തുടര്‍ച്ച

നവീന്‍ എന്ന പേര് കൃത്യമായ ഇടവേളകളില്‍ എന്റെ ജീവിതത്തിലേക്കിടപ്പെടുകയും വേലിയേറ്റങ്ങളുണ്ടാക്കുകയും അനന്തരം വേലിയിറക്കങ്ങളില്‍പ്പെട്ട് മാഞ്ഞുപോവുകയും ചെയ്യുന്ന ഒരു പ്രതിഭാസമായിരുന്നു.
അവനയച്ച കല്യാണക്കുറിയില്‍ കണ്ണുംനട്ടു ഞാന്‍ എന്റെ വികാരവിചാരങ്ങളില്‍പ്പെട്ടുഴലുകയായിരുന്നു. 'ആയിഷാ നീ എന്റെ കല്യാണത്തിനുവരണം' അക്ഷരം കൂട്ടിയെഴുതാന്‍ പഠിച്ചുവരുന്ന കുട്ടിയുടേതുപോലെങ്കിലും അഴകുറ്റതായിരുന്നു ആ വരികള്‍.!

'നവീന്‍ അഴകൊടിമാരിയപ്പന്‍' ഇനി മലയാളം പഠിച്ചിരിക്കുന്നുവെന്നാവുമൊ ?!

കല്യാണത്തിന് പോകേണമോ വേണ്ടയോ എന്ന രണ്ടാമതൊരു ചിന്തയ്ക്കു വഴിയില്ല; എനിക്ക് പോയേ പറ്റൂ.. ഞാന്‍ മുറിക്കുള്ളില്‍ വീറോടെ നടന്നു, നിന്നു, കിതച്ചു.

പുറത്തു നിലാവ് പൊഴിയുന്നുണ്ട് നസീംക്ക ഇല്ലാത്തത് നന്നായി. അവന്റെ കല്യാണക്കുറി ഉണ്ടാക്കിയിരിക്കുന്ന അലോസരങ്ങള്‍ പഴയതുപോലെ ജനലിലൂടെ വെള്ളിനിലാവിനോടുതന്നെ സംസാരിച്ചു തീര്‍ക്കട്ടെ ഞാന്‍. പുറത്ത് ഗതികിട്ടാതെ അലയുന്ന ആത്മാക്കള്‍ക്ക് കൂട്ടിനൊരു അകമ്പടി എന്നപോലെ ഇരുട്ടുവളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് തലതല്ലികരയുന്ന ചീവീടുകൂട്ടം എന്റെ ലോകം ശബ്ധരഹിതമല്ല, നിശ്ചലമായിക്കൂട എന്ന് വിളിച്ചോതി.

ഞാനാണേല്‍ റൂമിനുള്ളില്‍ കാലങ്ങള്‍ക്കപ്പുറത്തേക്ക് കുട്ടിയായും കൗമാരക്കരിയായും കൂട്ടുകാരിയായും പ്രണയിനിയായും ആടിതിമിര്‍ത്ത ഭൂതകാലങ്ങള്‍ക്കിടയിലേക്ക് പതിവില്ലാത്തതരം ആവേശത്തോടെ കടന്നുകയറാനും അടുക്കും ചിട്ടയും ഏതുമില്ലാത്ത എന്റെ ഓര്‍മ്മകളെ സ്‌ക്രീനില്‍, സിനിമയിലെ ഓരോ രംഗങ്ങളെന്നപോലെ ഹൃദയം വീണ്ടും കണ്ടെടുക്കുവാനും ആഗ്രഹിച്ചു. ഇന്നീരാത്രി എനിക്കുറങ്ങാതിരിക്കണം, ജനലിന്നഭിമുഖമായുള്ള ചാരുകസേരയിലേക്ക് വീഴുകയായിരുന്നു ഞാന്‍.

നാടുവിട്ട് ഓടിേപ്പായി തമിഴ് യുവതിയെ പ്രണയിച്ചു കല്യാണം കഴിച്ച ചിത്തപ്പ കാലങ്ങള്‍ക്ക് ശേഷം നാടുമായി ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിച്ച അന്നാണ് ഞാന്‍ നവീനെ ആദ്യമായി കാണുന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍. ചിത്തപ്പയുടെ കയ്യും പിടിച്ച് മുഖത്ത് നിറയെ പരിഭ്രമത്തിന്റെ കരിയും വാരിതേച്ചാണ് മൊട്ടയടിച്ച്, മെല്ലിച്ച ഒരുകുഞ്ഞിയരൂപം ട്രൗസറില്‍ പ്രത്യക്ഷപെട്ടത്. വാപ്പച്ചിയുടെ മുന്നില്‍ കുറ്റം ചെയ്തപോലെ നില്‍ക്കുന്ന ചിത്തപ്പ, ആകെയുള്ള ബലമെന്നപോലെ അവന്റെ കൈയ്യില്‍ ഇറുകെ പിടിച്ചിരുന്നു. ഒന്നുമില്ലായ്മ എന്ന അവസ്ഥയെക്കാളും വെറുപ്പില്‍നിന്നുമാണ് സ്‌നേഹത്തിലേക്കുളള ദൂരം കുറവെന്ന് മനസ്സിലായത് അന്നാണ്. എന്തിന്റെയെങ്കിലും പേരില്‍ ഹൃദയത്തില്‍ പ്രവേശിക്കാന്‍ കഴിയുക എന്നതാണ് ഏതൊരുബന്ധത്തിന്റെയും അടിസ്ഥാനം എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്റെ സമ്മതമില്ലാതെ എന്റെ സൈക്കിളില്‍ യഥേഷ്ടം സവാരി നടത്തുന്ന അവനെ, വന്ന നാള്‍മുതല്‍ ഒരാഴ്ച കാലം എന്റെ മുറിയും കിടക്കയും കയ്യേറാന്‍ ഉമ്മച്ചി അനുവദിച്ചുമുതല്‍ ഞാന്‍ വെറുത്തു. പിന്നീടെന്നാണ് ഞങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ വിത്തുപൊട്ടിമുളച്ചത്? കൃത്യമായി ഓര്‍മ്മയില്ല.

