ഇത് രണ്ടാം വിമോചന സമരത്തിനുള്ള ഒരുക്കം

കേരളത്തില്‍ വിവിധ മേഖലകളില്‍ പട്ടികജാതി -പട്ടികവര്‍ഗ  വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നതാണ് സിപിഐ എം നിലപാട്. അതിന്റെ ഭാഗമായാണ് ശബരിമലയിലെ സ്ത്രീപ്രവേശന സ്വാതന്ത്ര്യത്തിനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ കാണുന്നത്. സ്ത്രീപ്രവേശനത്തിന് എതിരുനില്‍ക്കാന്‍ ഭരണഘടന പ്രകാരം അധികാരത്തിലെത്തിയ ഒരു സര്‍ക്കാരിന് കഴിയില്ല. ഇതാണ് വസ്തുതയെന്നിരിക്കെ സുപ്രീംകോടതി വിധിയുടെ മറവില്‍ എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കി സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ക്കാനാണ് എതിര്‍ രാഷ്ട്രീയശക്തികള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ പിന്നിലെ ശക്തികളെയും അവരുടെ രാഷ്ട്രീയത്തേയും തിരിച്ചറിയണം. ഹിന്ദുത്വശക്തികളെ ഏകോപിപ്പിക്കാനുള്ള ആര്‍ എസ് എസ് നേതൃത്വത്തിന്റെ നീക്കം ദൂരവ്യാപകമായ അപകടം വിളിച്ചുവരുത്തുന്നതാണ്. ഈ ഘട്ടത്തില്‍ എസ് എന്‍ ഡി പി യോഗവും കെ പി എം എസും സ്വീകരിച്ചിരിക്കുന്ന സമീപനം സ്വാഗതാര്‍ഹമാണ്. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും ആശയങ്ങളും ലക്ഷ്യവും മുറുകെ പിടിക്കേണ്ട സംഘടനകള്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് സാമൂഹ്യമുന്നേറ്റത്തെ സഹായിക്കുന്നതാണ്. എന്നാല്‍, നാടിന്റെ  നവോത്ഥാനത്തില്‍ പങ്കുവഹിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യത്തിന് വിരുദ്ധമായ നിലപാടാണ് എന്‍ എസ് എസ് നേതൃത്വം  ശബരിമല വിഷയത്തില്‍ സ്വീകരിക്കുന്നത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുയരുന്ന വേളയിലാണ് എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ രണ്ടാം വിമോചനസമര മോഹവുമായി ആര്‍ എസ് എസ്  - ബി ജെ പി നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും യു ഡി എഫും കൂട്ടുനില്‍ക്കുകയാണ്. സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റിയോഗം ഇതേ സമയത്ത് ഡല്‍ഹിയില്‍ ചേര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുഖ്യകടമകള്‍ പ്രഖ്യാപിച്ചു. ബി ജെ പി മുന്നണിയെ തോല്‍പ്പിക്കുകയെന്നതാണ് മുഖ്യകടമ. സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷ പാര്‍ടികളുടെയും ലോക്‌സഭയിലെ അംഗബലം  വര്‍ധിപ്പിക്കുകയാണ് അടുത്ത കടമ. കേന്ദ്രത്തില്‍ മതനിരപേക്ഷ ബദല്‍ സര്‍ക്കാര്‍ രൂപപ്പെടുത്തുകയെന്നതാണ്  ലക്ഷ്യം. ഈ മൂന്ന് കടമകളില്‍ ഉറച്ചുനില്‍ക്കുന്ന സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പുനയം കേരള ജനതയില്‍ വലിയതോതില്‍ അനുകൂല പ്രതികരണം ഉണ്ടാക്കുമെന്ന് ഉറപ്പ്. ഈ സാഹചര്യത്തെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചാണ് ശബരിമലയുടെപേരില്‍ വിശ്വാസികളെ സമരത്തിനിറക്കി കേരളത്തെ കുരുതിക്കളമാക്കാന്‍ ആര്‍ എസ് എസ് - ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്.

