പൂക്കള്‍ വില്‍ക്കുന്നവര്‍

കത്തിക്കാളുന്ന വെയിലില്‍ ഫുട്പാത്തില്‍ തമിഴത്തിയുടെ മകളെ ഒറ്റയ്ക്ക് ഭിക്ഷ യാചിക്കാനിരുത്തിയിരിക്കുന്നു. പൊള്ളുന്ന ചൂടിലും കുട്ടി ഉടുപ്പിട്ടിട്ടില്ലായിരുന്നു. ക്ഷീണിച്ചു തളര്‍ന്നു കണ്ണീര്‍ വറ്റി, കുട്ടി, കുഞ്ഞിക്കൈകള്‍ ആരോ പഠിപ്പിച്ചുവിട്ടപോലെ വഴിപോക്കരുടെ അടുത്തേക്ക് നീട്ടിക്കൊണ്ടിരുന്നു. തമിഴത്തിയെ അവടെയെങ്ങും കണ്ടില്ല. തണലത്തേയ്ക്ക് മാറിയിരുന്നുകൂടെ ഈ പാവത്തിന് എന്നോര്‍ത്തപ്പോള്‍ അവളുടെ കാലുകള്‍ ഒരു പോസ്റ്റിനോട് ബന്ധിക്കപ്പെട്ടിരുന്നതായി കണ്ടു. കുട്ടിയുടെ തളര്‍ന്ന കാലുകളില്‍ അപ്പോള്‍ പാദസരമുണ്ടായിരുന്നില്ല.
ജനാലക്കടുത്തുള്ള സീറ്റില്‍ തളര്‍ന്നിരിക്കുമ്പോള്‍, ട്രെയിനിന് വേഗത കുറവാണെന്നു സുഷമയ്ക്ക് തോന്നി.

കുട്ടികളെ രണ്ടുപേരെയും ക്രെഷിലാക്കി, അവിടത്തെ സമയത്തിനുമുമ്പ് ജോലി തുടങ്ങുന്നതിന് അധികം കൊടുക്കുന്ന വരുമാനം മതിയാവുന്നില്ല എന്ന പരാതി ആയയുടെ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ മെനക്കെടാതെ, അഴികളിട്ട പടിയില്‍ മുഖം ചേര്‍ത്ത് സങ്കടത്തോടെ 'റ്റാ റ്റാ' പറയുന്ന മക്കളെ മന:പൂര്‍വ്വം ഓര്‍ക്കാതെ, ധൃതിപിടിച്ച് ആദ്യം കിട്ടുന്ന ഓട്ടോറിക്ഷയില്‍ ചാടിക്കയറി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പായുമ്പോള്‍ ഏഴരയുടെ ട്രെയിന്‍ ലേറ്റാവണേ എന്ന പ്രാര്‍ത്ഥന മാത്രമേ സൂഷമയ്ക്കുണ്ടാവൂ. മൂന്നുദിവസം വൈകിയാല്‍ ഹാഫ് ഡേ ലീവ് പോകും.

സ്ഥിരയാത്രക്കാരിയായതുകൊണ്ടാവും, ലതയ്‌ക്കോ ഉഷയ്‌ക്കോ കുമാരിയ്‌ക്കോ സീറ്റു കിട്ടുകയാണെങ്കില്‍ സുഷമയ്ക്കും ഒരരസീറ്റ് ഉറപ്പാക്കാം. അതിലിരുന്ന് ഉറങ്ങാന്‍ ശീലിച്ചുകഴിഞ്ഞു. ആ ഒന്നരമണിക്കൂര്‍ ഉറക്കമാണ് വാസ്തവത്തില്‍ സുഷമയുടെ ടോണിക്ക്. അപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും ആധികള്‍ മാറിനില്‍ക്കും. ലേഡീസ് കമ്പാര്‍ട്ടുമെന്റ്, സ്ഥിരയാത്രക്കാര്‍ക്ക് വീടിന്റെ ഒരു തുടര്‍ച്ചയും കൂടിയാണ്. കുളി കഴിഞ്ഞ് അതുപോലെയിട്ട തലമുടി കെട്ടുന്നതും സാരിയുടെ ഞൊറിവുകള്‍ ശരിപ്പെടുത്തുന്നതും, എന്തിന് നഖം വെട്ടുന്നതും പോലും മിക്കവാറും ട്രെയിനില്‍ വെച്ചാകാറുണ്ട്. എങ്കിലും ആവര്‍ത്തനവിരസം തന്നെയാണ് ആ യാത്രകള്‍. ഒരേ വാതില്‍പ്പുറക്കാഴ്ചകള്‍, ഒരേ മുഖങ്ങള്‍, വായിക്കപ്പെടുന്ന സ്ഥിരം വനിതാ മാസികകള്‍, പതിവു ചര്‍ച്ചകള്‍. ''ആനിയെ കണ്ടില്ലല്ലോ, മെയിലിന് പോയിട്ടുണ്ടാവുമല്ലേ?'' ''ഞാനിന്നിറങ്ങിയപ്പോള്‍ ട്രെയിനിന്റെ ഒച്ച കേട്ടു. കിട്ടില്ലെന്നാ വിചാരിച്ചത്.'' ''പിന്നേ, ജയ ഇപ്പോ സ്ഥിരം ജനറലിലാ കേറുന്നേ. മറ്റേ കക്ഷിയുണ്ടാവുമല്ലോ. കഷ്ടം!'' പക്ഷേ, ട്രെയിന്‍ സൗഹൃദങ്ങള്‍ ഒരിയ്ക്കലും സുഷമയുടെ ഹൃദയത്തെ തൊട്ടിരുന്നില്ല. ഓരോ ദിവസവും കാണുമ്പോള്‍ മാത്രം ഓര്‍മ്മ വരികയും വീട്ടിലോ ഓഫീസിലോ ചെന്നാല്‍ മറക്കുകയും ചെയ്യുന്ന പരിചയക്കാര്‍ മാത്രമായിരുന്നു അവരെല്ലാവരും.

