പുണ്യാളന് കൊറച്ച് പറയാന്ണ്ട്

കാട്ടില്‍ ചൂളംകുത്തുന്ന കാറ്റിലൂടെ ഒരു രൂപം നീങ്ങുന്നതയാളുടെ കണ്ണുകളില്‍ തടഞ്ഞു. അത്തിമരച്ചോട്ടിലേക്കത് മറഞ്ഞപ്പോള്‍ അയാള്‍ കിളിവാതിലിലേക്കു മുഖം ചേര്‍ത്തു.
വാതില്‍ തുറന്ന് അയാള്‍ പുറത്തിറങ്ങി. ചവിട്ടുവഴിയിലൂടെ അത്തിമരത്തിനരികിലേക്കു നടന്നു. മരച്ചോട്ടില്‍, പുറംതിരിഞ്ഞു നില്‍ക്കുന്ന രൂപത്തെ നോക്കി. മരച്ചില്ലയിലിരുന്ന് പ്രാവുകള്‍ കുറുകുന്നുണ്ട്. ളോഹയാണ് വേഷം, അത് പൊക്കിപ്പിടിച്ചാണ് നില്‍പ്പ്. കഷണ്ടി നിലാവില്‍ തിളങ്ങുന്നു.
“ആരാ?”
“ആരാന്നാ ചോദിച്ചേ...?”
“ഞാനൊന്ന് മൂത്രമൊഴിക്കട്ടെടാ...” മുഖം അയാള്‍ക്കുനേരെ തിരിഞ്ഞപ്പോള്‍, സ്തബ്ധനായി അയാള്‍.
“പുണ്യാളന്‍.! കര്‍ത്താവേ.! അസീസിയായിലെ സെന്റ് ഫ്രാന്‍സിസ്...”
ളോഹ താഴ്ത്തിയിട്ട്, അരക്കെട്ടൊന്നു കുടഞ്ഞു. കൊന്തയിലെ കുരിശ് ആടിയുലയുന്നു. പാദങ്ങളിലേക്കു തെറിച്ച മൂത്രതുള്ളികള്‍ തുടക്കാന്‍ കുറ്റിച്ചെടികളിലേക്കു കാലുകള്‍ വീശി. പുണ്യാളന്‍ കൊല്ലിയിലേക്കുള്ള വഴിയിലേക്കു നടന്നു. 

ആ നഗരത്തില്‍ നിന്ന് മലമുകളിലെ ഗ്രാമത്തിലേക്കുള്ള യാത്രകളില്‍ പരാജയങ്ങളായിരുന്നു അയാള്‍ക്ക് കൂട്ട്; അഞ്ചുവര്‍ഷത്തിലേറെയായി പരാജയത്തിന്റെ കമ്പിളിയും പുതച്ചുള്ള മടക്കയാത്ര തുടങ്ങിയിട്ട്. മലമുകളില്‍വെച്ച് പ്രതീക്ഷകളാല്‍ പൂത്തുലയുന്ന അയാള്‍, ചുരമിറങ്ങി, നഗരത്തില്‍ തമ്പടിക്കാറുള്ള ലോഡ്ജ്മുറിയില്‍നിന്നാണ് വിജയം സ്വപ്നംകണ്ടുള്ള നീക്കങ്ങള്‍ ആരംഭിക്കുക. പതിയെ പതിയെ പ്രതീക്ഷയുടെ പൂക്കള്‍ ഒന്നൊന്നായ് കരിഞ്ഞ്, നഗരത്തില്‍ നിന്നുള്ള മടക്കയാത്രയില്‍ പൊഴിയാന്‍ തുടങ്ങും. ചുരങ്ങളുടെ കയറ്റങ്ങളില്‍ ഇലകളൊന്നാകെ അടര്‍ന്നുവീണ്, മലമുകളിലെത്തുമ്പോഴേക്കും അയാള്‍ കരിഞ്ഞുണങ്ങിയ മരമാവും. പിന്നെ, ഗ്രാമത്തിലെ ജീവിതത്തിനിടയില്‍ തളിരുകള്‍ വീണ്ടും കിളിര്‍ക്കാന്‍ തുടങ്ങും. ഒരു തവണ ജയത്തിന്റെ പലകയിലേക്കു കാല്‍വെക്കുന്നതിനിടയില്‍ അത് അകന്നുപോയത് സ്റ്റാര്‍ഹോട്ടലിലെ സന്ധ്യാനേരത്ത്.
