മുതലാളിത്തവും ഫാസിസവും

ആഗോളധനമൂലധനം എന്നതിലേക്ക് ദേശരാഷ്ട്രാധിഷ്ഠിത ധനമൂലധനം മാറിയതോടെ സാമ്രാജ്യത്വവും വന്‍കിടബൂര്‍ഷ്വാസിയും തമ്മിലുള്ള ബന്ധത്തില്‍ മാത്രമല്ല പ്രാദേശിക ബൂര്‍ഷ്വാസിയുമായിട്ടുള്ള ബന്ധത്തിലും വൈരുദ്ധ്യങ്ങള്‍ ദുര്‍ബലപ്പെട്ടു. ആഗോളധനമൂലധനത്തിന്റെ കോര്‍പ്പറേറ്റുകള്‍ കാരണവും ഓഹരിവ്യാപാരവും ഓഹരിവിപണിയിലിടപെടുന്നതിന് കെല്പുള്ള മധ്യവര്‍ഗത്തിന്റെ സ്വഭാവത്തിലും മാറ്റം വരുത്തി. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ചയ്ക്ക് അടിത്തറയായി വര്‍ത്തിച്ചത് ഈ മാറ്റമാണ്.ഒപ്പം .പുത്തന്‍തൊഴിലാളിവര്‍ഗങ്ങള്‍ വിപുലപ്പെട്ടതോടെ ഫാസിസത്തിന് പേശീബലവും വര്‍ദ്ധിച്ചു.

ധനമൂലധനത്തിന്റെ ഏറ്റവും പിന്തിരിപ്പനും ഏറ്റവും സങ്കുചിതദേശീയവാദപരവും ഏറ്റവും സാമ്രാജ്യത്വപരവുമായ ഘടകങ്ങളുടെ പരസ്യമായ ഭീകരവാദ ഏകാധിപത്യമാണ് ഫാസിസമെന്ന് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാമത് പ്ലീനം ശരിയായി വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന് ഓരോ രാജ്യത്തിന്റെയും ചരിത്രപരവും സാമൂഹികവും സാമ്പത്തികവും ആയ സ്ഥിതിഗതികള്‍ക്കനുസരിച്ചും ദേശീയ പ്രത്യേകതകള്‍ക്കനുസരിച്ചും വ്യത്യസ്തങ്ങളായ രൂപങ്ങള്‍ ആര്‍ജിക്കാനുള്ള കഴിവുണ്ടെന്ന് ഫാസിസത്തിനെതിരായ വിശാലഐക്യമുന്നണി കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തൊഴിലാളിവര്‍ഗത്തെ പഠിപ്പിച്ച ഗോര്‍ഗിദിമിത്രോവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ആത്യന്തികമായി അത് ധനമൂലധനത്തിന്റെ അധികാരം തന്നെയാണ്.

ഇവിടെ ധനമൂലധനം എന്നാല്‍ എന്ത് എന്നതും ധനമൂലധനത്തെക്കുറിച്ച് വിശദപഠനം നടത്തിയ ലെനിന്റെ കാലശേഷം അതിന് എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടത് പ്രസക്തമായി വരുന്നത് ധനമൂലധനത്തെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ ബാങ്കിംഗ് മൂലധനവും വ്യാവസായികമൂലധനവും തമ്മില്‍ ലയിച്ച് ഒന്നായിച്ചേരുന്ന പ്രക്രിയയിലൂടെയാണ് ധനമൂലധനം രൂപം കൊള്ളുന്നതെന്നാണ് കണ്ടിരുന്നത്. എന്നാല്‍, ഇന്ന് ധനമൂലധനം അവിടെയല്ല നില്‍ക്കുന്നത്. അതിന്റെ സ്വഭാവത്തില്‍ പ്രധാനമായും രണ്ടു മാറ്റങ്ങളെങ്കിലും സംഭവിച്ചിരിക്കുന്നു. അന്ന് ധനമൂലധനം ദേശരാഷ്ട്രാടിസ്ഥാനത്തിലാണ് ഉത്ഭവിക്കുകയും വളരുകയും ചെയ്തിരുന്നതെങ്കില്‍ ഇന്നതിന് ബഹുരാഷ്ട്രാസ്വഭാവമോ ആഗോളസ്വഭാവം തന്നെയോ വന്നു ചേര്‍ന്നിരിക്കുന്നു. അന്ന് യുദ്ധം നടത്തി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചാല്‍ മാത്രമെ ധനമൂലധനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുമായിരുന്നുള്ളൂ. എന്നാല്‍ ഇന്നതിന്റെ ആവശ്യമില്ലാതായിരിക്കുന്നു. സാമ്രാജ്യത്വമോ ധനമൂലധനമോ ഇന്ന് ഏതെങ്കിലും രാഷ്ട്രാതിര്‍ത്തിക്കുള്ളിലല്ല പ്രവര്‍ത്തിക്കുന്നത്.

