ചീഫ് ജസ്റ്റീസ് ആര്‍ എല്‍ ലോധ ചെയര്‍മാനായുള്ള മേല്‍നോട്ടകമ്മിറ്റിയെ നിയോഗിച്ചത്. ആ കമ്മറ്റിയെ വരെ സ്വാധീനിക്കാന്‍ ബി ജെ പി നേതാക്കള്‍ക്കായി എന്നതിലൂടെ ഇത്തരം കമ്മറ്റികളെ നിയോഗിക്കുന്നത് സ്വാധീനം ചെലുത്താനും കോഴപ്പണം ശേഖരിക്കാനുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കുംഭകോണം നടത്തുന്നവര്‍ നേതൃത്വവുമായി ബന്ധമുള്ളവര്‍

സതീഷ് നായര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണാനുള്ള അനുവാദമുണ്ട്. പ്രധാനമന്ത്രിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ ഉപയോഗിച്ചാണ് സതീഷ് നായര്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സെക്രട്ടറിയാണ് എസ് രാകേഷ്. ബി ജെ പി സംസ്ഥാനകമ്മിറ്റി ഓഫീസിലെ മുഖ്യ ജീവനക്കാരനാണ് ഇദ്ദേഹം. കുമ്മനം രാജശേഖരന്റെ വിശ്വസ്ഥനാണ്. ഇത്തരം വസ്തുതകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ബി ജെ പിക്ക് സംഘടനാതലത്തില്‍ ലഭിക്കേണ്ട കോഴപ്പണം കൈമാറിപ്പോയതാണ് പ്രശ്‌നമായി മാറിയത് എന്നാണ്. കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര നേതൃത്വത്തെയും ഉപയോഗിച്ച് അഴിമതിയും കോഴ ഇടപാടുകളും നടത്തുന്നത് സംഘടനാ തലത്തില്‍ മാത്രമാവണം. വ്യക്തിപരമായി അഴിമതി നടത്തി മൊത്തം കോഴത്തുകയും സ്വന്തമാക്കുന്ന ചില നേതാക്കളുടെ നടപടിയ്‌ക്കെതിരായാണ് കമ്മീഷനെ വെച്ചത്. നടപടി നാടകം ഉണ്ടായത്.

അഴിമതിയില്‍ മുങ്ങി കേരളത്തിലെ ബി ജെ പി

കേരളത്തിലെ ബി ജെ പി നേതാക്കള്‍ വ്യക്തിപരമായി സ്മ്പത്ത് കൂട്ടുന്ന കാര്യത്തില്‍ മത്സരമാണ്. ഇതിന്റെ പിന്നാലെയാണ് ബിജെപി നേതാക്കളുടെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവരുന്നത്. നേതാക്കളുടെ സാമ്പത്തിക ഉറവിടം അന്വേഷിച്ചാല്‍ വന്‍ കോഴയിടപാടുകളിലും അഴിമതിയിലുമാണ് ചെന്നെത്തുക. വി മുരളീധരപക്ഷത്തുള്ള നേതാക്കള്‍ പാര്‍ടിയെ വിറ്റ് പണമാക്കിയെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആരോപണം. മുരളീധരപക്ഷത്തെ പ്രബലരായ മലബാറിലെ നേതാവിന്റെയും തിരുവനന്തപുരത്തെ നേതാവിന്റെയും വരുമാനം അനുദിനം വര്‍ധിക്കുകയാണെന്നും ഇതിന്റെ ഉറവിടം അന്വേഷിക്കണമെന്നുമാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്. എം ടി രമേശിനെതിരെ ഉയര്‍ന്ന കോഴ ആരോപണത്തെ മറികടക്കാനാണ് ഈ നീക്കമെന്നാണ് മുരളീധര പക്ഷം പറയുന്നത്. തലസ്ഥാനത്തെ നേതാക്കളായ വി വി രാജേഷും സുരേഷും ആഡംബര ഭവനങ്ങള്‍ നിര്‍മിച്ചതും റിയല്‍എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്നതും പരാതിയായി ഉയര്‍ന്നിട്ടുണ്ട്. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകരായവര്‍ക്ക് കോടികള്‍ വിലമതിക്കുന്ന വീടുകള്‍ നിര്‍മിക്കാനുള്ള പണം എവിടുന്ന് കിട്ടിയെന്ന ചോദ്യമാണ് ഓരോ ഗ്രൂപ്പും പരസ്പരം ചോദിക്കുന്നത്.