“ടോ... ഞാനവതരിപ്പിക്കുന്ന കഥാപാത്രത്തിന് പ്രണയിച്ചവളെ നഷ്ടപ്പെടുകയോ..!!”
“സാര്‍... കഥയാണല്ലോ നമുക്ക്...”
“എന്ത് കത.! സൂപ്പര്‍സ്റ്റാറായ എനിക്ക് ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റൊരു പെണ്ണിനെ നീ ഉണ്ടാക്കിയെടുത്തോളണം. അങ്ങനെ കതയൊന്നു പൊളിച്ചെഴുതി വാ...”
“അത്..! സാര്‍..!”
പിന്നീടൊരിക്കല്‍ പരാജയത്തിന്റെ ചുഴലിക്കാറ്റ് ചുറ്റിവരിയുന്നത് കടലോര റിസോര്‍ട്ടില്‍ വെച്ച്.
“ഭായ്, ഈ കഥ നമുക്കൊരു മനയുടെ പശ്ചാത്തലത്തിലേക്ക് മാറ്റണം.”
“സാര്‍, ഇത് കുടിയേറ്റ ക്രിസ്ത്യാനികളുടെ കഥയാ.!”
“ഔസേപ്പ് എന്ന നായകനെ നീലകണ്ഠന്‍ നമ്പൂതിരിയാക്കണം. കാമുകി ശോശാമ്മ ഭാമത്തമ്പുരാട്ടിയാവട്ടെ. എന്നാലെ എനിക്കീ പ്രൊജക്റ്റ് സംവിധാനം ചെയ്യാനാവൂ.”
“അത്..! സാര്‍..!”
പക്ഷേ, ഇന്നത്തെ മടക്കയാത്രയില്‍ ജയത്തിന്റെ മുനമ്പില്‍ കൈകളമര്‍ത്തി തൂങ്ങിയാടുകയാണ് അയാള്‍. പ്രതീക്ഷയുടെ പൂക്കള്‍ ഇനിയും അവശേഷിക്കുന്നുണ്ട്, ഇലകള്‍ കാറ്റിലാടുകയുമാണ്. ഒറ്റക്കുതിപ്പിന് കാലുകള്‍ കൂടി മുനമ്പിലേക്ക് കയറ്റിവെക്കാനുള്ള ശ്രമത്തിലാണയാള്‍. ഇന്നലെ രാത്രി ഹൗസ്‌ബോട്ടില്‍ വെച്ചാണ് വീഴ്ച സംഭവിക്കുന്നത്.
“ബോസ്, സാറ്റ്‌ലൈറ്റ് റൈറ്റുള്ള നടന്‍ കഥ ഒകെ പറഞ്ഞു.!”
“ഡേറ്റ് തന്നോ..?”
“തന്നു.! ഞാനും സംവിധായകനുമാണ് കഥപറയാന്‍ പോയത്.”
“ശരി. പക്ഷേ, നിന്റെ തിരക്കഥയില്‍ ന്യൂജനറേഷന്‍ സിനിമക്ക് അത്യാവശ്യം വേണ്ട കൂതറ സാധനങ്ങളൊന്നുമില്ലല്ലോ...?”
“അതെന്താണ് ബോസ്...?”
“കീഴ്ശ്വാസം. പിന്നെ, അസഭ്യവാക്കുകളും മദ്യവും മയക്കുമരുന്നും. ഒരു സ്ത്രീകഥാപാത്രം പോലും മദ്യപിക്കുന്നുമില്ല, പുകവലിക്കുന്നുമില്ല.!!”
“അത്...! ബോസ്.!”
“ഈ പറഞ്ഞ കൂതറകളെല്ലാം ചേര്‍ത്ത് നീ തിരക്കഥ ഒരുക്കിയെടുത്താല്‍ ഞാന്‍ നിര്‍മ്മിക്കുന്ന അടുത്തപടം ഇതായിരിക്കും.”
ന്യൂജനറേഷന്‍ സിനിമാചേരുവകള്‍ തിളച്ചുമറിയുന്ന തിരക്കഥയില്‍ എങ്ങനെ ചേര്‍ക്കണമെന്ന ആധിയാല്‍ പുകഞ്ഞുനീറിക്കൊണ്ടുള്ള യാത്രയിലാണയാളിപ്പോള്‍.
