സഹകരണമേഖലയെ രക്ഷിക്കാന്‍

തികച്ചും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനമടക്കമുള്ള കാര്യങ്ങളാണ് പ്രാഥമിക സഹകരണ ബാങ്കുകളിലുള്ളത്. ഓഡിറ്റിംഗടക്കമുള്ള എല്ലാ പരിശോധനകളും ഉണ്ട്. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് എല്ലാ സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്. സഹകരണ മേഖലയുടെ പ്രാധാന്യവും അതിലൂടെ ജനങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്ന് മനസിലാക്കിയതുകൊണ്ടുമാണ് ആര്‍ എസ് എസ് - ബി ജെ പി നിയന്ത്രണത്തില്‍, അനന്തപുരി സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും വൈര്യനിര്യാതന ബുദ്ധിയോടെ ബി ജെ പി സര്‍ക്കാരിനെ ഉപയോഗിച്ച് സഹകരണമേഖലയ്ക്ക് കൊള്ളിവെക്കാനുള്ള പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തിന്റെ കണ്ണീരുകാണാനുള്ള കൊതികൊണ്ടാണ്. അത് അനുവദിക്കാന്‍ പാടില്ല.

തിരുവനന്തപുരത്തെ റിസര്‍വ്വ് ബാങ്ക് ആസ്ഥാനം ഒരു സമരത്തിന് വേദിയാവുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും സഹകരണമേഖലയെ തകര്‍ത്തെറിയുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നു. കേരളത്തിന്റെ വികസനത്തിന് മുഖ്യപങ്കുവഹിക്കുന്ന സഹകരണ ബാങ്കുകളെ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സംസ്ഥാനത്തെ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണ്.

നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടുപോവുന്നത്. ഇത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സൃഷ്ടിയാണ്. രാജ്യത്തെ നോട്ട് അസാധുവാക്കുന്നത് ഒരു പാതകമൊന്നുമല്ല. കള്ളനോട്ടും കള്ളപ്പണവും പിടിക്കാന്‍ വലിയ മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കുന്നതിനെ സിപിഐ എം ഒരുകാലത്തും എതിര്‍ത്തിട്ടില്ലെന്നാണ് ചരിത്രം പഠിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുക. വാഞ്ചു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചകളിലൊക്കെ ആ പാര്‍ട്ടിയുടെ നിലപാട് നമുക്ക് മനസിലാക്കാന്‍ സാധിച്ചതുമാണ്.

നോട്ട് അസാധുവാക്കല്‍ പോലുള്ള നടപടികള്‍ പ്രായോഗികതയിലൂന്നിവേണം നടപ്പിലാക്കാന്‍. കുറച്ചുനാളുകളപ്പുറത്തുള്ള ഒരു തീയതി നിശ്ചയിക്കുകയും ജനങ്ങളുടെ കൈയ്യിലുള്ള പഴയ നോട്ടുകള്‍ മാറ്റി പുതിയത് സ്വന്തമാക്കാന്‍ സാവകാശം ലഭിക്കുകയും വേണം. ജനങ്ങളില്‍ ഭയം ഉണര്‍ത്താതെയുള്ള പ്രക്രിയയാവണം അത്. ഇതിന് സമാന്തരമായി ഭീമമായ അളവില്‍ പഴയ നോട്ടുകള്‍ മാറാനായി വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണം. അവര്‍ കള്ളപ്പണക്കാരാണെങ്കില്‍ നടപടിയെടുക്കണം. ഇത്തരം നടപടികള്‍ ഇപ്പോള്‍ രാജ്യത്തുണ്ടാക്കിയ ഭയനാകമായ സ്തംഭനാവസ്തയിലൂടെയല്ല നടപ്പിലാക്കേണ്ടത്.

ഒരു അര്‍ധരാത്രി ഇന്ത്യയിലെ 86 ശതമാനം മൂല്യംവരുന്ന നോട്ടുകളെല്ലാം പിന്‍വലിച്ച് ജനങ്ങളുടെ ജീവിതം താറുമാറാക്കിയ നടപടി ചുരുക്കി പറഞ്ഞാല്‍ ശുദ്ധ വിവരക്കേടാണ്. മോഡി അവിടെയും നിര്‍ത്തുന്നില്ല. ഈ സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ രാഷ്ട്രീയപദ്ധതികളും നടപ്പിലാക്കുകയാണ്. അതിലൊന്നാണ് സഹകരണ മേഖലയ്ക്ക് നേരെയുള്ള സര്‍ജിക്കല്‍ അറ്റാക്ക്. ഇത് ജനങ്ങളെ മുഴുവന്‍ ബാധിക്കുന്ന ഒന്നാണെന്ന ബോധ്യം മാര്‍ക്‌സിസ്റ്റ് വിരുദ്ധതയിലൂന്നിയ മനോഭാവത്തിലിരിക്കുന്ന മോഡിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല.