ഹൃദയവിശാലതയ്ക്ക് പേരുകേട്ട വാപ്പച്ചി തല്‍ക്കാലത്തേക്ക് കൊടുത്ത മാപ്പ് അനുയോജ്യമായി വിനിയോഗിക്കുക എന്നപേരില്‍ തറവാട്ടിലോ മാപ്പ് കൊടുക്കാത്ത വല്യുപ്പയുടെയോ എളാപ്പമാരുടെയോ അടുത്തേക്ക് പോവാതെ ചിത്തപ്പ എല്ലാ കൊല്ലവും കുറച്ചുദിവസം ഞങ്ങളുടെ കൂടെ നില്‍ക്കാനായി മുടങ്ങാതെ വരുമായിരുന്നു. അപ്പോഴെല്ലാം നവീന്‍ കൂടെയുണ്ടാവുമായിരുന്നു. ചിലപ്പോള്‍ സുുന്ദരി ചിത്തിയുടെ കൂടെയും.
ആദ്യത്തെ കൊല്ലങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു പിന്നീടോരോ കൊല്ലവും, കാഴ്ചയിലുള്ള വ്യതിയാനങ്ങളുടെ കൂടെ, കളിക്കാന്‍ ഭാഷ വേണ്ടാത്തിടത്തുനിന്ന പരസ്പരം സംസാരിക്കാന്‍ ഒരുപാട് ഞങ്ങള്‍ ആഗ്രഹിച്ചു. തിരമാലകളുടെതുപോലെയായിരുന്നു അന്ന് ഞങ്ങളുടെ ഭാഷ. ലിപിയും സ്ഫുടതനിറഞ്ഞ ഉച്ചാരണങ്ങളും ഇല്ലാതെ പദങ്ങള്‍ താളത്തോടെ അതിലയത്തോടെ കാറ്റില്‍ ഇളകിമറിഞ്ഞു. ഉടല്‍ മുഴുവന്‍ സംവദിക്കാന്‍ തയ്യാറായി, അങ്ങിനെ കൂടുതല്‍ ആംഗ്യങ്ങളും ശരീരഭാഷകളുമായി ഞങ്ങള്‍ പതിയെ വെറുപ്പിന്റെ ഉടുപ്പുകള്‍ ഊരുകയും സ്‌നേഹത്തിന്റെ വലിയ കൊട്ടാരങ്ങള്‍ പണിയുകയും ചെയ്യുകയായിരുന്നു.
സ്‌കൂള്‍ കാലങ്ങള്‍ എത്രവേഗമാണ് ഞങ്ങളെ വിട്ട് ഓടിമറഞ്ഞിരുന്നത്, ചില ചെറിയ വല്യമാറ്റങ്ങള്‍ പരസ്പരം കണ്ടില്ലെന്നുനടിപ്പിച്ച് അത് ഓരോ കൊല്ലങ്ങളിലും; അവന്റെ മൊട്ടത്തലയില്‍ നീളന്‍ കോലന്‍ മുടികിളിര്‍പ്പിക്കുകയും, സോഡാഗ്ലാസ്സുപോലുള്ള കട്ടിയുള്ള ഗ്ലാസ്സുകൊണ്ട് കണ്ണുകള്‍ മറപ്പിക്കുകയും, അവന്റെ കവിളെല്ലുകള്‍ കൂടുതല്‍ ഉന്തിതള്ളിപ്പിക്കുകയും ചെയ്തപ്പോള്‍; എന്റെ മുടി നീളം വെച്ചതും എന്റെ ഉടുപ്പിന് മുകളിലൂടെ കണ്ടെത്താവുന്ന പുതുതായിരൂപപ്പെടുന്ന അവയവങ്ങളെ അവനില്‍ നിന്നും മറ്റുപലരില്‍നിന്നും ഒളിപ്പിച്ചുനടക്കാന്‍ ശ്രമിച്ചതും എന്നും അവന്‍ വരുമ്പോള്‍ കളിച്ചിരുന്നപോലെ പുഴയിലേക്ക് ചാടികളിക്കാന്‍ ഋതുമതിയായ എനിക്ക് പരിമിതികള്‍ ഉണ്ടായതും എന്നെ പിറകിലേക്ക് വലിച്ചു. മാറ്റങ്ങള്‍ പെണ്ണായതുകൊണ്ട് മാത്രം കൂടുതലും എനിക്കായിരുന്നു. അവയൊക്കെ ആദ്യമറിഞ്ഞതും ഞാനായിരുന്നു. അപ്പോഴൊക്കെ അവന്‍ എന്നെ കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ 'ആയിഷാ..ആയിഷാ' എന്ന് വിളിച്ച് പുറകെ നടന്നു.

ഓര്‍മ്മകളുടെ തകരപെട്ടി തുറക്കുമ്പോഴൊക്കെയും അനുഭവപ്പെടുന്ന ആ തളര്‍ച്ചയും ക്ഷീണവും പതിവുപോലെ അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇരുന്നിടത്ത് നിന്ന് എഴുനേറ്റു. ജഗ്ഗിലെ വെള്ളം മൊത്തമായി വായിലേക്ക് കമിഴ്ത്തി. ഇത്തിരി നേരം കിടക്കാന്‍ തീരുമാനിച്ചു. പക്ഷെ, എത്രകിടന്നിട്ടും ഓര്‍മ്മകളില്‍ ശരീരം തളര്‍ന്നിട്ടും മനസ്സ് ഉണര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരു യാത്ര അനിവാര്യമാണ്. അഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷം നവീന്റെ കത്ത് എന്നെ തേടിവന്നിരിക്കുന്നു. കല്യാണം കഴിഞ്ഞ് അവന്‍ ഫ്രാന്‍സിലേക്ക് തിരിച്ചു പോവുന്നതിന് മുന്‍പ്, ഞാന്‍ അവനിലേക്ക് ഒരു യാത്ര ഉദ്ദേശിക്കുന്നു.

ബെഡിനടുത്ത് അഴിച്ചുവെച്ച വാച്ചെടുത്ത് സമയം നോക്കി. അഞ്ചുമണി. നസീമിക്ക ഉറങ്ങുകയാവുമോ? മൊബൈല്‍ എടുത്തു വിളിച്ചു. അഞ്ചാറുറിങ്ങിന് ശേഷം അങ്ങേത്തലക്കല്‍ ശബ്ദംകേട്ടു.
'ഹലോ..എന്താ അമല്‍, ഈ വെളുപ്പാന്‍ കാലത്ത്?'
'നസീംക്ക എനിക്ക് പോണ്ടി പോണം; ഒറ്റയ്ക്ക്, നാളെ തന്നെ'. 'നവീന്റെ മാര്യേജിന് ഇനിയും നാലഞ്ചുദിവസങ്ങളുണ്ടല്ലോ?' നസീംക്ക ഉറക്കത്തിനിടയിലാവും.
'കല്യാണത്തിനല്ല, എനിക്കൊരു യാത്ര അത്യാവശ്യമാണ്. കല്യാണത്തിന്റെയന്നുവേണ്ട, നാളെ ട്രെയിനിന് കോയമ്പത്തൂര്‍. അവിടെ നിന്ന് പോണ്ടിചേരി. ബൈ ബസ്'
'എങ്കില്‍ പോയിവാ., ഞാന്‍ നാളെയെത്തും. വിശേഷങ്ങള്‍ നീ വന്നിട്ട് പറയു... സീയു സൂണ്‍ അമല്‍'

ബാഗില്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ തള്ളികയറ്റി കുളിച്ചു ഡ്രസ്സ് മാറി ഞാന്‍ നേരം പുലരാന്‍ കാത്തിരുന്നു.
യാത്ര തുടങ്ങിയിരിക്കുന്നു. ഞാന്‍ അവനിലെക്കോ, അവന്‍ എന്നിലേക്കോ എന്ന് തീര്‍ച്ചയില്ലാത്ത തുടക്കമോ അവസാനമോ എന്നുറപ്പില്ലാത്ത അനിശ്ചിതത്വത്തിന്റെ ഒരു കാരണവും തേടേണ്ടതില്ലാത്ത യാത്ര ഓര്‍മ്മകളിലൂടെ വെറുതെ ഒരു യാത്ര!

ആഗ്രഹിച്ചത് പോലെ ട്രെയിനില്‍ ജനലിനടുത്തുള്ള സീറ്റ്തന്നെയാണ് കിട്ടിയത്, തൊട്ടപ്പുറത്തിരിക്കുന്ന ഇരട്ടകുട്ടികളുമായി യാത്രചെയ്യുന്ന ദമ്പതിമാരുടെയും മുന്നിലിരുന്ന് വലതുകാല്‍ സീറ്റിലേക്ക് കയറ്റിവെച്ച് അതിന്‍മേല്‍ വലതുകൈനീട്ടിവെച്ച് മൊട്ടത്തല ഉഴിഞ്ഞുഴിഞ്ഞു ഉറക്കെ ചിന്തിക്കുന്നവന്റെ ജീവനില്ലാത്ത നോട്ടങ്ങളെയും കണ്ടില്ലെന്നു നടിക്കാം. പിറകിലേക്ക് ഓടിമറയുന്ന കാഴ്ചകളില്‍ കാറ്റിനുള്ളില്‍ മുഖംപൂഴ്ത്താം. എനിക്കായി ഒരു പുതുലോകം ഉണ്ടാക്കാം. അല്ലെങ്കിലും ഏതൊരു തിരക്കുള്ള ലോകത്തിനുള്ളിലും എനിക്കുവേണ്ടി ആളൊഴിഞ്ഞ സുന്ദര സുരഭില ലോകമുണ്ടാക്കാന്‍ കഴിവുള്ളവളാണല്ലോ ഞാന്‍.

