വളക്കാരനോട്


എവിടെയാണ് നീ?
ഇടവഴിക്കപ്പുറം പണ്ടുണ്ടായിരുന്ന
വലിയ മാവിന് പിന്നിലോ
ഇപ്പോള്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നില്‍ക്കുന്ന
പണ്ടത്തെ പാടത്തിനപ്പുറത്തെ
കുന്നിന്റെ ചെരിവിലോ
ഒളിച്ചിരിപ്പുണ്ടോ?
ഒന്നിറങ്ങിവരാമോ?
മുമ്പത്തെപ്പോലെ
'വള വേണോ വള' എന്ന് ചോദിച്ച് ?

നിന്റെ ഭാണ്ഡത്തിനുപുറത്ത്
കരിവള, പച്ചവള, സ്വര്‍ണ്ണക്കുത്തുള്ള ചുവന്നവള...
അകത്ത് അതിലുമെത്രയോ വളകളെന്ന്
കണ്ണിറുക്കിക്കാണിച്ച്
ഞങ്ങളെ കൊതിപ്പിച്ച്
ഒരു ഡസന്‍വളയില്‍ നിന്ന്
ഒരു വളക്കാലവും
ഒരു കുപ്പി ചാന്തില്‍ നിന്ന്
നിറങ്ങളുടെ ആകാശവും
ഒരു കൂടു കണ്‍മഷിയില്‍ നിന്ന്
കാഴ്ചകളുടെ ഇന്ദ്രനീലക്കല്ലുകളും
സമ്മാനിച്ച്
ഒരത്ഭുതംപോലെ
നീ പാറി വീണിരുന്ന
എത്ര മധ്യാഹ്നങ്ങള്‍...
വള... വള... കണ്‍മഷി... ചാന്ത്... കണ്ണാടി...
എന്ന സംഗീതം.

നീയായിരുന്നു
ഞങ്ങളുടെ സ്വപ്‌നങ്ങളുടെ
താക്കോല്‍ സൂക്ഷിപ്പുകാരന്‍
നിന്നിലൂടെ ഞങ്ങള്‍
അടുത്ത ഇടവഴിയും ഗ്രാമവും നഗരവും
ഉത്‌സവപ്പറമ്പും രാജവീഥികളും
കൊട്ടാരങ്ങളും അന്തപുരങ്ങളും കണ്ടു.
സമാനഹൃദയരുടെ
വളകിലുക്കത്തിന്റെ ഇലത്താളവും
കിനാവിന്റെ കിലുക്കങ്ങളും കേട്ടു.

പ്രണയവും വിരഹവും
രതിയും വേദനയും
കാത്തിരിപ്പും കണ്ണീരും
പങ്കുവെച്ചു.

വളകളണിഞ്ഞും ഉടഞ്ഞും ഉടച്ചും
വളപ്പൊട്ടുകള്‍ ചേര്‍ത്തുവെച്ചും
കാലം പതിയെ പാവാടയൊതുക്കിപ്പിടിച്ച്
കടന്നുപോയി.

നീ കിലുക്കിച്ചിരിപ്പിച്ചിരുന്ന പഴയ വളകള്‍
ഇപ്പോള്‍ മിണ്ടാതെ, കിലുങ്ങാതെ
ഏതോ കടകളില്‍
ചത്തിരിപ്പുണ്ട്.
അവിടെയൊക്കെയോ തളയ്ക്കപ്പെട്ട
ഞങ്ങളെപ്പോലെ.

പ്രിയപ്പെട്ട വളക്കാരാ
തിരിച്ചുവരിക,
സമയത്തെ അല്‍പ്പം പിന്നോട്ട് നടത്തുക
അപ്പോള്‍ വയലുകള്‍ പുനര്‍ജനിക്കട്ടെ
വനശോഭകള്‍ ഉയിര്‍ക്കൊള്ളട്ടെ
തരുതലകള്‍ പൂ ചൂടട്ടെ
പുഴകളില്‍ ജലമൊഴുകട്ടെ
മിഴികളില്‍ അലിവ് പതയട്ടെ.

ഞങ്ങളുടെ ചുണ്ടില്‍ പഴയ ചിരി പടര്‍ത്തുക
കണ്ണില്‍ അത്ഭുതം നിറയ്ക്കുക
ഉള്ളില്‍ വളകള്‍ കിലുക്കുക...

 

31-Dec-2015

കവിതകൾ മുന്‍ലക്കങ്ങളില്‍

More