സവര്‍ണ ഫാസിസത്തിന്റെ ചീട്ട്

നരേന്ദ്രമോഡിയുടെനേതൃത്വത്തില്‍ ബിജെപി തനിച്ച് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ ഉണ്ടാക്കിയതോടെ ദളിതര്‍ക്കെതിരെയുള്ള സവര്‍ണ പീഡനം ശക്തമാവുകയാണ്. ദളിതരെ ഹിന്ദുവാക്കി വോട്ട് നേടാന്‍ ബിജെപി ശക്തമായ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് ദളിതര്‍ക്ക് സാമൂഹ്യമായി മുന്നേറാനുള്ള ഒരവസരവും പ്രദാനം ചെയ്യുന്നില്ലെന്ന് ഉത്തരേന്ത്യയില്‍ നിന്നുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നു. ദളിതരെ സമര്‍ഥമായി വര്‍ഗീയ കലാപത്തിനും മറ്റുമുള്ള ഉപകരണമായി ഉപയോഗിക്കുമ്പോഴും അവര്‍ക്ക് സാമൂഹ്യമായി ഉയര്‍ന്നുവരാനുള്ള ഒരു വേദിയും ബിജെപി ഒരുക്കുന്നില്ല. മറിച്ച് ദളിത്-സവര്‍ണ വൈരുധ്യത്തെ ശക്തമാക്കുന്നതിനുള്ള നീക്കങ്ങളാണ് സംഘപരിവാര്‍ പലയിടത്തും നടത്തുന്നത്. പ്രമുഖ ദളിത് രാഷ്ട്രീയ പാര്‍ടികളാകട്ടെ ഇത്തരം സംഭവങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കുകയുമാണ്.

രാജ്യം സ്വതന്ത്രമായിട്ട് ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും സ്വാതന്ത്ര്യ പൂര്‍വ കാലം മുതല്‍ തുടരുന്ന അയിത്തവും അനാചാരങ്ങളും രാജ്യത്ത് നിര്‍ബാധം തുടരുകയാണ്. ദളിതരും ആദിവാസികളും ഇന്നും സാമൂഹ്യവും സാമ്പത്തികവുമായി രണ്ടാം തരം പൗരന്മാരായി തുടരുകയാണ്. സാമൂഹ്യ ശ്രേണികളില്‍ ഏറ്റവും താഴത്ത് നില്‍ക്കുന്ന ഈ വിഭാഗത്തിന് ഇന്നും സവര്‍ണരുടെ ഒപ്പം ഭക്ഷണം കഴിക്കാനോ അവരുമായി ഇടപഴകാനോ രാജ്യത്തിന്റെ പലയിടത്തും സ്വാതന്ത്ര്യമില്ല. ഉത്തരന്ത്യേയില്‍ പലയിടത്തും, പ്രത്യേകിച്ചും രാജസ്ഥാനിലും മധ്യപ്രദേശിലും ബിഹാറിലും ഉത്തര്‍പ്രദേശിലും മറ്റും സവര്‍ണര്‍ക്കും ദളിതര്‍ക്കും പ്രത്യേകം ഗ്ലാസുകളില്‍ ചായയും പ്രത്യേകം പാത്രങ്ങളില്‍ ഭക്ഷണവും നല്‍കുന്ന രീതി ഇന്നും നിലനില്‍ക്കുകയാണ്. ദളിതര്‍ക്ക് ഹിന്ദുക്കളുടെ ക്ഷേത്രങ്ങളില്‍ കയറി ആരാധന നടത്താനുള്ള സ്വാതന്ത്ര്യമില്ലെന്ന് മാത്രമല്ല അവര്‍ക്കെതിരെയുള്ള അസ്പൃശ്യത തുടരുകയുമാണ്.

നരേന്ദ്രമോഡിയുടെനേതൃത്വത്തില്‍ ബിജെപി തനിച്ച് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ ഉണ്ടാക്കിയതോടെ ദളിതര്‍ക്കെതിരെയുള്ള സവര്‍ണ പീഡനം ശക്തമാവുകയാണ്. ദളിതരെ ഹിന്ദുവാക്കി വോട്ട് നേടാന്‍ ബിജെപി ശക്തമായ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് ദളിതര്‍ക്ക് സാമൂഹ്യമായി മുന്നേറാനുള്ള ഒരവസരവും പ്രദാനം ചെയ്യുന്നില്ലെന്ന് ഉത്തരേന്ത്യയില്‍ നിന്നുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നു. ദളിതരെ സമര്‍ഥമായി വര്‍ഗീയ കലാപത്തിനും മറ്റുമുള്ള ഉപകരണമായി ഉപയോഗിക്കുമ്പോഴും അവര്‍ക്ക് സാമൂഹ്യമായി ഉയര്‍ന്നുവരാനുള്ള ഒരു വേദിയും ബിജെപി ഒരുക്കുന്നില്ല. മറിച്ച് ദളിത്-സവര്‍ണ വൈരുധ്യത്തെ ശക്തമാക്കുന്നതിനുള്ള നീക്കങ്ങളാണ് സംഘപരിവാര്‍ പലയിടത്തും നടത്തുന്നത്. പ്രമുഖ ദളിത് രാഷ്ട്രീയ പാര്‍ടികളാകട്ടെ ഇത്തരം സംഭവങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കുകയുമാണ്. 

