22 ഫീമെയില്‍ കോട്ടയം

തിരക്കഥ നായകന്മാര്‍ക്കുവേണ്ടി മാറ്റിയെഴുതുന്നില്ലേ? ഇവിടെ ഒരു സ്ത്രീകഥാപാത്രത്തിന്റെ പരിണാമം വ്യക്തമാക്കാന്‍ തിരക്കഥയില്‍ ചെറിയൊരുമാറ്റം വരുത്താന്‍ നിങ്ങള്‍ പുരുഷന്മാരെന്തിന് ഭയക്കണം?”
“അതെല്ലാമിനി....!”
“പ്രതികാരശേഷം ടെസ്സ ജീവിക്കേണ്ടത് ഈ മണ്ണിലാണ്, ഇവിടുത്തെ സ്ത്രീകള്‍ക്കിടയില്‍, സിറിളുമാര്‍ക്ക് പേടിസ്വപ്നമായ്...!

ഡി.കെ. എന്നസുഹൃത്തിനു നന്ദിപറഞ്ഞശേഷം സെല്‍ഫോണിലെ സിംകാര്‍ഡുകള്‍ എടുത്ത് പുറത്തേക്കെറിഞ്ഞ്, സീറ്റിലേക്കു ചാരിയിരുന്നു, ടെസ്സ. അകലുന്ന പുറംകാഴ്ചകളെ മറച്ച് വിന്‍ഡോഗ്ലാസ് ഉയരുന്നുണ്ടായിരുന്നു. ആ വാഹനത്തിന്റെ പുറംദൃശ്യം ചിത്രീകരിക്കുന്നതിനിടയില്‍, ഫ്രെയിം കടന്നുപോയിട്ടും വാഹനം നിര്‍ത്താതെപോവുന്നതുകണ്ട് സംവിധായകനും സംഘവും സ്തബ്ധരായി. അവര്‍ നിര്‍ത്താന്‍ പറഞ്ഞിട്ടും കാര്യമുണ്ടായില്ല.

ടെസ്സ. കെ. എബ്രഹാം. ഇരുപത്തിരണ്ട് വയസ്സുള്ള കോട്ടയത്തുകാരി നഴ്‌സ്. വിദേശജോലിക്കായി ഏറെ കൊതിച്ചവള്‍. വിദേശറിക്രൂട്ടിംഗ്കമ്പനിയിലെ ഉദ്യോഗസ്ഥന്‍ സിറിളുമായി പ്രണയത്തിലാവുകയും അവന്റെ സ്‌നേഹച്ചതുപ്പില്‍ വഴുതിവീണ്, ലൈംഗിക പീഡനത്തിന്റെയും ജയില്‍ശിക്ഷയുടെയും ആഴങ്ങളിലേക്കാണ്ടുപോയവള്‍. ഒടുവില്‍, ജയില്‍മോചിതയായ അവള്‍, സിറിളിനോട് പ്രതികാരം ചെയ്ത ശേഷമുള്ള യാത്രയായിരുന്നു. അതുവരെ സംവിധായകന്റെ നിര്‍ദ്ദേശാനുസരണം നീങ്ങിയ ടെസ്സ എന്ന കഥാപാത്രം, സിനിമയുടെ ചട്ടക്കൂട് ഭേദിച്ചുകൊണ്ടുള്ള യാത്രകൂടിയായി അത്.
“അവളുടെ ഫോണും സ്വിച്ച് ഓഫ് ആണല്ലോ.! അവളിതെങ്ങോട്ട് പോയി?”
ടെസ്സയെ (ടെസ്സ എന്ന കഥാപാത്രത്തിനു ജന്മം നല്‍കുന്ന നടിയെ) കണ്ടെത്താനുള്ള ശ്രമത്തിലാണ് സംവിധായകനും സംഘവും.

