മനുഷ്യരെപ്പോലെ റീത്തുകൾ സഞ്ചരിക്കുന്ന രാജ്യത്തിൽ

നരകം നട്ടുവളര്‍ത്തുന്ന
രാജ്യത്തിരുന്നാണ്
ഞാന്‍
പനംങ്കള്ള്
സ്വപ്നം കാണുന്നത്,
 
ഒരു ശവം,
 
കത്തുന്ന
പട്ടാളവണ്ടി,
 
അതുമല്ലെങ്കില്‍ 
ഒരു കലാപം
കണ്ണുകലങ്ങിയ 
കുട്ടികള്‍
ഏതെങ്കിലുമൊന്ന്
രാജ്യത്തുനിന്ന് വീടിനകത്തേക്ക്
കയറി ഇരുന്നേക്കാം
 
അടുക്കളയുടെ മുടിക്ക് തീയോ,
കിടപ്പുമുറിയിലേക്ക് 
വെളിച്ചം പൊതിഞ്ഞ ചില്ലോ
തുളഞ്ഞ് കയറുകയോ,
കത്തി പടരുകയോ ചെയ്‌തേക്കാം...
 
രാജ്യം
ചിലപ്പോള്‍ ആയുധങ്ങളുടെ
രൂപത്തിലേക്ക്,
ചുരുണ്ടു 
പോയേക്കാം...
 
ഗീബല്‍സിന്റെ
ശവകുടീരത്തിലെ പനിനീര്‍പൂവ്
ചൂടി കൊണ്ടരാള്‍
സ്‌നേഹത്തെ പറ്റി......
വെടിയുണ്ടകള്‍
പാലിക്കുന്ന സമാധാനത്തെപ്പറ്റി,
ഭയമെന്ന സ്വാതന്ത്ര്യത്തെ പറ്റി 
പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍..
രാജ്യം 
ഒരു നിലവിളിയിലേക്ക് മുറിഞ്ഞ് വീഴുന്നു..
 
മനുഷ്യരെപ്പോലെ
റീത്തുകള്‍ സഞ്ചരിക്കുന്ന രാജ്യത്തില്‍
ഇപ്പോള്‍
നമ്മളുണ്ട് !

12-Nov-2017

കവിതകൾ മുന്‍ലക്കങ്ങളില്‍

More