കർഷകരുടെ മുന്നേറ്റം രാജ്യത്തോട് പറയുന്നത്

മഹാരാഷ്ട്ര കര്‍ഷകപ്രക്ഷോഭം കേവലം ഒരു 'മുല്ലപ്പൂവിപ്ലവ'മായിരുന്നില്ല. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളെ കേന്ദ്രീകരിച്ച് പൊട്ടിപ്പുറപ്പെട്ടതാണ് ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനമുന്നേറ്റം. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായിരുന്നു മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രക്ഷോഭം. അവര്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കുറെക്കാലമായി നടത്തിവന്ന ജീവത്തായ പ്രശ്‌നങ്ങള്‍ നേടാനായുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്. രണ്ടുവര്‍ഷംമുമ്പ് രണ്ടു രാത്രിയും രണ്ടു പകലുമായി സിബിഎസ് ചൗക്കില്‍ ലക്ഷംപേര്‍ ധര്‍ണ നടത്തിയിരുന്നു. അന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതിനുവേണ്ടി താനെ നഗരത്തില്‍ പതിനായിരത്തിലധികം കര്‍ഷകര്‍ പങ്കെടുത്ത് ശവപ്പെട്ടി മാര്‍ച്ച് നടത്തി. ആ മാര്‍ച്ച് ആദിവാസി ക്ഷേമമന്ത്രിയുടെ വീട് രണ്ടുദിവസം വളഞ്ഞുവയ്ക്കുന്നതിലെത്തി. അരലക്ഷം കര്‍ഷകര്‍ പങ്കെടുത്ത് മറാത്ത്വാഡ, വിദര്‍ഭ മേഖലകളില്‍ പ്രക്ഷോഭം നടന്നു. 2017 ജൂണില്‍ വിവിധ കര്‍ഷകസംഘടനകള്‍ യോജിച്ച് കിസാന്‍സഭയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വഴിതടയല്‍സമരം നടത്തി. അതേത്തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പില്‍വരുത്തണമെന്നുള്ള ആവശ്യവും കര്‍ഷകരുടെ ഇത്തവണത്തെ പ്രക്ഷോഭത്തിന് നിദാനമായിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് മഹാരാഷ്ട്രയിലും രാജസ്ഥാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും ചെങ്കൊടിയുടെ തണലില്‍ വിരിഞ്ഞിരിക്കുന്ന ഒരു സമരമുന്നേറ്റം ഒരു യാദൃച്ഛിക പ്രതിഭാസമല്ലെന്നതാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ദരിദ്രകര്‍ഷകരും സമരരംഗത്ത് വരുമ്പോള്‍ തൊഴിലാളികളും ബഹുജനങ്ങളും കൈകോര്‍ക്കുന്നു. ഇതൊരു വിമോചനപോരാട്ടമാണ്. ഇത് ഇന്ത്യന്‍ വിപ്ലവപാതയുടെ സാരാംശമാണ്.

കര്‍ഷകവിരുദ്ധ ഭരണകൂടത്തിനെതിരായ ധീരവും ഫലപ്രദവുമായ പ്രക്ഷോഭമായിരുന്നു മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മുംബൈ ലോങ് മാര്‍ച്ച്. ഇത് ഇന്ത്യയിലാകെ പടരുന്ന പ്രക്ഷോഭമായി മാറിയെന്നതാണ് സവിശേഷകാര്യം. അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രക്ഷോഭത്തില്‍ സിപിഐ എം നേതൃത്വത്തിന്റെ പങ്കാളിത്തവും സജീവമായിരുന്നു. ഇന്ത്യയിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നതിനുള്ള മാതൃകാപരമായ സമര പോംവഴിയാണ് മഹാരാഷ്ട്രപ്രക്ഷോഭം കാട്ടിത്തന്നത്.

