കന്യാസ്ത്രീകളുടെ സമരവും സ്ത്രീ സുരക്ഷയും

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീസമരത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയശക്തികള്‍ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്.  ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ തിരിച്ചറിയണം.

സ്ത്രീസുരക്ഷയില്‍ അധിഷ്ഠിതമാണ് സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും നയം. അതുകൊണ്ടുതന്നെ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങളുണ്ടായാല്‍ അതില്‍ പ്രതി എത്ര സ്വാധീനവും ശക്തിയുമുള്ള ആളായാലും ഇരയോടൊപ്പമേ ഞങ്ങള്‍ നിലകൊള്ളൂ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയവും സ്ത്രീസുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കുന്നതാണ്. ഈ പൊതുനയത്തിന് അപഭ്രംശം സംഭവിക്കാതെ പൊലീസിനെയും ഭരണസംവിധാനത്തെയും നയിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികവ്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള പൊലീസിന്റെ അന്വേഷണസംഘം ബുധനാഴ്ച ഏഴ് മണിക്കൂര്‍ ചോദ്യംചെയ്തു. ചോദ്യംചെയ്യല്‍ വ്യാഴാഴ്ചയും തുടര്‍ന്നു. ഇനി അനന്തര നിയമനടപടികളിലേക്ക് കടക്കുകയാണ്. കേസ് അന്വേഷണത്തില്‍ പരിപൂര്‍ണ സ്വാതന്ത്ര്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുള്ളത്. പരാതിക്ക് അടിസ്ഥാനമായ സംഭവം നാലുവര്‍ഷം മുമ്പുണ്ടായതാണ്. അതുകൊണ്ടുതന്നെ നിയമപരമമായ മുന്‍കരുതലും തെളിവ് ശേഖരണവും കൂടുതല്‍ ജാഗ്രതയോടെയും ശാസ്ത്രീയമായും നടത്താനുള്ള ഉത്തരവാദിത്തം അന്വേഷണസംഘത്തിനുണ്ട്. തെളിവ് ശേഖരിക്കലും മൊഴിയെടുക്കലും ഞൊടിയിടയില്‍ നടത്താവുന്നതല്ല. അതിനാലാണ് ബിഷപ്പിന്റെ  അറസ്റ്റിനായുള്ള ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി പൊലീസ് ഇതുവരെ സ്വീകരിച്ചുവന്ന നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിയത്.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീസമരത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയശക്തികള്‍ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്.  ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ തിരിച്ചറിയണം.

ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസില്‍ പരാതിയുമായി എത്തിയതും അവര്‍ക്ക് പിന്തുണയുമായി നാല് കന്യാസ്ത്രീകള്‍ പ്രത്യക്ഷസമരത്തിന് വന്നതും സഭയില്‍ത്തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇത് മനസ്സിലാക്കി ആഭ്യന്തരശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന നടത്താനുള്ള കരുത്ത് ക്രൈസ്തവസഭയ്ക്കുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. സന്മാര്‍ഗജീവിതത്തില്‍നിന്ന് വ്യതിചലിക്കുന്ന വൈദികര്‍ക്ക് താക്കീതും ശിക്ഷയും നല്‍കുന്നതിനും അവരെ നേര്‍വഴിക്ക് നയിക്കാന്‍ ഉപദേശവും കല്‍പ്പനയും പുറപ്പെടുവിക്കുന്നതിലും ക്രൈസ്തവസഭയുടെ ഇന്നത്തെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ധീരമായ നേതൃത്വമാണ് നല്‍കുന്നത്.

ജലന്ധര്‍ ബിഷപ്പിനെതിരായി കന്യാസ്ത്രീകള്‍ നല്‍കിയ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വര്‍ഗീയശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ്, കേസില്‍ ഉള്‍പ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നുകാട്ടണം. ബിഷപ്പിനെ രക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായും അത് വോട്ട് ലാക്കാക്കിയാണെന്നും ചില കൂട്ടര്‍  തട്ടിവിടുന്നുണ്ട്. സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ്‌നിയമഭരണചക്രങ്ങള്‍ ഉരുളുന്നതില്‍ ഒരു ദയാദാക്ഷിണ്യവും എല്‍ഡിഎഫ് ഭരണത്തില്‍  ഉണ്ടാകില്ല.

