ജി എസ് ടിയും പിന്നെ ജോസഫ് വിജയും

കലാകാരന്‍മാരെയും കലാസൃഷ്ടികളെയും ഭയപ്പെടുന്ന ഭരണകൂടത്തിന് ജനാധിപത്യത്തിന്റെ മുഖമല്ല ഉണ്ടാവുക. അവര്‍ക്ക് മറച്ചുവെക്കാന്‍ പലതുമുണ്ട്. അതിനാലാണ് തങ്ങളെ നോക്കുന്ന കണ്ണുകളെ അവര്‍ പേടിക്കുന്നത്. തങ്ങളെ വിമര്‍ശിക്കുന്ന നാവുകളെ ഭയക്കുന്നത്. ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. മെര്‍സല്‍ മുന്നോട്ടുവെച്ച വിമര്‍ശനം തമിഴ്ജനതയുടെ വികാരമാണെന്ന് മനസിലാക്കിയപ്പോഴാണ് വൃത്തികെട്ടൊരു വര്‍ഗീയ കളിയുമായി ബി ജെ പി മുന്നോട്ടുവന്നത്. അതായിരുന്നു ആ സിനിമയിലെ നായകനടനായ വിജയിന്റെ മതം വെളിപ്പെടുത്തിയ സംഭവം. 
വിജയ് ഏത് മതക്കാരനാണ് എന്നത് തെന്നിന്ത്യയിലെ സിനിമാസ്വാദകര്‍ ഒരിക്കലും അന്വേഷിച്ചിട്ടില്ല. മതവും ജാതിയും നോക്കി കലാസ്വാദനം നടത്തുന്ന ജീര്‍ണമായ സാമൂഹ്യവ്യവസ്ഥിയെ മാറ്റിമറിച്ചാണല്ലൊ നാം ഇന്നിലേക്ക് എത്തിയത്. 

ആര്‍ എസ് എസ് സംഘപരിവാരം രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കയാണ്. വൈവിധ്യമാര്‍ന്ന രീതികളാണ് അതിനായി അവര്‍ പ്രയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ നടന്നതും അത്തരത്തിലുള്ളൊരു ശ്രമമാണ്. മെര്‍സല്‍ എന്നൊരു തമിഴ് സിനിമയും അതിലെ നായകനായ വിജയുമാണ് ഇത്തവണ ആര്‍ എസ് എസ് - സംഘപരിവാര്‍ സംഘടനകളുടെ ആക്രമണത്തിന് വിധേയനായത്. മെര്‍സല്‍ വാണിജ്യ ചേരുവകളെല്ലാം ചേര്‍ത്തൊരു സിനിമയാണ്. 130 കോടി മുടക്കി നിര്‍മിച്ച ഒരു കച്ചവട സിനിമ. അതിലെ ചില സംഭാഷണങ്ങളും രംഗങ്ങളുമാണ് സംഘികളെ ക്ഷോഭിപ്പിച്ചത്. തുടര്‍ന്നാണ് അസഹിഷ്ണുതയുടെ രാഷ്ട്രീയവുമായി അവര്‍ മെര്‍സലിനെതിരെ തിരിഞ്ഞത്. 

ആ സിനിമയില്‍ നായകനായ വിജയ് ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളെല്ലാം പലരോടും ചോദിക്കുന്ന ചോദ്യമാണ്. ഉത്തരം കിട്ടാത്ത ചോദ്യം. ജി എസ് ടി പിരിക്കുന്നവര്‍ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സേവനമൊരുക്കിക്കൂട? എന്ന ചോദ്യത്തിന് തമിഴ് നാട്ടില്‍ മാത്രമല്ല രാജ്യമാകെ അലയൊലി ഉയരുന്നുണ്ട്. ഈ ശബ്ദങ്ങളെയെല്ലാം വിലക്കിനിര്‍ത്താന്‍ ആര്‍ എസ് എസ് - സംഘപരിവാരത്തിനും അവര്‍ നിയന്ത്രിക്കുന്ന കേന്ദ്രഭരണകൂടത്തിനും സാധിക്കുമോ? ജനാധിപത്യം പാടേ വറ്റിവരണ്ടുപോയൊരു ഭൂമികയല്ല ഇത്. സംഘികള്‍ എത്രമേല്‍ ശ്രമിച്ചാലും അതില്ലാതാക്കാനും സാധിക്കുകയില്ല. അതിനാലാണ് മെര്‍സല്‍ എന്ന സിനിമ വന്‍ വിജയത്തിലേക്ക് കുതിച്ചത്.

