സ്ത്രീവിരുദ്ധതയുടെ ഹണ്ട്രഡ് ഡിഗ്രി സെല്‍ഷ്യസ്‌

സ്ത്രീകളുടെ പക്ഷത്ത് എന്നുള്ള നാട്യത്തോടെ കാണിക്കുന്ന സ്ത്രീവിരുദ്ധതയുടെ നേര്‍ക്കാഴ്ച ആണ് ഈ സിനിമ. തീര്‍ച്ചയായും ഇത്തരം സിനിമകള്‍ സ്ത്രീകള്‍ ബഹിഷ്കരിക്കേണ്ടതാണ്. സ്ത്രീ സ്വത്വത്തെ വെറും മാംസം എന്നതിനപ്പുറത്ത് കാണാന്‍ സാധിക്കാത്ത രാകേഷ്‌ ഗോപന്മാര്‍ സംവിധായക മേലങ്കി അണിയുമ്പോള്‍ സ്ത്രീകള്‍ അപമാനിതകള്‍ ആയിക്കൊണ്ടേ ഇരിക്കുകയാണ്. അട്ടപ്പാടിയിലെ പട്ടിണിയെ പരിഹസിച്ചു എന്ന് പറഞ്ഞ് മോഹന്‍ലാലിനെതിരെ ശബ്ദിച്ച ബുദ്ധിജീവി സംവിധായകര്‍ എന്തുകൊണ്ട് ഈ സിനിമയെ കാണുന്നില്ല.? ബുദ്ധിജീവികളും സ്ത്രീകളുടെ നേരെയുള്ള പരാക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക ആണോ? തീര്‍ച്ചയായും മലയാളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ എങ്കിലും ഈ സിനിമയ്ക്കെതിരെ ശബ്ദിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ നാളെ ഇത്തരം അപമാനങ്ങള്‍ തുടര്‍ക്കഥ ആയേക്കാം.

സ്ത്രീപക്ഷ സിനിമ എന്ന് പേരില്‍ നവാഗതനായ രാകേഷ് ഗോപന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ, ഹണ്ട്രഡ് ഡിഗ്രി സെല്‍ഷ്യസ്‌ സ്ത്രീകളെ അധിഷേപിക്കുക തന്നെയാണ്. സ്ത്രീകള്‍ പുരുഷന്‍മാരെ പോലെയല്ല എന്നാണ് ഈ സിനിമയിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്. സ്ത്രീകളെ കാമാന്ധരും അവര്‍ നേടുന്ന പദവികള്‍  കറുക്കുവഴികളിലൂടെയാണെന്നും സിനിമ പറയുന്നു. 

പലവിധ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന 4 യുവതികള്‍  ഒന്നിച്ചു താമസിക്കുന്ന ഫ്‌ളാറ്റിലാണ് കഥ നടക്കുന്നത്. നാലുപേരില്‍ ഒരാള്‍ ചാനല്‍ റിപ്പോര്‍ട്ടറാണ്. അവരുടെ ഒരു കൂട്ടുകാരി, കാമുകനുമൊത്ത് ഫ്ലാറ്റില്‍ എത്തുകയും കാമുകന്‍ അവിടെ വെച്ച് ഹൃദയാഘാതം മൂലം മരണമടയുകയും ചെയ്യുന്നു. മരണപ്പെട്ടത് കൂട്ടികാരിയുടെ ഭര്‍ത്താവല്ലെന്നും കാമുകനാണെന്നും മനസ്സിലാക്കുന്ന യുവതികള്‍ നിയമത്തിനു വിധേയരാവുന്നില്ല. അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ല. അവര്‍ നഗരത്തിലെ ഒരു കുപ്രസിദ്ധ ഗുണ്ടയെ അര്‍ദ്ധരാത്രി ഫ്‌ളാറ്റില്‍ വിളിച്ച് മൃതശരീരം മറവുചെയ്യാനായി ഏല്‍പ്പിക്കുന്നു. ഗുണ്ട ആകസ്മികമായി കൊല്ലപ്പെടുന്നു. ഫ്‌ളാറ്റിലെ 4 അന്തേവാസികളില്‍ ഒരു യുവതിയുടെ കാമുകന്‍,  ഫ്‌ളാറ്റിലെത്തിയ യുവതിയേയും കാമുകിയേയുമടക്കം 5 സ്ത്രികളെയും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ഇവരില്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഒരു യുവതികൊണ്ട് 10 ലക്ഷം രൂപയുടെ  കള്ളനോട്ട് മാറ്റിയെടുക്കുന്നു. ചാനല്‍ റിപ്പോര്‍ട്ടറെ, വേറെ രണ്ട് സ്ത്രീകള്‍ക്ക് കുടിക്കാനായി നല്‍കുന്ന ജ്യൂസില്‍ മയക്കുമരുന്ന് നല്‍കാനായി വില്ലന്‍ ഉപയോഗിക്കുന്നു. വില്ലന്റെ ചതിയില്‍പെടുന്ന മറ്റൊരു പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തിനായി സഹോദരിയായി അഭിനയിച്ച് ആശുപത്രിയിലെത്തിക്കാനും വില്ലന്‍ തയ്യാറാകുന്നു.

