ആരാധനാലയങ്ങളില്‍ ആര്‍ എസ് എസ് വേണ്ട

ഒരു വിശ്വാസി ക്ഷേത്രത്തില്‍ പോയാല്‍ ദൈവത്തിന് മുന്നില്‍ പശ്ചാത്തപിക്കണോ, പ്രാര്‍ത്ഥിക്കണോ, കരയണോ, ചിരിക്കണോ എന്നതൊക്കെ ആ വിശ്വാസിയുടെ അവകാശമാണ്. വിശ്വാസിയും അയാള്‍ വിശ്വസിക്കുന്ന ദൈവവും തമ്മിലുള്ള തീര്‍ത്തും സ്വകാരായമായതും ചിലപ്പോഴൊക്കെ പരസ്യമാവുന്നതുമായ കൊടുക്കല്‍വാങ്ങലുകളില്‍ ഇടനിലക്കാരനായി ആര്‍ എസ് എസുകാരന്‍ നില്‍ക്കേണ്ട കാര്യമില്ല.

കണ്ണൂര്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയന പ്രദക്ഷിണം ചെയ്യാനെത്തിയ കെ പി രാമനുണ്ണിയടക്കമുള്ള വിശ്വാസികളെ ആര്‍ എസ് എസ് ഭീകരസംഘം ആക്രമിച്ചത് കുത്തക മാധ്യമങ്ങള്‍ക്കൊന്നും വാര്‍ത്തയേയാവുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. എല്ലാവരും കൂടി അമ്പലങ്ങളുടെയും ദൈവങ്ങളുടെയും കൈകാര്യകര്‍ത്താക്കളായി ആര്‍ എസ് എസുകാരെ അംഗീകരിക്കുകയാണോ? അങ്ങനെയെങ്കില്‍ അത് വിശ്വാസി സമൂഹത്തിന്റെ സ്വാതന്ത്ര്യങ്ങളുടെയും ഇഷ്ടങ്ങളുടെയും കടയ്ക്കല്‍ വെക്കുന്ന കത്തിയാണ്.

ആര്‍ എസ് എസിന് അമ്പലത്തിലെന്താ കാര്യം? ആര്‍ എസ് എസിന് ഹിന്ദു ദൈവങ്ങളുമായി എന്താ ബന്ധം? ഈ ചോദ്യം നാടെങ്ങും ഉയരേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. പലരും ധരിച്ചുവച്ചിരിക്കുന്നത് ആര്‍ എസ് എസ് ഹിന്ദുക്കളുടെ സംഘടനയാണെന്നാണ്. ഏതെങ്കിലും ഹിന്ദു പുരാണങ്ങളില്‍ നിന്ന്, വേദങ്ങളില്‍ നിന്ന്, ഉപനിഷത്തുകളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന സംഘടനയല്ല ആര്‍ എസ് എസ്.

ആര്‍ എസ് എസിന്റെ ആശയങ്ങള്‍ കടപ്പെട്ടിരിക്കുന്നത് പ്രധാനമായും മുസോളിനിയുടെ ബലിറ്റാ പ്രസ്ഥാനത്തിന്റെ ആശയങ്ങളോടാണ്. ഡോ. ബി എസ് മുന്‍ജെയെ ഇറ്റലിയിലേക്ക് പറഞ്ഞുവിട്ട് മുസോളിനിയുമായി നടത്തിയ ചര്‍ച്ചയും അദ്ദേഹം അവിടെ നിന്ന് നടത്തിയ പഠനങ്ങള്‍ പിന്നീട് ആര്‍ എസ് എസിലേക്ക് സ്വാംശീകരിച്ചതും ചരിത്രമാണ്. ഹിറ്റലറുടെ ഫാസിസ്റ്റ് രീതിശാസ്ത്രത്തെയും ആര്‍ എസ് എസ് സമാഹരിച്ചിട്ടുണ്ട്. ഫാസിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും ആശയങ്ങളും നിലപാടുകളും ഉണ്ടാക്കിയെടുത്ത ഒരു സംഘടന, ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും ഹനുമാന്റെയും പേരും പറഞ്ഞ് അവരുടെ വക്താക്കളാകുന്നത് ഒരിക്കലും വിശ്വാസി സമൂഹം അംഗീകരിക്കരുത്.

ഒരു വിശ്വാസി ക്ഷേത്രത്തില്‍ പോയാല്‍ ദൈവത്തിന് മുന്നില്‍ പശ്ചാത്തപിക്കണോ, പ്രാര്‍ത്ഥിക്കണോ, കരയണോ, ചിരിക്കണോ എന്നതൊക്കെ ആ വിശ്വാസിയുടെ അവകാശമാണ്. വിശ്വാസിയും അയാള്‍ വിശ്വസിക്കുന്ന ദൈവവും തമ്മിലുള്ള തീര്‍ത്തും സ്വകാരായമായതും ചിലപ്പോഴൊക്കെ പരസ്യമാവുന്നതുമായ കൊടുക്കല്‍വാങ്ങലുകളില്‍ ഇടനിലക്കാരനായി ആര്‍ എസ് എസുകാരന്‍ നില്‍ക്കേണ്ട കാര്യമില്ല. അമ്പലത്തിന്റെ അകത്തളങ്ങളെ ബലാല്‍സംഗപുരകളാക്കി മാറ്റുന്ന സംഘി രാഷ്ട്രീയത്തിന് എങ്ങിനെയാണ് അമ്പലങ്ങളുടെ പരിവപാവനത കാത്തുസൂക്ഷിക്കാന്‍ പറ്റുക? കത്വയില്‍ എട്ടുവയസുള്ള പിഞ്ചുകുഞ്ഞിനെ ദേവസ്ഥാനത്തുവെച്ച് ബലാല്‍സംഗം ചെയ്തത് വിശ്വാസികള്‍ക്ക് പൊറുക്കാനാവുന്ന കാര്യമാണോ? അത് പശ്ചാത്തപിക്കേണ്ട കാര്യമല്ലേ? വിശ്വാസികള്‍ ദൈവത്തോട് പശ്ചാത്തപിക്കുമ്പോള്‍ വടിവാളും ബോംബുമായി വിശ്വാസികളെ വകവരുത്താന്‍ വരുന്ന സംഘിത്വം  ഈ നാട്ടിലെ വിശ്വാസികള്‍ക്ക് ആപത്താണ്. ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനും ആപത്താണ്.

ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കി മാറ്റുന്ന ആര്‍ എസ് എസ് സംഘപരിവാരത്തെ ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രപരിസരങ്ങളില്‍ അകറ്റിനിര്‍ത്താനുള്ള വിശ്വാസികളുടെ ഒരു പ്രസ്ഥാനം ഇവിടെ വളര്‍ന്നുവരേണ്ടിയിരിക്കുന്നു.