ഉറങ്ങിപ്പോകാത്ത അപൂര്‍വ്വം ദിവസങ്ങളില്‍ സുഷമ ട്രെയിന്‍ യാത്ര ആസ്വദിച്ചിരുന്നുവെന്നതു സത്യം. തന്റെ ഹൃദയമിടിപ്പിനോട് അനുരണനം ചെയ്ത് ട്രെയിന്‍ മുന്നോട്ട് പോകുമ്പോള്‍ സുഷമ പലപ്പോഴും പുറകോട്ടു യാത്രചെയ്യും. തിരക്കിട്ട ജീവിതത്തില്‍ നിന്ന് പുറം തള്ളിയ പച്ചപ്പും നനവുമാര്‍ന്ന ചില ഓര്‍മ്മകളിലൂടെ, ചില സൗഹൃദങ്ങളിലൂടെ, മഴക്കാലങ്ങളിലൂടെ, കണിക്കൊന്ന പൂത്തുനിന്നിരുന്ന തൊടിയിലൂടെ, അവധിക്കാലങ്ങളുടെ ആലസ്യങ്ങളിലൂടെ അമ്മയുടെ മൃദുലമായ കൈകളുടെ തണുപ്പിലൂടെ, പഴയ യുവജനോത്സവവേദികളിലൂടെ, കണ്ണില്‍ ആരാധനയുമായി തന്നെ കാത്തുനിന്നിരുന്ന ഒരു ചെറുപ്പക്കാരനിലൂടെ... പരസ്പരം ചങ്ങലകള്‍ കൂട്ടിക്കെട്ടിയുള്ളതാണീ ഓര്‍മ്മകളുടെ യാത്രയെന്നു തോന്നും. ഒരോര്‍മ്മയില്‍ നിന്ന് അടുത്തതിലേയ്ക്ക്, പിന്നെ അടുത്തതിലേയ്ക്ക്, അങ്ങനെയങ്ങനെ... ഒരു ട്രെയിന്‍ പോലെ. ഈ ഓര്‍മ്മകള്‍ പക്ഷേ, അവളെ സന്തോഷിപ്പിക്കുകയല്ല, സങ്കടപ്പെടുത്തുകയാണ് ചെയ്യാറ്. അതുകൊണ്ടുകൂടിയാണ് സുഷമ ഉറക്കത്തെ സ്വാഗതം ചെയ്യാറുള്ളത്.