തെളിവില്ലാത്ത കേസുകളില്‍ ആരെയും കുടുക്കുകയുമില്ല. കുറച്ചുനാള്‍ മുമ്പ് ഒരു ഹിന്ദുസന്യാസിയുമായി ബന്ധപ്പെട്ട ലൈംഗിക ആക്ഷേപമുണ്ടായി. മറച്ചുവയ്ക്കപ്പെടേണ്ട ശരീരഭാഗം ആ സന്യാസിക്ക് നഷ്ടപ്പെട്ടു. അതുപോലെ ചില മുസ്ലിം പുരോഹിതരുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ കേസുകളുമുണ്ടായി. കൊട്ടിയൂരില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു പുരോഹിതനെ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുമ്പസാര രഹസ്യത്തിന്റെമറവില്‍ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ചില വൈദികരെ അറസ്റ്റ് ചെയ്യാനും ജയിലില്‍ അടയ്ക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. പ്രതികളുടെ ജാതിമതം നോക്കാതെ ശക്തമായ നടപടികളാണ് ഈ കേസുകളിലെല്ലാം പൊലീസ് സ്വീകരിച്ചത്. ഇതേ സമീപനമാകും ബിഷപ്പിന്റെ കാര്യത്തിലുമുണ്ടാകുക. സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ തെളിവുണ്ടെങ്കില്‍ പ്രതികള്‍ അഴിയെണ്ണുകയും നിയമനടപടിക്ക് വിധേയരാകുകയും ചെയ്യും. വോട്ട് അല്ല കുറ്റത്തിന്റെ ഗൗരവവും തെളിവുമാണ് നിയമനടപടിക്ക് അടിസ്ഥാനം.

ഇപ്പോഴത്തെ സംഭവവികാസങ്ങളും അതുേപാലുള്ള വിവാദങ്ങളും ഓര്‍മപ്പെടുത്തുന്ന ഒരു സംഭവമാണ് യുവ ചലച്ചിത്രനടി അപമാനിക്കപ്പെട്ട കേസ്. ആ സംഭവത്തിന്റെ ആദ്യഘട്ടത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളും സ്വതന്ത്ര ബുദ്ധിജീവികളെന്ന മേലങ്കി അണിഞ്ഞവരും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ കുപ്രചാരണം മാഞ്ഞുപോകുന്നതല്ല. ആരോപണവിധേയനായ പ്രമുഖ ചലച്ചിത്രനടനെ സര്‍ക്കാരും മുഖ്യമന്ത്രിയും രക്ഷിക്കുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍, ക്വട്ടേഷന്‍ പ്രതി പള്‍സര്‍ സുനിയെ  പൊലീസ് പിടികൂടി. പിന്നാലെ നടന്‍ ദിലീപിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി പൊലീസ് സംവിധാനത്തെ കീഴ്‌പ്പെടുത്തുന്ന മുന്‍കാല യുഡിഎഫ് ഭരണത്തിന്റെ നയവും അനുഭവവുമല്ല എല്‍ഡിഎഫ് ഭരണത്തിലേത്. ബിജെപി ഭരണമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്ത്രീകളും കുട്ടികളും കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നു. ഇതടക്കമുള്ള കേസുകളില്‍ കുറ്റവാളികളെ പിടിക്കുന്നില്ല.