ഈ മാറ്റം സി.പി.ഐ(എം)ന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്രപ്രമേയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ''2.3 സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിന് ഇവിടെ ആഗോളവത്ക്കരണത്തിന്റെ ഇപ്പോഴത്തെ ധനമൂലധനത്തിന്റെ വന്‍തോതിലുള്ള കുന്നുകൂട്ടലിനും കേന്ദ്രീകരണത്തിനും ഇടയാക്കി. അങ്ങനെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ അന്തര്‍ദേശീയധനമൂലധനത്തിന്റെ നേതൃത്വത്തിലുള്ള സഞ്ചയത്തിനും ഇടയാക്കി, ലാഭം പരമാവധി പിന്‍വലിക്കാനായുള്ള തത്രപ്പാടിനിടയില്‍ ലോകത്തിനു ചുറ്റും ഒരു കെട്ടുപാടുമില്ലാതെ ചുറ്റാനുള്ള സ്വാതന്ത്ര്യം മൂലധനത്തിന് ലഭിക്കുന്നതരത്തിലുള്ള ലോകത്തിന്റെ പുനഃക്രമീകരണത്തിന് ഇത് ഇടയാക്കി. ഇത് തന്നത്താന്‍ മൂലധനത്തിന്റെ ഒഴുക്കിനുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാനുള്ള വ്യവസ്ഥകള്‍ ചുമത്തുന്നു. അതാണ് ധനഉദാരണവത്ക്കരണത്തിന്റെ അന്തഃസത്ത.''

ഈ പ്രക്രിയയുടെ ഫലമായി ഇന്ത്യയിലെ വന്‍കിടകുത്തകകളുടെ മൂലധനം കൂടെ ഉള്‍പ്പെടുന്നതാണ്. ഇതിന്റെ ഫലമായി പ്രത്യയശാസ്ത്രപ്രമേയം പറയുന്നത് ആഗോളമൂലധനം എന്ന സ്ഥിതി വന്നിരിക്കുന്നു. ''ലെനിന്റെ കാലത്തേതില്‍നിന്ന് വ്യത്യസ്തമായി നിര്‍ദ്ദിഷ്ടമായ ദേശരാഷ്ട്രങ്ങളുടെ തന്ത്രപരതാല്പര്യങ്ങള്‍ നിറവേറ്റുന്നതിന് മാത്രമല്ല അന്താരാഷ്ട്ര ധനമൂലധനം പ്രവര്‍ത്തിക്കുന്നത്, അന്തര്‍ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്.'' തല്‍ഫലമായി സാമ്രാജ്യത്വങ്ങള്‍ തമ്മിലുള്ള കിടമത്സരം ഇന്ന് യുദ്ധത്തോളമെത്തുന്നില്ല.

വ്യാവസായികമൂലധനവും ബാങ്കിംഗ് മൂലധനവും ലയിച്ചു ചേര്‍ന്നുണ്ടാകുന്ന ധനമൂലധനത്തെക്കുറിച്ചാണ് ലെനിന്‍ വിശകലനം നടത്തിയതെങ്കില്‍ ഇന്നതില്‍ വ്യാവസായികമൂലധനത്തിന്റെ അളവു കുറയുകയും ഓഹരി, കറന്‍സി എന്നിവയുടെ ഊഹക്കച്ചവടം അതിന്റെ മുഖ്യവിനിമയമേഖലയായി മാറുകയും ചെയ്തിരിക്കുന്നു. ഊഹക്കച്ചവടത്തിന്റെ പരിധിയില്‍ അന്തര്‍ദേശീയ ധനമൂലധനശക്തികള്‍ മാത്രമല്ല മധ്യവര്‍ഗ്ഗക്കാരും വന്‍തോതില്‍ പങ്കാളിയാവുന്ന സ്ഥിതിയാണ് ഇന്നുള്ളത്. സ്വാഭാവികമായും അന്തര്‍ദേശീയ ധനമൂലധനത്തിന്റെ താല്പര്യം തന്നെയാണ് തങ്ങളുടേതുമെന്ന മിഥ്യാധാരണയിലേക്ക് മധ്യവര്‍ഗം എത്തിച്ചേരുന്നു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന മധ്യവര്‍ഗ ലിബറല്‍ ബുദ്ധിജീവികള്‍ അപകടകരമായ മാറ്റത്തിലേക്ക് മാറുന്നത് ഇതുകൊണ്ടാണ്.