പിറകില്‍ ബിജെപി
ഇത് ബിജെപി അധ്യക്ഷന്‍ അമിത്ഷായും കൂട്ടരും ഉള്‍പ്പെട്ട ഉന്നതതല രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. അതുകൊണ്ടാണ് സുപ്രീംകോടതിവിധിയെ അനുകൂലിച്ച ആര്‍ എസ് എസ് ദേശീയനേതൃത്വത്തെ പോലും നിശ്ശബ്ദമാക്കി 'അയ്യപ്പ സേവാസമരം' സംഘപരിവാര്‍ ഇവിടെ നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത ബി ജെ പിക്ക് അയ്യപ്പന്റെപേരില്‍ വികാരം ഇളക്കി അക്കൗണ്ട് തുറക്കാനാകുമോയെന്ന പരീക്ഷണമാണ് നടത്തുന്നത്.

അതായത് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനൂകൂലമായ സുപ്രീംകോടതി വിധിക്കെതിരെ നടത്തുന്ന സമരം യഥാര്‍ഥത്തില്‍ വിശ്വാസസംരക്ഷണത്തിനല്ല, ലോക്‌സഭാ സീറ്റ് പിടിക്കാനുള്ള രാഷ്ട്രീയ ക്കളിയാണെന്ന് സാരം. സ്ത്രീകള്‍ക്ക് അയ്യപ്പദര്‍ശനം അനുവദിച്ചത്  എല്‍ ഡി എഫ് സര്‍ക്കാരല്ല. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ്. കേസ് കോടതി പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരേ നിലപാടാണ്  സ്വീകരിച്ചത്. സ്ത്രീ അമ്പലത്തില്‍ കയറുന്നതിനെ അനുകൂലിച്ച നിലപാട്. എല്ലാ കക്ഷികളുടെയും വാദങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും കേട്ടശേഷമാണ് ഭരണഘടനാനുസൃതമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നത് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള വളഞ്ഞ വഴിയാണ്.

ബി ജെ പിയും കോണ്‍ഗ്രസും ഒറ്റക്കെട്ട്
ഈ വിഷയത്തില്‍ ബി ജെ പി - ആര്‍ എസ് എസ് രാഷ്ട്രീയ ദൗത്യത്തിന് കോണ്‍ഗ്രസും ആ കക്ഷി നയിക്കുന്ന യു ഡി എഫും ശക്തിപകരുകയാണ്. ഇത് ആത്മഹത്യാപരവും അപകടകരവുമാണ്. എല്ലാ വിഭാഗങ്ങള്‍ക്കും ക്ഷേത്രപ്രവേശനം ലഭിക്കുന്നതിനും വഴി നടക്കുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭത്തെ നയിച്ച ടി കെ മാധവന്‍, കേളപ്പന്‍ തുടങ്ങിയ പഴയകാല കോണ്‍ഗ്രസ് നേതാക്കളുടെ പാരമ്പര്യം രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം  നിഷേധിക്കുകയാണ്. എപ്പോഴെല്ലാം മതനിരപേക്ഷത ഉപേക്ഷിച്ച് വര്‍ഗീയശക്തികളെ പുണരുന്നുവോ, അപ്പോഴെല്ലാം കോണ്‍ഗ്രസ് തോറ്റുതുന്നം പാടുകയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ രാമക്ഷേത്രത്തിനായി ശിലാന്യാസം നടത്താന്‍ അനുവദിക്കുകയും ബാബ്‌റി മസ്ജിദ് പൊളിക്കാന്‍ ഭരണകൂടത്തെ കാഴ്ചവസ്തുവായി മാറ്റുകയും ചെയ്തു. ഹിന്ദുവോട്ട് ലാക്കാക്കിയാണ് അതെല്ലാം ചെയ്തത്. ഫലമോ? ന്യൂനപക്ഷവിഭാഗങ്ങളും മതനിരപേക്ഷവാദികളും കോണ്‍ഗ്രസില്‍ നിന്നകന്നു. നേട്ടമുണ്ടാക്കിയതോ ബിജെപിയും.