4000 രൂപയുടെ പഴയ നോട്ടുകള്‍ മാറാമെന്നത് കഴിഞ്ഞ ദിവസം 2000 രൂപയുടെ പഴയ നോട്ടുകള്‍ മാത്രമേ ഒരു തവണ മാറാനാകൂ എന്ന നിലയില്‍ പുതുക്കി കൊണ്ട് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നു. ഇപ്പോള്‍ ബാങ്കുകള്‍ മാറ്റിക്കൊടുക്കുന്ന നോട്ടിന്റെ സിംഹഭാഗവും 2000 രൂപാ നോട്ടുകളാണ്. അത് ജനങ്ങള്‍ക്ക് യഥേഷ്ടം ക്രയവിക്രയത്തിന് ഉതകാത്ത അവസ്ഥയാണുള്ളത്.

ജനങ്ങള്‍ ബാങ്കുകളിലും മറ്റും നിക്ഷേപിച്ച പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങളും കര്‍ശനമാണ്. ഒറ്റത്തവണ 10,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ പറ്റുകയുള്ളു. മാസം പരമാവധി 24,000 രൂപവരെ പിന്‍വലിക്കാം. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് 50,000 രൂപവരെ പിന്‍വലിക്കാന്‍ സാധിക്കും. പക്ഷെ, ഈ നടപടിക്രമങ്ങളൊന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഴി പറ്റില്ല. സഹകരണ ബാങ്കുകള്‍ ഇപ്പോള്‍ വെറും നോക്കുകുത്തികളാണ്. ന്യൂജനറേഷന്‍ ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളാണ് മോഡിക്ക് വേണ്ടി രംഗത്തുള്ളത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലൂടെ പഴയ നോട്ടുമാറ്റി പുതിയതാക്കാനും അക്കൗണ്ടിലുള്ള പണം വിന്‍വലിക്കാനും സാധിക്കണം. അത് കേരളത്തിന്റെ ആവശ്യമാണ്. തുടക്കത്തില്‍ ജില്ലാ ബാങ്കുകളില്‍ ഈ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. അപ്പോള്‍ പ്രൈമറി സഹകരണ ബാങ്കുകളെ മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും കൂടി കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടത്. ജില്ലാ സഹകരണ ബാങ്കുകളിലൂടെ നടക്കുന്ന ക്രയവിക്രയങ്ങള്‍ പ്രൈമറി സഹകരണ ബാങ്കുകളില്‍ കൂടി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് കേന്ദ്രധനമന്ത്രി കേരളത്തോട് അനുഭാവപൂര്‍ണമായ മറുപടി പറഞ്ഞു എന്നാണ്. പക്ഷെ, ഉത്തരവിറങ്ങിയപ്പോള്‍ ഫലം മറിച്ചായിരുന്നു. ജില്ലാ സഹകരണ ബാങ്കുകളിലുള്ള സൗകര്യം കൂടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചുകളഞ്ഞു.

ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ക്കൊന്നും തങ്ങളുടെ ഇടപാടുകാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. പഴയനോട്ടുകള്‍ വാങ്ങി പുതിയത് കൊടുക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍, പണം വിന്‍വലിക്കാന്‍ സാധിക്കും. അവിടെയാണ് ഒരു കുടുക്കുള്ളത്. നിക്ഷേപമായും മറ്റും ലഭിക്കുന്ന പണത്തില്‍ 2400 കോടി രൂപയാണ് പ്രൈമറി സഹകരണ ബാങ്കുകള്‍ക്ക് സൂക്ഷിക്കാന്‍ സാധിക്കുക. വായ്പയും മറ്റും നല്‍കിയതിന് ശേഷം ബാക്കിവരുന്ന തുക അവര്‍ ജില്ലാ സഹകരണ ബാങ്കുകളിലോ മറ്റ് വാണിജ്യ ബാങ്കുകളിലോ ആണ് നിക്ഷേപിക്കുന്നത്. പിന്നീട് ആവശ്യത്തിന് അവര്‍ പിന്‍വലിക്കും. ഇടപാടുകാര്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍ ലഭ്യമാക്കലാണല്ലൊ ബാങ്കിന്റെ വിശ്വസ്തത എന്ന് പറയുന്നത്. ഇവിടെ ഒരു പ്രൈമറി സഹകരണ ബാങ്കിലെ ഇടപാടുകാരന്‍ പണത്തിനായി സമീപിച്ചാല്‍ അവരുടെ കൈയ്യില്‍ ഇടപാടുകാരന് നല്‍കാന്‍ പണമില്ലാത്ത അവസ്ഥയാണുള്ളത്. പ്രാഥമിക ബാങ്കുകള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കുന്ന തുക വ്യക്തികള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കുന്ന 24,000രൂപയാക്കി നിജപ്പെടുത്തിയിരിക്കയാണ്. ഇത് സഹകരണമേഖലയെ തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്.

സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കം വിവാദമായപ്പോള്‍ നരേന്ദ്രമോഡിയടക്കമുള്ള സംഘികള്‍ പ്രതിരോധത്തിലായി. ഇപ്പോഴവര്‍ പറയുന്നത്, സഹകരണബാങ്കുകള്‍ക്ക് പണം അത്യാവശ്യമാണെങ്കില്‍, സഹകരണ ബാങ്കുകളിലെ പണം ഡ്രാഫ്റ്റായോ, ഇലക്ട്രോണിക് ആയോ ബാങ്കുകളിലേക്ക് മാറ്റി അവിടെ നിന്ന് പിന്‍വലിക്കാമെന്നാണ്. വാണിജ്യ ബാങ്കുകളും റിസര്‍വ്വ് ബാങ്കും സംഘികളുടെ കുഴലൂത്തുകാരായത് കൊണ്ട് പിന്നീടുണ്ടാവുന്ന പുകിലുകള്‍ ഭീകരമായിരിക്കുമെന്നത് വേറെ കാര്യം. ചുരുക്കത്തില്‍ കേരളത്തിലെ സഹകരണബാങ്കുകളെ തകര്‍ക്കുക എന്ന അജണ്ട ഇതിലൂടെ പൂര്‍ണമാകും.

കള്ളപ്പണക്കാരുടെ കേന്ദ്രമല്ല സഹകരണമേഖല. സംസ്ഥാനത്ത് പ്രൈമറി സഹകരണ ബാങ്കുകള്‍ 1604 എണ്ണമാണ്. ഇവയ്ക്ക് 2500ലധികം ബ്രാഞ്ചുകളുമുണ്ട്. 1,332 കോടി രൂപയാണ് ഇവയുടെ മൊത്തം ഓഹരിമൂലധനം. ഇതില്‍ 112 കോടി രൂപ ഒഴികെ ബാക്കിയെല്ലാം നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടേതാണ്. 90,000 കോടി രൂപ നിക്ഷേപവും ഏതാണ്ട് 75,000 കോടി രൂപ വായ്പയുമുള്ള ധനസംവിധാനമാണിത്. വായ്പാ നിക്ഷേപാനുപാതം 80 ശതമാനമാണ്. കേരളത്തിലെ ഏറ്റവും പ്രധാന പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്കിന്റെ വായ്പാ നിക്ഷേപാനുപാതം 52.6 ശതമാനം മാത്രമാണെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം. കേരളത്തിലെ 65 ശതമാനം വരുന്ന ഗ്രാമീണദരിദ്രര്‍ ഏതെങ്കിലും പ്രൈമറി സഹകരണ ബാങ്കില്‍ അംഗമുള്ളവരാണ്. അവരുടെ ആവശ്യങ്ങള്‍ക്ക് അവര്‍ ആ ബാങ്കുകളെയാണ് കാലങ്ങളായി ആശ്രയിക്കുന്നത്. ആ പാവപ്പെട്ട ജനങ്ങളുടെ ബാങ്കാണ് ബി ജെ പി സര്‍ക്കാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

തികച്ചും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനമടക്കമുള്ള കാര്യങ്ങളാണ് പ്രാഥമിക സഹകരണ ബാങ്കുകളിലുള്ളത്. ഓഡിറ്റിംഗടക്കമുള്ള എല്ലാ പരിശോധനകളും ഉണ്ട്. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് എല്ലാ സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്. സഹകരണ മേഖലയുടെ പ്രാധാന്യവും അതിലൂടെ ജനങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്ന് മനസിലാക്കിയതുകൊണ്ടുമാണ് ആര്‍ എസ് എസ് - ബി ജെ പി നിയന്ത്രണത്തില്‍, അനന്തപുരി സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും വൈര്യനിര്യാതന ബുദ്ധിയോടെ ബി ജെ പി സര്‍ക്കാരിനെ ഉപയോഗിച്ച് സഹകരണമേഖലയ്ക്ക് കൊള്ളിവെക്കാനുള്ള പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തിന്റെ കണ്ണീരുകാണാനുള്ള കൊതികൊണ്ടാണ്. അത് അനുവദിക്കാന്‍ പാടില്ല. കേരളത്തിന്റെ പ്രതിഷേധം തിരുവനന്തപുരത്ത് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ ആളിക്കത്താന്‍ തുടങ്ങി. അത് പടര്‍ന്ന് പിടിക്കുക തന്നെ ചെയ്യും.

സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറായേ മതിയാവൂ.

18-Nov-2016