ശബരിമലയെ അയോധ്യയാക്കാൻ നോക്കേണ്ട

ശബരിമലയെ മറ്റൊരു അയോധ്യയാക്കാനുള്ള മാസ്റ്റര്‍ പ്ലാനാണ് ബിജെപിയും ആര്‍എസ്എസും ആവിഷ്‌കരിച്ചിരുന്നത്. തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കുന്ന വേളയില്‍ വിശ്വാസത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയലഹളയുണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അതിനുവേണ്ടി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മൂവായിരത്തോളം ക്രിമിനലുകളെ ഉള്‍പ്പെടെ ശബരിമല കാട്ടിനകത്തും പുറത്തുമായി തമ്പടിപ്പിച്ചു. അവര്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്കും വിക്രിയകള്‍ക്കും സമാനതകളില്ല. മലകയറാന്‍ വന്ന 50 കഴിഞ്ഞ സത്രീകളെപ്പോലും ഉപദ്രവിച്ചു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിനുവേണ്ടി യുവതികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമബാധ്യത നടപ്പാക്കാന്‍ പരിശ്രമിച്ച  പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും നിഷ്ഠൂരമായി ആക്രമിച്ചു.

ശബരിമലയെ മറ്റൊരു അയോധ്യയാക്കാനുള്ള മാസ്റ്റര്‍ പ്ലാനാണ് ബിജെപിയും ആര്‍എസ്എസും ആവിഷ്‌കരിച്ചിരുന്നത്. തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കുന്ന വേളയില്‍ വിശ്വാസത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയലഹളയുണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അതിനുവേണ്ടി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മൂവായിരത്തോളം ക്രിമിനലുകളെ ഉള്‍പ്പെടെ ശബരിമല കാട്ടിനകത്തും പുറത്തുമായി തമ്പടിപ്പിച്ചു. അവര്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്കും വിക്രിയകള്‍ക്കും സമാനതകളില്ല. മലകയറാന്‍ വന്ന 50 കഴിഞ്ഞ സത്രീകളെപ്പോലും ഉപദ്രവിച്ചു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിനുവേണ്ടി യുവതികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമബാധ്യത നടപ്പാക്കാന്‍ പരിശ്രമിച്ച  പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും നിഷ്ഠൂരമായി ആക്രമിച്ചു. ഏഴ് വനിതാ മാധ്യമപ്രവര്‍ത്തകരെ ശാരീരികമായി കൈയേറ്റംചെയ്തു. ചാനലുകളുടെ ക്യാമറകളും മൈക്കുകളും വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും തല്ലിത്തകര്‍ത്തു. സംഘപരിവാര്‍ അക്രമികളുടെ കൊലക്കത്തിയുടെ മുനയില്‍നിന്ന് രക്ഷനേടാന്‍ ശബരിമല ക്ഷേത്രം അടയ്ക്കുന്ന ദിവസം മാധ്യമങ്ങള്‍ മണിക്കൂറുകള്‍ക്കുമുമ്പേ അവിടെനിന്ന് കൂട്ടത്തോടെ മാറിപ്പോയി. ശബരിമലയില്‍ കുരുതിക്കളം തീര്‍ക്കാനും  നാട്ടില്‍ വര്‍ഗീയലഹളയുണ്ടാക്കാനും നോക്കിയത്  വിശ്വാസം സംരക്ഷിക്കാനല്ല. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റും വോട്ടും നേടാനുള്ള നീച രാഷ്ട്രീയതന്ത്രമാണ് സംഘപരിവാര്‍ പയറ്റിയത്. പ്രബുദ്ധരായ വിശ്വാസികളുടെയും മതനിരപേക്ഷശക്തികളുടെയും ഇടപെടലും പൊലീസിന്റെയും സര്‍ക്കാരിന്റെയും ജാഗ്രതാപൂര്‍ണമായ നടപടികളുംകാരണം മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ സംഘപരിവാറിന് കഴിയാതെവന്നു. പക്ഷേ, ഇക്കൂട്ടര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ശക്തിപകരുന്നതായി കോണ്‍ഗ്രസിന്റെയും  യുഡിഎഫ് കക്ഷികളുടെയും നിലപാടുകള്‍.  ഇത് തിരിച്ചറിയാന്‍ നവോത്ഥാനചരിത്രത്തില്‍ പങ്കുവഹിച്ചിട്ടുള്ള ചില സമുദായ സംഘടനകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

