ആ കാരവന്റെ ശീതളിമയിൽ ഞാനുണ്ടാവില്ല

ഇന്ന് നമ്മുടെ രാജ്യം കലാകാരന്‍മാരെയും സാംസ്‌കാരിക മേഖലയെ ആകെയും കൂടുതല്‍ ജാഗ്രത്തരാക്കുന്നുണ്ട്. ലോകം ഒറ്റ കൈക്കുമ്പിളിലെന്നുള്ള കാഴ്ചപ്പാട് കുറെയേറെ സാധ്യതകള്‍ നമുക്ക് പകര്‍ന്നുനല്‍കുന്നുണ്ടാവാം. പക്ഷെ, ആ ലോകത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. സമ്പന്നര്‍ അതി സമ്പന്നരാവുകയും ദരിദ്രര്‍ പാപ്പരീകരിക്കപ്പെടുകയും ചെയ്യുന്ന വ്യവസ്ഥ. അത് നടപ്പിലാക്കപ്പെടുന്ന ഒരു സമൂഹമെന്നത് ഉത്തരവാദിത്തമുള്ളൊരു കലാകാരന് മിണ്ടാതിരിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഒരുക്കുന്നത്. എന്റെ കുറുപ്പന്തറ എന്നുമെനിക്കവിടെ വേണം. എന്റെ വീട്ടില്‍ നിന്നും ഒരു ലുങ്കിയെടുത്തുടുത്ത് എനിക്കവിടെയുള്ള കടയിലിരുന്ന് ചായ കുടിക്കണം. എന്റെ കൂട്ടുകാരോടൊപ്പം നടക്കണം. കുട്ടികളോട് വര്‍ത്തമാനം പറയണം. പറ്റുമെങ്കിലൊന്ന് പള്ളിയില്‍ പോണം. ഓരോരുത്തര്‍ക്കും ഓരോരോ കുറുപ്പന്തറയുണ്ടാവും. അവിടെ നിന്നും കാരവനിലേക്ക് താമസം മാറുമ്പോഴാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നത്. എനിക്കാ കാരവന്‍ വേണ്ട.

“ഈ പ്രായത്തില് പിള്ളാര്‍ക്ക് വല്ലാത്ത വിശപ്പാ...”

തടി കുറക്കാനായി ദിലീഷിന്റെ ഭക്ഷണ അളവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ അപ്പന്റെയും അമ്മയുടെയും മുഖത്ത് നോക്കിയാണ് അമ്മച്ചി, കുട്ടിക്കാലത്തെ വിശപ്പിനെ ഓര്‍ത്തെടുത്തത്. അപ്പോള്‍ ദിലീഷ് പോത്തന് മനസിലായി അമ്മച്ചി കുറെക്കാലം പിറകില്‍ നില്‍ക്കുകയാണ്. വിശപ്പടക്കാന്‍ സാധിക്കാതിരുന്ന കുട്ടിക്കാലത്ത് നിന്നുകൊണ്ടാണ് വിശപ്പാറാത്ത ദിലീഷിന്റെ പാത്രത്തിലേക്ക് അമ്മച്ചി ചോറു വിളമ്പിയത്.

അമ്മച്ചിയുടെ വിശപ്പിനെ കുറിച്ചുള്ള അവലോകനം ദിലീഷിന് ഇതുവരെയായും കുടഞ്ഞെറിയാന്‍ കഴിഞ്ഞിട്ടില്ല. പല വേളകളിലും ദിലീഷ് ആ വിശപ്പിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ പുതിയ സിനിമയായ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സാക്ഷാത്കരിക്കുമ്പോള്‍ അമ്മച്ചിയുടെ വിശപ്പിന്റെ മാനിഫെസ്റ്റോ അതില്‍ ഉള്‍പ്പെടുത്താന്‍ ദിലീഷ് തയ്യാറായി. ആ സിനിമയുടെ രാഷ്ട്രീയം നിര്‍ണയിക്കാന്‍ നിരൂപകര്‍ ഉപയോഗിക്കുന്ന 'വിശപ്പിന്റെ രാഷ്ട്രീയം' അമ്മച്ചിയുടെ രാഷ്ട്രീയമാണ്. അത് ദിലീഷിന്റെ കൂടി രാഷ്ട്രീയമാണ്.

ദിലീഷ് പോത്തന്‍ ഒരു സുപ്രഭാതത്തില്‍ സിനിമയിലേക്ക് ഓടിക്കയറി വന്നതല്ല. സിനിമയുടെ എല്ലാ വഴികളിലൂടെയും നടന്ന്, വിയര്‍ത്ത്, അധ്വാനിച്ചാണ് സ്വന്തം സിനിമയെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു. ഒപ്പം പുരസ്‌കാരങ്ങളും ആ സിനിമയെ തേടിയെത്തി. ഏറ്റവും മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരത്തോടൊപ്പം മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥയ്ക്ക് ശ്യാം പുഷ്‌കരന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ദിലീഷിന്റെ രണ്ടാമത്തെ സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സമൂഹത്തിലേക്ക്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരിലേക്ക് നോക്കാന്‍ ശ്രമിക്കുന്ന മലയാള സിനിമയുടെ നവഭാവുകത്വത്തിന്റെ തിളക്കമുള്ള അധ്യായമായി മാറുകയാണ് ഈ സിനിമ. ഇതില്‍ പ്രത്യക്ഷത്തില്‍ രാഷ്ട്രീയമൊന്നും പറയുന്നില്ല. പക്ഷെ, ഈ സിനിമയില്‍ നിറയെ രാഷ്ട്രീയമാണ്. വര്‍ഗരാഷ്ട്രീയം. കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങിയ പാര്‍ട്ടികളിലൊക്കെ ഉള്ള ദരിദ്രനാരായണന്‍മാരുടെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ, തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയം. വിശപ്പിന്റെ രാഷ്ട്രീയം. പാലായനത്തിന്റെ രാഷ്ട്രീയം. ദിലീഷ് പോത്തന്‍ അഭ്രപാളിയില്‍ മുദ്രവാക്യങ്ങള്‍ മുഴക്കുകയല്ല ചെയ്യുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും ചില മുദ്രാവാക്യങ്ങള്‍ പ്രേക്ഷകന്റെ ചങ്കിലേക്ക് കുടിയിരുത്തപ്പെടുന്നുണ്ട്. ഒരു മലയാള സിനിമയ്ക്ക് അത്രയ്‌ക്കൊക്കെ സാധിക്കുന്നു എന്നത് വലിയ നേട്ടമാണ്.

മലയാള സിനിമയുടെ അഭിമാനമായ ദിലീഷ് പോത്തനുമായുള്ള അഭിമുഖം.

പ്രീജിത്ത് രാജ് : നമ്മള്‍ ആദ്യമായി കാണുകയാണ്. പരിചയപ്പെടുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞ് വൈകി ഉറങ്ങിയ താങ്കള്‍ 12 മണിയോടെയാണ് ഉണര്‍ന്ന് തയ്യാറായത്. പ്രഭാതഭക്ഷണം കഴിക്കാതെ സംസാരിക്കാന്‍ തയ്യാറായ ദിലീഷ്, ഉച്ചയൂണില്‍ നിന്നും ഒരു ഭാഗം എനിക്കുകൂടി പകുത്തു തരുന്നു. കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഒരു സിനിമാക്കാരന്‍ ഇങ്ങനെയൊക്കെ ആകാമോ? താരജാഡയെടുത്തണിയാനുള്ള കൂറ്റന്‍ വിജയങ്ങള്‍ സ്വന്തമായുള്ളപ്പോള്‍ ഇത്രയേറെ മനുഷ്യപ്പറ്റും സാധാരണത്വവും ആവശ്യമുണ്ടോ?

ദിലീഷ് പോത്തന്‍ : ജാഡകള്‍ ചേരാത്ത ഒരു മുഖമാണ് എന്റേത്. അമ്മച്ചി പറയാറുണ്ട് നിന്റെ മുഖം നോക്കിയാല്‍ ഉള്ളറിയാന്‍ പറ്റുമെന്ന്. നമ്മുടെ വീടും നാം കടന്നുവന്ന വഴികളുമൊക്കെയാണല്ലൊ നമ്മുടെ പാഠപുസ്തകങ്ങള്‍. അവിടെ നിന്നെല്ലാം സ്വാംശീകരിച്ചതാണല്ലൊ നമ്മുടെ സംസ്‌കാരമടക്കമുള്ള എല്ലാം. മറ്റാര്‍ക്കും അറിയുന്നതിനേക്കാളേറെ നമുക്ക് നമ്മളെ അറിയാമല്ലൊ. അതിനപ്പുറത്ത് നാം എന്തൊക്കെ കാട്ടിക്കൂട്ടിയാലും അത് മുഴച്ചിരിക്കും. അത്തരം ഏച്ചുകെട്ടലുകള്‍ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍.

ചോദ്യം : വിശപ്പ്. ലോകത്തിനു മുന്നിലുള്ള വലിയൊരു ചോദ്യചിഹ്നമാണ്. വിശന്നിരിക്കുന്നവരാണ് ഭൂരിപക്ഷം. ലോകത്തിലായാലും നമ്മുടെ രാജ്യത്തിലായാലും. വിശന്നിരിക്കുന്നവനെ മനസിലാക്കാനുള്ള കണ്ണില്‍ രാഷ്ട്രീയമുണ്ട്. അത് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയിലുമുണ്ട്. ഒരു കള്ളനാണ് സിനിമയില്‍ അത് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഐഡിന്റിറ്റിയില്ലാത്ത പ്രസാദെന്ന പേര് താല്‍ക്കാലികമായി സ്വീകരിച്ച കള്ളനിലൂടെ പ്രേക്ഷകനിലേക്ക് വിശപ്പിന്റെ രാഷ്ട്രീയം ചാട്ടുള്ളിപോലെറിയുന്ന ദിലീഷ് പോത്തന് വിശപ്പിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം : വീട്ടില്‍വെച്ച് അമ്മച്ചിയാണ് ആദ്യമായി വിശപ്പിനെ കുറിച്ച് പറയുന്നത്. എന്റെ ചെറുപ്പത്തില്‍. അന്നെനിക്ക് നല്ല തടിയുണ്ട്. നന്നായി ഭക്ഷണം കഴിക്കും. എന്റെ തടി കുറക്കാന്‍ അച്ഛനും അമ്മയും കൂടി ചില പ്ലാനുകള്‍ തയ്യാറാക്കി. ഭക്ഷണത്തിന്റെ അളവ് നന്നായി കുറച്ചു. ഇടവേളകള്‍ കൂട്ടി. അപ്പോള്‍ എനിക്ക് അമ്മച്ചി ഭക്ഷണം തരും. അച്ഛനോടും അമ്മയോടും അമ്മച്ചി പറയും. ഈ പ്രായത്തില്‍ പിള്ളാര്‍ക്ക് നല്ല വിശപ്പാണെന്ന്. എന്നിട്ടെനിക്ക് നിറയെ ഭക്ഷണം തരും. അപ്പോള്‍ അമ്മച്ചി വിശപ്പനുഭവപ്പെട്ട ഏതോ ഒരു കാലത്തെ തിരികെ പിടിക്കയാണ്. അവിടെ നിന്നുകൊണ്ടാണ് അമ്മച്ചി വിശപ്പിനെ കുറിച്ച് പറയുന്നത്. അമ്മച്ചിയുടെ കുട്ടിക്കാലം ക്ഷാമകാലമായിരിക്കും. വിശന്നിരുന്ന സമയമുണ്ടായിരിക്കും ആ കാലത്ത്. ആ വിശപ്പാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുമുള്ളത്.

വിശപ്പ് ദാരിദ്ര്യത്തില്‍ നിന്നും ഉണ്ടാവുന്നതാണ്. നിവൃത്തിയില്ലായ്മയില്‍ നിന്നും. അതിനെ മറികടക്കാന്‍ ഓരോ മനുഷ്യനും ശ്രമിച്ചുകൊണ്ടിരിക്കും, പല വിധത്തില്‍, തലത്തില്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ ഫഹദിന്റെ കഥാപാത്രം പ്രസാദ് വിശപ്പടക്കാനാവും മോഷണത്തിലേക്ക് തിരിഞ്ഞിട്ടുണ്ടാവുക. പിന്നീടത് അയാള്‍ക്ക് പാഷനായി മാറിയതാവാം. ഓരോ ജീവിതവും വിശപ്പിനെ അഭിമുഖീകരിക്കുന്നുണ്ട്.

അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് തീക്ഷ്ണമായി വിശപ്പിനെ നേരിടേണ്ടി വന്നേക്കും. പല കാരണങ്ങള്‍ക്കൊണ്ടും പാലായനം ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ട തൊഴിലാളികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ചെയ്തുവരുന്ന തൊഴില്‍ ഇല്ലാതാവുമ്പോള്‍ നാട്ടില്‍ നിന്നും നഗരങ്ങളിലേക്ക് പാലായനം ചെയ്യപ്പെടുന്നവര്‍. സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനത്തിലേക്ക് പാലായനത്തിന് നിര്‍ബന്ധിതരാവുന്നവര്‍. നന്നായി ജീവിച്ചുവന്ന സാഹചര്യത്തില്‍ നിന്നും പറിച്ചെറിയപ്പെട്ടപ്പോള്‍ വയറുനിറക്കാന്‍ മോഷണത്തിനിറങ്ങുന്നവര്‍. സമൂഹത്തില്‍ ഇങ്ങനെ പലരുമുണ്ട്. അവരിലൊരാളാണ് പ്രസാദ്. അദ്ദേഹത്തിന് ഐഡിന്റിറ്റിയില്ല. ഉള്ളത് വിശപ്പാണ്. എനിക്കും താങ്കള്‍ക്കും പ്രസാദിനും വിശന്നാല്‍ ഒരേ വിചാരമാണ്. വിശപ്പടക്കുക എന്ന വിചാരം. 

വീട്ടില്‍വെച്ച് അമ്മച്ചിയാണ് ആദ്യമായി വിശപ്പിനെ കുറിച്ച് പറയുന്നത്. എന്റെ ചെറുപ്പത്തില്‍. അന്നെനിക്ക് നല്ല തടിയുണ്ട്. നന്നായി ഭക്ഷണം കഴിക്കും. എന്റെ തടി കുറക്കാന്‍ അച്ഛനും അമ്മയും കൂടി ചില പ്ലാനുകള്‍ തയ്യാറാക്കി. ഭക്ഷണത്തിന്റെ അളവ് നന്നായി കുറച്ചു. ഇടവേളകള്‍ കൂട്ടി. അപ്പോള്‍ എനിക്ക് അമ്മച്ചി ഭക്ഷണം തരും. അച്ഛനോടും അമ്മയോടും അമ്മച്ചി പറയും. ഈ പ്രായത്തില്‍ പിള്ളാര്‍ക്ക് നല്ല വിശപ്പാണെന്ന്. എന്നിട്ടെനിക്ക് നിറയെ ഭക്ഷണം തരും. അപ്പോള്‍ അമ്മച്ചി വിശപ്പനുഭവപ്പെട്ട ഏതോ ഒരു കാലത്തെ തിരികെ പിടിക്കയാണ്. അവിടെ നിന്നുകൊണ്ടാണ് അമ്മച്ചി വിശപ്പിനെ കുറിച്ച് പറയുന്നത്. അമ്മച്ചിയുടെ കുട്ടിക്കാലം ക്ഷാമകാലമായിരിക്കും. വിശന്നിരുന്ന സമയമുണ്ടായിരിക്കും ആ കാലത്ത്. ആ വിശപ്പാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുമുള്ളത്. വിശപ്പ് ദാരിദ്ര്യത്തില്‍ നിന്നും ഉണ്ടാവുന്നതാണ്. നിവൃത്തിയില്ലായ്മയില്‍ നിന്നും. അതിനെ മറികടക്കാന്‍ ഓരോ മനുഷ്യനും ശ്രമിച്ചുകൊണ്ടിരിക്കും, പല വിധത്തില്‍, തലത്തില്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ ഫഹദിന്റെ കഥാപാത്രം പ്രസാദ് വിശപ്പടക്കാനാവും മോഷണത്തിലേക്ക് തിരിഞ്ഞിട്ടുണ്ടാവുക. പിന്നീടത് അയാള്‍ക്ക് പാഷനായി മാറിയതാവാം. ഓരോ ജീവിതവും വിശപ്പിനെ അഭിമുഖീകരിക്കുന്നുണ്ട്.

ചോദ്യം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും പാലായനത്തിന്റെ കഥ കൂടി പറയുന്നുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങളില്‍ അഭിരമിക്കുന്ന ഒരു നാട്ടില്‍ നിന്നും പ്രണയിച്ചു വിവാഹം കഴിച്ച പ്രസാദും ശ്രീജയും കാസര്‍കോടേക്ക് പാലായനം ചെയ്യുകയാണ്. ജീവിക്കാന്‍ വേണ്ടി. പ്രബുദ്ധതയുണ്ടെന്ന് പറയപ്പെടുന്ന കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. താങ്കളത് സൂക്ഷ്മമായി, പ്രസക്തമായ രീതിയില്‍ അവതരിപ്പിക്കുന്നു. പാലായനം ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ നൊമ്പരം ദിലീഷ് പോത്തനെ അലട്ടിയിട്ടുണ്ടോ?

ഉത്തരം : തീര്‍ച്ചയായും. നമ്മുടെ രാജ്യത്ത് പലവിധത്തിലുള്ള പാലായനങ്ങള്‍ നടക്കുന്നുണ്ട്. കര്‍ഷക ആത്മഹത്യകളെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവിക്കാന്‍ പറ്റാത്തതുകൊണ്ടാണ് അവര്‍ മരണത്തില്‍ അഭയം പ്രാപിക്കുന്നത്. കടഭാരം കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍ നിരവധിയാണ്. ആത്മഹത്യയ്ക്ക് മുമ്പ് ജീവിക്കാനുള്ള ഒരവസാനഘട്ട നെട്ടോട്ടമുണ്ടാവും. അതൊരു പാലായനം കൂടിയാണ്. രാജ്യത്ത് പലയിടങ്ങളിലും കര്‍ഷക തൊഴിലാളികള്‍ കൃഷിയിടങ്ങളില്‍ തൊഴിലില്ലാതാവുമ്പോള്‍ അവിടെ നിന്നും പാലായനം ചെയ്യുന്നു. ഇത്തരം പാലായനങ്ങള്‍ മിക്കവാറും ആത്മഹത്യയിലേക്ക് എത്തും മുന്നേയുള്ള ഒരു രക്ഷതേടലാണ്. ഒരു പരിശ്രമം. ഗ്രാമങ്ങളില്‍ കൂലിവേല ചെയ്തു ജീവിക്കുന്നവര്‍ തൊഴില്‍ ഇല്ലാതാവുമ്പോള്‍ നഗരങ്ങളിലേക്ക് പാലായനം ചെയ്യുന്നത് കാണാറില്ലേ? നഗരങ്ങളുടെ പുറമ്പോക്കുകളില്‍ ജീവിക്കുന്നവരില്‍ മിക്കവരും അത്തരത്തില്‍ പാലായനം ചെയ്ത് വന്നുപെട്ടവരാണ്. നഗരങ്ങളിലെ ക്രിമിനലുകളിലും കള്ളന്‍മാരിലും ഇങ്ങനെയുള്ളവര്‍ ഉണ്ട്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും ഉള്ള ശ്രീജയും പ്രസാദും രണ്ട് ജാതികളില്‍ പെട്ടവരാണ്. അവര്‍ക്ക് വേണമെങ്കില്‍ ആ നാട്ടില്‍ ജീവിക്കാം. അവിടെ പ്രസാദിനും ശ്രീജയ്ക്കും ഒരു തൊഴിലിന് വിഷമമൊന്നും ഉണ്ടാവില്ല. അവര്‍ ആലപ്പുഴയിലെ ആ ഗ്രാമത്തില്‍ നിന്നും കാസര്‍കോട്ടേക്ക് പോകുന്നത് തങ്ങളുടെ, പ്രത്യേകിച്ച് ശ്രീജയുടെ കുടുംബത്തിന് നാട്ടില്‍ തലയുയര്‍ത്തി നടക്കാന്‍ വേണ്ടിയാണ്. തങ്ങളുടെ സാന്നിധ്യം കൊണ്ട് കുടുംബത്തിന്റെ അന്തസും പാരമ്പര്യവും ഇല്ലാതാവരുത് എന്ന് അവര്‍ തീരുമാനിക്കുമ്പോഴാണ് അവര്‍ക്ക് മുന്നില്‍ ആ പാലായനം അനിവാര്യമാകുന്നത്. ജാതിയുടെ അതിര്‍വരമ്പ് നമ്മുടെ സമൂഹത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ സിനിമയില്‍ ആ പാലായനം പ്രസക്തമാവില്ല. പ്രേക്ഷകര്‍ക്ക് ആ പാലായനം കല്ലുകടിയായി തോന്നാത്തത് നമ്മുടെ കരയോഗങ്ങളടക്കമുള്ള സമുദായ സംഘടനാ ചട്ടക്കൂടുകള്‍ ഇത്തരം പ്രണയങ്ങളെയും കുടുംബങ്ങളെയും ഈ വിധത്തില്‍ തന്നെയാണ് നോക്കി കാണുന്നത് എന്നതുകൊണ്ടാണ്.

ചോദ്യം : ഹിന്ദു. മുസ്ലീം, കൃസ്ത്യന്‍ മാട്രിമോണിയലുകളും ഈഴവ, നായര്‍ മാട്രിമോണിയലുകളും അങ്ങനെ പല ജാതികള്‍ തിരിച്ചുള്ള മാട്രിമോണിയല്‍ പരസ്യങ്ങളും ടെലിവിഷനില്‍ പെരുകുമ്പോള്‍ തീര്‍ച്ചയായും ജാതീയത അരക്കിട്ടുറപ്പിക്കപ്പെടുകയാണ്. ജാതി വാലുകളെ ഉപേക്ഷിച്ചിരുന്നവര്‍പ്പോലും തങ്ങളുടെ മക്കള്‍ക്ക് ആ വാലുകള്‍ സാഭിമാനം ഏച്ചുകെട്ടുന്നു. അത്തരമൊരു സമൂഹത്തില്‍ തീര്‍ച്ചയായും ശ്രീജയും പ്രസാദും എങ്ങിനെ ജീവിക്കുമെന്ന പ്രസക്തമായ ചോദ്യമല്ലേ? നവോത്ഥാന, സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ വീണ്ടും അനിവാര്യമായി മാറുകയാണോ?

ഉത്തരം : വികസനത്തിന്റെ കാര്യത്തില്‍ നാം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ആധികാരികമായുള്ള വിവിധ സൂചകങ്ങള്‍ കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏറെ ഉയരത്തിലാണ് നിര്‍ത്തിയിരിക്കുന്നത്. പക്ഷെ, താങ്കളുടെ ചോദ്യം പ്രസക്തമാണ്. കേരളത്തെ പ്രബുദ്ധകേരളമെന്ന വിശേഷണത്തിന് പാകമാക്കിയത് സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും തുടര്‍ന്നുവന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുമാണ്. അയിത്തവും മറ്റ് ജാത്യാചാരങ്ങളും സമൂഹം വലിച്ചെറിഞ്ഞു. മതനിരപേക്ഷതയിലൂന്നി നാം മുന്നോട്ടുപോയി. പക്ഷെ, ഇപ്പോള്‍ സമുദായപരിഷ്‌കരണത്തിനായി നവോത്ഥാന നായകര്‍ രൂപം നല്‍കിയ സംഘടനകള്‍ വരെ വഴി മാറി നടക്കുകയാണ്. അതാണ് കാലം. പ്രണയത്തെ പോലും പണത്തിന്റെയും ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകള്‍ നോക്കി മെനഞ്ഞെടുക്കുന്ന പ്രായോഗികത കീഴടക്കി. അല്ലാതെയും സംഭവിക്കുന്നുണ്ട്. അത്തരമൊരു പ്രണയമാണ് പ്രസാദിന്റെയും ശ്രീജയുടെയും. പ്രണയത്തില്‍ അവര്‍ രണ്ടുപേരും ഉറച്ചുനില്‍ക്കുകയാണ്. ജീവിതത്തിലേക്ക് അവര്‍ ധീരതയോടെ മുന്നോട്ടുപോവുകയാണ്. പ്രതിസന്ധികള്‍ തരണം ചെയ്യാനാവും എന്ന വിശ്വാസം അവര്‍ക്കുണ്ട്. ജാതിയുടെയും മതത്തിന്റെയും തണലില്‍ നിന്നുമാറി, മാനവീകതയുടെ സ്പന്ദനങ്ങളുള്ള നാട്ടിലേക്കാണ് അവര്‍ പാലായനം ചെയ്യുന്നത്. അത്തരത്തിലുള്ള പാലായനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാവരുത്. പ്രണയം എവിടെയും സാധ്യമാവണം. ജാതിക്കും മതത്തിനും മീതെ സ്‌നേഹവും കരുണയും മനുഷ്യത്വവും നാടിന്റെ എല്ലാ ഭാഗങ്ങളിലും ഉണരണം. അങ്ങനെ മാത്രമേ ജാതീയതയെ വേര്‍തിരിവുകളെ മറികടക്കാന്‍ സമൂഹത്തിന് സാധിക്കൂ.