കവലയില്‍നിന്ന് ബസ് പതിയെ നീങ്ങുമ്പോഴാണ് സ്വബോധത്തിന്റെ മിന്നലുകള്‍ അയാളിലേക്കിറങ്ങി വന്നത്. പിടഞ്ഞെഴുന്നേറ്റ്, ഡോറിനരികിലേക്കോടി. ഗ്രാമത്തിലെ സായാഹ്നത്തിലേക്കു ചാടിയിറങ്ങി, ഊടുവഴിയെ ലക്ഷ്യംവെച്ചു നടന്നു. കലുങ്ങില്‍ കോറിപ്പിടിച്ചിരിക്കുന്നവര്‍ വിളിക്കുന്നുണ്ടെങ്കിലും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.
മലഞ്ചെരുവിലൂടെ നീളുന്ന വഴിയിലൂടെ വെളുത്തചെമ്മരിയാടിന്‍പറ്റംപോലെ കോട ഒഴുകിയെത്തുമ്പോള്‍ അയാളതിനകത്തേക്കു തുളച്ചുകയറുകയാണ്. മലയുടെ താഴ് വാരങ്ങളിലേക്കൊഴുകുന്ന കോട കാപ്പിത്തോട്ടത്തെ മൂടിപ്പുതപ്പിക്കുമ്പോള്‍ അയാളെന്തിലോ ചെന്നിടിച്ചു. ഞരക്കംകേട്ട്, വെളുമ്പന്‍പുകക്കുള്ളിലേക്കു സൂക്ഷിച്ചു നോക്കുമ്പോള്‍ നിലത്തു ചിതറിക്കിടക്കുന്ന റബ്ബര്‍ഷീറ്റുകള്‍ക്കുള്ളില്‍ നിന്നൊരു ശബ്ദം കേട്ടു.
“യോനാ.!”
“കീഴ്ശ്വാസം” അയാള്‍ പറഞ്ഞു “മദ്യം... അശ്ലീലം... മയക്കുമര്ന്ന്... പിന്നേ...”
“യോനാ, നിനക്കിതെന്നാ പറ്റീ? ഞാന്‍ പൊറിഞ്ചുവാടാ...”
“ഹോ... പൊറിഞ്ചുവോ, ഞാന്‍ മറ്റൊരു ലോകത്താര്ന്നു.” അവനെ കൈപിടിച്ചെഴുന്നേല്‍പ്പിച്ച് അയാള്‍ ചോദിച്ചു “എന്നായുണ്ട് പൊറിഞ്ചുവേ വിശേഷം..?”
“വിശേഷം നാളെ കാലത്ത് ണീക്കുമ്പോ അറിയാം. നടുകുത്തിയാ വീണേ...!”
“എന്നാ, ഞാനങ്ങ് നടന്നോട്ടെ...”
“യോനാ, വീട്ടിലോട്ട് പോവുന്നില്ലായോ...?”
“ഇല്ല. എസ്റ്റേറ്റിലെ റബ്ബര്‍പുരയിലേക്കാ.”
അയാള്‍ വേഗം നടന്നുനീങ്ങുമ്പോള്‍ കോടക്കുള്ളിലൂടെ വന്ന അവന്റെ വിളികള്‍ പിന്നില്‍ നിന്നു തോണ്ടി.
“യോനാ... നെന്റെ പള്ളിപൊളിക്കാന്‍ പോവ്വാ.!”
“പള്ള്യോ.!”
“അതേടാ... നെന്റെ മരിയന്‍തിയറ്ററ്. നീ ചെറുപ്പംതൊട്ടെ പള്ളീലുംപോവാതെ ഒരേ സിനിമ മൂന്നുംനാലുംതവണ കണ്ട...”
അയാള്‍ കോടക്കുള്ളില്‍ അനക്കമറ്റു നിന്നു.
“പൊറിഞ്ഞുവേ... ഏതാണ്ടാ അവസാന പടം?”
“പ്രാഞ്ചിയേട്ടന്‍.”
“ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ്... ചിറമ്മല്‍...” അയാള്‍ ആ പേര് വീണ്ടും വീണ്ടും ഉരുവിട്ടു നടന്നുനീങ്ങുമ്പോള്‍ അവന്‍ റബ്ബര്‍ഷീറ്റുകള്‍ തലയില്‍ വെച്ചു നടന്നു. കോടയുടെ ഉള്ളറകളില്‍ അവര്‍ അലിഞ്ഞലിഞ്ഞില്ലാതായി.
റബ്ബര്‍പ്പുരയിലെ എഴുത്തുമേശയില്‍, തൂങ്ങിനില്‍ക്കുന്ന റാന്തലിന്റെ മഞ്ഞവെളിച്ചമേറ്റു കിടക്കുന്ന തിരക്കഥാശരീരത്തിലൂടെ അയാളുടെ പേന നീങ്ങുകയാണ്. ചിലയിടങ്ങളിലെല്ലാം ആണ്ടിറങ്ങി, പലതും മുറിച്ചുമാറ്റാനും പകരം ന്യൂജനറേഷന്‍ ഘടകങ്ങള്‍ ചേര്‍ത്തു വെക്കാനും പേന പാടുപെടുന്നുണ്ട്. ഓരോ മുറിവുകളും പുറമേക്ക് കാണാത്തവിധം തുന്നിച്ചേര്‍ത്ത് തിരക്കഥയിലൂടെ നീങ്ങുമ്പോള്‍, എഴുത്തുമേശക്കുമുന്‍പിലെ കിളിവാതിലിലൂടെത്തി നോക്കുന്ന ചന്ദ്രബിംബത്തോടും ചിറകടിക്കുന്ന രാപ്പക്ഷികളോടും അയാള്‍ ആത്മസംഘര്‍ഷങ്ങള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു.
“നെരിച്ചീറേ, പതിനഞ്ചാം സീനിലൊരു മയക്കുമര്ന്ന് തിരുകിക്കയറ്റിയാല്‍ എങ്ങനെണ്ടാവും...? ഒന്ന് നോക്കട്ടെ.”
“ഒരു കീഴ്ശ്വാസത്തിനുള്ള കോപ്പ് എങ്ങും കാണുന്നില്ലല്ലോ, മൂങ്ങക്കുഞ്ഞേ.!”
“ടാ ചന്ദ്രന്‍കൊച്ചേ, മുപ്പതാം സീനിലെ ഡെയ്‌സിയെ ഞാനിതാ പബ്ബില്‍ കയറ്റുന്നു.! ഇനി ലവളേംകൊണ്ട് ഞാന്‍ കള്ള് കുടിപ്പിക്കും.! തെറി പറയിപ്പിക്കും.! ഹാ.ഹാ... വന്ന് നോക്കടാ, ചന്ദ്രന്‍കൊച്ചേ.!”
ചെറുകാറ്റിനൊപ്പം പുരക്കുള്ളിലേക്കിറങ്ങി വന്ന ചന്ദ്രവെളിച്ചം തിരക്കഥയെ തൊട്ടുരുമ്മി മിന്നിത്തിളങ്ങി.
അതിനിടയില്‍, തിരക്കഥാശരീരത്തില്‍ പുതിയൊരു വഴിയുണ്ടാക്കി ആഴ്ന്നിറങ്ങിയ പേന പ്രതിസന്ധിയിലകപ്പെട്ടു നിശ്ചലമായി. ആ മുറിവില്‍ നിന്ന് പേന പതിയെ വലിച്ചെടുത്ത അയാള്‍, എന്തു ചെയ്യണമെന്നറിയാതെ കൈകള്‍ റാന്തലിനരികിലേക്കുയര്‍ത്തുമ്പോഴാണ് കാറ്റ് വീശിയടിച്ചത്. തിരക്കഥാതാളുകള്‍ മുറിയില്‍ പാറിപ്പറക്കുന്നത് അല്‍പ്പം കഴിഞ്ഞാണയാളറിയുന്നത്. അയയില്‍ ഉണക്കാനിട്ട റബ്ബര്‍ഷീറ്റുകള്‍ക്കിടയിലൂടെ പാഞ്ഞ്, എല്ലാം പെറുക്കിക്കൂട്ടി മേശപ്പുറത്തുവെച്ചു. അപ്പോള്‍, കാട്ടില്‍ ചൂളംകുത്തുന്ന കാറ്റിലൂടെ ഒരു രൂപം നീങ്ങുന്നതയാളുടെ കണ്ണുകളില്‍ തടഞ്ഞു. അത്തിമരച്ചോട്ടിലേക്കത് മറഞ്ഞപ്പോള്‍ അയാള്‍ കിളിവാതിലിലേക്കു മുഖം ചേര്‍ത്തു.