സമരകാഴ്ചപ്പാടുകളില്‍ സാധാരണയായി രൂപാന്തരീകരണം, പരിഷ്‌കരണവാദം എന്നിവ അടങ്ങിയ മിതവാദ വഴിയും വിഭാഗീയതയും സെക്ടേറിയനിസവും അടങ്ങിയ സാഹസികമാര്‍ഗവും സ്വീകരിക്കപ്പെടുന്നുണ്ട്. ചില വ്യക്തികളുടെയോ സംഘടനകളുടെയോ നേതൃത്വത്തിലുള്ള ആളിക്കത്തി തീരുന്ന മിതവാദ പ്രക്ഷോഭങ്ങളും കൂട്ടക്കുരുതിയടക്കം നടത്തുന്ന മാവോയിസ്റ്റ് സാഹസിക രീതിയുമുണ്ട്. ഇവ രണ്ടിനെയും നിരാകരിച്ച് ഒരു ശരിയായ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സമരതന്ത്രവും അടവും മഹാരാഷ്ട്രസമരം കാഴ്ചവച്ചു. ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ കോര്‍പറേറ്റ് വളര്‍ച്ചയെന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ട്. ജന്മിത്വത്തോട് സന്ധിചെയ്യുന്ന കുത്തക മുതലാളിത്തവര്‍ഗ ഭരണകൂടംതന്നെ കാര്‍ഷികമേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് വാതില്‍ തുറന്നിട്ടു. അതിനാല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ കൃഷിയിടങ്ങളില്‍ പിടിമുറുക്കി. അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും പാപ്പരാക്കുകയും കൂലിഅടിമകളാക്കുകയും ചെയ്തു. ഇതിന് നേതൃത്വം നല്‍കുകയും തണലേകുകയും ചെയ്യുന്നത് നരേന്ദ്ര മോഡി നയിക്കുന്ന കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളുമാണ്.

'ചലോ പാല്‍തായ്' (നമുക്ക് മാറാം) എന്ന മുദ്രാവാക്യമാണ് അധികാരത്തിന് ബിജെപി ചവിട്ടുപടിയാക്കിയത്. എന്നാല്‍, വാഗ്ദാനം പാലിക്കുന്നതില്‍ ബിജെപി പൂര്‍ണമായി പരാജയപ്പെട്ടു. നവഉദാരവല്‍ക്കരണ സാമ്പത്തികനയത്തിനൊപ്പം ഹിന്ദുത്വ വര്‍ഗീയതയും തീവ്രമായി നടപ്പാക്കുന്നു. നാലുവര്‍ഷത്തെ മോഡിഭരണം അതുകൊണ്ടുതന്നെ പരാജയമാണ്. കാര്‍ഷികമേഖലയില്‍ ഗുണകരമായ മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്ന മേഖലയായി വിദര്‍ഭ മാറി. 1995നുശേഷം രാജ്യത്ത് നാലുലക്ഷത്തിലേറെ കര്‍ഷകര്‍ ആത്മഹത്യചെയ്തു. ഇതില്‍ 76,000 പേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്. 2017 ജൂണിനുശേഷം വിദര്‍ഭയിലും നാസിക്കിലും മാത്രം ആത്മഹത്യചെയ്തത് 1700ലധികംപേര്‍. കഴിഞ്ഞവര്‍ഷംമാത്രം മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ 2414. കൃഷി നഷ്ടമാകുകയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതാവുകയും ചെയ്തു. ഷോപ്പിങ്മാളുകളും വിദേശകയറ്റുമതിയും നടത്തുന്ന കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. എല്ലാ വിഭാഗം ആളുകളിലും തൊഴിലില്ലായ്മ പെരുകി. നോട്ടുനിരോധനവും ജിഎസ്ടിയും സമ്പദ്ഘടനയുടെ താളംതെറ്റിച്ചു. കന്നുകാലി വില്‍പ്പന നിയന്ത്രണം,കൃഷി സബ്‌സിഡി എടുത്തുകളയല്‍, ആദിവാസികള്‍ക്ക് വനഭൂമി പതിച്ചുനല്‍കാതിരിക്കല്‍ ഇതെല്ലാം ജനങ്ങളില്‍ ബിജെപി ഭരണത്തിനെതിരെ കടുത്ത അതൃപ്തി വളര്‍ത്തി.