ചോദ്യം : സമൂഹത്തിന്റെ ഭാഗമാണല്ലൊ സിനിമ. മലയാള സിനിമാ ഭൂമികയില്‍ ജാതിയും മതവുമൊക്കെ മാനദണ്ഡമാണെന്ന് തിലകന്‍ ചേട്ടനടക്കമുള്ള നിരവധി പേര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അത് സമൂഹത്തില്‍ ചര്‍ച്ചയായ വിഷയവുമാണ്. ദിലീഷ് പോത്തന് അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടോ?

ഉത്തരം : ഇല്ല. എനിക്കങ്ങനെ അനുഭവപ്പെട്ടിട്ടില്ല. എന്റെ സിനിമകള്‍ എനിക്കിഷ്ടമുള്ള ഒരു കൂട്ടുകെട്ടിന്റെ കൂടി ഉല്‍പ്പന്നമാണ്. സൗഹൃദങ്ങളുടെ കൂട്ടായ്മയുടെ സാക്ഷാത്കാരം കൂടിയാണ് അവ. അവിടെ ജാതിയും മതവുമില്ല. സിനിമ മാത്രമേയുള്ളു. അതെങ്ങനെ കൂടുതല്‍ മനോഹരമാക്കാമെന്ന ചിന്തകള്‍ മാത്രമേയുള്ളു. തിലകന്‍ ചേട്ടനും മറ്റും പറഞ്ഞത് അവര്‍ക്കുണ്ടായ അനുഭവങ്ങളാവാം. പറഞ്ഞതുപോലെ അത് പലയിടങ്ങളിലും ചര്‍ച്ച ചെയ്തതുമാണല്ലൊ. ഇപ്പോള്‍ പുതിയ ഒട്ടേറെ സംവിധായകര്‍, അഭിനേതാക്കള്‍ തുടങ്ങിയവരൊക്കെ സിനിമയിലേക്ക് വരുന്നുണ്ട്. പഴയ പല രീതികളും തച്ചുടയ്ക്കുവാന്‍ അവര്‍ക്കാവുന്നുണ്ട്. ജാതിയും മതവുമൊന്നും കഴിവുള്ളവര്‍ക്ക് മുന്നില്‍ തടസമാവുന്നില്ല. ആവരുത്.

ചോദ്യം : മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ ജയിലിലാണ്. പ്രഗത്ഭരായ സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടറായും തുടര്‍ന്ന് ചെറുവേഷങ്ങളിലൂടെ വളര്‍ന്ന് മലയാള വാണിജ്യ സിനിമാ മേഖലയിലെ പ്രധാനിയായും വളര്‍ന്നുവന്ന വ്യക്തിയാണ് ദിലീപ് എന്ന ഗോപാലകൃഷ്ണന്‍. മാഫിയാവല്‍ക്കരിക്കപ്പെട്ട സിനിമാ ഇന്‍ഡസ്ട്രിയുടെ കറുത്ത മുഖമാണ് ദിലീപിന്റെ അറസ്റ്റിലൂടെ വെളിവായിരിക്കുന്നത്. ഒരു കലാകാരന്‍ തന്റെ കഴിവുകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ആവിഷ്‌കരിക്കുക എന്നതിലുപരി സിനിമ എന്ന വ്യവസായത്തില്‍ നിന്നും ലാഭം കുന്നുകൂട്ടുക എന്ന കോര്‍പ്പറേറ്റ് മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുമ്പോഴുണ്ടാവുന്ന ദുരന്തമാണ് നമ്മുടെ മുന്നിലുള്ള സിനിമാക്വട്ടേഷന്‍ സംസ്‌കാരം. സ്ത്രീകളെ വെറും ശരീരമായി മാത്രം കാണുന്ന വാണിജ്യ സിനിമയുടെ വക്താക്കളില്‍ നിന്നും ഇത്തരം ക്വട്ടേഷനുകളല്ലാതെ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?

ഉത്തരം : വാണിജ്യപരമായി വിജയിച്ച നല്ല സിനിമകളും മലയാളത്തിലുണ്ട്. അവ കുറവാകുന്നത് അത്തരം സിനിമകള്‍ക്കായുള്ള പരിശ്രമങ്ങള്‍ കുറവാകുന്നത് കൊണ്ടാണ്. അത്തരം സിനിമകളില്‍ സ്ത്രീസ്വത്വം അപമാനിക്കപ്പെടുന്നില്ല. സത്രീകളെ ശരീരമായി മാത്രം അടയാളപ്പെടുത്തുന്നില്ല. സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് സിനിമയെ സമീപിക്കാന്‍ അത്തരം സിനിമയുടെ പിന്നണിയിലുള്ളവര്‍ ശ്രമിക്കാറുണ്ട്. സമൂഹത്തോടുകൂടി ഉത്തരവാദിത്തമുള്ള സിനിമാ നിര്‍മിതിയുടെ ഭാഗമാണ് ആ സിനിമാ സംസ്‌കാരം.

മലയാള സിനിമയുമായി ബന്ധപ്പെട്ട ക്വട്ടേഷനും മാഫിയാ രീതികളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അത് സംബന്ധിച്ച് ഇപ്പോള്‍ പറയുന്നത് ശരിയല്ല. സിനിമയെ വെറും വാണിജ്യവസ്തുവായി മാത്രം കാണുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. സ്വത്തും ലാഭവും കുന്നുകൂട്ടുവാനുള്ള ഒരു സങ്കേതം എന്നുള്ള നിലയില്‍ സിനിമയെ സമീപിക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്. ഒരു മനുഷ്യന് കുടുംബസമേതം സ്വസ്തമായി ജീവിക്കാനുള്ള സമ്പത്താണ് വേണ്ടത്. അത്രയേവേണ്ടു എന്നതാണ് എന്റെ അഭിപ്രായം.

മലയാള സിനിമയുമായി ബന്ധപ്പെട്ട ക്വട്ടേഷനും മാഫിയാ രീതികളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അത് സംബന്ധിച്ച് ഇപ്പോള്‍ പറയുന്നത് ശരിയല്ല. സിനിമയെ വെറും വാണിജ്യവസ്തുവായി മാത്രം കാണുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. സ്വത്തും ലാഭവും കുന്നുകൂട്ടുവാനുള്ള ഒരു സങ്കേതം എന്നുള്ള നിലയില്‍ സിനിമയെ സമീപിക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്. ഒരു മനുഷ്യന് കുടുംബസമേതം സ്വസ്തമായി ജീവിക്കാനുള്ള സമ്പത്താണ് വേണ്ടത്. അത്രയേവേണ്ടു എന്നതാണ് എന്റെ അഭിപ്രായം. സിനിമയെ കുറച്ചുകൂടി മൂല്യവത്തായി കാണേണ്ടതുണ്ട്. അത് കച്ചവട ചരക്കുമാത്രമാവരുത്. ഉത്തരവാദിത്തമുള്ള ഒരു ചലച്ചിത്രകാരന് അങ്ങനെ കാണാനും കഴിയില്ല. സിനിമയിലൂടെ സമൂഹത്തോട് പറയാന്‍ നമുക്ക് മുന്നില്‍ നിരവധി കാര്യങ്ങളുണ്ട്. തീര്‍ച്ചയായും ഉറക്കെ പറയേണ്ട കാര്യങ്ങള്‍. പ്രേക്ഷകരോട് സംവദിക്കേണ്ട വിഷയങ്ങള്‍. അവയെങ്ങനെ സ്‌ക്രീനില്‍ ആവിഷ്‌കരിക്കുമെന്ന് ആലോചിക്കുമ്പോള്‍ നമുക്ക് ബിസിനസുകളെ പറ്റിയും ലാഭത്തെ കുറിച്ചും കൂടുതല്‍ ആലോചിക്കാന്‍ പറ്റില്ല. സമൂഹത്തോട് കുറച്ചെങ്കിലും ഉത്തരവാദിത്തമുള്ളവരാണ് സിനിമാ പ്രവര്‍ത്തകരെന്ന ചിന്തയാണ് എനിക്കുള്ളത്. അത്തരമൊരു ചിന്ത ചലച്ചിത്രകാരന്‍മാരില്‍ ഉണ്ടാവുമ്പോള്‍ തീര്‍ച്ചയായും മാഫിയാ സംസ്‌കാരത്തിന്റെയും അരാജകത്വ രീതികളുടെയും ഭാഗമാകാന്‍ സാധിക്കില്ല.

സിനിമയെ കുറച്ചുകൂടി മൂല്യവത്തായി കാണേണ്ടതുണ്ട്. അത് കച്ചവട ചരക്കുമാത്രമാവരുത്. ഉത്തരവാദിത്തമുള്ള ഒരു ചലച്ചിത്രകാരന് അങ്ങനെ കാണാനും കഴിയില്ല. സിനിമയിലൂടെ സമൂഹത്തോട് പറയാന്‍ നമുക്ക് മുന്നില്‍ നിരവധി കാര്യങ്ങളുണ്ട്. തീര്‍ച്ചയായും ഉറക്കെ പറയേണ്ട കാര്യങ്ങള്‍. പ്രേക്ഷകരോട് സംവദിക്കേണ്ട വിഷയങ്ങള്‍. അവയെങ്ങനെ സ്‌ക്രീനില്‍ ആവിഷ്‌കരിക്കുമെന്ന് ആലോചിക്കുമ്പോള്‍ നമുക്ക് ബിസിനസുകളെ പറ്റിയും ലാഭത്തെ കുറിച്ചും കൂടുതല്‍ ആലോചിക്കാന്‍ പറ്റില്ല. സമൂഹത്തോട് കുറച്ചെങ്കിലും ഉത്തരവാദിത്തമുള്ളവരാണ് സിനിമാ പ്രവര്‍ത്തകരെന്ന ചിന്തയാണ് എനിക്കുള്ളത്. അത്തരമൊരു ചിന്ത ചലച്ചിത്രകാരന്‍മാരില്‍ ഉണ്ടാവുമ്പോള്‍ തീര്‍ച്ചയായും മാഫിയാ സംസ്‌കാരത്തിന്റെയും അരാജകത്വ രീതികളുടെയും ഭാഗമാകാന്‍ സാധിക്കില്ല.

ചോദ്യം : സിനിമാ നടന്‍മാരുടെയും സംവിധാകരുടെയും നിര്‍മാതാക്കളുടെയും വിവിധ തരത്തിലുള്ള ബിസിനസുകള്‍ കേരളത്തിലും പുറത്തുമുണ്ട്. ഹോട്ടല്‍ - ടൂറിസം ബിസിനസ്, ആഹാര പദാര്‍ത്ഥങ്ങളുടെയും കറിക്കൂട്ടുകളുടെയും ബിസിനസ്, സിനിമാ നിര്‍മാണ -വിതരണ കമ്പനികള്‍, വിവിധതരം ലാബുകള്‍... പണം ഇറക്കി പണം പിടിക്കുന്ന വിവിധ തരത്തിലുള്ള ബിസിനസുകള്‍ നടത്തുന്ന കലാകാരന്‍മാര്‍! പലപ്പോഴും സിനിമയേക്കാള്‍ പ്രാധാന്യം ബിസിനസിന് നല്‍കുന്നുണ്ടോ എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് ഇവരുടെ പ്രകടനങ്ങള്‍. താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ഉത്തരം : ഇതില്‍ നിര്‍മാണ - വിതരണ കമ്പനികള്‍ ഒരു സിനിമാ പ്രവര്‍ത്തകനെ സംബന്ധിച്ച് ഒത്തിരി സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഒഴിവാക്കി സിനിമ ചെയ്യാനുള്ള അവസരം അതിലൂടെ ലഭിക്കുന്നു എന്നത് വസ്തുതയാണ്. ചില നിര്‍മാണ കമ്പനികള്‍ പ്രതിഭയുള്ള കലാകാരന്‍മാര്‍ക്ക് സിനിമ സാക്ഷാത്കരിക്കാനുള്ള അവസരവും ഒരുക്കി നല്‍കുന്നുണ്ട്. ആ തരത്തില്‍ അവ നല്ലതാണ്. എന്നാല്‍, താങ്കള്‍ പറഞ്ഞതുപോലെ ചിലതൊക്കെ പല താല്‍പ്പര്യങ്ങളുടെയും പുറത്ത് ഉണ്ടായിട്ടുണ്ട്. എന്നെ സംബന്ധിച്ച് അത്തരം മേഖലകളെ പരിചയപ്പെടാനും മനസിലാക്കാനുമുള്ള അവസരം ഭാഗ്യം കൊണ്ട് ലഭിച്ചിട്ടില്ല.