ഈ ആവര്‍ത്തനവിരസതയിലേക്കാണ് ഒരു ദിവസം കമ്പാര്‍ട്ടുമെന്റ് മുഴുവന്‍ പൂമണം കൊണ്ട് നിറച്ച് ഒരു തമിഴത്തി കുടിയേറിയത്. മുഷിഞ്ഞു നാറുന്ന ചേലയും പാറിപ്പറക്കുന്ന ചെമ്പന്‍ തലമുടിയും മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമുള്ള അവളെ ആര്‍ക്കും ഇഷ്ടമായിരുന്നില്ലെങ്കിലും അവളുടെ പൂക്കളുടെ മണം എല്ലാവരുമിഷ്ടപ്പെട്ടു. പക്ഷേ, അവളൊരിക്കലും ചെറിയ തുകയ്ക്ക് ട്രെയിനിലാര്‍ക്കും പൂ വിറ്റില്ല. അവയെല്ലാം തന്നെ എറണാകുളത്ത് മൊത്തക്കച്ചവടത്തിനുള്ളതായിരുന്നു. പൂക്കൊട്ട മുകളിലെ ബര്‍ത്തില്‍ കയറ്റിവെച്ച്, താഴെ പേപ്പറോ സാരിയോ വിരിച്ച് തമിഴത്തി കിടന്നുറങ്ങും. ആരോടും സംസാരമില്ല. ആദ്യമൊക്കെ അവരുടെ കിടപ്പ് അല്പസ്വല്പം അസ്വാരസ്യവും മുറുമുറുപ്പും ഉണ്ടാക്കിയെങ്കിലും ട്രെയിനിന്റെ ഒരു പൊതുസ്വഭാവം വെച്ച് അതും ജീവിതത്തിന്റെ ഭാഗമായി. പൂമണമില്ലാത്ത ദിവസങ്ങളില്‍ ''ഇന്നന്താ, തമിഴത്തിയില്ലേ?'' എന്നു ചോദിക്കാനും തുടങ്ങി.

അതിനിടയ്‌ക്കെപ്പോഴോ അവള്‍ മകളെയും കൊണ്ടുവരാന്‍ തുടങ്ങിയിരുന്നു. അമ്മയെപ്പോലെത്തന്നെ ചെമ്പിച്ച മുടിയും വരണ്ട ചുണ്ടുകളുമായിരുന്നു, അതിനും. തറയില്‍ വിരിച്ച ചേലയില്‍ അമ്മയോടു ചേര്‍ന്ന് മകളുറങ്ങി. രണ്ടു രണ്ടര വയസ്സുകാണും. തന്റെ മോളുടെ അതേ പ്രായം. അത്തരമൊരു സമാനതകൊണ്ടാവാം ഒരു ദിവസം സുഷമ തമിഴത്തിയോട് സംസാരിക്കാനൊരുമ്പെട്ടത്. ഭര്‍ത്താവ് വേറെ കല്യാണം കഴിച്ചുവെന്നും കുട്ടിയെ നോക്കിയിരുന്നത് സ്വന്തം അമ്മയായിരുന്നുവെന്നും അവര്‍ മരിച്ചുപോയപ്പോള്‍ മോളെ കൂട്ടിക്കൊണ്ടുവരാതെ നിവൃത്തിയില്ലെന്നും സുഷമ അവരുടെ തമിഴില്‍ നിന്നും മനസ്സിലാക്കിയെടുത്തു. രണ്ടു കാലും പോളിയോ വന്ന് തളര്‍ന്നിരുന്നതുകൊണ്ട് കുട്ടിക്ക് നടക്കാനാവില്ലായിരുന്നു. പിന്നീടൊരിക്കല്‍ മടിക്കുത്തിലെ വര്‍ണ്ണക്കടലാസു പൊതിയില്‍ നിന്ന് ഒരു ജോടി വെള്ളിപ്പാദസരങ്ങള്‍ തമിഴത്തി സുഷമയ്ക്ക് കാട്ടിക്കൊടുത്തു. നിറയെ മുത്തുകള്‍ കിലങ്ങുന്ന മനോഹരമായ കൊലുസുകള്‍. മോള്‍ക്ക് പാദസരമിടാന്‍ വലിയ മോഹമാണത്രേ.
മറ്റൊരിക്കല്‍ കുട്ടി തളര്‍ന്ന കാലുകളിലിട്ടിരുന്ന കൊലുസില്‍ തിരുപ്പിടിച്ച് സന്തോഷിച്ചിരിക്കുന്ന കാഴ്ച സുഷമയില്‍ കൗതുകമുണര്‍ത്തി. അമ്മയുറങ്ങുകയായിരുന്നുവെങ്കിലും കുട്ടി യാത്രയില്‍ മുഴുവന്‍ പാദസരത്തിന്റെ മണികള്‍ കിലുക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് സുഷമയെ നോക്കി ചിരിച്ചു. ചിരിക്കുമ്പോള്‍ എല്ലാ കുട്ടികള്‍ക്കും ഒരേ ഛായയാണെന്നു സുഷമക്കന്നേരം തോന്നി.