പെട്ടെന്നെവിടെനിന്നോ ഓര്‍മ്മയിലേക്ക് നവീന്‍ ഓടിവന്നു. അവന്റെ ചുണ്ട് എന്റെ ചെവിയോട് ചേര്‍ത്തുവെച്ച് എന്നോട് മന്ത്രിച്ചു. പഴയതുപോലെ. 'അമല്‍ ആയിഷാ...,മൈലൈഫ്...മൈഹോപ്'. അത് പറയുമ്പൊഴൊക്കൊയും അവന്‍ കണ്ണുകള്‍ അടക്കുകയും തലയോരല്‍പ്പം ഉയര്‍ത്തുകയും സ്വന്തം നെഞ്ചില്‍ കൈചേര്‍ത്ത് വെക്കുകയും ചെയ്യും. അവനായിരുന്നു എന്നെ ആയിഷാ എന്ന് നീട്ടിവിളിച്ചിരുന്ന ഒരേയൊരാള്‍. എന്റെ പേര് അമല്‍ എന്നാണെന്ന് കുട്ടികാലത്ത് ഒരുനൂറുതവണ പറഞ്ഞു ദേഷ്യപെട്ടിട്ടുണ്ട്. ്ആയിഷാ എന്നത് വല്ല്യുമ്മയുടെ പേരാണെന്നും സ്‌നേഹനിധിയായ അമ്മായിയമ്മയുടെ ഓര്‍മ്മയില്‍ ഉമ്മച്ചി നിര്‍്ബന്ധിച്ചിട്ട പേരാണെന്നും എത്രയോ പ്രാവശ്യം പറഞ്ഞു. പക്ഷെ, അതൊന്നും അവന് മനസ്സിലായിരിക്കാന്‍ വഴിയില്ലായിരുന്നു. മനസ്സുകള്‍ക്കൊണ്ടും ശരീരം കൊണ്ടും സംവദിക്കുന്നതിനുമപ്പുറം പരസ്പരം തിരിച്ചറിയാനാവുന്ന ഭാഷ കൊണ്ട് മാത്രം പൂരിപ്പിക്കേണ്ട ഇടങ്ങള്‍ ഉണ്ടെന്നും എനിക്ക് അക്കാലത്ത് തന്നെ മനസ്സിലായിട്ടുണ്ട്. കൂട്ടുകാരിയില്‍ നിന്നും പ്രണയിനിയിലെക്കുള്ള ദൂരം വളരെകുറവാണെന്ന് തോന്നിയത് പ്രീഡിഗ്രി കഴിഞ്ഞ് രണ്ടുമാസത്തെ ജിപ്മര്‍ എന്‍ട്രന്‍സ് ക്രാഷ്് കോഴ്‌സിനായി പോണ്ടിച്ചെരിയില്‍ ചെന്നപ്പോഴാണ്. ചിത്തപ്പയുടെ കൂടെ താമസിച്ച് അവിടെതന്നെ എക്‌സാം എഴുതാനായിരുന്നു തീരുമാനം.

ഇപ്പോഴും ഓര്‍മ്മയുണ്ട്. വാപ്പച്ചിയുടെ കയ്യും പിടിച്ച് ഞാന്‍ പോണ്ടിച്ചേരിയില്‍ വന്നിറങ്ങിയത്. പണ്ട് നവീന്‍ നാട്ടിലേക്ക് വന്ന പോലെ. ഇറങ്ങിയതും കൈയ്യിലുള്ള അഡ്രസുവെച്ച് ചിത്തപ്പയുടെ വീട ്കണ്ടുപിടിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ വാപ്പച്ചി ഞെട്ടിയത് ഞാന്‍ കണ്ടതാണ്. രാവിലെ സൈക്കിളില്‍ പാലുവില്‍ക്കുന്ന അണ്ണാച്ചിയാണ് അവസാനം വാപ്പച്ചിയോട് ആ വിവരം പങ്കുവെച്ചത്. 'ആമയ്യാ ഇതുതാന്‍ സണ്‍ഫഌവര്‍ സ്ട്രീറ്റ്, ഇങ്കെ അസീസ് ആരെയും തെരിയാത്. ആനാ ഇങ്കെ ആരോ ഒരു കുമാര്‍ ഹോട്ടല്‍ നടത്തിട്ടിരുക്ക്. കേരലാവുന്ദുവന്തതാകേള്‍വിപെട്ടേന്‍... അതോ അന്ത വലവ്തിരുമ്പി വലതുരണ്ടാമത് അവരുടെ വീട്. പോയി പാറുങ്കയ്യാ'

അസീസ് എന്ന അനിയന്‍, കുമാര്‍ ആയ ഞെട്ടലും വീടിനുള്ളിലെ മുരുഗനും പളനിയും നിറഞ്ഞ വലിയ പൂജാമുറിയും ഒക്കെയുണ്ടാക്കിയ അലോസരം വാപ്പച്ചിയുടെ മുഖത്ത് നിന്നെനിക്ക് വായിച്ചെടുക്കാമായിരുന്നു.
ചിത്തപ്പയോ ഈ നുണക്കയ്ക്ക് നേരിന്റെ വാലിസമുണ്ടെന്ന ഭാവത്തില്‍ ഭാവത്തില്‍ നെഞ്ചുവിരിച്ചുനിന്നു. ചൂടുള്ള രക്തബന്ധത്തിന്റെ നിറവില്‍ വാപ്പച്ചി എന്നെ അവരെതന്നെ ഏല്‍പ്പിച്ച് തിരിച്ചുപോന്നു. സ്‌നേഹത്തിന്റെ നിറകുടമായ വലിയ വട്ടമൂക്കുത്തിയും തലയില്‍ നിറയെ മുല്ലപൂക്കളും ചൂടിയ ചിത്തിയും പക്കത്തുവീട്ടിലെ ചിത്തിയുടെ അക്കയുടെ മക്കളായ നവീനും അവന്റെ പെങ്ങള്‍ ലക്ഷ്മിയും ആയിരുന്നു എനിക്ക് കൂട്ട്.

അവിടുന്നങ്ങോട്ടുള്ള രണ്ടുമാസക്കാലം ആയിരുന്നു പറയാതെ പറഞ്ഞ കാര്യങ്ങളുമായി അണിയാന്‍ ഒരു പുതുമാല ഞങ്ങള്‍ കൊരുത്തുണ്ടാക്കിയത്. നിലത്തു വിരിച്ച ബെഡിന്റെ അത്രേം മാത്രം വലുപ്പമുള്ള കൊച്ചുറൂമില്‍ ലക്ഷ്മിയുടെ കൂടെയായിരുന്നു എന്റെ ഉറക്കം. രാവിലെ വാതിലിനു മുന്നില്‍ കട്ടിലപടിയില്‍ ഇരുന്നു ഒരു കൈ വാതിലില്‍ പിടിച്ചാടി മറുകൈയിലുള്ള വാഴയിലയില്‍ പൊതിഞ്ഞ മുല്ലപ്പൂ നെഞ്ചോടുചേര്‍ത്ത് വളഞ്ഞുകൊണ്ട് അവന്‍ സ്വകാര്യം പോലെ വിളിക്കും 'ആയിഷാ...ഏന്തിട്' എഴുന്നേറ്റ ഉടനെ ബെഡില്‍ ഇരുന്നുതന്നെ മുല്ലപ്പൂ തലയില്‍ ചൂടണം. ചിലപ്പോള്‍ അവന്റെ കറുത്തിരുണ്ട കയ്യിലിരിക്കുന്ന ചിരിക്കുന്ന വെളുത്ത പൂക്കള്‍ എന്റെ കരളലിയിക്കാറുണ്ട്. എണീറ്റയുടനെ നേരെ അടുക്കളയിലേക്ക്. ഇരുണ്ട അടുക്കളയുടെ നിലത്ത് ചമ്രംപടിഞ്ഞിരുന്ന് അടുപ്പില്‍ പാലുമാത്രമൊഴിച്ചുണ്ടാക്കുന്ന ഫില്‍റ്റര്‍ കോഫി സ്റ്റീല്‍ഗ്ലാസില്‍, നമ്മളും നിലത്തിരുന്നു ചായ ഊതിയൂതികുടിക്കണം. അതിനിടയില്‍ അവര്‍ സംസാരിക്കുന്നതൊന്നും പിടികിട്ടാതെ പലപ്പോഴും ഞാന്‍ വെറുതെ ചിരിക്കും. പിന്നെ, നടന്ന് തൊട്ടപ്പുറത്തെ മുരുഗന്‍ കോവിലിലേക്ക് തൊഴാന്‍ പോവും. നവീനാണ് എന്റെ പരിഭാഷകന്‍. അറിയാവുന്ന ഇംഗ്ലീഷില്‍ എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞുതരുന്നവന്‍. അതുകൊണ്ടോ എന്തോ ബൈക്കില്‍ കോച്ചിംഗ് സെന്ററില്‍ കൊണ്ട് വിടുന്നതും തിരിച്ചെടുക്കുന്നതും പോണ്ടിച്ചേരി ചുറ്റികറങ്ങി കാണിക്കുന്നതുമൊക്കെ അവന്റെ ഉത്തരവാദിത്തമായി. അന്നാദ്യമായി അവന്റെ തോളില്‍ എന്റെ ശരീരഭാരം മുഴുവന്‍ ഏല്‍്പ്പിച്ചു അവനെതൊട്ട് ബൈക്കില്‍ കയറിയപ്പോള്‍ എന്റെ ശരീരത്തില്‍ നിന്നുണ്ടായ മാന്ത്രികവലയങ്ങള്‍. മറക്കുവാന്‍ സാധിക്കാത്ത നിമിഷങ്ങള്‍.