നിര്‍മാണ കമ്പനികളും മറ്റും സിനിമാ വ്യവസായ മേഖലയില്‍ ഉണ്ടായിക്കോട്ടെ. വളര്‍ന്ന് പന്തലിച്ചുകൊള്ളട്ടെ. പക്ഷെ, വളര്‍ന്നുപന്തലിക്കുന്ന ആ ആല്‍മരങ്ങളുടെ ചോട്ടില്‍ മറ്റ് പുല്‍ക്കൊടികളൊന്നും വളരേണ്ടതില്ലെന്ന മനോഭാവം അവര്‍ക്കുണ്ടാവാന്‍ പാടില്ല. ആ മനോഭാവമാണ് തെറ്റ്. ഞങ്ങള്‍ മാത്രം മതി മറ്റുള്ളതൊന്നും വേണ്ട എന്ന പലരുടെയും ചിന്ത സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യില്ല. ആ മനോഭാവമുള്ളവര്‍ മാറ്റത്തിന് വിധേയമായാല്‍ മതിയാവും.

ചോദ്യം : ദിലീഷിന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അന്നുമുതലേ താങ്കളുടെ മനസില്‍ സിനിമ ഒരു സ്വപ്നമായുണ്ടോ?

ഉത്തരം : ഏതൊരു കുട്ടിയെയും പോലെ സിനിമ കാണാന്‍ ആഗ്രഹിച്ചിരുന്നു എന്നതിനപ്പുറം സിനിമാ സംവിധായകനാവണം നടനാവണം എന്നുള്ള ചിന്തകളൊന്നും ചെറുപ്പത്തിലുണ്ടായിരുന്നില്ല. എന്റെ കുട്ടിക്കാലത്ത് അച്ഛന്‍ ഫിലിം റപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്നു. വി എം ഫിലിംസ് എന്നൊരു കമ്പനിയില്‍. വളരെ കുറച്ചുകാലം. അപ്പോള്‍ പലപ്പോഴും അച്ഛന് വീട്ടില്‍ തങ്ങാന്‍ പറ്റുമായിരുന്നില്ല. സാമ്പത്തികമായി വലിയ മെച്ചമൊന്നും ആ ജോലികൊണ്ട് ഉണ്ടായിരിക്കില്ല. ഞാന്‍ അഞ്ചാംക്ലാസിലാവുമ്പോഴേക്കും അച്ഛന്‍ ആ പണി നിര്‍ത്തി. വീട്ടിനടുത്തൊരു കടയിട്ടു. അച്ഛന്റെ ഫിലിം റപ്രസന്റേറ്റീവ് ജോലിയും എന്റെ സിനിമാ ജീവിതവുമായി അങ്ങനെ ബന്ധമൊന്നുമില്ല എന്നതാണ് വസ്തുത.

ചോദ്യം : കുറുപ്പന്തറ സെന്റ് താമസ് എല്‍ പി സ്‌കൂളില്‍ നിന്നാണല്ലൊ വിദ്യാഭ്യാസം തുടങ്ങുന്നത്. മൈസൂരില്‍ പോയി കമ്പ്യൂട്ടറില്‍ ബിരുദവുമെടുത്തു. വിദ്യാഭ്യാസ കാലത്ത് കലാരംഗങ്ങളില്‍ തിളങ്ങിയിരുന്നോ? ആ കാലത്തെ എങ്ങിനെയാണ് ഓര്‍ത്തെടുക്കുന്നത്?

ഉത്തരം : കോട്ടയത്തെ ഒരു ഗ്രാമമാണ് കുറുപ്പന്തറ. അവിടെയുള്ള ഏതൊരു സാധാരണ കുട്ടിയെയും പോലെ തന്നെയായിരുന്നു ഞാനും. കുറുപ്പന്തറ സെന്റ്‌തോമസ് എല്‍ പി സ്‌കൂള്‍ കഴിഞ്ഞപ്പോള്‍ കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി, പ്രി-ഡിഗ്രിക്ക് മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജില്‍ പോയി. അവിടെ നിന്നാണ് മൈസൂരില്‍ കമ്പ്യൂട്ടര്‍ പഠനത്തിനായി പോകുന്നത്. സെന്റ് ഫിലോമിനാസ് കോളേജില്‍. പിന്നെ വലിയൊരിടവേളയ്ക്ക് ശേഷം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ തിയറ്റര്‍ ആര്‍ട്‌സില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്തു. അതാണെന്റെ വിദ്യാഭ്യാസ രേഖ. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ചില നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു എന്നതൊഴിച്ചാല്‍ വലിയ മികവുള്ള കലാകാരനൊന്നുമായി എനിക്കെന്നെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ബൈബിള്‍ നാടകങ്ങള്‍ ചെയ്തിരുന്നു. അതില്‍ എന്തോ അംഗീകാരം ലഭിച്ചിരുന്നു എന്നാണോര്‍മ്മ.

ചോദ്യം : മൈസൂരിലേക്ക് കമ്പ്യൂട്ടര്‍ ഡിഗ്രി പഠനത്തിനായി പോകുമ്പോഴൊന്നും ഇതെന്റെ വഴിയല്ല എന്ന തിരിച്ചറിവുണ്ടായില്ലേ?

ഉത്തരം : അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. സിനിമ ഇഷ്ടമായതുകൊണ്ട് പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍, ഇനിയെന്ത് എന്ന് എല്ലാവരും ചിന്തിക്കുമ്പോള്‍, ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി പഠിക്കണമെന്നൊരാഗ്രഹം അച്ഛനോട് പറഞ്ഞിരുന്നു. ശക്തമായ ആഗ്രഹപ്രകടനമൊന്നുമായിരുന്നില്ല അത്. അതിനാല്‍ തന്നെ അതൊക്കെ ഡിഗ്രിയൊക്കെ കഴിഞ്ഞ് ആലോചിക്കാമെന്ന ഒഴുക്കന്‍ മറുപടിയില്‍ അച്ഛന്‍ ഒതുക്കുകയായിരുന്നു. വാസ്തവത്തില്‍ എന്റെ വഴിയെ കുറിച്ച് തീരുമാനിക്കുന്ന ജീവിത സന്ധിയിലേക്ക് അപ്പോഴൊന്നും ഞാന്‍ എത്തിയിട്ടുണ്ടായിരുന്നില്ല. അന്ന് പഠനമായിരുന്നു മനസില്‍. ഞാന്‍ പഠിക്കാന്‍ അതിസമര്‍ത്ഥനായ ഒരു കുട്ടിയൊന്നുമായിരുന്നില്ല. ജയിക്കുക എന്നത് എന്റെയും കുടുംബത്തിന്റെയും ആവശ്യമായിരുന്നു. ഞാന്‍ നന്നായി പഠിച്ച് ഒരു നിലയിലാവേണ്ടത് അവരുടെ വലിയൊരു ലക്ഷ്യമായിരുന്നു. അത് നിറവേറ്റാന്‍ പാകത്തിലുള്ള മനസ് എന്റെ കുടുംബം എന്നില്‍ പരുവപ്പെടുത്തിയെടുക്കുകയും ചെയ്തു. പഠിക്കുക, ജയിക്കുക. പിന്നൊരു ജോലി സമ്പാദിക്കുക. എന്നിട്ടൊരു കല്യാണം കഴിക്കുക. അല്ലലില്ലാതെ സുഭിക്ഷമായി ജീവിക്കുക എന്നതിനപ്പുറത്ത് ഇഷ്ടമുള്ള മേഖലയെ കുറിച്ചോ, അവിടെ ജോലി ചെയ്യുന്നതിനെ കുറിച്ചോ ആ സമയത്ത് ആഴത്തില്‍ ചിന്തിച്ചിരുന്നില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.

ചോദ്യം : വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും വിട്ടുമാറി മൈസൂരില്‍ താമസിച്ച് പഠിച്ച കാലം. വേണമെങ്കില്‍ അതുവരെ തുടര്‍ന്നുവന്ന ജീവിതചര്യകളില്‍ നിന്നും മാറി നടക്കാനുള്ള അവസരം ഒരുക്കി തരുന്നുണ്ട്. എങ്ങിനെയായിരുന്നു അവിടെ?

ഉത്തരം : മൈസൂര്‍ പഠനകാലം ജീവിതത്തിലെ വ്യത്യസ്തമായ ഒരു പടി കയറിയുള്ള സഞ്ചാരമായിരുന്നു. തീര്‍ത്തും പോസറ്റീവായാണ് ഞാന്‍ ആ കാലത്തെ വിലയിരുത്തുന്നത്. ഒരു സ്വതന്ത്ര വ്യക്തിയെന്നുള്ള നിലയില്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ച കാലമെന്ന് വിലയിരുത്താം. പ്രീ-ഡിഗ്രിവരെ വീടുമായി വല്ലാതെ കെട്ടുപിണഞ്ഞുനിന്ന കുട്ടിയായിരുന്നു ഞാന്‍ വീട്ടുകാരുടെ എല്ലാവരുടെയും പ്രത്യേക പരിഗണന ലഭിച്ചിരുന്നു. എന്നെയറിയുന്ന, എന്റെ വിശപ്പറിയുന്ന ഒരമ്മച്ചിയും വീട്ടിലുണ്ടായിരുന്നല്ലൊ. അവിടെ നിന്നാണ് ഞാന്‍ മൈസൂരിലേക്ക് എത്തുന്നത്. ആ കോളേജിലാണെങ്കില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുണ്ട്. എനിക്കാണെങ്കില്‍ ഭാഷാ പ്രശ്‌നം നന്നായുണ്ട്. അവിടെയുള്ള സംസ്‌കാരവൈവിധ്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുമുണ്ട്. മൈസൂരിലെ പഠനത്തിന്റെ തുടക്കം അങ്ങിനെയാക്കെ ആയിരുന്നു. എന്നാല്‍, ഏത് പരിതസ്ഥിതിയിലും ഒറ്റയ്ക്ക് ജീവിക്കാനുള്ള ഒരു കരുത്ത് അവിടെ നിന്നാണ് ലഭിക്കുന്നത്. വീട്ടില്‍ നിന്നും മാസത്തില്‍ തരുന്ന നിശ്ചിത സംഖ്യകൊണ്ട് മാനേജ് ചെയ്ത് ജീവിക്കാനുള്ള കഴിവുണ്ടായതും ആ കാലത്താണ്. അരാജകമായ രീതിയിലേക്ക് വഴുതിപ്പോകാനുള്ള സാധ്യതകള്‍ അവിടെയുണ്ടായിരുന്നെങ്കിലും ഞാന്‍ ആ വഴിക്ക് പോയില്ല. അതിന് കാരണം എന്നെ കുറിച്ച്, എന്നിലുള്ള ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു എന്നതാണ്. അത്തരത്തില്‍ ബോധ്യമുള്ളവര്‍ക്ക് ഒരിക്കലും മറ്റൊരു വഴിയിലൂടെ പോകാന്‍ സാധിക്കില്ല. മൈസൂരിലെ കോളേജില്‍ വെച്ച് ഞാന്‍ വല്ലാതെ കഷ്ടപ്പെട്ട് പഠിച്ച് പാസായി. ജോലി തേടി ബാംഗ്ലൂര്‍ക്ക് പോയി.