നവലിബറല്‍ നയങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാനാരംഭിച്ചതോടെ ഇന്ത്യയിലെ ഭരണവര്‍ഗത്തിന് നേതൃത്വം കൊടുക്കുന്ന വന്‍കിടബൂര്‍ഷ്വാസിയും പ്രാദേശികബൂര്‍ഷ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം മയപ്പെട്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാനബന്ധങ്ങളില്‍ അഴിച്ചുപണി വേണമെന്നും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നുമുള്ള വാദമുഖവും സമരവുമായാണ് ഈ വൈരുദ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നരുന്നതെങ്കില്‍ ഇന്നത് ഇടതുപക്ഷത്തിന്റെ മാത്രം മുദ്രാവാക്യമായി ചുരുങ്ങിയിരിക്കുന്നു. വന്‍കിട ബൂര്‍ഷ്വാസിയോടൊട്ടിനിന്ന് പരമാവധി നേട്ടമുണ്ടാക്കുക എന്ന സമീപനമാണിന്ന് പ്രാദേശിക ബൂര്‍ഷ്വാസി എടുക്കുന്നത്. 'ലൈസന്‍സ് രാജ്' അവസാനിക്കുകയും വിദേശമൂലധനവുമായി കൂട്ടുചേര്‍ന്ന് വന്‍കിടബൂര്‍ഷ്വാസിയോട് മത്സരിക്കുന്നതിന് അവസരം കിട്ടുകയും ചെയ്ത ഒന്നായാണ് ഉദാരവല്‍ക്കരണനയത്തെ പ്രാദേശികബൂര്‍ഷ്വാസി കാണുന്നത്. സ്വകാര്യവല്‍ക്കരണനയങ്ങളില്‍നിന്നും പ്രാദേശികബൂര്‍ഷ്വാസിക്ക് നേട്ടമുണ്ടാക്കാനായി ലിബറല്‍ ബുദ്ധിജീവികള്‍ ഉള്‍പ്പെടുന്ന മധ്യവര്‍ഗവും ഉദാരവല്‍ക്കരണനയങ്ങള്‍ കൊണ്ട് നേട്ടമുണ്ടാക്കിയവരോ നേട്ടമുണ്ടാകണമെന്ന്
കരുതുന്നവരോ ആണ്.

ഇതിന്റെ മറുപുറമെന്നോണം നവലിബറല്‍ നയങ്ങള്‍. തൊഴിലാളിവര്‍ഗത്തിന്റെ കരുത്തിലും പ്രഹരശേഷിയിലും കുറവുണ്ടാക്കി. സ്ഥിരം തൊഴിലാളികളുടെയും പൊതുമേഖലാതൊഴിലാളികളുടെയും എണ്ണത്തില്‍ കുറവുണ്ടായി. കരാര്‍തൊഴിലാളികള്‍, താത്ക്കാലിക തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍ എന്നിങ്ങനെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഇത് ഭരണവര്‍ഗത്തിന് വിലക്കെടുക്കാവുന്ന പുത്തന്‍ വിഭാഗത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുകയും അത് ഫാസിസ്റ്റ് ശക്തികള്‍ക്ക് കരുത്താവുകയും ചെയ്യുന്നു. ഇതിനൊക്കെ കാരണമാവുന്നത് നവലിബറല്‍ കാലഘട്ടത്തില്‍ ധനമൂലധനത്തിന്റെ ഘടനയിലും ചലനശേഷിയിലും വന്ന മാറ്റമാണ്.

ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ഉത്തമപ്രതിനിധിയായി ഹിന്ദുത്വവാദികള്‍ മാറുന്നതിന് സമീപകാലത്ത് ഹിന്ദിമേഖലയിലെങ്കിലും വിഘാതമായി നിന്നത് പ്രാദേശികബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള സ്വത്വരാഷ്ട്രീയശക്തികളായിരുന്നു. വന്‍കിടബൂര്‍ഷ്വാസിയും പ്രാദേശിക ബൂര്‍ഷ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം ദുര്‍ബ്ബലപ്പെട്ടതേ ഹിന്ദുത്വമെന്ന വിപുലസ്വത്വവാദത്തിന് ജാതിസ്വത്വത്തെ സ്വാംശീകരിക്കാനായി. ഉത്തര്‍പ്രദേശിലും മറ്റും നടത്തിയ വര്‍ഗീയലഹളയില്‍ ജാതിവൈരുദ്ധ്യത്തെ തണുപ്പിക്കുകയും അവയെ ഹിന്ദുത്വ ത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ബി.എസ്.പി, എസ്.പി തകര്‍ച്ച ഇതാണ് വ്യക്തമാക്കുന്നത്.