കട്ടിറ്റ്... ഒകെ... സംവിധായകന്റെ മൈക്രോഫോണിലൂടെയുള്ള ശബ്ദം വാഹനത്തിനകത്തേക്കരിച്ചെത്തുന്നത് ടെസ്സ കേള്‍ക്കുന്നുണ്ടായിരുന്നു. ഡ്രൈവറുടെ കാലുകള്‍ ബ്രേക്കിലമരുകയുമായിരുന്നു. പക്ഷേ, വണ്ടിയുടെ ഹെഡ്‌ലൈറ്റിന്റെ പ്രകാശത്തില്‍, അല്‍പ്പം ദൂരെയായി, ഒരു പെണ്‍കുട്ടി കൈകളുയര്‍ത്തി നിലവിളിക്കുന്നതു കണ്ടപ്പോള്‍ വേഗം മുന്നോട്ടു നീങ്ങാന്‍ പറഞ്ഞു.
“മാഡം, അതു വേണോ?”
“നീ ഞാന്‍ പറയുന്നത് കേള്‍ക്ക്.”
സംവിധായകനും സംഘവും നിര്‍ത്താന്‍ പറയുന്നത് അവള്‍ ബാക്ക്ഗ്ലാസിലൂടെ കാണുന്നുണ്ടായിരുന്നു.
അരികിലെത്തിയയുടനെ ഡോര്‍ തുറന്ന്, നനഞ്ഞ പക്ഷിക്കുഞ്ഞിനെപോലെ പെണ്‍കുട്ടി ടെസ്സയുടെ മടിയിലേക്കു വീണു, രക്ഷിക്കണേയെന്നു വിതുമ്പി. ടെസ്സ ഡോര്‍ വലിച്ചടക്കുമ്പോള്‍, ആ ജംങ്ഷന്റെ വലതുഭാഗത്തുനിന്നു വന്ന കാര്‍ അവരുടെ വാഹനത്തിനരികിലേക്കിരമ്പിയെത്തി. കാറിനുള്ളില്‍ നിന്ന് രണ്ടുപേര്‍ വിരല്‍ചൂണ്ടുന്നതു ടെസ്സ കണ്ടു.
കാര്‍ അവരെ പിന്തുടരാന്‍ തുടങ്ങി. ചെറുതും വലുതുമായ റോഡുകളിലൂടെ വേഗത്തില്‍ നീങ്ങി, നഗരാതിര്‍ത്തിയിലെ പാലം കടന്നപ്പോഴാണ് കാറിനെ കാണാതായത്. അപ്പോഴേക്കും പെണ്‍കുട്ടിയുടെ കാലുകള്‍ക്കിടയിലൂടെ രക്തം ഒഴുകിയിറങ്ങുന്നതു കണ്ട ടെസ്സ വേഗം ഹോസ്പിറ്റലിലേക്കു നീങ്ങാന്‍ പറഞ്ഞു.
“മാഡം, ഇത് നമുക്ക് പ്രശ്‌നമാവും. ഈ കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ച്...”
“ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നിനക്കിപ്പൊ ഇറങ്ങിപ്പോവാം.”
വണ്ടി ഹോസ്പിറ്റലിലേക്ക് കയറിയയുടനെ, പെണ്‍കുട്ടിയെയും താങ്ങി, ടെസ്സ അത്യാഹിത വിഭാഗത്തിലേക്കോടി.
ഗൈനക്കോളജിസ്റ്റുമായി സംസാരിച്ചപ്പോഴാണ്, പെണ്‍കുട്ടി സെക്‌സ്‌റാക്കറ്റ് സംഘത്തിന്റെ പിടിയില്‍ മാസങ്ങളോളം കഴിഞ്ഞവളാണെന്ന് ടെസ്സ അറിയുന്നത്. പോലീസുകാര്‍ ഹോസ്പിറ്റലിലെത്തുകയും ടെസ്സയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഹോസ്പിറ്റലില്‍ നിന്ന് പുറത്തുകടന്ന ടെസ്സ, പാര്‍ക്കിംഗ് ഏരിയയിലേക്കു നടന്നു. ഡ്രൈവറെ അവിടെയെങ്ങും കണ്ടില്ല. ഡോര്‍ തുറന്നപ്പോള്‍ സീറ്റില്‍ നിന്ന് കടലാസ്സുതുണ്ടു കിട്ടി - മാഡം, ഞാന്‍ പോവുന്നു...
“ദൈവമേ, ആണുങ്ങളില്‍ ഇത്രയും ഫീരുക്കളുണ്ടോ.! ഛേ... ഭീരുക്കളുണ്ടോ.!”
രാത്രിയിലൂടെ ടെസ്സ നഗരത്തിലേക്ക് ഡ്രൈവ് ചെയ്തു. നഗരമപ്പോള്‍ കടുംവെളിച്ചങ്ങളില്‍ മിന്നിതിളങ്ങുകയായിരുന്നു.