വില്ലന്റെ ഭീഷണിക്ക് വഴങ്ങി വില്ലന്‍ ഉപയോഗിച്ച മറ്റൊരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കാനായി ആശുപത്രിയിലെത്തുക്കുന്ന റിപ്പോര്‍ട്ടറോട്, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കും സെലിബ്രിറ്റികളായ മറ്റു വനികള്‍ക്കും ഗര്‍ഭഛിദ്രത്തിനായി സ്‌പെഷ്യല്‍ പാക്കേജ് നല്‍കാമെന്ന് ഡോക്ടര്‍ വാഗ്ദാനം നല്‍കുന്നു. ചതിയില്‍പ്പെട്ടു നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍ക്ക് ആത്മഗതം നടത്താന്‍ പോലും ഒരു സെക്കന്റ് സിനിമ നല്‍കുന്നില്ല. മൂന്നു സ്ത്രീകളും ചതി മനസ്സിലാക്കി ഒരുമിച്ച് ചേര്‍ന്ന് വില്ലനെ വിളിച്ചുവരുത്തി കൊടുവാള്‍കൊണ്ട് വെട്ടി തറയിലിടുകയും  കഷണംകഷണമായി നുറുക്കി പോളിത്തീന്‍ കവറിലാക്കി പൊതു ശ്മശാനത്തിലെത്തിക്കുകയും ചെയ്യുന്നു.

വില്ലന്റെ ചെയ്തികളില്‍ ഗതികെട്ട ചാനല്‍ റിപ്പോര്‍ട്ടര്‍ വില്ലനെ കൊലപ്പെടുത്തും മുമ്പ് ഒരു വനിതാ അഭിഭാഷകയോട് കാര്യങ്ങള്‍ തുറന്നു പറയുന്നു. വില്ലനോട് സംസാരിച്ച് കാര്യങ്ങള്‍ തീര്‍പ്പാക്കാനാണ് വനിതാ അഭിഭാഷക നല്‍കുന്ന നിര്‍ദ്ദേശം. നിയമത്തിനു വിധേയരാകണമെന്നു ഉപദേശിക്കേണ്ട അഭിഭാഷകര്‍ നിയമലംഘനം നടത്താന്‍ വനിതകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും നിയമോപദേശത്തിനായി തെരഞ്ഞെടുത്തത് ഒരു വനിതാ അഭിഭാഷകയെ തന്നെയാണെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രവാസിയായ   ഭര്‍ത്താവിന്റെ വീട്ടമ്മയായ ഭാര്യ അവിചാരിതമായി തന്റെ പൂര്‍വ്വ കാമുകനെ കണ്ടുമുട്ടുമ്പോള്‍ കുടുംബം മറക്കുകയും ശാരീരിക ബന്ധത്തിന് തയ്യാറാവുകയും ചെയ്യുന്നതായി ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. വീട്ടമ്മയെ പരിചയപ്പെടുത്തുന്ന ആദ്യസീനില്‍ തന്നെ സംവിധായകന്‍ ഇവര്‍ തമ്മിലുള്ള ശാരീരകബന്ധത്തിന്റെ ദൃശ്യങ്ങളാണ് പ്രേക്ഷകരിലെത്തിക്കുന്നത്.