കലാകാരന്‍മാരെയും കലാസൃഷ്ടികളെയും ഭയപ്പെടുന്ന ഭരണകൂടത്തിന് ജനാധിപത്യത്തിന്റെ മുഖമല്ല ഉണ്ടാവുക. അവര്‍ക്ക് മറച്ചുവെക്കാന്‍ പലതുമുണ്ട്. അതിനാലാണ് തങ്ങളെ നോക്കുന്ന കണ്ണുകളെ അവര്‍ പേടിക്കുന്നത്. തങ്ങളെ വിമര്‍ശിക്കുന്ന നാവുകളെ ഭയക്കുന്നത്. ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. മെര്‍സല്‍ മുന്നോട്ടുവെച്ച വിമര്‍ശനം തമിഴ്ജനതയുടെ വികാരമാണെന്ന് മനസിലാക്കിയപ്പോഴാണ് വൃത്തികെട്ടൊരു വര്‍ഗീയ കളിയുമായി ബി ജെ പി മുന്നോട്ടുവന്നത്. അതായിരുന്നു ആ സിനിമയിലെ നായകനടനായ വിജയിന്റെ മതം വെളിപ്പെടുത്തിയ സംഭവം.

വിജയ് ഏത് മതക്കാരനാണ് എന്നത് തെന്നിന്ത്യയിലെ സിനിമാസ്വാദകര്‍ ഒരിക്കലും അന്വേഷിച്ചിട്ടില്ല. മതവും ജാതിയും നോക്കി കലാസ്വാദനം നടത്തുന്ന ജീര്‍ണമായ സാമൂഹ്യവ്യവസ്ഥിയെ മാറ്റിമറിച്ചാണല്ലൊ നാം ഇന്നിലേക്ക് എത്തിയത്. തമിഴ് സിനിമാലോകം ഇളയദളപതിയെന്ന് വിശേഷിപ്പിക്കുന്ന വിജയ് ഒരു കൃസ്ത്യാനിയായതുകൊണ്ടാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നാണ് സംഘപരിവാരം പ്രചരിപ്പിച്ചത്. ബി ജെ പിയുടെ ദേശീയ സെക്രട്ടറി എച്ച് രാജ, നടന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഓണ്‍ലൈന്‍വഴി പുറത്തുവിട്ടു. അതിലെ കൃസ്ത്യന്‍ സ്വത്വം ചൂണ്ടിക്കാട്ടിയാണ് രാജ, വര്‍ഗീയത വിളമ്പിയത്. അതേസമയം വിജയ് തമിഴന്റെ ഉശിരോടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് മറുപടി നല്‍കി. താന്‍ സി. ജോസഫ് വിജയ് ആണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ലെറ്റര്‍ഹെഡില്‍ സന്ദേശം പുറത്തുവിട്ടു. സംഘപരിവാരത്തിന്റെ ഭീഷണി കലാകാരന്‍മാരോടുവേണ്ട എന്ന സന്ദേശമാണ് അതിലൂടെ പുറത്തുവന്നത്. തമിഴ്‌നാട്ടിലെ മിക്കവാറും താരങ്ങള്‍ മെര്‍സലിന് പിന്തുണയുമായി എത്തി. ബി ജെ പിയുടെ രാഷ്ട്രീയ സങ്കുചിതത്തെ അവരെല്ലാം തുറന്നുകാട്ടി. വിമര്‍ശിച്ചു. എന്നാല്‍ സിനിമയുടെ തെലുങ്ക് പതിപ്പ് ഇതെഴുതുന്ന സമയത്തുപോലും പുറത്തിറക്കാനുള്ള അനുമതി സെന്‍സര്‍ബോര്‍ഡ് നല്‍കിയിട്ടില്ല. ജി എസ് ടി പരാമര്‍ശം പിന്‍വലിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. സിനിമയുടെ നിര്‍മാതാവ് ആ പരാമര്‍ശം പിന്‍വലിക്കാമെന്ന ഉറപ്പുനല്‍കിയിട്ടും മെര്‍സലിന്റെ തെലുങ്ക് പരിഭാഷ ബാന്‍ ചെയ്തിരിക്കുകയാണ്. അത് ആര്‍ എസ് എസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്.