കര്‍ട്ടണ്‍ വലിച്ചുനീക്കി ജാലകങ്ങള്‍ തുറന്നിട്ടപ്പോള്‍, കായലിലൂടൊഴുകുന്ന ബോട്ടുകളുടെ ശബ്ദങ്ങളും കപ്പലിന്റെ സൈറണും ടെസ്സക്കരികിലൂടെ മുറിക്കുള്ളിലേക്കു കയറിപ്പോയി. ജനലഴികളില്‍ മുഖമമര്‍ത്തി നില്‍ക്കുമ്പോള്‍ കാറ്റില്‍ പാറുന്ന കര്‍ട്ടണ്‍ ഇടക്കിടക്ക് അവളെ മൂടിപ്പുതക്കുന്നുണ്ടായിരുന്നു. ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നു നടന്നു നീങ്ങുമ്പോള്‍ കടല്‍കാക്കകളുടെ ചിറകൊച്ചകള്‍ക്കൊപ്പം കോളിങ്‌ബെല്‍ മുഴങ്ങി.
ഡോര്‍ലെന്‍സിലൂടെ നോക്കി, സംവിധായകനാണ്. ഡോര്‍ തുറന്നു. അവള്‍ അയാളെയും ബാല്‍ക്കണിയിലേക്കു ക്ഷണിച്ചു. കസേരകളില്‍ ഇരുന്ന്, ഓളങ്ങള്‍ക്കൊപ്പം ഉലഞ്ഞുനീങ്ങുന്ന ബോട്ടുകളുടെ ചെറുരൂപങ്ങളെ നോക്കി, അവര്‍.
“കൊച്ചി പഴയ കൊച്ചിയല്ല സുഹൃത്തെ.! ഇന്നലെ രാത്രി കൊച്ചിയുടെ അളിഞ്ഞഴുകിയ മുഖം നേരില്‍ കണ്ടു.!”
“ടെസ്സാ... സോറി.”
“അങ്ങനെത്തന്നെ വിളിച്ചോളൂ.” അവള്‍ പറഞ്ഞു.
“പത്രങ്ങളിലെല്ലാം വാര്‍ത്തയുണ്ട്. പോലീസ് അന്വേഷണം നടക്കുന്നുമുണ്ട്.”
“സിനിമക്കപ്പുറം ടെസ്സയുടെ ജീവിതം മൂല്യമുള്ളതായത് ഇന്നലെ രാത്രിയാണ്. ഏതോ അഴുക്കുചാലില്‍ തള്ളപ്പെടേണ്ട പെണ്‍കുട്ടിയായിരുന്നു അത്...!”
“നമുക്ക് രണ്ടുദിവസം കൊണ്ട് പാക്കപ്പ് ചെയ്യണം. ഇന്ന് വൈകുന്നേരം തന്നെ ഷൂട്ടിനെത്തിയില്ലെങ്കില്‍ ഷെഡ്യൂള്‍ മൊത്തം തകരാറിലാവും.”
“ഈ സംഭവത്തിനുശേഷം തിരക്കഥയില്‍ ചെറിയൊരു മാറ്റമായിക്കൂടെയെന്ന ചിന്തയിലാണ് ഞാന്‍.” അവള്‍ പറഞ്ഞു.
“അത്...!”
“സിറിളിനോട് പ്രതികാരം ചെയ്തശേഷം, ടെസ്സയെ എന്തിനാണ് കാനഡയിലേക്ക് വലിച്ചെറിയുന്നത്...?”
“വലിച്ചെറിയലോ?”
“അതെ. അത് വലിച്ചെറിയല്‍ തന്നെയാണ്.”
“ടെസ്സ നെഴ്‌സല്ലെ... അവളുടെ സ്വപ്നമല്ലേ, വിദേശത്ത്...”
“സുഹൃത്തെ, ടെസ്സയുടെ ജീവിതം മാറിമറിഞ്ഞത് അറിയാത്ത ഒരാള്‍ സംസാരിക്കും പോലെയാണ് താങ്കള്‍ സംസാരിക്കുന്നത്. ജയില്‍ ജീവിതത്തിലൂടെ ഒരുപറ്റം സ്ത്രീ ജിവിതങ്ങളുടെ അതിജീവനങ്ങള്‍ അടുത്തറിയുമ്പോള്‍ ഞാന്‍ അവതരിപ്പിക്കുന്ന ടെസ്സ എന്ന കഥാപാത്രത്തിന് ആന്തരികമായ ചില മാറ്റങ്ങളുണ്ടാവുന്നുണ്ട്. ആ...”
“അതെ. ജയില്‍ ടെസ്സക്ക് വലിയൊരു പാഠശാലയായിരുന്നു.”
“ആ മാറ്റങ്ങള്‍ക്ക് വിധേയയാവുന്ന ടെസ്സ, വിദേശജോലി സ്വപ്നം കാണുന്ന പഴയ സ്വപ്ന ജീവിയാവരുത്. ഇവടുത്തെ സ്ത്രീജീവിതങ്ങള്‍ക്ക് താങ്ങാവേണ്ടവളാവണം...”
“അത്...! തിരക്കഥ നമ്മള്‍ ആദ്യമേ...”
“എന്ത് തിരക്കഥ.! തിരക്കഥ നായകന്മാര്‍ക്കുവേണ്ടി മാറ്റിയെഴുതുന്നില്ലേ? ഇവിടെ ഒരു സ്ത്രീകഥാപാത്രത്തിന്റെ പരിണാമം വ്യക്തമാക്കാന്‍ തിരക്കഥയില്‍ ചെറിയൊരുമാറ്റം വരുത്താന്‍ നിങ്ങള്‍ പുരുഷന്മാരെന്തിന് ഭയക്കണം?”
“അതെല്ലാമിനി....!”
“പ്രതികാരശേഷം ടെസ്സ ജീവിക്കേണ്ടത് ഈ മണ്ണിലാണ്, ഇവിടുത്തെ സ്ത്രീകള്‍ക്കിടയില്‍, സിറിളുമാര്‍ക്ക് പേടിസ്വപ്നമായ്...! അവളെ ഭീരുവിനെപ്പോലെ ഒളിച്ചോടിപ്പിക്കരുതേ...”
സംവിധായകന്‍ എഴുന്നേറ്റു. ബാല്‍ക്കണിയിലൂടെ അഴിയില്‍ പിടിച്ച്, താഴെ പാര്‍ക്കുചെയ്ത വാഹനങ്ങളെ നോക്കി. അയാളുടെ ഫോണ്‍ ശബ്ദിക്കുന്നുണ്ടായിരുന്നു.
“നമുക്കത് ആലോചിക്കാം.” ഫോണിലേക്കു നോക്കി അയാള്‍ പറഞ്ഞു “പ്രൊഡക്ഷന്‍ ഡിസൈനറാണ്, ഞാനിറങ്ങട്ടെ, വൈകീട്ട് വണ്ടി വിടാം.”
“ഒകെ”
സംവിധായകന്‍ ഫോണില്‍ സംസാരിച്ചു നീങ്ങുമ്പോള്‍, അവള്‍ എഴുന്നേറ്റ്, വീശിയടിക്കുന്ന കടല്‍ക്കാറ്റിലേക്കു കൈകള്‍ വിടര്‍ത്തി നിന്നു. കാറ്റ് അവളുടെ മുടിയിഴകളേയും വസ്ത്രങ്ങളേയും പറത്തുമ്പോള്‍, കായലിനു മുകളിലൂടെ പോവുന്ന ഹെലികോപ്റ്ററിന്റെ ഇരമ്പലില്‍ അവള്‍ കാതുകള്‍ പൊത്തി. കണ്ണുകള്‍ ചിമ്മി.