ശബരിമല സ്ത്രീപ്രവേശന വിധി തിടുക്കപ്പെട്ട് നടപ്പാക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപമാണ് സംസ്ഥാന സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെ ബിജെപിയും കേരളത്തിലെ കോണ്‍ഗ്രസും ഉന്നയിക്കുന്നത്. വിധി നടപ്പാക്കരുതെന്ന് ബിജെപിയുടെ കേന്ദ്രഭരണത്തെ നയിക്കുന്ന പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഉപദേശിച്ചോ ? വിധി നടപ്പാക്കണമെന്നല്ലേ കേന്ദ്രമന്ത്രി മേനകാ ഗാന്ധി പറഞ്ഞത്. പട്ടാളത്തെ ഇറക്കിയിട്ടാണെങ്കിലും സ്ത്രീകള്‍ക്ക് ദര്‍ശനസൗകര്യം ഉറപ്പാക്കണമെന്നാണല്ലോ ബിജെപി എംപി സുബ്രഹ്മണ്യന്‍സ്വാമി ആവശ്യപ്പെട്ടത്. വിധിക്കെതിരെ ഒരുവിഭാഗം പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ടെന്നും  ഈ സാഹചര്യം മനസ്സിലാക്കി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശിച്ചത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പൊടുന്നനവെ പൊട്ടിവീണതല്ല. ക്ഷേത്രാചാരത്തെയടക്കം തലനാരിഴകീറി പരിശോധിച്ച് പന്ത്രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിധിയുണ്ടായത്. ഇതില്‍ വിശ്വാസികളില്‍ ഒരുവിഭാഗം തെറ്റിദ്ധാരണകൊണ്ടോ  അല്ലാതെയോ വിയോജിപ്പിലാണെന്നത് യാഥാര്‍ഥ്യമാണ്. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പുനഃപരിശോധനാ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് 13ന് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതി എന്ത് വിധിച്ചാലും അത് നടപ്പാക്കുകയെന്നതാകും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം.

ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ പാടില്ലെന്ന് എഐസിസിയോ  കോണ്‍ഗ്രസ് അധ്യക്ഷനോ ഇതുവരെ പറഞ്ഞിട്ടില്ല. വിധി വന്നവേളയില്‍ കെപിസിസി നേതൃത്വവും പ്രതിപക്ഷനേതാവും അതിനെ സ്വാഗതം ചെയ്തു. അവരിപ്പോള്‍ തകിടം മറിഞ്ഞു. നിലപാട് മാറ്റത്തിനപ്പുറം കേരളത്തിലെ സംഘപരിവാര്‍ ശക്തികള്‍ നയിക്കുന്ന പന്ഥാവിലൂടെ പായുകയും  ബിജെപിയുടെ ഉച്ചഭാഷിണിയായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തരംതാഴുകയും ചെയ്തിരിക്കുന്നു. ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ നിയമസഭയുടെ  പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ ആവശ്യം.  പ്രളയത്തില്‍ മുങ്ങിയ കേരളത്തെ പുതുക്കിപ്പണിയാന്‍ വിദേശസഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അത് തള്ളി. സംസ്ഥാന മന്ത്രിമാര്‍ വിദേശത്തേക്ക് പോകാനും മലയാളി സഹോദരന്മാരോട് സഹായം അഭ്യര്‍ഥിക്കാനുമുള്ള അവസരംപോലും കേന്ദ്രം മനുഷ്യത്വരഹിതമായി നിഷേധിച്ചു. അതിനാല്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ നിയമസഭയുടെ ശുപാര്‍ശ വേണ്ട. ശ്രീധരന്‍പിള്ളയുടെ ആവശ്യത്തെ ചെന്നിത്തല തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് ചെന്നിത്തലയുടെ നിലപാട് തള്ളി ശ്രീധരന്‍പിള്ളയുടെ ആവശ്യത്തിന് അംഗീകാരം നല്‍കുന്ന കൗതുകകരമായ സംഭവവുമുണ്ടായി. സഭാസമ്മേളനം വിളിക്കാനുള്ള ബിജെപിയുടെ ആവശ്യം മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