ഒന്നിനുപകരം തമിഴത്തികള്‍ അഞ്ചായി. അവര്‍ തമ്മില്‍ വഴക്കും ബഹളവും ഉറക്കെയുള്ള സംസാരവുമായപ്പോള്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാര്‍ അസ്വസ്ഥരായി. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന തമിഴത്തികളെ പുറത്താക്കണമെന്ന ശക്തമായ ആവശ്യം ടി.ടി.ഇ.യുടെ ശ്രദ്ധയില്‍പ്പെടുത്തി. അതുകൊണ്ടോ എന്തോ, തമിഴ്‌സംഘം കമ്പാര്‍ട്ടുമെന്റില്‍ നിന്ന് അപ്രത്യക്ഷരായി. ''ഇവറ്റക്കൊക്കെ വേറേം ചില പണികളുണ്ടെന്നേ... പിഴച്ചവക'' എന്നും മറ്റും അഭിപ്രായപ്പെട്ട് പലരും ആശ്വസിച്ചു. പൂമണം പോയ് മറഞ്ഞു. എല്ലാം പഴയ പടി. ഉറക്കം, പരദൂഷണം, അല്പം വായന.

എങ്കിലും സുഷമയുടെ ഓര്‍മ്മയില്‍ ആ തമിഴത്തിയും കുട്ടിയും അതിന്റെ പാദസരം കിലുക്കിയുള്ള ഇരിപ്പും ഇടയ്ക്കിടെ കടന്നുവന്നു. അവരിപ്പോള്‍ എന്തു ചെയ്യുകയാവും എന്നു വെറുതെയോര്‍ത്തു. തമിഴത്തിയോട് ആകെ സംസാരിച്ച ഒരു യാത്രക്കാരി എന്ന പരിഗണനയിലോ എന്തോ സുഷമയ്ക്ക് ഒരിയ്ക്കല്‍ അവള്‍ സമ്മാനിച്ചിരുന്ന ഒരു മുഴം മുല്ലപ്പൂവിനെക്കുറിച്ചുമോര്‍ത്തു. ഉപേക്ഷിച്ചുപോയ അവളുടെ ഭര്‍ത്താവിനെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമോര്‍ത്തു. കാഴ്ചയിലും ചിന്തയിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ ആളുകള്‍ വ്യത്യസ്തരായിരിക്കുന്നതുപോലെ ദു:ഖങ്ങള്‍ സഹിക്കാനുള്ള കഴിവിലും എത്ര വൈജാത്യമെന്നോര്‍ത്തത്ഭുതപ്പെട്ടു.

ക്രെഷിലെ ആയയ്ക്ക് നേരത്തെ പോകണമെന്ന ആവശ്യമറിയിച്ചിരുന്നതുകൊണ്ട് ഉച്ചയ്ക്ക് ലീവ് എഴുതിക്കൊടുത്ത് ഓഫീസില്‍ നിന്നിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. കത്തിക്കാളുന്ന വെയിലില്‍ ഫുട്പാത്തില്‍ തമിഴത്തിയുടെ മകളെ ഒറ്റയ്ക്ക് ഭിക്ഷ യാചിക്കാനിരുത്തിയിരിക്കുന്നു. പൊള്ളുന്ന ചൂടിലും കുട്ടി ഉടുപ്പിട്ടിട്ടില്ലായിരുന്നു. ക്ഷീണിച്ചു തളര്‍ന്നു കണ്ണീര്‍ വറ്റി, കുട്ടി, കുഞ്ഞിക്കൈകള്‍ ആരോ പഠിപ്പിച്ചുവിട്ടപോലെ വഴിപോക്കരുടെ അടുത്തേക്ക് നീട്ടിക്കൊണ്ടിരുന്നു. തമിഴത്തിയെ അവടെയെങ്ങും കണ്ടില്ല. തണലത്തേയ്ക്ക് മാറിയിരുന്നുകൂടെ ഈ പാവത്തിന് എന്നോര്‍ത്തപ്പോള്‍ അവളുടെ കാലുകള്‍ ഒരു പോസ്റ്റിനോട് ബന്ധിക്കപ്പെട്ടിരുന്നതായി കണ്ടു. കുട്ടിയുടെ തളര്‍ന്ന കാലുകളില്‍ അപ്പോള്‍ പാദസരമുണ്ടായിരുന്നില്ല.
ജനാലക്കടുത്തുള്ള സീറ്റില്‍ തളര്‍ന്നിരിക്കുമ്പോള്‍, ട്രെയിനിന് വേഗത കുറവാണെന്നു സുഷമയ്ക്ക് തോന്നി. ഒരു കരച്ചില്‍ വന്ന് തൊണ്ടയില്‍ വന്നുമുട്ടിയത് അവള്‍ ബുദ്ധിമുട്ടി ചവച്ചിറക്കി. ക്രെഷിന്റെ പടിവാതിലില്‍ പിടിച്ച് തന്നെ കാത്തുനില്‍ക്കുന്ന നാലുകുഞ്ഞിക്കണ്ണുകള്‍ മാത്രമായിരുന്നില്ല മനസ്സിലപ്പോള്‍.

29-Jun-2015

കഥകൾ മുന്‍ലക്കങ്ങളില്‍

More