പ്രിവ്യൂവിന് ശേഷം സംവിധായകനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍, തിരക്കിനിടയില്‍നിന്നൊഴിഞ്ഞുമാറി അവള്‍ കാറിനരികിലേക്കു നടന്നു. ഡോര്‍ തുറന്ന്, സീറ്റിലിരുന്നു. എ.സി. ഓണ്‍ ചെയ്തു. സ്റ്റീരിയോയിലെ വയലിന്‍ സംഗീതത്തോടൊപ്പം സീറ്റ് പിറകോട്ട് ചായ്ച്ചു കിടന്നു.
“ടെസ്സയെ അവര്‍ കൊന്നു.!”
സിനിമയിലെ ക്രൂസ് വന്ന് ഡോര്‍ഗ്ലാസ്സില്‍ മുട്ടിയപ്പോള്‍ അവരെ നോക്കി അവള്‍ സീറ്റുയര്‍ത്തി. അവരെന്തൊക്കെയോ പറയുന്നു. കൈകള്‍ സ്റ്റിയറിംഗിലമര്‍ന്നു, അവള്‍ കാര്‍ മുന്നോട്ടെടുത്തു. അലക്ഷ്യമായി, ഏതോ വഴികളിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ അവള്‍ പുലമ്പുന്നുണ്ടായിരുന്നു.
“കൊന്നു.! ടെസ്സയെ അവര്‍ കൊന്നു.!”

01-Nov-2016

കാഴ്ച മുന്‍ലക്കങ്ങളില്‍

More