മതനിരപേക്ഷ നിലപാടും സിപിഐ എമ്മും
എന്നാല്‍, വോട്ടും സീറ്റും നോക്കി സാമൂഹ്യപ്രശ്‌നങ്ങളിലും നവോത്ഥാന വിഷയങ്ങളിലും നയം സ്വീകരിക്കുന്ന പാര്‍ടിയല്ല സിപിഐ എം. ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുമോ എന്ന ഭയമില്ലാതെ, ഉറച്ച മതനിരപേക്ഷ നിലപാട് എല്ലാകാലത്തും പാര്‍ടി കൈക്കൊള്ളുന്നു. 1985-87 കാലത്ത് ശരിയത്ത് വിഷയം ഉയര്‍ന്നപ്പോള്‍, ബഹുഭാര്യാത്വം അവകാശമായി പ്രഖ്യാപിച്ച് മുസ്ലിംസമുദായത്തിലെ ഒരു വിഭാഗം ഇറങ്ങി. എന്നാല്‍, സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന സമീപനം സിപിഐ എം മുറുകെപ്പിടിച്ചു. 'നാലുംകെട്ടും പത്തുംകെട്ടും, ഇ എം എസിന്റെ  ഭാര്യയെയും കെട്ടും മോളേയും കെട്ടും' എന്ന മുദ്രാവാക്യംവരെ ഉയര്‍ന്നു. സിപിഐ എം ഒറ്റപ്പെട്ടെന്ന് രാഷ്ട്രീയ എതിരാളികള്‍ സ്വപ്നം കണ്ടു. എന്നാല്‍, ഒരു വര്‍ഗീയകക്ഷിയുടെയും ശക്തികളുടെയും പിന്തുണയില്ലാതെ 1987'ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ കേരള ജനത വിജയിപ്പിച്ചു. അതുപോലെ സംവരണത്തിലെ ക്രീമിലെയര്‍ വിഷയത്തില്‍ സുപ്രീംകോടതിവിധി മറികടക്കാന്‍ 1995ല്‍ എ കെ ആന്റണി സര്‍ക്കാര്‍ സംവരണ സംരക്ഷണ നിയമം നിയമസഭയില്‍ പാസാക്കിയപ്പോള്‍ സിപിഐ എം ഒറ്റയ്ക്ക് അതിനെ എതിര്‍ത്തു. 1996ല്‍ നിയമസഭാതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജനങ്ങള്‍ സിപിഐ എം നിലപാടിനൊപ്പമായിരുന്നുവെന്ന് വ്യക്തമായി.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ബി ജെ പിയുടെ മൂന്നാംമുന്നണി സിപിഐ എമ്മിന്റെയും എല്‍ ഡി എഫിന്റെയും മണ്ണ് കവര്‍ന്ന് പുതിയ കോട്ട കെട്ടുമെന്ന് പ്രചരിപ്പിച്ചപ്പോള്‍ ആ പ്രചാരണത്തിന് ശക്തിപകരുകയാണ് കോണ്‍ഗ്രസ് ചെയ്തത്. 102 ഹിന്ദുസംഘടനകളെ കൂട്ടിച്ചേര്‍ത്ത മുന്നണിയായിരുന്നു ബി ജെ പിയുടേത്. എന്നാല്‍, മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന് പോരാടി ബി ജെ പി മുന്നണിയെ തറപറ്റിക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞു. ഇപ്രകാരം ഓരോ ഘട്ടത്തിലെയും രാഷ്ട്രീയപ്രതിസന്ധികളെ അതിജീവിക്കാന്‍ സിപിഐ എമ്മിന് കഴിയുന്നത് മതനിരപേക്ഷനിലപാടും പുരോഗമന കാഴ്ചപ്പാടും വിട്ടുവീഴ്ചയില്ലാതെ മുറുകെ പിടിക്കുന്നതുകൊണ്ടാണ്.