നിരന്നുനീങ്ങിയ പാസ്സെഞ്ചര്‍ ട്രെയിന്‍ കോയമ്പത്തൂര്‍ എത്തിയിരുന്നു. സ്‌റ്റേഷനിലൂടെ നടന്നു. അണ്ടര്‍ഗ്രൗണ്ടിലൂടെയുള്ള പാസേജിലൂടെ കൊയമ്പത്തൂരിന്റെ ടൗണിലേക്ക് കയറിയപ്പോള്‍ തമിഴ്‌നാടിന്റെ തനതായ വരണ്ട കാറ്റ് എന്റെ മുടിയിലൂടെ തോലിപ്പുറത്ത് കൂടെ നിരന്നുനീങ്ങി. ബസ്സില്‍ ടിക്കറ്റ് എടുത്തിരുന്നതും ആദ്യം ചെയ്തത്, നവീന്റെ കത്തിലെ മൊബൈല്‍ നമ്പറിലേക്ക് മെസ്സേജ് അയക്കുകയായിരുന്നു. 'അയാം കമിംഗ്' എന്ന് ബസ്‌നമ്പര്‍ കൊടുത്തുസമയവും അവന്‍ വരുമായിരിക്കുമോ, അവന്‍ തിരിച്ചുവിളിക്കുമായിരിക്കുമോ... ചിന്തകള്‍ ഉച്ചത്തിലായിരുന്നു. നീണ്ട കാലത്തിനുശേഷം ഫോണിലൂടെയുള്ള ആദ്യ ഏറ്റുമുട്ടല്‍ ഞാന്‍ ആഗ്രഹിച്ചതേയില്ലായിരുന്നു. വേണമെങ്കില്‍ എനിക്കത് നേരത്തെ ആവാമായിരുന്നു. പല പ്രാവശ്യം ആഗ്രഹിച്ചതും ആണ്. എന്തോ അവന്‍ വിളിച്ചില്ല. ഇനി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവനെ കാണാന്‍ പോവുന്നുവെന്ന അറിവ് തന്നെ എന്നെയാകെ അങ്കലാപ്പിലാക്കുന്നുണ്ടായിരുന്നു.

എന്തിനായിരുന്നു ഇങ്ങിനെ ജീവിതത്തിന്റെ നടുഭാഗത്തുനിന്നും ഞാനൊരു യാത്രക്ക് തുടക്കമിട്ടതെന്ന് ഇപ്പോഴും അറിയുന്നില്ല. അഥവാ യാഥാര്‍ത്യങ്ങളില്‍ നിന്ന് സ്വപ്നങ്ങളിലേക്കൊരുയാത്ര!
പ്രണയം അതിന്റെ ഏറ്റവും വശ്യമായ ചുണ്ടുകള്‍ ഞങ്ങളോടടുപ്പിച്ച ദിനങ്ങളായിരുന്നു ആ രണ്ടുമാസങ്ങള്‍. പ്രണയാര്‍ദ്ര ദിനങ്ങള്‍. അവ ഞങ്ങളുടെ ഹൃദയങ്ങളൊരുമിച്ചൊരു പായ്ക്കപ്പലില്‍ കയറ്റി നീലിച്ച കടലിന്റെ ആഴങ്ങളിലെ സ്വാതന്ത്രത്തിലേക്ക് തള്ളിവിടുകയായിരുന്നു. പോണ്ടിച്ചേരിയുടെ മുക്കിലും മൂലകളിലും തെരുവുകളിലും ബൈക്കിലും നടന്നും തീര്‍ത്ത സായാഹ്നങ്ങള്‍.

ഫ്രഞ്ച് ഇന്ത്യന്‍ അംബിയന്‍സ് ഇന്നും ചോര്‍ന്നുപോവാത്ത മെഡിറ്ററേനിയന്‍ വീടുകളുടെ അഴകും ഇടകലര്‍ന്ന നീണ്ട വരാന്തകളും തിണ്ണകളും മുറ്റത്തെ കോലങ്ങളുമായി തലുയര്‍ത്തി നില്‍ക്കുന്ന തമിഴ് വീടുകളുടെയും ഇടയിലൂടെ കൈകൊര്‍ത്ത് പിടിച്ചുനടത്തിച്ച പ്രണയം! കണ്ണുംകണ്ണും നോക്കി ഐസ്‌ക്രീം നുണയുകയും കടല കൊറിക്കുകയും ചെയ്ത പ്രണയം! വേള്‍ഡ്‌വാറിലെ രക്തസാക്ഷികളുടെ സ്മാരകത്തിന് മുന്നില്‍ കണ്ണടച്ച് നിര്‍ത്തി, അവന്റെ വിരലുകള്‍ കൊണ്ടെന്റെ ശരീരത്തില്‍ ഇക്കിളിപടര്‍ത്തിച്ച പ്രണയം! തിരക്കുള്ള മിഷന്‍ റോഡിലൂടെ എനിക്ക് ചുറ്റും ഒരു ലോകമുണ്ടാക്കി നിറയെ പല നിറത്തിലുള്ള കുപ്പിവളകള്‍ അണിയിപ്പിച്ച പ്രണയം! തീരമില്ലാത്ത വിജനമായ കടലിന്റെ ആഴങ്ങളിലേക്ക് നിരത്തിവെച്ച കല്ലുകള്‍ക്ക് മുകളിലൂടെ വെള്ളത്തിലേക്കിറങ്ങി എനിക്ക് വേണ്ടി അവന്‍ കൈനീട്ടി, നീന്തല്‍ അറിയില്ലെന്ന എന്റെ ഭാവത്തെ 'എനക്ക്‌തെരിയും, ഞാന്‍ ഇരുക്കേന്‍ണ്ടീ' എന്ന അവന്റെ ഭാവം തോല്‍പ്പിച്ചുകളഞ്ഞു. കഴുത്തോളം കയറിയ വെള്ളത്തിലേക്ക് അവന്റെ കയ്യില്‍ നിന്നും വഴുതി ഞാന്‍ മുങ്ങിപൊങ്ങി കണ്ണിലും മൂക്കിലും ഉപ്പുവെള്ളം കൊണ്ട് ഉപ്പിച്ചുകയ്ച്ച എന്റെ ചുണ്ടുകളെ അവന്റെ ഉപ്പിച്ച ചുണ്ടുകള്‍ സ്വന്തമാക്കി കൊരുത്തെടുത്തു. കടലിന്റെ ഉപ്പാഴങ്ങളിലേക്ക് ശരീരത്തെ മൊത്തമായും ലയിപ്പിച്ച പ്രണയം.വേരെയോരിക്കല്‍പാരഡയ്‌സ്ബീച്ചിലെമണലില്‍പരസ്പരംതലതാഴ്ത്തിയിരുന്നുഞാന്‍എന്റെഡ്രീംഹോംനെകുറിച്ച്പറഞ്ഞതും, എനിക്ക് വീട് പണിഞ്ഞു തരാനായി മാത്രം ആര്ക്കിറ്റെക്റ്റ് ആവുമെന്നവനെകൊണ്ട് ഉറക്കെ പ്രഖ്യാപിച്ച പ്രണയം ..,!