വാതില്‍ തുറന്ന് അയാള്‍ പുറത്തിറങ്ങി. ചവിട്ടുവഴിയിലൂടെ അത്തിമരത്തിനരികിലേക്കു നടന്നു. മരച്ചോട്ടില്‍, പുറംതിരിഞ്ഞു നില്‍ക്കുന്ന രൂപത്തെ നോക്കി. മരച്ചില്ലയിലിരുന്ന് പ്രാവുകള്‍ കുറുകുന്നുണ്ട്. ളോഹയാണ് വേഷം, അത് പൊക്കിപ്പിടിച്ചാണ് നില്‍പ്പ്. കഷണ്ടി നിലാവില്‍ തിളങ്ങുന്നു.
“ആരാ?”
“ആരാന്നാ ചോദിച്ചേ...?”
“ഞാനൊന്ന് മൂത്രമൊഴിക്കട്ടെടാ...” മുഖം അയാള്‍ക്കുനേരെ തിരിഞ്ഞപ്പോള്‍, സ്തബ്ധനായി അയാള്‍.
“പുണ്യാളന്‍.! കര്‍ത്താവേ.! അസീസിയായിലെ സെന്റ് ഫ്രാന്‍സിസ്...”
ളോഹ താഴ്ത്തിയിട്ട്, അരക്കെട്ടൊന്നു കുടഞ്ഞു. കൊന്തയിലെ കുരിശ് ആടിയുലയുന്നു. പാദങ്ങളിലേക്കു തെറിച്ച മൂത്രതുള്ളികള്‍ തുടക്കാന്‍ കുറ്റിച്ചെടികളിലേക്കു കാലുകള്‍ വീശി. പുണ്യാളന്‍ കൊല്ലിയിലേക്കുള്ള വഴിയിലേക്കു നടന്നു. അയാള്‍ പിറകെ കൂടി.
“പുണ്യാളാ, ഒന്ന് മിണ്ടീം പറേം ചെയ്യാതെ ഇതെന്നാ പോക്കാ?”
“ഓ... എന്നാ പറയാനാ.! എന്നെ വെച്ച് നിങ്ങളൊര് സിനിമാ പിടിച്ച്ട്ട്‌ണ്ടെന്നറിഞ്ഞപ്പോ, ഒന്ന് കാണണെന്ന് കൊറേയായി കര്തുന്നു. ഇന്നാ അതിനൊത്തത്.”
“പടം എങ്ങന്ണ്ട് പുണ്യാളാ?”
“ങും. ആ പ്രാഞ്ചീടെ ജീവിതത്തിലെ വന്‍വിജയാണ് അനാഥനായ പോളി എന്ന കുട്ടിയെ ദത്തെടുക്കാനെടുത്ത തീരുമാനം. അവിടെ സിനിമ നിര്‍ത്തായിരുന്നു.”
“അത്...”
“എന്തത്... പിന്നേം പിന്നേം പ്രാഞ്ചിയെ ജയിപ്പിക്കാന്‍ എന്നെ കോമാളിയാക്കി. പ്രാഞ്ചി ഏറേ പ്രണയിച്ചിട്ടും കിട്ടാതിരുന്ന യുവതിയുടെ ദാമ്പത്യം സുഖകരമല്ലെന്നും, വയസ്സന്‍ പ്രാഞ്ചിയെ വിവാഹം കഴിക്കാന്‍ മറ്റൊരു ചെറുപ്പക്കാരി തിടുക്കം കൂട്ടുന്നുണ്ടെന്നും എന്നെക്കൊണ്ട് കാണിച്ചു. അത്ഭുതങ്ങള്‍ കാണിക്കാനുള്ള ദിവ്യശക്തിയൊന്നും നമുക്കില്ലടോ.! അല്ലാ, അറിയാന്‍ മേലാഞ്ഞിട്ട് ചോദിയ്ക്കാ, ഇവനെയിങ്ങനെ ജയിപ്പിച്ച് ജയിപ്പിച്ച് മലേന്റെ മോളില്‍ കയറ്റാന്‍ ഇവനാരാ, ഈ പ്രാഞ്ചി...?”