ഗീബല്‍ത്സിയന്‍ പ്രചാരണം
ശബരിമലയുടെ പേരില്‍ വിശ്വാസികളെ സിപിഐ എമ്മിന് എതിരാക്കാനാണ് നോട്ടം. അതിനുവേണ്ടി ക്ഷേത്രധ്വംസകരും അവിശ്വാസികളുമാണ് കമ്യൂണിസ്റ്റുകാരെന്ന പഴകി ദ്രവിച്ച പ്രചാരണം ആവര്‍ത്തിക്കുന്നു.  അമ്പലം തകര്‍ക്കല്‍ കമ്യൂണിസ്റ്റുകാരുടെ പണിയല്ല. അമ്പലത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രവേശിക്കാനും ദൈവത്തെ ആരാധിക്കാനുമുള്ള അവസരം ഉണ്ടാക്കുന്നതിന് ത്യാഗപൂര്‍വമായി പോരാടുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഗുരുവായൂര്‍ ക്ഷേത്രസമരത്തിന് മുന്നില്‍ നിന്ന എ കെ ജിയും പി കൃഷ്ണപിള്ളയും ദൈവവിശ്വസികളല്ലെന്ന് സമ്മതിക്കുന്നു. പക്ഷേ, അവരാണ് വിശ്വാസികള്‍ക്ക് അമ്പലത്തില്‍ കയറാനും  മണിമുഴക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മര്‍ദനം ഏറ്റുവാങ്ങുകയും സത്യഗ്രഹം അനുഷ്ഠിക്കുകയും ചെയ്തത്. കേളപ്പനോടൊപ്പമാണ് എ കെ ജി ഗുരുവായൂര്‍ സമരത്തില്‍ പങ്കെടുത്തത്. ഈ ചരിത്രമെല്ലാം വിസ്മരിച്ചാണ് കമ്യൂണിസ്റ്റുകാരെ അവിശ്വാസികള്‍ എന്ന് മുദ്രയടിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ എസ എസ് - ബി ജെ പി, കോണ്‍ഗ്രസ് 'അയ്യപ്പ സമരക്കാര്‍' ശ്രമിക്കുന്നത്.

ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതവിഭാഗങ്ങളിലെയും ഒരു മതത്തിലും വിശ്വസിക്കാത്തവരിലെയും പാവപ്പെട്ടവരുടെയും കഷ്ടപ്പെടുന്നവരുടെയും അധ്വാനിക്കുന്നവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. വിശ്വാസികളും അവിശ്വാസികളും അതുകൊണ്ടാണ് ഈ പാര്‍ടിയില്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്. അതിനാലാണ് എല്‍ ഡി എഫിന്റെ ബഹുജനാടിത്തറ നാള്‍ക്കുനാള്‍ വിപുലപ്പെടുന്നത്. ഈ ബഹുജനാടിത്തറ തകര്‍ക്കുന്നതിനുവേണ്ടിയാണ് ശബരിമലയുടെ മറവില്‍ രണ്ടാം വിമോചനസമരം സംഘടിപ്പിക്കാന്‍ വിരുദ്ധ രാഷ്ട്രീയശക്തികള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. മന്ത്രി ഇ പി ജയരാജനെ ഡല്‍ഹിയില്‍ കാര്‍തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു. ദേവസ്വം ബോര്‍ഡ് ഓഫീസ് കൈയേറ്റം ചെയ്യുകയും ഉദ്യോഗസ്ഥരെ ഇറക്കിവിടുകയും ചെയ്തു. അയ്യപ്പന്റെ പേര് രാഷ്ട്രീയസമരത്തിനായി ദുരുപയോഗപ്പെടുത്തുകയാണ്. നാനാതരത്തില്‍ പ്രകോപനവും അക്രമവും നടത്തി അനിഷ്ടസംഭവങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ പരിശ്രമിക്കുകയാണ്.