മുന്‍ സംസ്ഥാന പ്രസിഡന്റ്, പാലക്കാട്ടെ ജില്ലാനേതാവ്, തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍, തൃശൂരിലെ നേതാവ് എന്നിവര്‍ ചേര്‍ന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വന്‍കിട ബിസിനസുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന ആരോപണം ബി ജെ പിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്ന തേജസ്വിനി കുംഭകോണം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയുള്ളതാണെന്ന ആരോപണവും ഉയരുന്നു. ചില കേന്ദ്രമന്ത്രിമാര്‍ അഴിമതി നടത്താനും കോഴപ്പണത്തിന്റെ വിഹിതം കൈപ്പറ്റാനും കേരളത്തിലെ നേതൃത്വവുമായി ബന്ധം സ്ഥാപിച്ച്ത് തെളിവുസഹിതമാണ് ചിലര്‍ എടുത്തുകാട്ടുന്നത്. കുറച്ചുനാളുകള്‍ മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയല്ലാതെ തലസ്ഥാനത്തെത്തിയ കേന്ദ്രസഹമന്ത്രി, ഹവാലവഴി പണം നാട്ടിലേക്കയച്ചാണ് തിരികെ പോയതെന്ന ആരോപണം ഇതുവരെ ആരും നിഷേധിച്ചിട്ടില്ല. രണ്ടുകോടി രൂപയുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് നല്‍കാത്ത ജില്ലാ നേതാവിനെ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ സംരക്ഷിക്കുന്നത് ഇപ്പോവാരും ചോദ്യം ചെയ്യാറുമില്ല. ഓരോ തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ ഇപ്പോഴത്തെ ബി ജെ പി നേതാക്കളുടെ ആസ്തിയിലുണ്ടായ വര്‍ധനവിന്റെ വിശാദംശങ്ങള്‍ ആര്‍ എസ് എസ് നേതാവ് പി പി മുകുന്ദന്റെ കൈയ്യിലുണ്ട്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ കോപ്പികള്‍ വിളിച്ചുപറയുന്ന സത്യങ്ങള്‍ അനധികൃത സമ്പാദ്യങ്ങളുടേതാണ്.

ആര്‍ എസ് എസ് അറിയാത്തതല്ല ഒന്നും

ആര്‍ എസ് എസ് നിയന്ത്രിക്കുന്ന രാഷ്ടീയപാര്‍ട്ടിയാണ് ബി ജെ പി. ഒരു സംഘപരിവാര്‍ സംഘടന. അവരുടെ ഓരോ ചലനങ്ങളും ആര്‍ എസ് എസ് അറിഞ്ഞാണ്. അതിനപ്പുറത്ത് ഒരു കരിയിലപോലും എടുത്തുമാറ്റാന്‍ ബി ജെ പിക്ക് സാധിക്കില്ല. അതിനുള്ള അനുവാദവുമില്ല. ആര്‍ എസ് എസിന്റെ എക്കാലത്തെയും ശ്രേഷ്ഠനേതാവായ എം എസ് ഗോള്‍വാക്കര്‍ രാഷ്ട്രീയത്തില്‍ എങ്ങിനെയാണ് ഇടപെടേണ്ടത് എന്നത് വ്യക്തമാക്കുന്നുണ്ട് : “നാം സംഘടനയുടെ ഒരു ഭാഗമായി തീര്‍ന്നാല്‍, അതിന്റെ അച്ചടക്കം സ്വീകരിച്ചാല്‍ പിന്നെ സ്വന്തം തെരഞ്ഞെടുപ്പുകള്‍ക്ക് സ്ഥാനമില്ല. നിര്‍ദേശിക്കുന്നത് ചെയ്യുക. കബഡി കളിക്കാന്‍ നിര്‍ദേശിച്ചാല്‍ കബഡി കളിക്കുക. പൊതുയോഗം സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചാല്‍ അത് സംഘടിപ്പിക്കുക... അതുപോലെ വളരെയൊന്നും താല്‍പ്പര്യമില്ലെങ്കിലും രാഷ്ട്രീയത്തിലേക്ക് കടന്നുചെന്ന് പ്രവര്‍ത്തിക്കാന്‍ ചില സുഹൃത്തുക്കളോട് നാം ആവശ്യപ്പെട്ടു. വെള്ളമില്ലാത്തിടത്ത് മീന്‍ വളര്‍ത്തും പോലെ. എവിടെ എന്ത് വളര്‍ത്തണമെന്ന് തീരുമാനിക്കുന്നത് ഇവിടെ നിന്നാണ്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടാലും അവിടെ എതിര്‍പ്പൊന്നുമുണ്ടാവുകയില്ല. ഉണ്ടാവാന്‍ പാടില്ല. അവരുടെ നിര്‍ണയാവകാശം അവിടെ ഒരു ഘടകമേയല്ല.” 1954 മാര്‍ച്ച് 16ന് വാര്‍ധയിലെ ഒരു പ്രസംഗത്തിലാണ് ഗോള്‍വാക്കര്‍ ഇത് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വേറൊരു ഭാഗം ഇങ്ങനെയാണ് : “നമ്മുടെ സ്വയം സേവക് മാരില്‍ ചിലര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലൊ. അവിടെ ആവശ്യാനുസരണം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും മുദ്രാവാക്യം ഉയര്‍ത്തുകയും വേണം. ഒരഭിനേതാവ് തന്റെ കഴിവുകള്‍ പരമാവധി പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍, ചിലപ്പോള്‍ ചില സ്വയംസേവക്മാര്‍ അഭിനേതാവ് എന്നതിനപ്പുറത്തേക്ക് എടുത്തുചാടി പോവുകയും അതിലൂടെ ഏല്‍പ്പിക്കപ്പെട്ട ജോലി പ്രയോജനരഹിതമായി തീരുകയും ചെയ്യുന്നു. അത് നല്ലതല്ല.”