സത്യസന്ധമായി പറഞ്ഞാല്‍ മൈസൂര്‍വരെയുള്ള പഠനങ്ങളും എച്ച് ഡി എഫ് സി ബാങ്കിലെ ജോലിയുമൊക്കെ എനിക്ക് വല്ലാത്ത പ്രയാസമായിരുന്നു. ഒരു ശതമാനം പോലും ആസ്വദിക്കാനോ, രസിച്ച് പഠിക്കാനോ സാധിച്ചിട്ടില്ല. അവിടെയൊക്കെ ജയിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. അത് എന്റെ ഉത്തരവാദിത്തം കൂടിയായിരുന്നു. അതിനാല്‍ വളരെയേറെ കഷ്ടപ്പെട്ട് പഠിച്ച് ജയിച്ചുകയറി. വീട്ടിലുള്ളവരോട് നീതി പുലര്‍ത്താതിരിക്കാന്‍ എനിക്ക് ഒരിക്കലും സാധിക്കുമായിരുന്നില്ല. എന്നാല്‍, പിന്നീട് കാലടി ശങ്കരാചാര്യയില്‍ എം എ ചെയ്തപ്പോള്‍ അതുവരെയുള്ള പഠിത്തത്തിന്റെ നാലിലൊന്ന് എനിക്ക് പഠിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, ഞാന്‍ അവിടെ നന്നായി മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിയായിരുന്നു. അവിടെ പഠനം ആസ്വദിച്ചിരുന്നു. നമ്മുടെ സമൂഹത്തിലെ മിക്കവരുടെയും പഠനം ഇതുപോലെയൊക്കെയായിരിക്കും. എച്ച് ഡി എഫ് സിയിലെ ജോലി എന്നെ സംബന്ധിച്ച് കുറച്ചുകൂടി മനസമാധാനം തരുന്നതായിരുന്നു എന്നതാണ് വാസ്തവം. കമ്പ്യൂട്ടറിനോട് മത്സരിക്കാതെ ആള്‍ക്കാരോട് മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ആ ജോലി ഉതകിയതാണ് അതിന് കാരണം.

ചോദ്യം ; മൈസൂരില്‍ വെച്ച് സിനിമയെ പൂര്‍ണമായും ഉപേക്ഷിച്ചോ? കമ്പ്യൂട്ടര്‍ വിദഗ്ധനാവുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ശ്രദ്ധ തിരിഞ്ഞോ?

ഉത്തരം : ഇല്ല. മൈസൂര്‍ അന്നുവരെ കണ്ട സിനിമയുടെ കാഴ്ചയ്ക്കപ്പുറത്തേക്ക് നടക്കാന്‍ എന്നെ സഹായിച്ചു. വിദേശ സിനിമകളും അന്യഭാഷാ സിനിമകളും കാണാനുള്ള അവസരം അവിടെ നിന്നാണ് ലഭിക്കുന്നത്. കൂടുതല്‍ വായിക്കാനുള്ള അവസരങ്ങളുമുണ്ടായി. അത്തരം നിരവധി സാധ്യതകള്‍ മൈസൂര്‍ എനിക്ക് മുന്നില്‍ തുറന്നുവെച്ചു. അവിടെ കോളേജില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടായിരുന്നു. ബാബുസാറാണ് വകുപ്പ് തലവന്‍. അദ്ദേഹത്തോട് സംസാരിച്ച് അവിടെ പുതിയൊരു ലൈബ്രറി തുടങ്ങി. ഭാഷയിലുള്ള പരിമിതി കൊണ്ട് മറ്റുള്ളവരോട് കൂട്ടുകൂടാന്‍ സാധിക്കാത്ത പ്രശ്‌നം വായനയിലൂടെ പരിഹരിക്കാന്‍ ഏറെ കുറേ സാധിച്ചു. മലയാളം വല്ലാതെ ഇല്ലാതായി പോയ കാലമായിരുന്നു അത്. മലയാളം കേള്‍ക്കുമ്പോള്‍ പെട്ടെന്ന് തിരിഞ്ഞുനോക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്ന് പറയാം. പുസ്തക വായനകള്‍ അത്തരം വിമ്മിട്ടങ്ങള്‍ ഒഴിവാക്കാന്‍ സഹായകമായി. മലയാളം സിനിമകള്‍ കാണാന്‍ മൈസൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലോക്ക് പോകുമായിരുന്നു. അങ്ങനെ പോകുമ്പോള്‍ കുറേ സിനിമകള്‍ ഒന്നിച്ച് കാണും. മൈസൂര്‍ പഠനകാലത്ത് അത്തരത്തിലുള്ള ഒരുപാട് കാര്യങ്ങളും ജീവിതാനുഭവങ്ങളും ഉണ്ടാവുന്നുണ്ട്.

ചോദ്യം : ബിരുദത്തിന് ശേഷം സിനിമാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്നത് സംബന്ധിച്ചൊരു വാഗ്ദാനം പ്രീ-ഡിഗ്രി കഴിഞ്ഞപ്പോള്‍ അച്ഛന്‍ തന്നിരുന്നല്ലൊ. അത് പിന്നീട് ഓര്‍ത്തില്ലേ?

ഉത്തരം : തീര്‍ച്ചയായും ഓര്‍ത്തു. ഞാന്‍ അച്ഛനോട് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്നത് സംബന്ധിച്ച് വീണ്ടും സംസാരിച്ചു. അച്ഛനത് കേട്ടു. കമ്പ്യൂട്ടറൊക്ക പഠിച്ച സ്ഥിതിക്ക് നീയൊരു ജോലി തരപ്പെടുത്ത്. ഒരു വരുമാനമൊക്കെ ഉണ്ടായ ശേഷം നിനക്ക് വേണമെങ്കില്‍ സിനിമയെ കുറിച്ച് ചിന്തിക്കാമല്ലൊ എന്ന മറുപടിയാണ് ലഭിച്ചത്. ഞാനത് അനുസരിച്ചു. ബാംഗ്ലൂരേക്ക് തിരിച്ചു.

ചോദ്യം : ബാംഗ്ലൂരില്‍ ജോലി സമ്പാദിക്കുക എന്നതായിരുന്നോ ഉന്നം?

ഉത്തരം : ബാംഗ്ലൂരില്‍ ആദ്യം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റൊരു കോഴ്‌സിന് ചേര്‍ന്നു. എന്‍ ഐ ഐ ടിയില്‍. അത് തീര്‍ന്നപ്പോള്‍ എനിക്കൊരു ജോലി ലഭിച്ചു. എച്ച് ഡി എഫ് സി ബാങ്കില്‍. അക്കൗണ്ട്‌സ് സെക്ഷനില്‍ മാനേജരായി.

ചോദ്യം : കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദധാരി, എന്‍ ഐ ഐ ടിയില്‍ തുടര്‍പഠനം. എന്നിട്ടിപ്പോള്‍ എച്ച് ഡി എഫ് സി ബാങ്കില്‍ അക്കൗണ്ട്‌സ് ജോലി! ദിലീഷിന് ആ കാലത്തെ പഠനവും ജോലിയുമൊന്നും ആസ്വാദ്യമായിരുന്നില്ലേ?

ഉത്തരം : ഈ ചോദ്യം ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ മൈസൂര്‍വരെയുള്ള പഠനങ്ങളും എച്ച് ഡി എഫ് സി ബാങ്കിലെ ജോലിയുമൊക്കെ എനിക്ക് വല്ലാത്ത പ്രയാസമായിരുന്നു. ഒരു ശതമാനം പോലും ആസ്വദിക്കാനോ, രസിച്ച് പഠിക്കാനോ സാധിച്ചിട്ടില്ല. അവിടെയൊക്കെ ജയിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. അത് എന്റെ ഉത്തരവാദിത്തം കൂടിയായിരുന്നു. അതിനാല്‍ വളരെയേറെ കഷ്ടപ്പെട്ട് പഠിച്ച് ജയിച്ചുകയറി. വീട്ടിലുള്ളവരോട് നീതി പുലര്‍ത്താതിരിക്കാന്‍ എനിക്ക് ഒരിക്കലും സാധിക്കുമായിരുന്നില്ല. എന്നാല്‍, പിന്നീട് കാലടി ശങ്കരാചാര്യയില്‍ എം എ ചെയ്തപ്പോള്‍ അതുവരെയുള്ള പഠിത്തത്തിന്റെ നാലിലൊന്ന് എനിക്ക് പഠിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, ഞാന്‍ അവിടെ നന്നായി മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിയായിരുന്നു. അവിടെ പഠനം ആസ്വദിച്ചിരുന്നു. നമ്മുടെ സമൂഹത്തിലെ മിക്കവരുടെയും പഠനം ഇതുപോലെയൊക്കെയായിരിക്കും. എച്ച് ഡി എഫ് സിയിലെ ജോലി എന്നെ സംബന്ധിച്ച് കുറച്ചുകൂടി മനസമാധാനം തരുന്നതായിരുന്നു എന്നതാണ് വാസ്തവം. കമ്പ്യൂട്ടറിനോട് മത്സരിക്കാതെ ആള്‍ക്കാരോട് മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ആ ജോലി ഉതകിയതാണ് അതിന് കാരണം.

ചോദ്യം : ബാംഗ്ലൂരിലെ ബാങ്ക് മാനേജര്‍ പണിക്കിടയില്‍ സിനിമയൊക്കെ കൈവിട്ടുപോയിരുന്നോ?

ഉത്തരം : ഇല്ല. ബാംഗ്ലൂരില്‍ വെച്ചാണ് ഞാന്‍ അനി കരിവള്ളിയെ പരിചയപ്പെടുന്നത് മൈസൂരില്‍ എന്റെ ജൂനിയറായി പഠിച്ചിരുന്ന കണ്ണൂരുകാരന്‍ സൈജുവും അവിടെയുണ്ടായിരുന്നു. അനി കരിവള്ളി ബാംഗ്ലൂരില്‍ സ്റ്റുഡിയോ നടത്തുകയാണ്. നജുനാ സ്റ്റുഡിയോ. അനി ചേട്ടായി എന്നാണ് ഞാന്‍ വിളിക്കാറ്. ബാംഗ്ലൂരില്‍ ചെറിയ ടെലിഫിലിം പരിപാടിയൊക്കെ അദ്ദേഹത്തിനുണ്ട്. അനി ചേട്ടായിയുമായുള്ള പരിചയത്തിലൂടെ ഞാനും ടെലിഫിലിമിലൊക്കെ അസിസ്റ്റന്റായി കൂടി. ചില പ്രത്യേക സാഹചര്യങ്ങളില്‍ അനി ചേട്ടായി ചില വര്‍ക്കുകള്‍ പൂര്‍ണമായും എന്നെ ഏല്‍പ്പിക്കുന്ന സ്ഥിതി വന്നു. അതേ സമയത്ത് സൈജുവുമായി ചില കഥാ ചര്‍ച്ചകളും നടത്തുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ഒരു സ്‌ക്രിപ്റ്റ് എഴുതാനുള്ള ശ്രമവും അപ്പോള്‍ നടന്നു. അനി ചേട്ടായി ബാംഗ്ലൂരില്‍ നിന്ന് ഒരു സ്‌പോണ്‍സറെയൊക്കെ സെറ്റാക്കി എന്തെങ്കിലും ഒരു ടെലിഫിലിം പരിപാടിയുമായി മുന്നോട്ടുപോകും. ഞങ്ങളെയും കൂടെ കൂട്ടും. അവസാനം കുറഞ്ഞത് പതിനായിരം രൂപയെങ്കിലും കൈയ്യീന്ന് പോകുന്ന വിധത്തില്‍ അതൊക്കെ പരിസമാപ്തിക്കും.

അമച്വര്‍ വര്‍ക്കുകളായിരുന്നുവെങ്കിലും അതൊക്കെ ഞങ്ങളുടെ ആത്മര്‍ത്ഥമായ ശ്രമങ്ങളായിരുന്നു. അതിനിടയില്‍ ഒരു ദിവസം കോട്ടയത്ത് വന്നപ്പോള്‍ ഒരു തിയറ്ററില്‍ വെച്ച് പഴയ പ്രീ-ഡിഗ്രി സുഹൃത്തുക്കളായ റോയിയെയും സൂരജിനെയും കണ്ടുമുട്ടി. ഇവര്‍ ചെറിയ പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും ആല്‍ബങ്ങളുമൊക്കെ ചെയ്യുന്നവരാണ്. ഇവരുടെ ചില പ്രോജക്ടുമായി സഹകരിക്കാനും ഇതിനിടയില്‍ സാധിച്ചു. അവര്‍ക്ക് വേണ്ടി തിരക്കഥ തയ്യാറാക്കാനും അവസരം ലഭിച്ചു. നാട്ടിലായതുകൊണ്ട് ഇവര്‍ക്ക് പ്രോഫഷണല്‍ വര്‍ക്കുകളില്‍ അസിസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നു. സാങ്കേതികമായും മറ്റും എന്നെക്കാള്‍ മികവ് അവര്‍ക്കുണ്ട്. അവരുമായി കൂടുതല്‍ ബന്ധപ്പെട്ടപ്പോള്‍ ആ കൂട്ടത്തില്‍ നില്‍ക്കാമെന്ന് തോന്നി. ഇത്തരം പരിപാടികളുമായി മുന്നോട്ടുപോകുമ്പോള്‍ ബാംഗ്ലൂരിലെ ബാങ്ക് ജോലി മതിയായി ഒരു വര്‍ഷത്തെ ഇടവേളയെടുക്കണം എന്ന് തീരുമാനിച്ചു. അതിനായി വീട്ടിലേക്ക് വിളിച്ചു.