ചുരുക്കത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ള സ്ത്രീകളെയും വനിതാ അഭിഭാഷകരെയും, വനിതാ മാധ്യമപ്രവര്‍ത്തകരെയും സ്ത്രീ സമൂഹത്തെ ഒന്നാകെയും അടച്ചാക്ഷേപിക്കുന്ന സിനിമയാണ് സ്ത്രീപക്ഷ സിനിമ എന്ന പേരില്‍ സംവിധായകന്‍ തീയറ്ററിലെത്തിച്ചിരുക്കുന്നത്. വില്ലനെ ഫ്‌ളാറ്റിലെ അന്തേവാസികളായ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് കൊലചെയ്യുന്നുണ്ടെങ്കിലും കാമുകി വിവരം അറിയുന്നില്ല. കാമുകന്‍ തന്നെ ചതിച്ചു എന്ന് മനസ്സിലാക്കുവാനുള്ള അവസരം പോലും കാമുകിക്ക് ലഭിക്കുന്നില്ല. അപകടത്തില്‍പ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് കൊലപാതകം നടത്താമെന്നും നീതിന്യായസംവിധാനങ്ങളെ നോക്കുകുത്തിയാക്കാമെന്ന സന്ദേശവുമാണ് സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സ്ത്രീപക്ഷ സിനിമ എന്നതിനപ്പുറം ആദ്യന്തം തികഞ്ഞ സ്ത്രീ വിരുദ്ധത പുലര്‍ത്തുന്നതിലാണ് സംവിധായകന്‍ തന്റെ മികവു തെളിയിച്ചിരിക്കുന്നത്. 

സ്ത്രീകളുടെ പക്ഷത്ത് എന്നുള്ള നാട്യത്തോടെ കാണിക്കുന്ന സ്ത്രീവിരുദ്ധതയുടെ നേര്‍ക്കാഴ്ച ആണ് ഈ സിനിമ. തീര്‍ച്ചയായും ഇത്തരം സിനിമകള്‍ സ്ത്രീകള്‍ ബഹിഷ്കരിക്കേണ്ടതാണ്. സ്ത്രീ സ്വത്വത്തെ വെറും മാംസം എന്നതിനപ്പുറത്ത് കാണാന്‍ സാധിക്കാത്ത രാകേഷ്‌ ഗോപന്മാര്‍ സംവിധായക മേലങ്കി അണിയുമ്പോള്‍ സ്ത്രീകള്‍ അപമാനിതകള്‍ ആയിക്കൊണ്ടേ ഇരിക്കുകയാണ്. അട്ടപ്പാടിയിലെ പട്ടിണിയെ പരിഹസിച്ചു എന്ന് പറഞ്ഞ് മോഹന്‍ലാലിനെതിരെ ശബ്ദിച്ച ബുദ്ധിജീവി സംവിധായകര്‍ എന്തുകൊണ്ട് ഈ സിനിമയെ കാണുന്നില്ല.? ബുദ്ധിജീവികളും സ്ത്രീകളുടെ നേരെയുള്ള പരാക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക ആണോ? തീര്‍ച്ചയായും മലയാളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ എങ്കിലും ഈ സിനിമയ്ക്കെതിരെ ശബ്ദിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ നാളെ ഇത്തരം അപമാനങ്ങള്‍ തുടര്‍ക്കഥ ആയേക്കാം.

15-Oct-2014

കാഴ്ച മുന്‍ലക്കങ്ങളില്‍

More