ഫ്രാന്‍സില്‍ ഒരുമിച്ചു ജീവിക്കാനാവുമെന്ന് സ്വപ്നംകാണിച്ച്, എന്നത്തെയും പോലെ 'അമല്‍ ആയിഷാ മൈലൈഫ്, മൈഹോപ്പ്' എന്ന് ചെവിയില്‍ മന്ത്രിപ്പിച്ച പ്രണയം! കുട്ടികള്‍ മണലിലുണ്ടാക്കുന്ന വീടുപോലെ ആഗ്രഹങ്ങളുടെ ഓരോ മണല്‍ത്തരിയും ചേര്‍ത്തുവെച്ചുണ്ടാക്കിയ ഒരു മണല്‍കൊട്ടാരം. പിന്നെയും എഴുത്തുകളിലൂടെ ഞങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തിനിന്നു. പ്രീഡിഗ്രീക്ക് ഒരുപേപ്പര്‍ പോയി ഉഴപ്പിനടന്നിരുന്നവന്‍ അങ്ങിനെയാണ് പഠിച്ചെടുത്തു ബിആര്‍ക്കിനുചേരുന്നതും ഞാന്‍ ജേര്‍ണലിസത്തിന് ചേരുന്നതും. ഒരേ പ്രായക്കാര്‍, ഒരേ പോലെ പടിച്ചിറങ്ങേണ്ടവരായിരുന്നു ഞങ്ങള്‍. പിന്നെന്തിനാണ് ഞങ്ങള്‍ പിരിഞ്ഞത്? അകലങ്ങളിലേക്ക് പോയ് മറഞ്ഞത്?

ഓര്‍മ്മകളെ മുറിച്ചുകൊണ്ട് കണ്ടക്ടര്‍ വിളിച്ചു. 'മാഡം, മൂലംകുളം ബസ്‌സ്റ്റാന്‍ഡ്'
പെട്ടെന്നെനിക്ക് നെഞ്ചിലെ ശൂന്യതയില്‍ നിന്നും അടിവയറിലേക്ക് പടര്‍ന്നുകയറിയ ഒരു നോവ് അനുഭവപ്പെട്ടു. അവന്‍ എത്തിയിട്ടുണ്ടാവുമോ എന്ന ആശങ്ക നിറച്ച, പിടക്കുന്ന ഹൃദയവും ഇരുന്നുകഴച്ച കാലുകളുമായി വേച്ചുവേച്ചു പടികള്‍ ഇറങ്ങുമ്പോള്‍ കണ്ടു. രണ്ട് ആകാംക്ഷകണ്ണുകളായി രൂപാന്തരം പ്രാപിച്ച വലിയ പതിവ് സോഡാഗ്ലാസില്‍ മുഖം പാതിയും മറഞ്ഞ് അവന്‍. നിറഞ്ഞ വെളുത്ത ചിരിയില്‍ പ്രത്യക്ഷപ്പെടുകയും പതിവുപോലെ ആയിഷാ എന്ന് നീട്ടിവിളിക്കുകയും ചെയ്തു. ഒട്ടിപ്പിടിച്ച ചുണ്ടുകള്‍ വലിച്ചുതുറന്ന് പതിവുപോലെ പേരുവിളിച്ച് കളിയാക്കാന്‍ ഞാന്‍ വൃഥാ ശ്രമിച്ചു. പിന്നീട് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എന്റെ തോളിലൂടെ കയ്യിട്ടാശ്വസിപ്പിക്കും പോലെ'പോവാ'മെന്ന് പറഞ്ഞ് അവന്‍ എന്നെ കാറിനകത്തേക്ക് ക്ഷണിച്ചു.

ഞാനെന്റെ ശ്വാസഗതി വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും നവീന്‍ സംസാരിച്ചു തുടങ്ങിയിരുന്നു. 'ഹൌ വാസ് മൈ മലയാളം.. ഹൌസ് ഇറ്റ്? നാന്‍ ലെട്ടെറിലെഎഴുതിയിരുന്തേന്‍.. പാത്തതില്ലിയാ? യുനോവണ്‍തിങ്ങ് ആയിഷാ... മഗസീനിലെല്ലാം ഉങ്കെ കതൈകളെ തേടി,തേടി നവ്വ് ഐ റീഡ് ഓള്‍ ഓഫ്യുവര്‍ സ്‌റ്റൊറീസ്. യുറൈറ്റ് വെല്‍ഡീ'

247 അക്ഷരങ്ങളുടെ തമിള്‍ പദാവലി അവന്‍ കൈപിടിച്ചെന്നെ എഴുതാന്‍ പഠിപ്പിച്ചത് പെട്ടെന്നോര്‍മ്മവന്നു. കുട്ടികളെ പോലെ ചിരിക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി, എന്ത് പറയണം എന്നറിയാതെ ഇരിക്കുന്ന എന്നോട് അവന്‍ വീണ്ടും ചോദിച്ചു. 'ഒരു ചേഞ്ചും ഇല്ലയേ ഉനക്ക്. അഞ്ചുവറുഷംകഴിച്ചിപാക്കുംപോതും അപ്പടിയെ ഇറുക്ക്... നല്ലാ ഇരുക്കാഡീ?' സ്‌നേഹത്തിന്റെ ഒരു കുഞ്ഞുകാറ്റ് ഞങ്ങളെതഴുകി കടന്നുപോയി. ഞാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ചിരിയില്‍, തലയാട്ടലില്‍ ഉത്തരങ്ങളൊതുക്കി. കാത്തിരുന്നാഗ്രഹിച്ച സമാഗമം ആഗതമായപ്പോള്‍ എന്തുചെയ്യണമെന്നറിവില്ലായ്മയില്‍ ഞാന്‍ കുരുങ്ങിതന്നെ കിടന്നു. അവന്റെ വീട്ടിലേക്ക് കയറുമ്പോള്‍ സ്വീകരിക്കാനായി വന്നത് ചിത്തിതന്നെയായിരുന്നു. നിറം മങ്ങിയ കോട്ടന്‍സാരിയില്‍ പൊതിഞ്ഞ, തീരെ തിളക്കമില്ലാത്ത കണ്ണുകളോടെ അവരെന്നെ കെട്ടിപിടിച്ചു. ഇനിയും നഷ്ടപെട്ടിട്ടില്ലാത്ത ആ വട്ടമൂക്കുത്തി മാത്രം ഞാന്‍ പഴയ ചിത്തിയാണെന്നെന്നെ ഓര്‍മ്മപ്പെടുത്തി. എല്ലാം മാറിയിരുന്നു. പഴയ വീടിന്റെ സ്ഥാനത്ത് നവീന്‍ പുതിയ വീട് കെട്ടിയിരിക്കുന്നു. ചിത്തിയിപ്പോള്‍ ഇവരുടെ കൂടെയാണ് താമസിക്കുന്നത്. അപ്പോഴേക്കും ലക്ഷ്മിയും വന്നു. പിന്നെയും ആളുകള്‍ ഓരോരുത്തരായി, ചെറിയ അത്ഭുതങ്ങള്‍. ചെറിയ കുശലാന്വേഷണങ്ങള്‍. 'കുമാറുക്കുഅണ്ണന്‍ പൊണ്ണ്' എന്ന വിലാസം വീണ്ടും പതിഞ്ഞു കിട്ടി.