ഈ സാഹചര്യത്തിന്റെ പ്രതിഫലനമായി മുംബൈ കര്‍ഷക പ്രക്ഷോഭത്തിലെ ഐക്യദാര്‍ഢ്യരംഗങ്ങള്‍. 200 കിലോമീറ്റര്‍ കാല്‍നടയായി മുംബൈ നഗരത്തിലെത്തിയ കര്‍ഷകര്‍, മഹാരാഷ്ട്ര വിധാന്‍ഭവന്‍ ഉപരോധിക്കാനായിരുന്നു ലക്ഷ്യമിട്ടത്. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പുചര്‍ച്ചയ്ക്ക് സമയം അനുവദിച്ചതുകൊണ്ട് അവര്‍ ആസാദ് മൈതാനത്ത് തമ്പടിച്ചു. മാര്‍ച്ച് ആറിന് നാസിക്കില്‍നിന്ന് സമരത്തിന് തുടക്കംകുറിക്കുമ്പോള്‍ 15,000 പേരായിരുന്നു. കര്‍ഷകരെ വഞ്ചിക്കുന്ന മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെതിരായ പ്രതിഷേധവുമായി ചെങ്കൊടിയും ചുവന്ന തൊപ്പിയും പ്ലക്കാര്‍ഡുമായി ദിവസവും അണിചേരുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ചു. മുംബൈയിലെത്തുമ്പോള്‍ അവരുടെ എണ്ണം ഒരുലക്ഷമായി. പാതയോരങ്ങളില്‍ പൂക്കള്‍ വിതറിയാണ് പലരും സമരത്തെ സ്വീകരിച്ചതെന്ന് പ്രക്ഷോഭവിരുദ്ധ വാര്‍ത്തകള്‍ സാധാരണനിലയില്‍ കൊടുത്തുവരുന്ന മാധ്യമങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്തു. ചോര വാര്‍ന്നൊലിക്കുന്ന കാലുകള്‍ക്ക് ചെരിപ്പുകളുമായി ചിലര്‍ ഓടിയെത്തി. ഈന്തപ്പഴവും വടാപാവും വെള്ളവുമായി രാത്രിയിലുടനീളം നിരത്തുവക്കുകളില്‍ ജനങ്ങള്‍ കാത്തുനിന്നു. നാസിക്കില്‍നിന്ന് 200 കിലോമീറ്റര്‍ പിന്നിട്ടെത്തിയ കര്‍ഷകരെയും ആദിവാസികളെയും മുംബൈജനത ഉള്ളുതൊട്ടുള്ള സ്‌നേഹത്തോടെ വരവേറ്റു. പിന്തുണ അറിയിച്ചവരില്‍ സ്‌കൂള്‍കുട്ടികളും കൊടിയുടെ നിറംമറന്ന രാഷ്ട്രീയക്കാരുമെല്ലാം ഉണ്ടായിരുന്നു. ഐഐടി വിദ്യാര്‍ഥികള്‍ ജാഥയ്‌ക്കൊപ്പം അണിചേര്‍ന്നു. നഗരത്തിലെ ഓഫീസുകളില്‍ ഉച്ചഭക്ഷണമെത്തിക്കുന്ന ഡബ്ബാവാലകള്‍ 'നമ്മുടെ സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കാം'&ിയുെ; എന്ന ആഹ്വാനവുമായി ഭക്ഷണം നല്‍കി.