ചോദ്യം : വീട്ടില്‍ നിന്ന് ഒരു വര്‍ഷത്തെ ഇടവേള അനുവദിച്ചോ? മകനെ തന്ത്രപൂര്‍വ്വം സിനിമയില്‍ നിന്നൊക്കെ അകറ്റി സെറ്റില്‍ഡ് ആക്കാന്‍ ശ്രമിക്കുന്ന കുടുംബം ആ ബ്രേക്കെടുക്കലിനെ എതിര്‍ത്തില്ലേ?

ഉത്തരം : പ്രീ-ഡിഗ്രി കഴിഞ്ഞപ്പോഴും ഡിഗ്രി കഴിഞ്ഞപ്പോഴും അച്ഛന്‍ പറഞ്ഞത് ജോലിയെ കുറിച്ചാണ്. എനിക്ക് ജോലി കിട്ടി. ശമ്പളം കിട്ടി. ആ ജോലി പോയാലും പുതിയൊരു ജോലി ലഭിക്കുമെന്നുള്ള ആത്മവിശ്വാവുമുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ മുന്നോട്ടുവെക്കുന്ന ആവശ്യം വീട്ടുകാര്‍ക്ക് പഴയതുപോലെ നിരസിക്കാന്‍ സാധിച്ചില്ല. ഞാന്‍ ലീവെടുത്ത് നാട്ടില്‍ വന്നു. എന്നില്‍ ഒരു റിബലുണ്ടെന്ന് മനസിലാക്കിയ വീട്ടുകാര്‍ അത് പുറത്തുകാണിച്ചില്ല. എന്തുകൊണ്ടോ വീട്ടുകാര്‍ക്ക് എന്നില്‍ മതിപ്പുണ്ടായിരുന്നു. ഞാനങ്ങനെ പടുകുഴിയിലൊന്നും വീണുപോകില്ലെന്നുള്ള ഉറപ്പ് സ്വന്തം കാലില്‍ നിന്ന് ജീവിതം പടുത്തുയര്‍ത്തിയ എന്റെ കുടുംബത്തിനുണ്ടായിരുന്നു. അതിനാല്‍ അവര്‍ മറുത്തൊന്നും പറഞ്ഞില്ല.

ചോദ്യം : തുടര്‍ന്ന് കോട്ടയത്ത് സൂരജിന്റെയും റോയിയുടെയും കൂടെ കൂടിക്കാണും അല്ലെ?

ഉത്തരം : അതെ. ഞങ്ങളോടൊപ്പം അജീഷും ഗിരീഷും കൂടിയുണ്ടായിരുന്നു. ഗിരീഷ് സ്‌കൂളില്‍ ഒപ്പം പഠിച്ചതാണ്. അജീഷ് കോളേജിലെ സഹപാഠിയാണ്. സൂരജ് ഇപ്പോള്‍ പാ.വ എന്നൊരു സിനിമ സംവിധാനം ചെയ്തു. അതിന്റെ സ്‌ക്രിപ്റ്റ് എഴുതിയത് അജീഷ് ആണ്. ഗിരീഷ് എന്നോടൊപ്പം അസിസ്റ്റ് ചെയ്യുന്നുണ്ട്. എന്റെ അടുത്ത പടത്തിനുളള എഴുത്തുപുരയിലാണ് അദ്ദേഹം. ഞങ്ങള്‍ അന്ന് ഇടയ്ക്ക് വര്‍ക്കും അല്ലാത്തപ്പോള്‍ ദാരിദ്ര്യവുമായി അങ്ങനെ മുന്നോട്ടുപോയി. ഞങ്ങളുടെ സ്ഥാപനത്തിനടുത്ത് ഒരു ഹോട്ടലുണ്ട്. പണിയൊന്നുമില്ലെങ്കില്‍ അവിടെപ്പോയിരിക്കും. കഥ പറയും. അടുത്ത പ്രോജക്ടിനെ പറ്റി പ്ലാന്‍ ചെയ്യും. ഒരു കൊല്ലം അത്തരം ശ്രമങ്ങളുമായി മുന്നോട്ടുപോയി. കുറച്ച് വര്‍ക്കുകളും അപ്പോള്‍ നടന്നു. ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്നത് ഈ കൂട്ടുകാരോടൊപ്പമുള്ളപ്പോഴാണ്. വര്‍ണച്ചെപ്പെന്ന ഒരു ആല്‍ബമായിരുന്നു അത്. പിന്നീട് സംവിധാനം ചെയ്തത് മഹേഷിന്റെ പ്രതികാരമായിരുന്നു. അതിനിടയില്‍ അസോസിയേറ്റ് ഡയറക്ടറായി പലരോടൊപ്പവും ജോലി ചെയ്തു. സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതും അതിലെ പല പിന്നണിക്കാരെയും പരിചയപ്പെടുന്നതുമൊക്കെ ആ കാലയളവിലാണ്.

ചോദ്യം : ആ സമയത്തൊന്നും സിനിമയിലേക്കുള്ള പരിശ്രമങ്ങള്‍ നടത്തുന്നില്ലേ?

ഉത്തരം : ഉണ്ട്. സിനിമാ സംവിധായകരുടെയും മറ്റും പേരുകളും വിലാസവും ഫോണ്‍ നമ്പറുമുള്ള വലിയൊരു ഡയറക്ടറി ഉണ്ടായിരുന്നു. അതിലെ ഡയറക്ടര്‍മാരുടെ നമ്പറുകളെടുത്ത് വിളിക്കും. അസിസ്റ്റന്റായി കൂടെ നില്‍ക്കാനുള്ള ആഗ്രഹം പറയും. അവസരമുണ്ടോ എന്ന് ആരായും. ആ സമയത്ത് എല്ലാ പ്രമുഖ സംവിധായകരുടെയും കൂടെ കുറെ അസിസ്റ്റന്റുകളും അസോസിയേറ്റുകളും സ്ഥിരമായി കാണും. അവര്‍ പോകുമ്പോഴാണല്ലൊ പുതിയവര്‍ക്ക് അവസരമുണ്ടാവുക. അങ്ങനെയൊന്നും ആരും പോകാറില്ല. നമുക്കറിയാമല്ലൊ പുതിയ സംവിധായകരുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍ എനിക്ക് അവസരമൊന്നും ലഭിച്ചില്ല. പക്ഷെ, എന്റെ ആത്മവിശ്വാസം നഷ്ടപ്പെടാന്‍ അതൊന്നും കാരണമായില്ല.

ചോദ്യം : വീട്ടില്‍ ആ സമയത്ത് പ്രശ്‌നമൊന്നും ഉണ്ടായില്ലേ ?

ഉത്തരം : ഉണ്ടായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും ചോദിച്ചു. എന്താ അടുത്ത പരിപാടി എന്ന്. ആ ഘട്ടത്തില്‍ എനിക്ക് ചില്ലറ സമരമുറകളൊക്കെ എടുക്കേണ്ടി വന്നു. വീട്ടുകാര്‍ക്ക് എന്റെ ഭാവിയെ കുറിച്ചോര്‍ത്ത് പേടി തോന്നുന്നതായിരുന്നു അവരുടെ സമ്മര്‍ദ്ദത്തിന്റെ കാരണം.

ചോദ്യം : ആ സമയത്ത് വേറെ വര്‍ക്കുകളില്‍ ഏര്‍പ്പെടാന്‍ സാധിച്ചോ?

സത്യത്തില്‍ ഞാന്‍ ഒരു പുരസ്‌കാരവും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ റിലീസാകുന്നതിന് തലേ ദിവസം എന്റെ കൂടെ സുഹൃത്ത് റോയിയും ഹോട്ടല്‍ മുറിയിലിലുണ്ടായിരുന്നു. ഞാനവനോട് പറഞ്ഞത് മറ്റൊരു ആകുലതയാണ്. ഞാന്‍ സിനിമയില്‍ പരാജയപ്പെട്ടാല്‍ കുറുപ്പന്തറ നിന്ന് മറ്റേതെങ്കിലും ഒരാള്‍ സിനിമയിലേക്ക് വരാന്‍ ശ്രമിച്ചാല്‍ ദിലീഷിനെ പോലെ പാഴാവാന്‍ പോകുന്നു എന്ന് പറയുമല്ലോടാ.. എന്നതായിരുന്നു എന്റെ ആകുലത. അങ്ങനെ പറയിപ്പിക്കരുത് എന്നുള്ളതുകൊണ്ട് എനിക്ക് ജയിക്കണമായിരുന്നു. മറ്റൊന്നും ഞാന്‍ അപ്പോള്‍ ചിന്തിച്ചിരുന്നില്ല എന്നതാണ് വസ്തുത. അമ്പത് ദിവസം ഓടുന്ന ഒരു ശരാശരി സിനിമ എന്നതിനപ്പുറം ആഗ്രഹിച്ചിരുന്നേയില്ല. പക്ഷെ, ആ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ദേശീയ പുരസ്‌കാരങ്ങള്‍ നല്‍കിയ ഉത്തരവാദിത്തത്തേക്കാള്‍ വലുതായിരുന്നു പ്രേക്ഷകരുടെ താല്‍പ്പര്യവും നിരീക്ഷണങ്ങളും. 

ഉത്തരം : പോള്‍ ഞാറക്കലിന്റെ കൂടെ ഒരു സീരിയലില്‍ അസോസിയേറ്റായി. അപ്പോഴേക്കും സീരിയലുകളില്‍ അസോസിയേറ്റായി എന്നെ വിളിക്കാന്‍ തുടങ്ങിയിരുന്നു. നിരവധി ആല്‍ബങ്ങളും ടെലിഫിലിമുകളുമൊക്കെയായി സഹകരിക്കാന്‍ ആ സമയത്ത് സാധിച്ചു. എന്നെ നേരിട്ട് പരിചയമില്ലാത്തവര്‍ കൂടി അസോസിയേറ്റായി വിളിക്കുന്ന ഒരവസ്ഥ ഉണ്ടായി. ആ സമയത്താണ് ജയേഷ് തമ്പാന്‍ ഒരാല്‍ബത്തിന്റെ കാര്യത്തിന് വേണ്ടി എന്നെ ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ കുറെ വര്‍ക്കുകള്‍ തുടര്‍ന്ന് ഉണ്ടാവുന്നത്. ജയേഷ് തമ്പാന്റെ കൂടെയുള്ള സമയത്താണ് കോട്ടയം വിട്ട് എറണാകുളത്തേക്ക് സെറ്റില്‍ ചെയ്യുന്നത്. അതുവരെയുള്ള കാലം എത്രവൈകിയായാലും രാത്രി വീട്ടില്‍ എത്തുമായിരുന്നു. എറണാകുളത്തെത്തിയപ്പോള്‍ അത് നടക്കാതായി. ആ സമയത്ത് പാലാരിവട്ടത്ത് കേരള മീഡിയ അക്കാദമി എന്നൊരു ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചിരുന്നു. അവിടെ അധ്യാപകനായും ജോലി ചെയ്തു.

ചോദ്യം : സിനിമയിലേക്ക് കടക്കാന്‍ ആ സമയത്തൊന്നും സാധിക്കുന്നില്ലേ?

ഉത്തരം : അതിനിടയില്‍ അത് സാധിച്ചു. ജയേഷ് തമ്പാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായുള്ള കെ കെ റോഡ് എന്ന സിനിമ. അതിന്റെ ഷൂട്ട് കുറെ തീര്‍ന്നതായിരുന്നു. കോട്ടയത്തുള്ള സൈമണ്‍ കുരുവിളയാണ് സംവിധായകന്‍. അതിന്റെ അവസാനത്തെ ഷെഡ്യൂളായപ്പോഴാണ് എന്നെ അസോസിയേറ്റായി വിളിച്ചത്. ആ സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ വര്‍ക്കിലൊക്കെ സജീവമായി നില്‍ക്കാന്‍ സാധിച്ചു. അതാണ് ഞാന്‍ ജോലി ചെയ്ത ആദ്യത്തെ സിനിമ. പതുക്കെ പതുക്കെ സിനിമയില്‍ അസോസിയേറ്റായി സജീവമായി. മൂന്ന് വര്‍ഷക്കാലത്തോളം ആറേഴ് സിനിമകള്‍ക്കുവേണ്ടി ജോലി ചെയ്തു.