രാത്രിയില്‍ അവന്റെ റൂമിന്റെ ബാല്‍ക്കണിയുടെ നിലത്ത് ഞങ്ങള്‍ മുഖാമുഖം ഇരുന്നു. വിശദീകരണങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. ചോദിക്കാനും ഒന്നുമില്ല. ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലൊരു മുഖംമൂടി വിദഗ്ധമായി ഞങ്ങള്‍ എടുത്തണിഞ്ഞിരുന്നു. ഞാനവനോട് കാതെറീനെ കുറിച്ച് ചോദിച്ചു. 'കാതെറീന്റെ ഫോട്ടോയിറിക്കാ...'
ഒരു തനി ഫ്രഞ്ചുകാരി സ്വര്‍ണ്ണതലമുടിയുമായി ഒരു കുഞ്ഞിയഫ്രോക്കില്‍ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ച എനിക്ക് മുന്നിലെ ഐപാഡില്‍ മുടിയിഴയെടുത്തുകെട്ടി മുല്ലപ്പൂചൂടി വെള്ളകല്ലുള്ള വലിയതൂക്കുകമ്മലും നെറ്റിയില്‍ വലിയ പൊട്ടുമായി അവള്‍ നവീനോട ്‌ചേര്‍ന്നുനില്‍ക്കുന്ന ഫോട്ടോയാണ ്‌തെളിഞ്ഞുവന്നത്. എന്റെ അത്ഭുതം കണ്ട് അവന്‍ വിശദീകരിച്ചു. 'ഇവള്‍വന്ത് ഇപ്പൊ തമിള്‍, ഷി ലവ്‌സ് തമിള്‍ ആന്‍ഡ ്ഇറ്റ്‌സ് കള്‍ച്ചര്‍ യുനോ...ഇവന്‍ ഷിനോസ്ടുസ്പീക്ക് ഇന്‍ തമിള്‍..'. 'വെരിഗുഡ്... നന്നായി നവീന്‍' എന്ന് പറയുമ്പോള്‍ എന്റെ മനസ്സ് ശൂന്യമായിരുന്നു.

ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഫ്രഞ്ചുകാരുമായി പോണ്ടിച്ചേരിക്കുള്ള ബന്ധം. വളരെ പഴകിയ ഫ്രഞ്ച് കോളനിവല്‍ക്കരണത്തിന്റെയും തലസ്ഥാന നഗരിയായി, ഇഷ്ടസങ്കേതമായി ഒരുനൂറ്റാണ്ടിന്റെ ബന്ധമുഉള്ളതുകൊണ്ടാവണം ഓരോ വീട്ടിലും കുട്ടികള്‍ നവീനെ പോലെ പഠിച്ചു ഫ്രാന്‍സില്‍ പോയി ജോലിനോക്കണം എന്നാഗ്രഹിക്കുന്നത്.

ഞാന്‍ വീണ്ടും വീണ്ടും കാതെറീന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു. അവസാനം പ്രണയത്തിന്റെ ഒരു നക്ഷത്രതിളക്കം അവളുടെ കണ്ണുകളില്‍ കണ്ടെത്തുക തന്നെ ചെയ്തു.
ഞങ്ങള്‍ പിന്നീടും എന്തൊക്കെയോ സംസാരിച്ചു.. ജോലിയെ കുറിച്ചും നസീമിക്കയെ കുറിച്ചും പറഞ്ഞപ്പോള്‍ അവന്‍ അവനെ കുറിച്ചും കാതെറീനെ ആദ്യമായി കണ്ടതും പ്രണയിച്ചതും അവന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി മഴപെയ്യിച്ചു. പഴയകാര്യങ്ങളൊന്നും പരസ്പരം ഓര്‍മ്മിച്ചെടുക്കാതിരിക്കാനുള്ള ഗൂഡശ്രമങ്ങള്‍ക്കിടയില്‍ ഞാനീലോകംവിട്ട് ഇരുട്ടിന്റെ മായികലോകത്തേക്ക് തിരിച്ചറിയാനാവാത്ത നിഴലുപോലെ നടന്നടുക്കുന്നത് പോലെതോന്നി.

പതിവുപോലെ ലക്ഷ്മിയുടെ കൂടെ അവളുടെ സംസാരം കേട്ട് ഉറങ്ങാന്‍കിടന്നു. ഒട്ടുമുക്കാലും തളര്‍ന്ന പ്രജ്ഞയിലേക്ക് കൂപ്പുകുത്തുന്ന ചിത്തിയുടെ ഒരു പാതിവെന്ത ചിത്രം പകര്‍ത്തി തരുകയായിരുന്നു ലക്ഷ്മി അപ്പോള്‍. ചിത്തപ്പ മരിച്ച ശേഷം, ചിത്തി അധികം ആരോടും മിണ്ടാറില്ല. ക്ഷേത്രത്തിലേക്ക് പോവുകയോ 'മുരുഗാ' എന്നോ 'അല്ലാഹ്' എന്നോ വിളിക്കാറുമുണ്ടായിട്ടില്ല. ലക്ഷ്മിയുടെ വാക്കുകള്‍ മഴപ്പെയ്ത്തുപോലെ തെറിച്ചുവീണു. ഒരു കുഞ്ഞിനെപ്പോലും ചിത്തിക്ക് കൊടുക്കാതിരുന്ന വിധിയെ പഴിച്ചുകിടക്കുന്നതിനിടയില്‍ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

കുറെ കറുത്തവസ്ത്രം ധരിച്ച മുഖംമൂടികള്‍ കൂട്ടമായിവന്നു ഇരുട്ടില്‍ ഒരു പെണ്ണിനെ മുട്ടിലിരുത്തുന്നു. അവളുടെ രണ്ടുകൈകളും വശങ്ങളിലേക്ക് വലിച്ചു കെട്ടിയിട്ടു, കുറെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് കൈയ്യലുള്ള ഭസ്മം അവളുടെ മുഖത്തേക്ക് വീശിയെറിഞ്ഞു. ആ പെണ്ണ് നിര്‍ത്താതെ കരയുകയാണ്... ആ സ്വപ്‌നത്തിലാണ് ഉറക്കമെണീറ്റത്. കല്യാണം കഴിഞ്ഞിട്ട് പോവാമെന്ന അവരുടെ സ്‌നേഹനിര്‍ബന്ധങ്ങള്‍ ഇല്ലാത്ത തിരക്കഭിനയിച്ചു നിരാകരിച്ചു. രാവിലെ കുളിച്ച് ഭക്ഷണം കഴിച്ചതും ഞാന്‍ പോവാന്‍ റെഡിയായി. നവീനെന്നോട് പോവേണ്ടെന്ന് പറഞ്ഞില്ല. ട്രെയിന്‍ടിക്കറ്റ് ശരിയാക്കിയത് അവന്‍ തന്നെയായിരുന്നു, സ്റ്റേഷനിലേക്ക്‌കൊണ്ടുവിടാന്‍ പതിവുപോലെ അവന്‍ വന്നു. ഞാന്‍ സ്റ്റേഷനിലെ ആളൊഴിഞ്ഞ ബെഞ്ചില്‍ വെറുതെയിരുന്നു. അവിടുത്തെ കോലാഹലങ്ങള്‍ക്കിടയിലും അസാധാരണമാംവിധം മനസ്സ് ശൂന്യമായി അനുഭവപ്പെട്ടു. ഇനി ഒരുനാള്‍ എങ്ങിനെ ഞാന്‍ നവീനെ അഭിമുഖീകരിക്കും എന്ന ചിന്തയ്ക്കുവിരാമമിടാം. ഇവിടെ ആ ദൗത്യം ഞങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഊഹാപോഹങ്ങള്‍ക്കും മനസ്സിന്റെ ഒരുകോണിലെ പേരറിയാത്ത നീറ്റലിനും പക്ഷെ, അത്ര വലിയ മാറ്റമൊന്നുമില്ല. ആലോചനാനിമഗ്‌നയായൊരു ദീര്‍ഘനിശ്വാസമെടുത്ത് തിരിഞ്ഞപ്പോഴേക്കും നവീന്‍ വെള്ളകുപ്പികളും ഭക്ഷണവുമൊക്കെയായി ഓടിവന്നു ബെഞ്ചില്‍ അടുത്തിരുന്നു.