ആഴ്ചയില്‍ മൂന്നുദിവസം പണികിട്ടുന്ന, ഒരുദിവസം 200 രൂപ കൂലിയുള്ള കര്‍ഷകത്തൊഴിലാളികള്‍ 600 രൂപ വേണ്ടെന്ന് വച്ചാണ് ആറുദിവസത്തെ മാര്‍ച്ചിന് എത്തിയത്. ഗ്രാമങ്ങളില്‍നിന്ന് അരിയും ഗോതമ്പും പച്ചക്കറിയും സഹിതമാണ് കര്‍ഷകര്‍ എത്തിയത്. രാത്രി റോഡരികില്‍ പാചകവും പാട്ടും നൃത്തവും. മറാത്ത്വാഡ, വിദര്‍ഭ തുടങ്ങിയ മേഖലകളില്‍നിന്നെല്ലാം കര്‍ഷകര്‍ റാലിയിലേക്ക് ഒഴുകിയെത്തി. ഇവരെയെല്ലാം സഹായിക്കാന്‍ തൊഴിലാളികളും യുവാക്കളും മഹിളകളും രംഗത്തുവന്നു. മെഡിക്കല്‍ സഹായത്തിനായി ആശുപത്രി മാനേജ്‌മെന്റുകളും ജീവനക്കാരും സംഘടനകളും മുന്നോട്ടുവന്നു. സമരക്കാരുടെയും സഹായിക്കുന്നവരുടെയും യോജിപ്പിന് ജാതിയും മതവും തടസ്സമായില്ല. ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാര്‍ടികളും സംഘടനകളും സമരത്തെ പരസ്യമായി പിന്തുണച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന, കോണ്‍ഗ്രസ്, റിപ്പബ്ലിക്കന്‍ പാര്‍ടി തുടങ്ങിയ കക്ഷികളെല്ലാം സജീവമായി രംഗത്തിറങ്ങി. ലോങ് മാര്‍ച്ചിന്റെ തുടക്കംമുതല്‍തന്നെ സിപിഐ പ്രവര്‍ത്തകരും നേതാക്കളും ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ടായിരുന്നു. മാധ്യമങ്ങളും വലിയ തോതില്‍ സമരത്തെ പിന്തുണച്ചു. ജം ഇയ്യത്തുല്‍ ഉലമ, വിവിധ ദളിത് മുസ്ലിം സിഖ് സംഘടനകളും സമരക്കാര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു.

സമരത്തിന് വലിയതോതിലുള്ള പിന്തുണ കിട്ടുകയും ഭരണകൂടത്തെ ദേശീയമായി പിടിച്ചുലയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതനായി. പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതായും ആദിവാസികള്‍ക്കുള്ള വനഭൂമി കൈമാറ്റം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വായ്പ എഴുതിത്തള്ളല്‍, കടാശ്വാസം തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനമുണ്ടായി. വിളനാശത്തിന് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം നല്‍കും. ഏറ്റെടുക്കുന്ന ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കും. കടലിലേക്ക് ഒഴുക്കുന്ന വെള്ളം കൃഷിയാവശ്യത്തിന് വഴിതിരിച്ചുവിടുക എന്നതടക്കമുള്ള ആവശ്യങ്ങളിലും തീര്‍പ്പുണ്ടായി. 2017 ജൂണ്‍ 30 വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളും. മിനിമം താങ്ങുവില നിശ്ചയിക്കാന്‍ കിസാന്‍സഭ പ്രതിനിധികളുടെ നിര്‍ദേശം പരിഗണിക്കും. ഒത്തുതീര്‍പ്പുവ്യവസ്ഥ നടപ്പാക്കാന്‍ ആറംഗസമിതിയെയും നിയോഗിച്ചു. ഇങ്ങനെ വിജയം നേടിയാണ് മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ച് അവസാനിച്ചത്.