ചോദ്യം : അവയൊന്നും അത്ര മികച്ച സിനിമകളായി വിലയിരുത്താന്‍ പറ്റുന്നവയായിരുന്നില്ലല്ലൊ. തന്റെ വഴി തെറ്റിപ്പോയോ എന്ന ആശങ്ക സ്വാഭാവികമായും കടന്നുവരാവുന്ന സമയമാണത്. അങ്ങനെവല്ലതുമുണ്ടായോ?

ഉത്തരം : ആ ഏഴ് സിനിമകളും സാമ്പത്തികമായി പരാജയങ്ങളായിരുന്നു. നല്ല സിനിമയായി വിലയിരുത്താനുള്ള കാമ്പില്ലാത്തവയുമായിരുന്നു. ആ സിനിമകളില്‍ ഭാഗബാക്കാവുമ്പോള്‍ പലപ്പോഴും ആ സിനിമകളുടെ ഭാവിയെ പറ്റി ആശങ്കപ്പെടാറുണ്ട്. പക്ഷെ, അവിടെ ഒരു അസോസിയേറ്റിന് പരിമിതിയുണ്ട്. ആ സമയത്താണ് രണ്ടാമത്തെ സിനിമയുടെ സെറ്റില്‍ വെച്ച് ശ്യാം പുഷ്‌കരനെ പരിചയപ്പെടുന്നത്. ദിലീഷ് നായരെയും അറാഫത്തിനെയുമൊക്കെ അതിന് മുന്നെ തന്നെ പരിചയപ്പെട്ടിരുന്നു. ഞങ്ങള്‍ എറണാകുളത്തൊരു വീടെടുത്ത് അവിടെയാണ് താമസിച്ചത്. കൂടെ പഴയ സൈജുവുമുണ്ട്. ആ കാലഘട്ടം സിനിമയെ കുറിച്ചുള്ള കൂടുതല്‍ ചിന്തകളും ചര്‍ച്ചകളും നടത്തിയ കാലമായിരുന്നു. അപ്പോഴും നല്ല സിനിമയുടെ ഭാഗമാകാന്‍ പറ്റുന്നില്ല എന്നത് എന്നെ വല്ലാതെ തളര്‍ത്തി. എങ്കിലും സിനിമയുടെ താളവും ലയവും ചുഴിയും ഒഴുക്കുമൊക്കെ അപ്പോഴേക്കും നന്നായി മനസിലാക്കാന്‍ സാധിച്ചു.

ചോദ്യം : ആ സമയത്താണ് താങ്കള്‍ കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ എം എ യ്ക്ക് ചേരുന്നത്. സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്തു. താങ്കള്‍ ബന്ധപ്പെട്ട, സജീവമായ സിനിമാ മേഖലയല്ല താങ്കള്‍ ആഗ്രഹിച്ച സിനിമ എന്ന തിരിച്ചറിവില്‍ നിന്നാണോ തിയറ്റര്‍ പഠനത്തിനായി താങ്കള്‍ പോയത് ?

ഉത്തരം : തീര്‍ച്ചയായും. ഒരു ഘട്ടമായപ്പോള്‍ വല്ലാത്ത നിരാശ ബാധിച്ചു എന്നത് വസ്തുതയാണ്. നമ്മളുടെ മനസിലുള്ള സിനിമയുമായല്ല നമ്മള്‍ സഹകരിക്കാന്‍ നിര്‍ബന്ധിതനാവുന്നത്. എന്റെ സ്വഭാവം തന്നെ മാറിപ്പോകുന്ന അവസ്ഥ വന്നു. വല്ലാത്ത നിരാശബോധത്തില്‍ നിന്നും ഉയിരെടുക്കുന്ന വെറുപ്പും രോഷവും മറ്റുള്ള പാവപ്പെട്ടവരുടെ നേര്‍ക്ക് പ്രയോഗിച്ചു. പലപ്പോഴും സ്വയം വെറുപ്പ് തോന്നുന്ന ഒരവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടു. എനിക്ക് തന്നെ സ്വയം പ്രായം കൂടുന്നതുപോലെ തോന്നി. ഏത് സാഹചര്യത്തോടും പൊരുത്തുപെട്ട് ജീവിക്കുന്ന ഒരു രീതി കൈമുതലായുള്ളതുകൊണ്ട് ഡിപ്രഷനിലേക്ക് പോകുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. അപ്പോഴാണ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. ഇപ്പോഴുള്ള ഒഴുക്കില്‍ നിന്നും മാറി നില്‍ക്കണം. അതിന് തെരഞ്ഞെടുത്ത വഴിയാണ് തിയറ്റര്‍ പഠനം. ഒരു സിനിമയുടെ പാതി വഴിയില്‍ ഡയറക്ടറോട് ചോദിച്ച് ഞാന്‍ പഠിക്കാന്‍ പോയി.

ചോദ്യം : ജോലിക്ക് പോകണമെന്നാഗ്രഹിച്ച മകന്‍ എല്ലാ വലിച്ചെറിഞ്ഞ് വീണ്ടും പഠിക്കാന്‍ പോയപ്പോള്‍ വീട്ടില്‍ നിന്നുള്ള പ്രതികരണം എങ്ങിനെയായിരുന്നു? കാലടി സര്‍വ്വകലാശാല താങ്കളെ പുനര്‍നിര്‍മിച്ചോ?

ഉത്തരം : വീട്ടില്‍ ആകെയൊരന്താളിപ്പായിരുന്നു. പഠിക്കാന്‍ നിര്‍ബന്ധിച്ച സമയത്ത് പഠിത്തത്തോട് കാണിക്കാത്ത സ്‌നേഹം ജോലിക്ക് പോകാന്‍ നിര്‍ബന്ധിക്കുമ്പോള്‍ പഠിക്കാനായി കാണിക്കുന്നത് ആരിലും അത്തരമൊരു ഭാവമല്ലേ വരുത്തുകയുള്ളു. പക്ഷെ, ഞാന്‍ പാഴായിപോകില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. താങ്കള്‍ പറഞ്ഞതുപോലെ കാലടി യൂണിവേഴ്‌സിറ്റി എന്നെ നന്നായി മാറ്റിമറിച്ചു. അവിടെ സിലബസിന്റെ ഭാഗമല്ലാത്ത കാര്യങ്ങളില്‍ കൂടി പങ്കാളിയാകാന്‍ സാധിച്ചു എന്നതാണ് ആ പഠനകാലത്തെ മേന്‍മ. വൈകുന്നേരങ്ങളില്‍ വേണമെങ്കില്‍ സുനില്‍ പി ഇളയിടത്തിന്റെയോ അതുപോലുള്ളവരുടെയോ ക്ലാസില്‍ കയറിയിരിക്കാനും നിരവധിയായ പുതുവിഷയങ്ങളെ കുറിച്ച് മനസിലാക്കാനും സാധിച്ചു. നാടകവും കലയും സംഗീതവും കൂടാതെ സാമൂഹ്യപരമായി ആഴത്തിലുള്ള കാഴ്ചപ്പാടുകളും അവിടെ നിന്നാണ് സ്വാംശീകരിക്കാന്‍ സാധിച്ചത്. വളരെ സന്തോഷം നിറഞ്ഞ കാലയളവായിരുന്നു അത്. പഠനം ഭാരമല്ലാതിരുന്ന കാലം. ആസ്വദിച്ച കാലം. ആ ചുറ്റുപാട് എന്നെ സ്വാധീനിച്ചിട്ടുണ്ട്. സിനിമാ സംവിധായകന്‍ എന്നുള്ള നിലയില്‍ മാത്രമല്ല ഒരു വ്യക്തി എന്നുള്ള നിലയില്‍ എന്നെ പുതുക്കിപ്പണിയാന്‍ ആ കാലഘട്ടം സഹായിച്ചു. അത് കഴിഞ്ഞ് സ്‌കൂള്‍ ഫോര്‍ ലെറ്റേഴ്‌സില്‍ എം ഫില്ലിന് ചേര്‍ന്നു. അവിടെയും വിജയിച്ചു. മൂന്നരവര്‍ഷം പഠനം. അതിനിടയില്‍ ഞാന്‍ സോള്‍ട്ട് ആന്റ് പെപ്പറില്‍ അഭിനയിച്ചു. ട്വന്റിറ്റു ഫീമെയില്‍ കോട്ടയത്തില്‍ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ചോദ്യം : രണ്ടാംവരവില്‍ താങ്കള്‍ തീര്‍ച്ചയായും സംതൃപ്തനായിരിക്കുമല്ലൊ. അല്ലേ? സോള്‍ട്ട് ആന്റ് പെപ്പറില്‍ ആഷിക് അബുവുമായി എങ്ങിനെയാണ് സഹകരിക്കാന്‍ അവസരമൊരുങ്ങുന്നത്?

വിശപ്പിന്റെയും പാലായനത്തിന്റെയുമൊക്കെ രാഷ്ട്രീയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണ് നമുക്ക് മുന്നിലുള്ളത്. അത് മനസിലാക്കാനുള്ള ബാധ്യത സിനിമാ മേഖലയിലുള്ളവര്‍ക്കുമുണ്ട്. അത്തരം തിരിച്ചറിവുകളില്‍ നിന്നാണ് സിനിമയിലേക്ക് രാഷ്ട്രീയം സന്നിവേശിക്കപ്പെടുന്നത്.

ഉത്തരം : രണ്ടാം വരവ് തീര്‍ത്തും സംതൃപ്തി നല്‍കി. ആഷിക് അബുവിനെ എനിക്ക് പരിചയമേയില്ലായിരുന്നു. ദിലീഷ് നായരുടെയും ശ്യാം പുഷ്‌കരന്റെയുമൊക്കെ അടുത്തുനിന്നാണല്ലൊ ഞാന്‍ പഠനത്തിനായി പോകുന്നത്. അവര്‍ സിനിമയും ചര്‍ച്ചയും അപ്പോഴും തുടരുന്നുണ്ട്. ദിലീഷും ശ്യാമും കൂടി സോള്‍ട്ട് ആന്റ് പെപ്പറിന്റെ തിരക്കഥ എഴുതുമ്പോള്‍ ഡയറക്ടറായി അഭിനയിക്കാന്‍ അവരുടെ മനസിലുള്ള രൂപം ഞാനാണെന്ന് ആഷിക് അബുവിനോട് പറയുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ സിനിമയുടെ ഭാഗമാകുന്നത്. ഞാന്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്തതും ഇടവേളയെടുത്ത് പഠിക്കുന്നതും മറ്റും ആഷിക്കേട്ടന്‍ പിന്നീട് മനസിലാക്കുകയായിരുന്നു. ട്വന്റിറ്റു ഫീമെയില്‍ കോട്ടയം തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അസോസിയേറ്റായിരുന്ന ആള്‍ ജോയിന്റ് ചെയ്തില്ല. അപ്പോഴാണ് ആ ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ എന്നെ വിളിച്ചത്. അങ്ങനെയാണ് അതിന്റെ ഭാഗമായത്.

ചോദ്യം : രണ്ടാമത്തെ വരവില്‍ മികച്ച സിനിമകള്‍ യാഥാര്‍ത്ഥ്യമാക്കാനും പരമ്പരാഗത സിനിമാ രീതികളെ പൊളിച്ചെഴുതാനും മറികടക്കാനും നിങ്ങള്‍ക്ക് സാധിച്ചല്ലൊ. വീട്ടുകാര്‍ക്കും സമാധാനമായി കാണുമല്ലൊ.

ഉത്തരം : തീര്‍ച്ചയായും എം ഫില്‍ കഴിയുന്ന സമയത്ത്, രണ്ട് സിനിമകളില്‍ കൂടി ഞാന്‍ പങ്കാളിയായി. വീട്ടില്‍ അപ്പോഴേക്കും എന്നെ കുറിച്ചുള്ള ആധി ഇല്ലാതായിരുന്നു. പേടിക്കേണ്ട എന്നൊരു ബോധ്യം അവര്‍ക്കുണ്ടായി. എനിക്ക് ഞാന്‍ ആഗ്രഹിച്ച സിനിമാ സംസ്‌കാരത്തിന്റെ ഭാഗമാകാനും സാധിച്ചു.

ചോദ്യം : മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍ സിനിമയിലേക്ക് എങ്ങിനെയാണ് എത്തുന്നത്?