എന്‍ എസ് എസ് തിരിച്ചറിയേണ്ട അപകടം
ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് ആര്‍ എസ് എസ് - ബി ജെ പി സംഘമാണ്. ഇത് എന്‍ എസ് എസ് നേതൃത്വം തിരിച്ചറിയുന്നില്ല. എന്‍ എസ് എസിന്റെ പല കരയോഗങ്ങളുടെയും ഭാരവാഹികള്‍ 'നാമജപ ഘോഷയാത്രയ്ക്ക്' ആളെ കൂട്ടുകയും ആളുകൂടുമ്പോള്‍ അതിന്റെ നേതൃത്വം ആര്‍ എസ് എസ് - ബി ജെ പി നേതാക്കളുടേതാകുകയും ചെയ്യുന്നു. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന എന്‍ എസ് എസ് നേതൃത്വത്തിന്റെ സമീപനത്തില്‍നിന്ന് ആര്‍ എസ് എസ് - ബി ജെ പി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നു. ഇതിലൂടെ എന്‍ എസ് എസ് കരയോഗങ്ങളെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനുള്ള പദ്ധതിയാണ് ആര്‍ എസ ്എസ് നടപ്പാക്കുന്നത്.  എന്‍ എസ് എസ് മുന്നോട്ടുവച്ച ഏത് ന്യായമായ ആവശ്യത്തോടും പിണറായി വിജയന്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞുനിന്നിട്ടില്ല. എന്‍ എസ് എസ് ആകട്ടെ, എസ് എന്‍ ഡി പി ആകട്ടെ, മുസ്ലിംക്രിസ്ത്യന്‍ വിഭാഗങ്ങളാകട്ടെ ആര് ന്യായമായ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാലും അത് പരിഗണിക്കുന്ന സമീപനമേ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂ. എന്‍ എസ് എസിനോടും അവരുടെ ന്യായമായ ആവശ്യങ്ങളോടും എല്‍ ഡി എഫ് സര്‍ക്കാര്‍ നീതിപൂര്‍വമായ സമീപനം സ്വീകരിച്ചുവെന്ന് എന്‍ എസ് എസ് നേതൃത്വം തന്നെ സമീപകാലത്ത് പ്രഖ്യാപിച്ചിരുന്നു.

സംവരണാനുകൂല്യമില്ലാത്ത മുന്നോക്കസമുദായത്തിലെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് നിശ്ചിതശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന കാഴ്ചപ്പാടും ഭരണനടപടിയും എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചു. മുന്നോക്കസമുദായങ്ങളിലെ പാവപ്പെട്ടവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന സിപിഐ എമ്മിന്റെയും എല്‍ ഡി എഫിന്റെയും നയത്തിന്റെ ഭാഗമായിട്ടാണ് അതുണ്ടായത്. ഇതുപ്രകാരം  ദേവസ്വം നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ  പാവപ്പെട്ടവര്‍ക്ക് സംവരണം നടപ്പാക്കി. പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും പിന്നോക്കക്കാര്‍ക്കും സംവരണം ഉറപ്പാക്കിക്കൊണ്ടാണ്  ഇത് ചെയ്തത്. ഇതിന്റെതന്നെ തുടര്‍ച്ചയായിട്ടാണ് ദേവസ്വം ക്ഷേത്രങ്ങളിള്‍ എസ് സി - എസ്ടി വിഭാഗക്കാരെയും ഈഴവ, ധീവര, വിശ്വകര്‍മ വിഭാഗത്തില്‍ പെട്ടവരെയും പൂജാരിമാരായി നിയമിച്ചത്.