ആഗോളധനമൂലധനം എന്നതിലേക്ക് ദേശരാഷ്ട്രാധിഷ്ഠിത ധനമൂലധനം മാറിയതോടെ സാമ്രാജ്യത്വവും വന്‍കിടബൂര്‍ഷ്വാസിയും തമ്മിലുള്ള ബന്ധത്തില്‍ മാത്രമല്ല പ്രാദേശിക ബൂര്‍ഷ്വാസിയുമായിട്ടുള്ള ബന്ധത്തിലും വൈരുദ്ധ്യങ്ങള്‍ ദുര്‍ബലപ്പെട്ടു. ആഗോളധനമൂലധനത്തിന്റെ കോര്‍പ്പറേറ്റുകള്‍ കാരണവും ഓഹരിവ്യാപാരവും ഓഹരിവിപണിയിലിടപെടുന്നതിന് കെല്പുള്ള മധ്യവര്‍ഗത്തിന്റെ സ്വഭാവത്തിലും മാറ്റം വരുത്തി. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ചയ്ക്ക് അടിത്തറയായി വര്‍ത്തിച്ചത് ഈ മാറ്റമാണ്.ഒപ്പം .പുത്തന്‍തൊഴിലാളിവര്‍ഗങ്ങള്‍ വിപുലപ്പെട്ടതോടെ ഫാസിസത്തിന് പേശീബലവും വര്‍ദ്ധിച്ചു.

ഇതിനര്‍ത്ഥം ആഗോള ധനമൂലധനമേധാവിത്വമോ, ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയും പ്രാദേശിക ബൂര്‍ഷ്വാസിയുമായുണ്ടായ സമരസങ്ങളിലോ മധ്യവര്‍ഗത്തിനിടയില്‍ ധനമൂലധനശക്തികള്‍ ഉണ്ടാക്കിയ വ്യാമോഹമോ അഭംഗുരം തുടരും എന്നല്ല. മോദി ഭരണത്തിന് ആഗോളധനമൂലധന പ്രീണനമവസാനിപ്പിക്കാനോ ഉദാരവത്ക്കരണസാമ്പത്തികനയങ്ങളെ ചുരുട്ടിക്കെട്ടാനോ കഴിയില്ല. കോണ്‍ഗ്രസിന്റെ നയങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ നടപ്പാക്കപ്പെടുന്ന സ്ഥിതിയാണുണ്ടാവുക.ആര്‍.എസ്.എസിന്റെ പിന്‍സീറ്റ് ഡ്രൈവിംഗ് കൂടെയാവുന്നതോടെ അത് കൂടുതല്‍ തൊഴിലാളി ന്യൂനപക്ഷ-ദളിത്-ആദിവാസി വിരുദ്ധം ആയിരിക്കും.

സ്ഥിരം തൊഴിലാളിയും കരാര്‍-താല്ക്കാലിക-ദിവസക്കൂലി തൊഴിലാളിയും തൊഴില്‍രഹിതരുമൊക്കെയായി ശിഥിലമായി കിടക്കുന്ന തൊഴിലാളിവര്‍ഗം കൂടുതല്‍ കരുത്തോടെ പോരാട്ടരംഗത്ത് ഉയര്‍ന്നുവരും, കാര്‍ഷികപ്രതിസന്ധി മൂര്‍ഛിക്കുന്നതിനാല്‍ കര്‍ഷക-കര്‍ഷകത്തൊഴിലാളി പോരാട്ടങ്ങളും ശക്തിപ്രാപിക്കും. സ്വത്വരാഷ്ട്രീയരംഗത്തെ ബൂര്‍ഷ്വാനേതൃത്വത്തെ കൈയൊഴിയുന്ന ദളിത്-ആദിവാസിവിഭാഗങ്ങളും പിന്നോക്കക്കാരും ഒക്കെ വര്‍ഗപ്രസ്ഥാനത്തോടൊപ്പം അണിനിരക്കുന്ന സ്ഥിതി ഉയര്‍ന്നുവരും എന്നതില്‍ സംശയമില്ല. കാരണം മുതലാളിത്തവ്യവസ്ഥ പ്രതിസന്ധികളുടേതായ ഒരു വ്യവസ്ഥയാണ്. പ്രതിസന്ധി മുറിച്ചുകടക്കാന്‍ സാധാരണ ജനങ്ങളെ ദ്രോഹിക്കുകയല്ലാതെ മുതലാളിത്തത്തിന് മറ്റൊരു മാര്‍ഗവുമില്ല. മോദിയുടെ ജനപിന്തുണയില്‍ വിള്ളല്‍വീഴ്ത്താന്‍ തന്നെയാണിത് സഹായിക്കുക.

27-May-2014

ഭാരതീയം മുന്‍ലക്കങ്ങളില്‍

More