ബിജെപിയുടെ ഭരണവര്‍ഗ നയത്തിനേറ്റ പ്രഹരമാണ് മഹാരാഷ്ട്ര കര്‍ഷകസമരത്തിന്റെ വിജയം. രാജ്യത്തെ നാളെ എങ്ങനെ മാറ്റിത്തീര്‍ക്കാമെന്ന് നിശ്ചയിക്കുക ഇത്തരം പ്രക്ഷോഭങ്ങളാണ്. കര്‍ഷകരുടെ രോഷത്തിനുമുന്നില്‍ ബിജെപി സര്‍ക്കാര്‍ അടിയറപറഞ്ഞത് നിസ്സാരകാര്യമല്ല. വര്‍ഗീയക്കോമരങ്ങളുടെ സര്‍ക്കാരുകളും ജനശക്തിക്കുമുന്നില്‍ മുട്ടുമടക്കുമെന്ന് തെളിഞ്ഞു. കര്‍ഷകപ്രക്ഷോഭത്തിനുമുന്നില്‍ നിലംപരിശായ ദേവേന്ദ്ര ഫഡ്‌നാവിസിനെ പുകഴ്ത്തിക്കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭിപ്രായപ്രകടനം വലിയ തമാശയാണ്. ഫഡ്‌നാവിസിനെ കേരള മുഖ്യമന്ത്രി കണ്ടുപഠിക്കണമെന്നാണ് കുമ്മനത്തിന്റെ അഭിപ്രായം. ഇതേസമയം, മുംബൈയിലെപ്പോലെ കര്‍ഷകസമരം കേരളത്തില്‍ എന്തുകൊണ്ട് സംഘടിപ്പിക്കുന്നില്ലെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചു. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് തുലോം വ്യത്യസ്തമാണ് കേരളത്തിലെ കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സ്ഥിതി. അവിടങ്ങളിലെപ്പോലെ അടിമപ്പണി ചെയ്യേണ്ട അവസ്ഥ ഇവിടെയില്ല. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ 'വിദര്‍ഭ' കേരളത്തില്‍ ഇല്ല. ആദിവാസി ഭൂനിയമം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, കിട്ടിയ ഭൂമിയില്‍ പട്ടയം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയിട്ടില്ല. കേന്ദ്ര വനാവകാശനിയമപ്രകാരം ആദിവാസികളുടെ ഭൂമിക്ക് കൈവശരേഖ 2006 - 11ലെ എല്‍ഡിഎഫ് സര്‍ക്കാര്‍തന്നെ നല്‍കിയിട്ടുണ്ട്. എന്നാല്‍, കിട്ടിയ ഭൂമിയില്‍ പട്ടയം നല്‍കാന്‍ കേന്ദ്രനിയമത്തില്‍ മാറ്റം വരുത്തണം. അത് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടില്ല. കേന്ദ്രത്തിന്റെ ഈ ആദിവാസിവിരുദ്ധ സമീപനത്തിനെതിരെ ശബ്ദിക്കുന്നതിനുപകരം, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കേരള മുഖ്യമന്ത്രി കണ്ടുപഠിക്കണമെന്ന കുമ്മനത്തിന്റെ സാരോപദേശം പരിഹാസ്യമാണ്. ഇടതുപക്ഷ ബദല്‍രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് മുംബൈ കര്‍ഷകപ്രക്ഷോഭം കാട്ടിത്തരുന്നത്. എത്ര എംഎല്‍എമാരും എംപിമാരും ഉണ്ടെന്നതിനെ ആസ്പദമാക്കി ഇടതുപക്ഷത്തിന്റെ ഇടപെടല്‍ശക്തിയെ വിലയിരുത്തുന്നതിന്റെ അപര്യാപ്തത ഈ സംഭവം ബോധ്യപ്പെടുത്തുന്നു. പാര്‍ലമെന്ററി മാര്‍ഗത്തോടൊപ്പം പാര്‍ലമെന്റേതര മാര്‍ഗവും ഉപയോഗപ്പെടുത്തി വര്‍ഗസമരം വളര്‍ത്തുന്നതിനാണ് കമ്യൂണിസ്റ്റുകാര്‍ ഇടപെടേണ്ടത്.