ഈ പ്രവണതയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ബിഹാറിലെ ദര്‍ബംഗയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബിഹാറിലെ മുഖ്യമന്ത്രി ജിതിന്‍ റാം മാജി എന്ന ദളിത് മുഖ്യമന്ത്രി സന്ദര്‍ശിച്ച ദര്‍ബംഗ ജില്ലയിലെ രുദ്രാപൂരിലുള്ള അന്‍ഹദ തര്‍ഹി ഗ്രാമത്തിലെ പരമേശ്വരി ദേവി ക്ഷേത്രം പിന്നീട് ശുദ്ധീകരിച്ചുവെന്നാണ് വാര്‍ത്ത. ബിഹാറിലെ ആദ്യ ദളിത് മുഖ്യമന്ത്രി ഭോലാ പാസ്വാന്‍ ശാസ്ത്രിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് മുഷാഹര്‍ സമുദായക്കാരനായ മുഖ്യമന്ത്രി മാജി ഈ ആരോപണം ഉന്നയിച്ചത്. ആഗസ്ത് 21 ന് ബിഹാറില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥമാണ് മാജി ദര്‍ബംഗയിലെത്തിയത്. സ്ഥലവാസികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആഗസ്ത് 18 ന് മാജിയും കൂട്ടരും ക്ഷേത്രം സന്ദര്‍ശിച്ചത്. സന്ദര്‍ശനം പൂര്‍ത്തിയായ ഉടന്‍ തന്നെ ക്ഷേത്ര പൂജാരി ശ്രീകോവിലും പരിസരവും ശുദ്ധീകരിച്ചുവെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ദിവസങ്ങള്‍ കഴിഞ്ഞ് ഖനന വകുപ്പ് മന്ത്രിയും ദളിതനുമായ രാം ലഖന്‍ രമണും മുന്‍ കേന്ദ്രമന്ത്രി ദേവേന്ദ്ര പ്രസാദ് യാദവും ആണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

മാജിയുടെ വെളിപ്പെടുത്തല്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചു. ബിജെപിയൊഴിച്ചുള്ള രാഷ്ട്രീയ പാര്‍ടികള്‍ ഈ സംഭവത്തെ ഗൗരവമായി കാണണമെന്നും മനുവാദമുയര്‍ത്തുന്ന ക്ഷേത്ര അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ആര്‍ജെഡിയും ഇടതുപക്ഷ പാര്‍ടികളും എല്ലാം തന്നെ ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍ ദളിതര്‍ക്കെതിരെ അയിത്തവും അസ്പൃശ്യതയും തുടരുകയാണെന്ന് ഗൗരവമാര്‍ന്ന ആക്ഷേപം ഉന്നയിച്ച മുഖ്യമന്ത്രിയെ ഭല്‍സിക്കാനാണ് ബിജെപി തയ്യാറായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജെഡി-യു ദയനീയമായി പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് നിതീഷ്‌കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദളിതനായ മാജിയെ മുഖ്യമന്ത്രിയാക്കുന്നത്. ബിഹാറിലെ മൂന്നാമത്തെ ദളിത് മുഖ്യമന്ത്രിയാണ് മാജി. ഭോലാ പ്രസാദ് ശാസ്ത്രിയും രം സുന്ദര്‍ ദാസുമാണ് മറ്റ് രണ്ട് പേര്‍. ആകസ്മികമായി ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയായ മാജി തന്റെ ദളിത് വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിുടിച്ച് ഇരിക്കാനാണ് ക്ഷേത്രം ശദ്ധീകരിച്ചുവെന്ന പ്രസ്താവനയുമായി രംഗത്ത് വന്നതെന്ന ആക്ഷേപമാണ് ബിജെപി ഉന്നയിച്ചത്. സാമൂഹ്യമാറ്റത്തിനൊപ്പമല്ല മറിച്ച് മനുവാദ രാഷ്ട്രീയം തന്നെയാണ് ബിജെപിയെ നയിക്കുന്നതെന്ന് ഏറെ വ്യക്തമാക്കുന്ന സമീപനമാണിതെന്നര്‍ഥം. 