അതെല്ലാം വാങ്ങി ഞാന്‍ ബാഗിലെക്കെടുത്തുവെയ്ക്കുമ്പോള്‍ ഒരു കള്ളച്ചിരിയോടെ അവന്‍ വാഴയിലയില്‍ പൊതിഞ്ഞ മുല്ലപ്പൂ എനിക്കുനേരെ നീട്ടി.
'ഞാന്‍ ചൂടിതരട്ടുമാ'
നിനച്ചിരിക്കാതെ നൊടിയിടകൊണ്ട് അവന്‍ പഴയ നവീനായി. കൗമാരക്കാരനായി. ഞാന്‍ പഴയ ആയിഷയായി. ഞങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. കണ്ണുകള്‍കോര്‍ത്തു നിസ്സഹായരായി. തൊണ്ടയ്ക്ക് കനംവെച്ച് ഞങ്ങള്‍ രണ്ടും തളര്‍ന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ വന്നുപോയേക്കാവുന്ന ട്രെയിന്‍; അതവസാനിപ്പിച്ചേക്കാവുന്ന കാഴ്ചയുടെ നിമിഷങ്ങളുടെ ഓര്‍മ്മപ്പെടലില്‍ അസാധാരണമായ ഒരു ധൃതി ഞങ്ങളില്‍ പടര്‍ന്നുകയറി.
'അന്നേക്കുസൊന്ന ഉന്നുടെ ഡ്രീംഹൌസ് അതുഇപ്പവും ഉന്‍മനസ്സുക്കുക്കുളേള ഇറുക്കാ? ഇരുന്താല്‍ ഞാന്‍ കേട്ടിതരേണ്ടീ അത്. എനക്ക് ഇപ്പവും നല്ലാന്യാപകമിറുക്കു... സണ്‍ലൈറ്റ ്‌ഡൈറെക്റ്റായി അടിക്ക്തറൂഫ് വിന്‍്‌ഡോയും വീടുക്കുള്ളെ നെറയെ ചെടികള്‍വെക്കതുക്ക് ചുറ്റും തിണ്ണയെല്ലാമുള്ള ചിന്ന അഴകാനവീട്... ഞാന്‍ ഇപ്പൊ ആര്‍ക്കിടെക്റ്റ്ഡീ.. കൂപ്പിട്. നാന്‍വന്ത് കെട്ടിത്തറെന്‍'.
ഉരുണ്ടുപിരണ്ടുവന്ന കണ്ണുനീര്‍ത്തുള്ളികള്‍ അനുവാദം ചോദിക്കാതെ താഴേക്കുചാടി. അവന്റെ കണ്ണും നിറഞ്ഞുകവിയാനുള്ള വഴി തേടുന്നു. പറഞ്ഞുതീര്‍ക്കാന്‍ കഴിയാതെ പ്രണയം ഒളിച്ചും പതുങ്ങിയും ഞങ്ങള്‍ക്കിടയില്‍ നൃത്തംചെയ്യുന്നതായി എനിക്ക്‌തോന്നി. ട്രെയിന്‍ സ്റ്റോഷനിലേക്ക് വരുന്നെന്നോര്‍മ്മിപ്പിച്ചുള്ള കൂവല്‍ കേട്ടുതുടങ്ങി. അവന്‍ പെട്ടെന്ന് എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് ഒരു അനിയന്ത്രിത പ്രവാഹത്തിലകപ്പെട്ട പോലെ പലതും പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം പറഞ്ഞ വാക്കുകള്‍ മാത്രം എന്റെയുള്ളില്‍ മുഴങ്ങി കൊണ്ടേയിരുന്നു. 'അത് പോതും എനക്ക് ആയിഷാ; അതുപോതും... പ്രോമിസ്മി... വിവില്‍മീറ്റ് എഗൈന്‍'

അവന്റെ നീട്ടിയ കയ്യിലേക്ക് കൈചേര്‍ത്ത് വെച്ച് അന്നാദ്യമായി അവനോട് നവീന്‍ എന്ന വാക്കിന് സംസ്‌കൃതത്തില്‍ പുതിയതുടക്കം എന്നാണര്‍ത്ഥമെന്ന് ്പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇറ്റ്‌സ ്എ ന്യൂബിഗിന്നിംഗ ്‌ഫോര്‍യു നവീന്‍. ഓള്‍ദബെസ്റ്റ് എന്നും പറയാനാഞ്ഞു. പക്ഷെ, സാധിച്ചില്ല. വാക്കുകള്‍ മൂകതയുടെ കാലുകളിലേറി നടന്നുപോയി. അലറുന്ന ഹൃദയവും അടക്കിപ്പിടിച്ച് ഞാന്‍ തിടുക്കപ്പെട്ട്് ട്രെയിനിനകത്തേക്ക് കയറിയിരുന്നു. സ്‌റ്റേഷന്‍ വിടുന്നതുവരെ പരസ്പരം കണ്ണുകൊണ്ട് പിന്തുടരുകയും ജന്മാന്തരങ്ങളുടെ കടലിടുക്കിലേക്ക്, ആഴങ്ങളിലേക്ക് ഒരുമിച്ചു ആഴ്ന്നുപോവുകയും ചെയ്യുന്നവരായി ഞങ്ങള്‍ മാറി.
ഞാനോര്‍ത്തു. എന്റെ കല്യാണത്തിന് മുമ്പുള്ള അവസാന കൂടിക്കാഴ്ചയും ഇതുപോലെ ഒരു റെയില്‍വെ സ്‌റ്റേഷനിലായിരുന്നു. നിസ്സഹായയായി ഞാന്‍ ഒറ്റയ്ക്ക്. അന്നാണ് .എന്റെ കല്യാണമുറപ്പിച്ചുവെന്നറിഞ്ഞ് അവന്‍ പാഞ്ഞുവന്നത്. നവീന്‍ അഴകൊടിമാരിയപ്പന്‍, ആയിഷക്ക് എങ്ങിനെ കസിന്‍ എന്ന് ചോദിച്ച മാട്രനുമായി അടിയുണ്ടാക്കി എന്നെ കാണാന്‍ വന്നനാള്‍. ഞങ്ങളുടെ വാക്കുകള്‍ ശകലങ്ങളായി ചിന്നിചിതറി തെറിച്ചുപോയി.