പ്രാഞ്ചി... എന്ന ഉച്ചത്തിലുള്ള പുണ്യാളന്റെ ശബ്ദം കൊല്ലിയുടെ അഗാധങ്ങളില്‍ പ്രതിധ്വനിച്ചു. അയാളപ്പോഴേക്കും ചിരിച്ചുചിരിച്ച് കൊല്ലിക്കരികിലെ പാറയില്‍ മുട്ടുകുത്തിയിരുന്നിരുന്നു. മരച്ചില്ലയില്‍ ചിറകടിക്കുന്ന പ്രാവുകളേയും ചിരിക്കുന്ന അയാളെയും മാറിമാറി നോക്കി പുണ്യാളന്‍.
“പുണ്യാളാ, ഞങ്ങളെ സിനിമയില് ചെല വമ്പന്‍ നടന്മാര്ണ്ട്. അവരെ കഥാപാത്രങ്ങളെ സുഖിപ്പിക്കാന്‍ പുണ്യാളനെയല്ല സാക്ഷാല്‍ കര്‍ത്താവിനെ വരെ ഞങ്ങള് കോമാളിയാക്കും. ഇവടെ സംഭവിച്ചത് അതാണ്. ഇങ്ങനെ തിരക്കഥയില്‍ നായകന്മാരെ സുഖിപ്പിക്കാത്തതുകൊണ്ടാണ് എനിക്കീ ഗതിവന്നത്...!”
“നീയും സിനിമാക്കാരനാണോ?”
“അതെ പുണ്യാളാ. നായകന്മാര്‍ക്ക് ഓശാന പാട്ണ ഏര്‍പ്പാട് ഇപ്പഴ് ശകലം കൊറഞ്ഞിട്ട്ണ്ട്. അപ്പോഴേക്കും ന്യൂജനറേഷന്‍ എന്ന പേരില്‍ വേറെ ചില...”
“അതെന്താ?”
“അത്.! ഞാനതെങ്ങനെ പുണ്യാളനോട് പറയും... അതില്ലാത്തതിനാലാ എന്റെ തിരക്കഥ സിനിമയുടെ പടിക്കലെത്തി നില്‍ക്കുന്നേ.! അതിനുവേണ്ടിയാ ഞാനീ രാത്രി തിരക്കഥയില്‍ പണിയെടുക്കുന്നേ.!”
“അതെന്താ എന്റെ കുഞ്ഞാടേ?” പുണ്യാളന്‍ അയാളെ എഴുന്നേല്‍പ്പിച്ചു.
“അത്.! പുണ്യാളാ.!”
“പറ...”
“കീഴ്ശ്വാസം...പിന്നെ...”
പുണ്യാളന്‍ നിശ്ശബ്ദമായി മാനത്തേക്കുനോക്കി, കൈകളുയര്‍ത്തി. പിന്നെ കൊല്ലിയുടെ ആഴങ്ങളിലേക്കു തലതിരിച്ച് വാപൊത്തി ചിരിച്ചു, അയാളുടെ കാല്‍ക്കല്‍ ശിരസ്സു നമിച്ചു.
“ഇനി ഈ മണ്ണിലേക്ക് സിനിമ കാണാന്‍ വരില്ലായേ...! ഇവിടുത്തെ സിനിമയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ തന്നതിന് നന്ദി.!”
അനന്തരം, പുണ്യാളന്‍ അഗാധങ്ങളിലെ മഞ്ഞിന്‍പ്പടര്‍പ്പിനുള്ളിലേക്കു പറന്നു. പ്രാവുകള്‍ പാറിപ്പറന്ന് പുണ്യാളനെ പിന്തുടരുകയാണ്. അയാള്‍ പാറയില്‍ മുട്ടുകുത്തിയിരുന്ന് മറ്റൊരു മലമുകളിലേക്കു മറിയുന്ന ചന്ദ്രനെ നോക്കി.

                                                                                               

                                                                                                                * സെയിന്റ് - പുണ്യാളന്‍.

കാഴ്ച മുന്‍ലക്കങ്ങളില്‍

More