തമിഴ്‌നാട്ടില്‍ ഈ കാലയളവുവരെ കാലുറപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടില്ല. അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ദ്രാവിഡ രാഷ്ട്രീയത്തെ ഇല്ലാതാക്കി, അവിടെ വര്‍ഗീയ രാഷ്ട്രീയവുമായി ശക്തിപ്പെടാനാണ് ബി ജെ പി ശ്രമിക്കുന്നത്. വിജയിന്റെ മതം വെളിപ്പെടുത്തിയത് ഒരു ടെസ്റ്റ് ഡോസ് മാത്രമാണ്. ജാതിവികാരവും അതിനുള്ള ഉപജാതി വികാരവും മത വികാരവുമൊക്കെ കുത്തിയുണര്‍ത്തി ഉത്തര്‍പ്രദേശിലേതുപോലുള്ള കലാപപരമ്പരകള്‍ ഉണ്ടാക്കാനാവുമോ എന്ന പരീക്ഷണമാണ് തമിഴ്‌നാട്ടില്‍ ബി ജെ പി നടത്തുന്നത്. അത്തരം കാലാവസ്ഥകളിലാണ് സംഘപരിവാരം വളര്‍ന്നിട്ടുള്ളത്.
നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരേ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ ജനാധിപത്യസമൂഹത്തിന് മുന്നില്‍ ആര്‍ എസ് എസ് -സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് രീതികളുടെ ഉദാഹരണമാണ്. പതിനായിരങ്ങളെ നിരവധി കലാപങ്ങളിലൂടെ കൊന്നുതള്ളിയ, രാഷ്ട്രപിതാവ് ഗാന്ധിയുടെ ഇടനെഞ്ച് തുളച്ചുകൊണ്ട് പായിച്ച വെടിയുണ്ടയുടെ മുഖമുള്ള ആര്‍ എസ് എസ് അതിക്രമത്തിന് വിജയ് അന്യനല്ല. അത്തരത്തിലുള്ളൊരു നീക്കം തമിഴകത്ത് സംഘപരിവാരത്തിന് തിരിച്ചടിയാകുമെന്നുള്ളതുകൊണ്ടുമാത്രമാണ് ആ താരം ജീവനോടുകൂടി ഇരിക്കുന്നത്. ആര്‍ എസ് എസിന്റെ ത്വാത്വികഗ്രന്ഥമായ വിചാരധാരയില്‍ വിശദീകരിക്കുന്ന മൂന്ന് ശത്രുക്കളില്‍ ഒന്നാണ് ന്യൂനപക്ഷമായ കൃസ്ത്യന്‍ വിഭാഗം. മുസ്ലീംങ്ങളെയും കൃസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് വിചാരധാര ആഹ്വാനം ചെയ്യുന്നത്. വിജയിന്റെ ഐ ഡി കാര്‍ഡ് പുറത്തുവിട്ട് ശത്രുവായ കൃസ്ത്യാനിയെ പരിചയപ്പെടുത്തിയ വര്‍ഗീയ ഫാസിസത്തിന്റെ വക്താവാണ് ബി ജെ പി ദേശീയ സെക്രട്ടറി രാജ. അത് നിര്‍മാര്‍ജ്ജനത്തിനുള്ള ആഹ്വാനമാണ്. തമിഴ് നാട്ടിലെ ജനങ്ങള്‍ ആ വര്‍ഗീയ നീക്കം മനസിലാക്കിയതുകൊണ്ടാണ് വിജയ് ചിത്രമായ മെര്‍സലിന് വന്‍ വിജയം സമ്മാനിച്ചത്. തമിഴ്‌നാട്ടിലെയും രാജ്യത്താകമാനവുമുള്ള കലാകാരന്‍മാര്‍ തങ്ങളുടെ കലാരൂപങ്ങളിലൂടെയും അല്ലാതെയും ജി എസ് ടി പോലുള്ള ജനദ്രോഹനടപടികളെ തുറന്നുകാട്ടാന്‍ മുന്നോട്ടുവരണമെന്ന ആവശ്യമാണ് ഈ സന്ദര്‍ഭത്തിന്റെ ഏറ്റവും വലിയ സവിശേഷത. രാജ്യം അത്തരം പ്രതിഷേധങ്ങളുടെയും പുതിയ മുന്നേറ്റങ്ങളുടെയും ആവശ്യകതയാണ് വിളിച്ചുപറയുന്നത്.

കാഴ്ച മുന്‍ലക്കങ്ങളില്‍

More