എനിക്ക് കഴിയുമായിരുന്നില്ല. എഴുനേറ്റ് നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാതെ കിടപ്പിലായ വാപ്പച്ചിയേയും നിസഹായതയുടെ നിറകണ്ണുകളോടെ തട്ടതലപ്പ് കടിച്ചുനില്‍ക്കുന്ന ഉമ്മച്ചിയുടെ നോട്ടങ്ങളെയും അനിയത്തിയേയുമൊക്കെവിട്ട്, പാരീസിന്റെ പ്രണയലാവണ്യത്തിലേക്ക് അലിഞ്ഞുചേരാനുള്ള ധൈര്യവും ശക്തിയും അന്ന് ഇല്ലായിരുന്നു. വേറെയുമുണ്ടായിരുന്നു കാരണങ്ങള്‍. പാതിമരവിച്ച ചിത്തിയുടെ മുഖം ഓര്‍മ്മവന്നു. വീട്ടുകാരെകൊണ്ട് ചിത്തിയെ സ്വീകരിപ്പിക്കാനായി മതംമാറല്‍ എന്ന ചിന്ത ചിത്തപ്പയില്‍ കുത്തിവെച്ചതാരെന്നറിയില്ല. സുന്ദരി എന്ന ചിത്തി, പൊന്നാനിയില്‍ പോയി ശഹാദത്കലിമ ചൊല്ലി ഫാത്തിമയായി. പിന്നെ, മൂന്നുനാലുമാസത്തെ മതപഠനത്തിനായി അവിടെതാമസിക്കുമ്പോള്‍ ഞാന്‍ കണ്ടതായിരുന്നു അവരുടെ മുഖം. ഒരാളെ മതംമാറ്റിയ ചിത്തപ്പ സ്വര്‍്ഗ്ഗത്തിലേക്കാണെന്ന് തറവാട്ടിലെ മുക്കിലും മൂലകളിലും പെണ്ണുങ്ങള്‍ അടക്കംപറഞ്ഞപ്പോള്‍ പ്രണയത്തിനായി കാലങ്ങള്‍ക്കുമപ്പുറം 'മുരുഗാ' എന്ന വിളി പാതിയിലുപേക്ഷിക്കേണ്ടിവന്ന ചിത്തിയുടെ വിവര്‍ണ്ണമുഖം എത്രമായിച്ചിട്ടും മായാതെ എന്റുള്ളില്‍ മങ്ങാതെ നിന്നിരുന്നു. മതം മാറിയ ഫാത്തിമയെകൂടി ആവാഹിച്ചെടുക്കാന്‍ ശ്രമിച്ച തറവാട്. പക്ഷെ, അധികനാള്‍ നീണ്ടുനില്‍ക്കുന്നതിന് മുന്നേതന്നെ ക്ഷേത്രനടയ്ക്കല്‍ ഫാത്തിമയെ കണ്ടെന്ന ഒറ്റുകൊടുക്കലില്‍ കലാപമുഖരിതമാവുകയും, രാത്രിക്ക് രാത്രിതന്നെ എല്ലാം മടുത്ത ചിത്തപ്പ, ചിത്തിയേയും കൂട്ടി പോണ്ടിയിലേക്ക് തിരിച്ചുവരാനാഗ്രഹിക്കാത്ത യാത്രപോവുകയുംചെയ്തു. പലപ്പോഴും പലയിടങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന ചരിത്രത്തെ വെല്ലുവിളിക്കാനും ധൈര്യമുണ്ടായിരുന്നില്ല.

തൊട്ടടുത്ത സീറ്റിലിരുന്ന പാട്ടിയമ്മയുടെ വലിയ ടിഫിന്‍ബോക്‌സ് തുറന്നപ്പോള്‍ ഉണ്ടായ ഇഡലിയുടെയും പുതിനചട്ടിണിയുടെയും മണം മൂക്കിലടിച്ചു. അവര്‍ ഓരോരുത്തരെയായി ഉച്ചത്തില്‍വിളിച്ചു. ഭക്ഷണം കഴിക്കാന്‍ മടിയായ കൊച്ചുമക്കളെ നിര്‍ബന്ധിച്ചു കഴിപ്പിക്കുന്ന ബഹളങ്ങള്‍ക്കൊണ്ട് പെട്ടെന്ന് കമ്പാര്‍ട്ട്‌മെന്റ് ശബ്ദമുഖരിതമായി. പാട്ടിയമ്മക്ക് പാതിവിടര്‍ന്നൊരു ചിരിസമ്മാനിച്ച് അലസമായി ബാഗില്‍ നിന്നും ഒരു മാഗസിന്‍ എടുത്തു മറിച്ചുനോക്കിയപ്പോള്‍ കണ്ണിലുടക്കിയത് ഉംബെര്‍ട്ടോഎക്കൊവിന്റെ വരികളാണ്. 'ഒരുനശ്വരമായ കിനാവിന്റെ നിഴലല്ലെങ്കില്‍ മറ്റെന്താണ്ജീവിതം'?

അതെ, നമ്മള്‍ തന്നെ വെറും നിഴലുകളല്ലേ? നമുക്ക് നാം ആരെന്നറിയണമെങ്കില്‍ നമ്മള്‍ സ്‌നേഹിക്കുന്ന, നമ്മളെ സ്‌നേഹിക്കുന്ന മറ്റ് പലരുടെ ഹൃദയങ്ങളില്‍ നിന്നും നമ്മെ പെറുക്കികൂട്ടേണ്ടിവരും. തിരിച്ചറിവിന്റേതായ ഒരു ചിരി ചുണ്ടില്‍ വിരിഞ്ഞു. കണ്ണുകളടച്ചിരുന്നപ്പോള്‍ നസീമിക്ക വിളിച്ചു. ഞാന്‍ സ്റ്റേഷനില്‍ വരാം. നിന്നെ പിക്ക് ചെയ്യാം. ഉറങ്ങിയും ഉണര്‍ന്നും ആലസ്യത്തില്‍ കഴിച്ചുകൂട്ടിയ മണിക്കൂറുകള്‍ക്കവസാനം ട്രെയിന്‍ പാലക്കാട് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.

ദാഹമിരമ്പിയ തൊണ്ടയിലേക്കുള്ള തെളിവെള്ളം പോലെ വന്ന നസീമിക്കയുടെ കൈകളിലേക്ക്, നെഞ്ചിലേക്ക് ചേര്‍ന്നുവീണു. തിരക്കൊഴിഞ്ഞ നിരത്തിലൂടെ പോകുമ്പോള്‍ നസീമിക്ക ചോദിച്ചുതുടങ്ങിയിരുന്നു
'നവീനെ കണ്ടോ? എന്ത്പറഞ്ഞുഅയാള്‍? വിശേഷം പറയൂ അമല്‍...'
ഒരുമഴക്കാലം ഉള്ളിലോളിപ്പിച്ചു ഞാന്‍ പറയാന്‍ ശ്രമിച്ചു.
' നസീംക്ക, അവനെന്നെ നാട്ടില്‍ വരുമ്പോഴൊക്കെ കാണണമെന്ന്, ഓരോ തവണവരുമ്പോഴും എന്റെ മാറ്റങ്ങള്‍ കണ്ടുപിടിക്കണമെന്ന്, ജൂനിയര്‍ ആയിഷയെ കാണണമെന്ന്, എന്റെ വീടുപണിഞ്ഞുതരണമെന്ന്, എന്റെ മുടിയിലെ ആദ്യത്തെ നരകണ്ടെത്തണമെന്ന്, പ്രായാധിക്യം കൊണ്ട് നടക്കാനാവാത്ത പ്രായത്തിലും കൈപിടിച്ചു പണ്ടത്തെ കടല്‍തീരത്ത് ഒരുമിച്ചു സംസാരിച്ചിരിക്കണമെന്ന്....'
മുഴുവനാക്കുന്നതിനും മുന്നേ പെയ്തുപോയി.

'കരയാതെ..'എന്നുപറഞ്ഞു നസീംക്ക ചേര്‍ത്ത്പിടിച്ചു. എന്നെതലോടി. പെട്ടെന്നെനിക്ക് ആ വിരലുകള്‍ നീണ്ടുവലുതായി എന്നെ പൊതിഞ്ഞുപിടിക്കുന്നതായും പടര്‍ന്നുപന്തലിച്ച വിരലുകള്‍ക്കു വേരുകള്‍മുളക്കുകയും അവ നനവ് തേടി ഭൂമിയുടെ മാറിലേക്ക് തുളഞ്ഞുകയറുകയും അതിന്റെ തുടര്‍ച്ചയെന്നോണം എന്റെ കാലുകള്‍ക്ക് കീഴെയും വേരുകള്‍മുളക്കുകയും ഞാന്‍ തളിര്‍ക്കുകയും എനിക്ക് ഇലകള്‍ മുളക്കുകയും എന്നില്‍ പൂക്കള്‍ വിരിയുകയും മരക്കൊമ്പുകള്‍ക്കിടയിലിരുന്ന് നാനാതരം പക്ഷികള്‍ പാട്ട്പാടുകയും ചെയ്യുന്നതായി തോന്നി.
ഇതായിരിക്കും പ്രണയതുടര്‍ച്ച ! അതല്ലാതെമറ്റെന്താണിത് ?

27-May-2016

കഥകൾ മുന്‍ലക്കങ്ങളില്‍

More