ഉത്തരം : ട്വന്റിറ്റു ഫീമെയില്‍ കോട്ടയം കഴിഞ്ഞ ശേഷം ഞാന്‍ ആഷിക് അബുവിന്റെയും അമല്‍ നീരദിന്റെയും എല്ലാ സിനിമകളിലും അസോസിയേറ്റായി വര്‍ക്ക് ചെയ്തു. ട്വന്റിറ്റു ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍, എന്റെ കൈയ്യിലുണ്ടായിരുന്ന ഒരു കഥ ഫഹദ് ഫാസിലിനോട് പറഞ്ഞു. അദ്ദേഹം അതില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. ചെയ്യാമെന്ന് പറഞ്ഞു. ഒരു പാതിരാപ്പടം എന്നൊരു പ്രോജക്ടായിരുന്നു അത്. സന്ദീപ് സേനന്‍ എന്ന നിര്‍മാതാവ് ആ സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞു. ഫഹദിനും എനിക്കും അഡ്വാന്‍സും തന്നു. പക്ഷെ, രണ്ടുവര്‍ഷത്തോളം അതിനുവേണ്ടി ശ്രമിച്ചെങ്കിലും ആ കാലത്ത് ആ സിനിമയുടെ ആശയത്തോട് അടുത്തുനില്‍ക്കുന്ന മറ്റൊരു സിനിമ പുറത്തുവന്നതുകൊണ്ട് ആ സ്‌ക്രിപ്റ്റ് തല്‍ക്കാലം വേണ്ടെന്നുവെക്കുകയായിരുന്നു. അപ്പോഴാണ് ഇടുക്കി ഗോള്‍ഡിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അതിന്റെ അവസാന ദിവസങ്ങളില്‍ ഞാനും ശ്യാമുമായി ഇരിക്കുമ്പോള്‍ സ്വന്തം സിനിമയെന്ന സ്വപ്നത്തെ കുറിച്ച് ഞങ്ങള്‍ പറഞ്ഞുതുടങ്ങി. എന്തെങ്കിലും ചെറിയൊരു വര്‍ക്ക് ചെയ്ത്, സ്വന്തമായുള്ള വര്‍ക്കിന്റെ സ്വഭാവം ഒന്ന് അറിയുന്നത് നന്നാവുമെന്ന് അവനോട് പറഞ്ഞു. അങ്ങനെയാണ് ഒരു ഫൈറ്റ് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അപ്പോള്‍ ശ്യാം അദ്ദേഹത്തിന്റെ അച്ഛന്റെ കൂട്ടുകാരനായ തമ്പാന്‍ പുരുഷന്റെ പ്രതിജ്ഞയുടെ കാര്യം എന്നോട് പറഞ്ഞു. രണ്ട് ഫൈറ്റൊക്കെയുള്ള, കാമ്പുള്ളൊരു ആശയം. അത് ഷൂട്ട് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു ദിവസം വൈകുന്നേരം ഏഴ് മണിക്കാണ് റൂമിലിരുന്ന് ഞങ്ങള്‍ ആ കഥയെ പറ്റി സംസാരിച്ചത്. പുലര്‍ച്ചെ നാലുമണിക്ക് ഉറങ്ങുമ്പോള്‍ ഞങ്ങളുടെ കൈയ്യില്‍ അതൊരു സിനിമ പോലെ മൂര്‍ത്തമായി കഴിഞ്ഞിരുന്നു. അതൊരു സിനിമയാക്കാമെന്ന തീരുമാനവും അപ്പോഴേക്കും ഞങ്ങള്‍ കൈക്കൊണ്ടുകഴിഞ്ഞിരുന്നു. മഹേഷിന്റെ പ്രതികാരം അങ്ങിനെയാണ് ഉണ്ടാവുന്നത്.

ചോദ്യം : മഹേഷിന്റെ പ്രതികാരത്തിന് മികച്ച മലയാളം ഫീച്ചര്‍ ഫിലിം, മികച്ച തിരക്കഥ എന്നീ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചല്ലൊ. കുറെ കാലത്തെ കാത്തിരിപ്പ് സാര്‍ത്ഥകമായെന്ന് തോന്നിയോ?

ഉത്തരം : സത്യത്തില്‍ ഞാന്‍ ഒരു പുരസ്‌കാരവും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ റിലീസാകുന്നതിന് തലേ ദിവസം എന്റെ കൂടെ സുഹൃത്ത് റോയിയും ഹോട്ടല്‍ മുറിയിലിലുണ്ടായിരുന്നു. ഞാനവനോട് പറഞ്ഞത് മറ്റൊരു ആകുലതയാണ്. ഞാന്‍ സിനിമയില്‍ പരാജയപ്പെട്ടാല്‍ കുറുപ്പന്തറ നിന്ന് മറ്റേതെങ്കിലും ഒരാള്‍ സിനിമയിലേക്ക് വരാന്‍ ശ്രമിച്ചാല്‍ ദിലീഷിനെ പോലെ പാഴാവാന്‍ പോകുന്നു എന്ന് പറയുമല്ലോടാ.. എന്നതായിരുന്നു എന്റെ ആകുലത. അങ്ങനെ പറയിപ്പിക്കരുത് എന്നുള്ളതുകൊണ്ട് എനിക്ക് ജയിക്കണമായിരുന്നു. മറ്റൊന്നും ഞാന്‍ അപ്പോള്‍ ചിന്തിച്ചിരുന്നില്ല എന്നതാണ് വസ്തുത. അമ്പത് ദിവസം ഓടുന്ന ഒരു ശരാശരി സിനിമ എന്നതിനപ്പുറം ആഗ്രഹിച്ചിരുന്നേയില്ല. പക്ഷെ, ആ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ദേശീയ പുരസ്‌കാരങ്ങള്‍ നല്‍കിയ ഉത്തരവാദിത്തത്തേക്കാള്‍ വലുതായിരുന്നു പ്രേക്ഷകരുടെ താല്‍പ്പര്യവും നിരീക്ഷണങ്ങളും. അവര്‍ ഞങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേക്കും എത്തുന്നത്.

ചോദ്യം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും മലയാള സിനിമയില്‍ പുതിയൊരു സിനിമാ സംവാദത്തിന് തിരികൊളുത്തിയിരിക്കുകയാണല്ലൊ. താങ്കള്‍ പറയാതെ പറയുന്ന രാഷ്ട്രീയം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് എല്ലാ സിനിമാനിരൂപകരും പറയുന്നു. നവസിനിമയുടെ ഈ പെരുക്കം നിറക്കൂട്ടുകളാല്‍ പൊലിപ്പിച്ച അഭ്രപാളികളല്ല മുന്നോട്ടുവെക്കുന്നത്. ജീവിതത്തിന്റെ കറുത്ത യാഥാര്‍ത്ഥ്യങ്ങളും ജീവിത പരിസരങ്ങളുമാണ് അവിടെ തെളിഞ്ഞുകാണുന്നത്. മേക്കപ്പില്ലാത്ത പച്ച മുഖങ്ങളാണ് കഥ പറയുന്നത്. കൂടുതല്‍ മെനക്കേടുള്ളതും നിരീക്ഷണം ആവശ്യപ്പെടുന്നതുമായ സിനിമാ പരിസരമാണ് അത്. അങ്ങനെയല്ലേ?

ഉത്തരം : അതെ. ലാവിഷായ ജീവിത പരിസരവും യാഥാര്‍ത്ഥ്യം മുറ്റിനില്‍ക്കുന്ന ജീവിത പരിസരവും സിനിമയില്‍ ഉണ്ടാവാറുണ്ട്. ദൃക്‌സാക്ഷിയില്‍ ഒരു കേസിനെ ഫോളോ ചെയ്യാനാണ് ശ്രമിക്കുന്നത്. അതില്‍ ഉണ്ടാവുന്ന പല തലങ്ങളിലുള്ള ജീവിത മുഹൂര്‍ത്തങ്ങള്‍ പറയുന്നത് രാഷ്ട്രീയമാണെന്ന് വിലയിരുത്തുന്ന നിരീക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് കരുതിക്കൂട്ടിയുള്ള രാഷ്ട്രീയം പറച്ചിലല്ല. ഓരോരുത്തരുടെ ജീവിതത്തിലും വന്നുചേരുന്ന നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ്. നമ്മള്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ വിശപ്പിന്റെയും പാലായനത്തിന്റെയുമൊക്കെ രാഷ്ട്രീയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണ് നമുക്ക് മുന്നിലുള്ളത്. അത് മനസിലാക്കാനുള്ള ബാധ്യത സിനിമാ മേഖലയിലുള്ളവര്‍ക്കുമുണ്ട്. അത്തരം തിരിച്ചറിവുകളില്‍ നിന്നാണ് സിനിമയിലേക്ക് രാഷ്ട്രീയം സന്നിവേശിക്കപ്പെടുന്നത്. തൊണ്ടിമുതലിലും ദൃക്‌സാക്ഷിയിലും അതാണ് സംഭവിക്കുന്നത്.

ചോദ്യം : ദിലീഷ് പോത്തനെ പോലുള്ള കലാകാരന്‍മാര്‍ക്ക്, ബാബാ റാം റഹീമിന് നന്ദി പ്രകാശിപ്പിച്ച് ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രിയുടെ നാട്ടില്‍, ഓക്‌സിജന്‍ നിഷേധിക്കപ്പെട്ട് പിഞ്ചുകുട്ടികള്‍ പിടഞ്ഞുമരിക്കുന്ന ഈ നാട്ടില്‍, കൃഷിക്കാര്‍ നിരന്തരം ആത്മഹത്യ ചെയ്യുന്ന ഈ നാട്ടില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാവുന്നില്ലേ? സമൂഹത്തിലെ അരികുവല്‍ക്കരിക്കുന്നവരുടെ ശബ്ദം ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ട്. നാളെ ഒരു കാരവന്റെ ശീതളിമയിലേക്ക് നിങ്ങള്‍ നിങ്ങളുടെ കാഴ്ചകളെ കൊട്ടിയടക്കുമോ ?

ഉത്തരം : ഒരിക്കലുമില്ല. ദിലീഷ് പോത്തനെന്ന എച്ച് ഡി എഫ് സി ബാങ്ക് മാനേജരെയല്ല താങ്കള്‍ തേടിയെത്തിയത്. സിനിമാ സംവിധായകനെയാണ്. ഇവിടെ വന്നപ്പോള്‍ നമ്മളേറെ സംസാരിച്ചത് സിനിമയെ കുറിച്ചാണ്. പല നാടുകളില്‍ പിറവിയെടുക്കുന്ന സിനിമകളെ കുറിച്ച്. അവയിലൂടെ പറയുന്ന കാര്യങ്ങളെ കുറിച്ച്. അത്തരത്തില്‍ നമുക്ക് പറയാനുണ്ടാവുന്ന ഒരു സാമൂഹ്യ പരിസരമെന്നത് ഒരു കാരവന്റെ ശീതളിമയിലേക്ക് നൂണ്ടുകയറി കണ്ണടക്കാനുള്ളതല്ല.

ഇന്ന് നമ്മുടെ രാജ്യം കലാകാരന്‍മാരെയും സാംസ്‌കാരിക മേഖലയെ ആകെയും കൂടുതല്‍ ജാഗ്രത്തരാക്കുന്നുണ്ട്. ലോകം ഒറ്റ കൈക്കുമ്പിളിലെന്നുള്ള കാഴ്ചപ്പാട് കുറെയേറെ സാധ്യതകള്‍ നമുക്ക് പകര്‍ന്നുനല്‍കുന്നുണ്ടാവാം. പക്ഷെ, ആ ലോകത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. സമ്പന്നര്‍ അതി സമ്പന്നരാവുകയും ദരിദ്രര്‍ പാപ്പരീകരിക്കപ്പെടുകയും ചെയ്യുന്ന വ്യവസ്ഥ. അത് നടപ്പിലാക്കപ്പെടുന്ന ഒരു സമൂഹമെന്നത് ഉത്തരവാദിത്തമുള്ളൊരു കലാകാരന് മിണ്ടാതിരിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഒരുക്കുന്നത്. എന്റെ കുറുപ്പന്തറ എന്നുമെനിക്കവിടെ വേണം. എന്റെ വീട്ടില്‍ നിന്നും ഒരു ലുങ്കിയെടുത്തുടുത്ത് എനിക്കവിടെയുള്ള കടയിലിരുന്ന് ചായ കുടിക്കണം. എന്റെ കൂട്ടുകാരോടൊപ്പം നടക്കണം. കുട്ടികളോട് വര്‍ത്തമാനം പറയണം. പറ്റുമെങ്കിലൊന്ന് പള്ളിയില്‍ പോണം. ഓരോരുത്തര്‍ക്കും ഓരോരോ കുറുപ്പന്തറയുണ്ടാവും. അവിടെ നിന്നും കാരവനിലേക്ക് താമസം മാറുമ്പോഴാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നത്. എനിക്കാ കാരവന്‍ വേണ്ട.

28-Aug-2017

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More