ദളിതര്‍ സന്ദര്‍ശിച്ച ക്ഷേത്രങ്ങള്‍ ശുദ്ധീകരിച്ചുവെന്ന വാര്‍ത്ത ഇതാദ്യമൊന്നുമല്ല. 2009 ല്‍ ഒഡീഷയിലെ വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ദളിത് മന്ത്രി പ്രമീള മല്ലിക്ക് ഭദ്രക്ക് ജില്ലയിലെ അറാഡി ഗ്രാമത്തിലെ അഖണ്ഡലാമണി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴും ഇതേ ശുദ്ധീകരണ പ്രക്രിയ നടക്കുകയുണ്ടായി. മന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ ഉടന്‍ തന്നെ പൂജാരി ഗോകുലാനന്ദ പാണ്ഡ ക്ഷേത്രം ശുദ്ധീകരിക്കുകയുണ്ടായി. ഒഡീസയിലെ തന്നെ കേന്ദ്രപ്പാഡ ജില്ലയിലെ ജഗന്നാഥ ക്ഷേത്രം നാല് ദളിത് സ്ത്രീകള്‍ സന്ദര്‍ശിച്ചപ്പോള്‍ സവര്‍ണര്‍ അവരെ മര്‍ദ്ദിച്ചു. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷ്രേത്ര പ്രവേശനം നിയമം മൂലം അനുവദിച്ച രാജ്യത്തിലാണ് ഈ സംഭവം ആവര്‍ത്തിക്കപ്പെടുന്നത്. ഹിന്ദുത്വ ശക്തികള്‍ക്ക് അധികാരം ലഭിച്ച ഈ ഘട്ടത്തില്‍ ഇത്തരം ഉച്ച നീചത്വങ്ങള്‍ വര്‍ധിക്കുകയല്ലാതെ കുറയുകയില്ലെന്ന് ദര്‍ബംഗ സംഭവം തെളിയിക്കുന്നു. 

ഇതോടൊപ്പം ചേര്‍ത്തു വെക്കേണ്ട മറ്റൊരു സംഭവം അടുത്തയിടെ രാജസ്ഥാനില്‍ നിന്നും റിപ്പോര്‍ട് ചെയ്യുകയുണ്ടായി. ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകന്റെ പാത്രത്തില്‍ നിന്ന് വെളളം കുടിച്ചതിന് 11 ദളിത് കുട്ടികളെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കിയതാണ് ഈ സംഭവം. രാജസ്ഥാനിലെ ബിക്കാനീര്‍ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ നോക തെഹ്‌സലിലെ ടാറ്റ് ഗ്രാമത്തിലാണ് സംഭവം നടന്ന സ്‌ക്കൂള്‍. ഈ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തില്‍ 25 കുട്ടികള്‍ മാത്രമാണുള്ളത്. അതില്‍ 20 കുട്ടികളും ദളിതരാണ്. അധ്യാപകന്‍ വെച്ച മണ്‍കുടത്തില്‍ നിന്ന് രണ്ട് കുട്ടികള്‍ വെള്ളം കുടിച്ചതിനാണ് വെള്ളം അശുദ്ധമാക്കിയെന്ന് ആരോപിച്ച് മംഗള്‍സിങ്ങ് എന്ന സവര്‍ണജാതിയില്‍പെട്ട അധ്യാപകന്‍ കുട്ടികളെ മൃഗീയമായി ശിക്ഷിച്ചത്. 

കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് വെള്ളക്കടലാസില്‍ ഒപ്പ് വെപ്പിച്ച് അധ്യാപകന്‍ വാങ്ങിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കുട്ടികളെ തിരിച്ചെടുക്കാന്‍ അധ്യാപകന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌ക്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയത് സംബന്ധിച്ച രേഖകളും പൊലീസ് കണ്ടെടുത്തു. നിയമത്തിന് മുമ്പില്‍ അധ്യാപകന്റെ പെരുമാറ്റം തെറ്റാണെന്ന് പൂര്‍ണമായും വ്യക്തമായിട്ടും സ്‌ക്കൂളില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികളെ അതേ സ്‌ക്കൂളില്‍ തന്നെ പ്രവേശിപ്പിക്കാന്‍ രാജസ്ഥാനിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ബിജെപി സര്‍ക്കാരിന്റെ സവര്‍ണാഭിമുഖ്യമാണ് ഇവിടെ തെളിയുന്നത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ കൊടും പീഡനത്തിന് ഇരയാവുകയാണ്. നിത്യേന ഇത്തരം വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട് ചെയ്യപ്പെടുന്നു. കൂട്ടക്കൊലകള്‍ മാത്രമല്ല ദളിത് സ്ത്രീകള്‍ ബലാത്കാരം ചെയ്യപ്പെടുന്ന വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. ദളിതരുടെ സംരക്ഷണത്തിന് നിയമങ്ങളുടെ അഭാവമില്ല. എന്നാല്‍ അവ നടപ്പിലാക്കുന്നതില്‍ നാം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ദളിതര്‍ പീഡിപ്പിക്കപ്പെടേണ്ടവരാണെന്ന ഒരു സവര്‍ണ ബോധം ഭരണത്തിന്റെ എല്ലാ തലങ്ങളിലും ദൃശ്യമാണ്. ഇത് മാറ്റിയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദളിത് ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും ഇനിയും ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

27-Oct-2014

ഭാരതീയം മുന്‍ലക്കങ്ങളില്‍

More