കേരളത്തില്‍ ഇന്നുവരെ പാര്‍ലമെന്റ് സീറ്റ് നേടാന്‍ കഴിയാത്ത സംഘപരിവാര്‍, പടിവാതിലില്‍ എത്തിയിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റും വോട്ടും ലാക്കാക്കി ശബരിമലയെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ഹിന്ദു സമുദായങ്ങളില്‍ ഭീതിയും അരക്ഷിത ബോധവും വിയോജന മനോഭാവവും വളര്‍ത്തുക, ഒപ്പം അഹിന്ദുക്കളോട് വിദ്വേഷം സൃഷ്ടിക്കുക  ഇതിലൂടെ വര്‍ഗീയലഹളയ്ക്ക് കളമൊരുക്കുക ഇതാണ് ബിജെപി  ആര്‍എസ്എസ് ശക്തികള്‍ ചെയ്യുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസും യുഡിഎഫ് കക്ഷികളും മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് നാടിനോട് കാട്ടുന്നത്. കൊടിയില്ലാതെ സമരത്തില്‍ പങ്കെടുക്കുകയെന്ന നയം തിരുത്തി, കൊടി പിടിച്ച് സമരത്തില്‍ പങ്കാളിയാകാനാണ് പുതിയ തീരുമാനം. ശബരിമല വിഷയത്തെ ശരിയായ മതനിരപേക്ഷ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണാന്‍ കഴിയുന്നില്ലെങ്കില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ഗുജറാത്തില്‍  കോണ്‍ഗ്രസിന്  നേരിട്ട തകര്‍ച്ചയായിരിക്കും.

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും സാമൂഹ്യനീതിയും തുല്യതയും ഉറപ്പുവരുത്താന്‍ കഴിയുന്ന ഒരു മതനിരപേക്ഷ ഇന്ത്യയാണ് വേണ്ടത്. അതിലേക്കുള്ള നല്ലൊരു ചുവടുവയ്പാണ് ശബരിമല സ്ത്രീപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിയെന്ന സിപിഐ എം നിലപാടിന് ഒരു മാറ്റവുമില്ല. ശബരിമലയിലെ വനത്തിലും പുറത്തും നിലയ്ക്കലിലുമൊക്കെ അണിനിരത്തിയ സംഘപരിവാറിന്റെ മൂവായിരം ക്രിമിനലുകളല്ല കേരളത്തിലെ വിശ്വാസിസമൂഹം. വിശ്വാസത്തിന് പോറലേല്‍ക്കാതെതന്നെ നടപ്പാക്കാന്‍ കഴിയുന്ന ഒന്നാണ് സുപ്രീംകോടതി വിധി. സ്ത്രീയുടെ ആരാധനാ സ്വാതന്ത്ര്യത്തിനോടൊപ്പം സാമൂഹ്യനീതിയുടെ ഘടകവും ഈ വിധിയിലുണ്ടെന്നത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ മനസ്സിലാക്കണം. നവോത്ഥാനമൂല്യങ്ങള്‍ ഞങ്ങളെ പഠിപ്പിക്കാന്‍ പിണറായി വിജയനും കോടിയേരിയും വരേണ്ടെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും പറയുന്നത് കേട്ടു. അവര്‍ണര്‍ക്ക് വഴിനടക്കാനും  അമ്പലത്തില്‍ കയറാനും  അയിത്തം അവസാനിപ്പിക്കാനുമുള്ള പ്രക്ഷോഭത്തില്‍ പങ്കുവഹിച്ചവരാണ് ടി കെ മാധവന്‍, കെ പി കേശവമേനോന്‍, സി കേശവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍. ആ പാരമ്പര്യം കളഞ്ഞുകുളിച്ച് നവോത്ഥാനത്തിന്റെ ചരിത്രരഥം പിന്നോട്ടടിക്കാന്‍ ശ്രമിച്ച ജീര്‍ണരൂപങ്ങളാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളെന്ന് പുതുതലമുറ വിളിച്ചുപറയുമെന്നുറപ്പ്. സ്ത്രീയെ തുല്യശക്തിയായി അംഗീകരിക്കാത്ത രാഷ്ട്രീയപ്രമാണമാണ് കെപിസിസിക്കുള്ളതെന്ന് നിങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് കോടതിവിധിക്കെതിരെ, സ്ത്രീപ്രവേശന വിരുദ്ധമായ വാദങ്ങള്‍ സുപ്രീംകോടതിയില്‍ അവതരിപ്പിക്കാന്‍ മനു അഭിഷേക് സിങ്വിയെയും കപില്‍ സിബലിനെയും കെപിസിസി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ത്രീക്ക് നിലവിലുള്ള അമ്പലവിലക്ക് നീക്കംചെയ്യുകയെന്നത് സ്ത്രീ പദവി മെച്ചപ്പെടുത്താനുള്ള ഉപാധിയാണ്.