ഗോള്‍വാക്കറുടെ ഈ നിര്‍ദേശങ്ങള്‍, അഴിമതി നടത്താന്‍ പറഞ്ഞാല്‍ അഴിമതി നടത്തുക, കോഴവാങ്ങാന്‍ പറഞ്ഞാല്‍ കോഴ വാങ്ങുക എന്നതിനപ്പുറം വ്യക്തിപരമായി ഒന്നും ചെയ്യരുത് എന്നാണ് കല്‍പ്പിക്കുന്നത്. കോഴ ഇടപാടുകള്‍ ആര്‍ എസ് എസ് നേതൃത്വത്തിന് വേണ്ടിയാവണം. കോഴപ്പണം നാഗ്പൂരില്‍ എത്തണം. ആര്‍ എസ് എസാണ് ബി ജെ പി അടക്കമുള്ള സംഘപരിവാര പ്രവര്‍ത്തകരുടെ രാഷ്ട്രീയാധികാരി. നരേന്ദ്രമോഡിയോട് പ്രധാനമന്ത്രിയാവാന്‍ പറഞ്ഞതും കുമ്മനം രാജശേഖരനോട് ബി ജെ പി അധ്യക്ഷനാവാന്‍ പറഞ്ഞതും ആര്‍ എസ് എസാണ്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കോഴവാങ്ങുന്നതിനും കുംഭകോണങ്ങള്‍ സംഘടിപ്പിക്കുന്നതിനും ആര്‍ എസ് എസ് അനുശാസിക്കുന്ന മാനദണ്ഢങ്ങളുണ്ട്. അത് മാത്രമേ നടപ്പിലാകാന്‍ പാടുള്ളു. അതിനപ്പുറത്ത് വല്ലതും ചെയ്താല്‍ അവര്‍ ശിക്ഷിക്കപ്പെടും. കേരളത്തില്‍ നടന്ന മെഡിക്കല്‍ കോളേജ് കുംഭകോണവും തോജസ്വിനി കുംഭകോണവും ജന്‍ഔഷധി അഴിമതിയും ഗവര്‍ണര്‍ നിയമന കോഴയുമൊക്കെ ആര്‍ എസ് എസ് പദ്ധതിയാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ ഈ അഴിമതികളെയൊക്കെ വെള്ളപൂശാനുള്ള നടപടികളുമായാണ് മുന്നോട്ടുപോവുക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് എന്‍ക്വയറി ബി ജെ പി അഴിമതിയുടെ ഒരറ്റത്തെമാത്രമേ സ്പര്‍ശിക്കുകയുള്ളു. അതിനപ്പുറത്തേക്ക് കടക്കാന്‍ ആര്‍ എസ് എസ് അനുവദിക്കില്ല. അഴിമതിയും കുംഭകോണങ്ങളും കോഴയുമൊക്കെ ഗുരുദക്ഷിണയായി വാങ്ങുന്ന ആര്‍ എസ് എസ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള സാമ്പത്തിക ശേഖരണമാണ് നടത്തുന്നത്.

22-Jul-2017

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More