ഇത് തീക്കളിയാണ്
കേരളത്തില്‍ വിവിധ മേഖലകളില്‍ പട്ടികജാതി -പട്ടികവര്‍ഗ  വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നതാണ് സിപിഐ എം നിലപാട്. അതിന്റെ ഭാഗമായാണ് ശബരിമലയിലെ സ്ത്രീപ്രവേശന സ്വാതന്ത്ര്യത്തിനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ കാണുന്നത്. സ്ത്രീപ്രവേശനത്തിന് എതിരുനില്‍ക്കാന്‍  ഭരണഘടന പ്രകാരം  അധികാരത്തിലെത്തിയ ഒരു സര്‍ക്കാരിന് കഴിയില്ല. ഇതാണ് വസ്തുതയെന്നിരിക്കെ സുപ്രീംകോടതി വിധിയുടെ മറവില്‍ എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കി  സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ക്കാനാണ് എതിര്‍ രാഷ്ട്രീയശക്തികള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ പിന്നിലെ ശക്തികളെയും അവരുടെ രാഷ്ട്രീയത്തേയും തിരിച്ചറിയണം.

സമരത്തില്‍ പങ്കെടുക്കുകയും കൊടി പിടിക്കാതിരിക്കുകയും ചെയ്യുക  അതാണ് കോണ്‍ഗ്രസ് നയം. ഇതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് തലയില്ലാത്ത  രാഷ്ട്രീയരൂപമായി മാറുകയാണ്. ഇത് രാഷ്ട്രീയ പാപ്പരത്തമാണ്.  ത്രിവര്‍ണപതാകയെ  വര്‍ഗീയശക്തികള്‍ക്ക് അടിയറ വയ്ക്കലാണ്. സംഘപരിവാറുമായിചേര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ സമരത്തിനിറങ്ങുന്ന കോണ്‍ഗ്രസുകാരും യു ഡി എഫു്കാരും  തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്.  ഈ മഹാസഖ്യത്തിന്റെ ശരണംവിളി അയ്യപ്പനെ രക്ഷിക്കലല്ല, സ്വന്തം രാഷ്ട്രീയ സങ്കുചിത ലാഭത്തിനാണ്. രണ്ടാം വിമോചനസമരമുണ്ടാക്കാനുള്ള നീക്കത്തെ ഏത് വിധേനയും കേരള ജനത ചെറുക്കുക തന്നെ ചെയ്യും. വര്‍ഗീയശക്തികള്‍ക്ക് കേരളത്തെ വിട്ടു കൊടുക്കാന്‍ പ്രബുദ്ധ കേരള ജനത തയ്യാറാകില്ല.

ഹിന്ദുത്വശക്തികളെ ഏകോപിപ്പിക്കാനുള്ള ആര്‍ എസ് എസ് നേതൃത്വത്തിന്റെ നീക്കം ദൂരവ്യാപകമായ അപകടം വിളിച്ചുവരുത്തുന്നതാണ്. ഈ ഘട്ടത്തില്‍ എസ് എന്‍ ഡി പി യോഗവും കെ പി എം എസും സ്വീകരിച്ചിരിക്കുന്ന സമീപനം സ്വാഗതാര്‍ഹമാണ്. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും ആശയങ്ങളും ലക്ഷ്യവും മുറുകെ പിടിക്കേണ്ട സംഘടനകള്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് സാമൂഹ്യമുന്നേറ്റത്തെ സഹായിക്കുന്നതാണ്. എന്നാല്‍, നാടിന്റെ  നവോത്ഥാനത്തില്‍ പങ്കുവഹിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യത്തിന് വിരുദ്ധമായ നിലപാടാണ് എന്‍ എസ് എസ് നേതൃത്വം  ശബരിമല വിഷയത്തില്‍ സ്വീകരിക്കുന്നത്. കാലഘട്ടത്തിന്റെ സാമൂഹ്യപുരോഗതിക്കും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനും ഈ സമീപനം സഹായകരമല്ല.

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More