മഹാരാഷ്ട്ര കര്‍ഷകപ്രക്ഷോഭം കേവലം ഒരു 'മുല്ലപ്പൂവിപ്ലവ'മായിരുന്നില്ല. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളെ കേന്ദ്രീകരിച്ച് പൊട്ടിപ്പുറപ്പെട്ടതാണ് ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനമുന്നേറ്റം. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായിരുന്നു മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രക്ഷോഭം. അവര്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കുറെക്കാലമായി നടത്തിവന്ന ജീവത്തായ പ്രശ്‌നങ്ങള്‍ നേടാനായുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്. രണ്ടുവര്‍ഷംമുമ്പ് രണ്ടു രാത്രിയും രണ്ടു പകലുമായി സിബിഎസ് ചൗക്കില്‍ ലക്ഷംപേര്‍ ധര്‍ണ നടത്തിയിരുന്നു. അന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതിനുവേണ്ടി താനെ നഗരത്തില്‍ പതിനായിരത്തിലധികം കര്‍ഷകര്‍ പങ്കെടുത്ത് ശവപ്പെട്ടി മാര്‍ച്ച് നടത്തി. ആ മാര്‍ച്ച് ആദിവാസി ക്ഷേമമന്ത്രിയുടെ വീട് രണ്ടുദിവസം വളഞ്ഞുവയ്ക്കുന്നതിലെത്തി. അരലക്ഷം കര്‍ഷകര്‍ പങ്കെടുത്ത് മറാത്ത്വാഡ, വിദര്‍ഭ മേഖലകളില്‍ പ്രക്ഷോഭം നടന്നു. 2017 ജൂണില്‍ വിവിധ കര്‍ഷകസംഘടനകള്‍ യോജിച്ച് കിസാന്‍സഭയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വഴിതടയല്‍സമരം നടത്തി. അതേത്തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പില്‍വരുത്തണമെന്നുള്ള ആവശ്യവും കര്‍ഷകരുടെ ഇത്തവണത്തെ പ്രക്ഷോഭത്തിന് നിദാനമായിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് മഹാരാഷ്ട്രയിലും രാജസ്ഥാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും ചെങ്കൊടിയുടെ തണലില്‍ വിരിഞ്ഞിരിക്കുന്ന ഒരു സമരമുന്നേറ്റം ഒരു യാദൃച്ഛിക പ്രതിഭാസമല്ലെന്നതാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ദരിദ്രകര്‍ഷകരും സമരരംഗത്ത് വരുമ്പോള്‍ തൊഴിലാളികളും ബഹുജനങ്ങളും കൈകോര്‍ക്കുന്നു. ഇതൊരു വിമോചനപോരാട്ടമാണ്. ഇത് ഇന്ത്യന്‍ വിപ്ലവപാതയുടെ സാരാംശമാണ്.

ഇന്ത്യയിലെ കര്‍ഷകജനസാമാന്യവും അവരുടെ ഇന്നത്തെ അവസ്ഥയും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളും അവരെ ചൂഷണംചെയ്ത് വളരുന്ന ഫ്യൂഡല്‍ ജന്മിമാരും മുതലാളിത്ത കോര്‍പറേറ്റുകളും ഇതെല്ലാം അടങ്ങുന്ന ചിത്രം ലോകത്തിനുമുന്നില്‍ ചര്‍ച്ചചെയ്യാന്‍ മഹാരാഷ്ട്രപ്രക്ഷോഭം അവസരമായിരിക്കുന്നു. ബിജെപി ഭരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാന്‍ സമരം ഉപകരിച്ചു. 'ഹിന്ദുക്കളുടെ രക്ഷ' എന്ന മുദ്രാവാക്യംകൂടി ഉപയോഗിച്ചാണ് ത്രിപുരയില്‍ ബി ജെ പി തെരഞ്ഞെടുപ്പുവിജയം നേടിയത്. ന്യൂനപക്ഷപ്രീണനം നടത്തുന്ന കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തുകയെന്ന പ്രചാരണവും നടത്തി. അത്തരം യുക്തിഹീനമായ പ്രചാരണങ്ങള്‍ക്കുള്ള മറുപടികൂടിയായി മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭത്തിന്റെ വിജയം. ത്രിപുരയില്‍ വിലയ്ക്ക് വാങ്ങിയ ബിജെപി വിജയത്തിന്റെ മറവില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ എഴുതിത്തള്ളാമെന്ന് വിലയിരുത്തിയവര്‍ക്കുള്ള തകര്‍പ്പന്‍ ഉത്തരംകൂടിയാണ് മഹാരാഷ്ട്രയിലെയും മറ്റ് സംസ്ഥാനങ്ങളിലേക്ക് പടരുകയും ചെയ്യുന്ന കിസാന്‍സഭയുടെ നേതൃത്വത്തിലുള്ള കര്‍ഷകമുന്നേറ്റം. ആര്‍ എസ് എസ് ബി ജെ പി ഭരണത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ സഹികെട്ടിരിക്കുകയാണ്. കര്‍ഷകപ്രക്ഷോഭവും യുപി ബിഹാര്‍ ഉപതെരഞ്ഞെടുപ്പുഫലങ്ങളും നല്‍കുന്ന സന്ദേശം അതാണ്.

16-Mar-2018

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More