ദില്ലിയിലെ നിര്‍ഭയ സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റ് ശക്തമായ സ്ത്രീസുരക്ഷാ നിയമം പാസാക്കി. എന്നിട്ടും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ പൈശാചിക ആക്രമണം തുടരുകയാണ്. പെരുമ്പാവൂരിലെ ജിഷയെന്ന  നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലടക്കം യുഡിഎഫ് ഭരണത്തില്‍ പ്രതികളെ പിടിച്ചില്ല. ജിഷ ദരിദ്രയായിരുന്നു. ആ പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് അഞ്ച് ദിവസം പൊലീസ് അനങ്ങിയില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നയുടനെ ജിഷ കേസ് അന്വേഷണത്തിന് മുതിര്‍ന്ന വനിതാ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക  സംഘത്തെ നിയോഗിച്ചു. വൈകാതെ കേസ് തെളിയിച്ചു. പ്രതിയെ വിലങ്ങ്  വച്ചു. ജിഷയുടെ കുടുംബത്തിന് വീട് അടക്കമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും ബിജെപി ഭരണവും മുന്‍ യുഡിഎഫ് ഭരണവും ഉദാസീനമാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ ഭരണസംവിധാനങ്ങളെ മെരുക്കിമാറ്റുന്നു. എന്നാല്‍, എല്‍ഡിഎഫ് ഭരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം നടത്തുന്നവര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കുന്നു.

ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെ കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവില്‍ ബിജെപിയും ആര്‍എസ്എസും കുത്തിയിളക്കുന്ന വര്‍ഗീയതയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധതയ്ക്കും വളമിടാന്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗവും  അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയവും സാമൂഹ്യവുമായ അപഥസഞ്ചാരമാണ്.

സ്ത്രീപീഡന കേസുകളിലെല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്ന സമീപനമാണ് ഇന്ന് പൊലീസിനുള്ളത്. സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  ലൈംഗിക അതിക്രമ ആക്ഷേപം നേരിടുന്നവരാണ് യുഡിഎഫിലെ ഒരു പങ്ക് നേതാക്കള്‍. കമീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മാത്രമായി അറസ്‌റ്റോ, മറ്റ് നിയമനടപടികളോ മാസങ്ങള്‍ പിന്നിട്ടിട്ടും ഉണ്ടായിട്ടില്ല. ഇത്തരം കേസുകളില്‍ രാഷ്ട്രീയശത്രുതയോ വൈരനിര്യാതന ബുദ്ധിയോ എല്‍ഡിഎഫ് സര്‍ക്കാരിനില്ല. ആവശ്യമായ പരിശോധനകളും തെളിവെടുപ്പും നടത്തി അവധാനതയോടെ കൈകാര്യം ചെയ്യുകയാണ് സര്‍ക്കാര്‍. അതുകൊണ്ട് ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി വന്നയുടനെ അറസ്റ്റുണ്ടായില്ലെന്ന ചില യുഡിഎഫ് നേതാക്കളുടെ അഭിപ്രായം  അര്‍ഥശൂന്യമാണ്.

യുഡിഎഫ് ഭരണത്തിന്റെ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 5982 ബലാത്സംഗവും 886 സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകലും 1997 ലൈംഗിക അതിക്രമങ്ങളുമുണ്ടായി. എല്‍ഡിഎഫ് ഭരണത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയശത്രുക്കള്‍പോലും ഇത് അംഗീകരിക്കും. ക്രമസമാധാനത്തില്‍ കേരളം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ഭയാനകമാണ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്നു. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ആരോഗ്യപരമായ സ്ത്രീപുരുഷ ബന്ധം സൃഷ്ടിക്കാനാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്.

സ്ത്രീകള്‍ക്ക് സവിശേഷമായ പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് പ്രത്യേക വകുപ്പ് സര്‍ക്കാര്‍ രൂപീകരിച്ചത്. പാര്‍പ്പിടപദ്ധതികളും ഭൂവിതരണവും സ്ത്രീകളുടെയോ സംയുക്തമായോ വേണം  രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ സ്ത്രീസുരക്ഷാനയമാണ് തെളിയുന്നത്. സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അതിക്രമങ്ങള്‍ക്കുംനേരെ അതിശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഈ നയംതന്നെയാണ് കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരായുള്ള കേസിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.


21-Sep-2018

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More