ഈ വേളയില്‍ ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരും മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കളും നമുക്ക് വഴികാട്ടികളാണ്. അയിത്തോച്ചാടന പ്രക്ഷോഭചരിത്രത്തിലെ ഐതിഹാസിക സമരമായിരുന്നു വൈക്കത്തേത്. അതിനെ പിന്തുണച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണജാഥ സംഘടിപ്പിച്ചത് ചരിത്രമാണ്. വൈക്കം സത്യഗ്രഹത്തെ പിന്തുണച്ച് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ സവര്‍ണ പദയാത്ര നയിച്ചത് മന്നത്ത് പത്മനാഭനാണ്. ഈ പാരമ്പര്യം ഇന്നത്തെക്കാലത്ത് ഉയര്‍ത്തിപ്പിടിക്കേണ്ടവര്‍ അത് മുറുകെപ്പിടിക്കതന്നെ വേണം. ശബരിമല സ്ത്രീ പ്രവേശനം ക്രമസമാധാന പ്രശ്‌നമാക്കിമാറ്റാന്‍ ഇവിടെ സംഘപരിവാര്‍ ഇറങ്ങിയിരിക്കുമ്പോള്‍ ഇതേ വിഷയത്തില്‍ നേരത്തെ കോടതിവിധി വന്ന മഹാരാഷ്ട്രയിലെ ഷിങ്ക്‌നാപുര്‍ ശനി ക്ഷേത്രത്തില്‍ അവിടത്തെ ബിജെപി സര്‍ക്കാര്‍ വിധി നടപ്പാക്കുകയാണ് ചെയ്തത്. പുറമേനിന്ന് വരുന്ന ആര്‍ക്കും മതജാതിലിംഗഭേദമില്ലാതെ ശനി ദേവന്റെ അനുഗ്രഹം വാങ്ങി തിരിച്ചു പോകാം. ശബരിമലയിലും വിശ്വാസികളായ ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് അയ്യപ്പദര്‍ശനം നടത്താനും ഇഷ്ടമില്ലാത്തവര്‍ക്ക് പോകാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നിലനിര്‍ത്തേണ്ടത്.

സംഘപരിവാര്‍ ശബരിമലയില്‍ കുഴപ്പം സൃഷ്ടിക്കുന്നതിനുമധ്യേ സ്ത്രീകള്‍ കയറിയാല്‍ ക്ഷേത്രം പൂട്ടുമെന്ന് തന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് പതിനെട്ടാംപടിക്കുതാഴെ പരികര്‍മികള്‍ സത്യഗ്രഹം നടത്തി. സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും അതീതരാണ് തന്ത്രിയും പരികര്‍മികളുമെന്ന ചിന്ത ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാവുന്നതല്ല. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിനല്ല. ദര്‍ശനത്തിനായി ക്ഷേത്രം തുറക്കാനും അത് കഴിഞ്ഞാല്‍ അടയ്ക്കാനുമുള്ള നിയമപരമായ അവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. യുവതികള്‍ ദര്‍ശനം നടത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കണമെന്ന് കൊട്ടാരം പ്രതിനിധികള്‍ തന്ത്രിയോട് നിര്‍ദേശിച്ചതും തന്ത്രി അത് സമ്മതിച്ചതും നിയമത്തെയും ജനാധിപത്യവ്യവസ്ഥിതിയെയും ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനാസ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കലാണ്. 1947ല്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് നിലവില്‍വന്നതും അതോടെ നാട്ടുരാജ്യങ്ങള്‍ ഇല്ലാതായതും   1950 ല്‍ ഭരണഘടന നിലവില്‍വന്നതോടെ അതുവരെ നാട്ടുരാജാക്കന്മാര്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ കരാറുകളും കവനന്റുകളും സ്വമേധയാ റദ്ദാക്കപ്പെട്ടെന്ന് അറിയാത്തവരാണ് ഇത്തരം സാഹസകൃത്യം ചെയ്യുമെന്ന് ഭീഷണിമുഴക്കിയത്. മേല്‍ശാന്തിക്ക്  സഹായമേകാന്‍ നിയോഗിക്കുന്ന താല്‍ക്കാലിക പരികര്‍മികള്‍ ക്ഷേത്രത്തിന്റെ പടിക്കുതാഴെ സത്യഗ്രഹം നടത്തിയത് തികച്ചും അനുചിതമായ നടപടിയാണ്. ശബരിമലയില്‍ സമരനിരോധനത്തിന് ഹൈക്കോടതി വിധിയുണ്ട്. സത്യഗ്രഹം നടത്തിയ പരികര്‍മികള്‍ ദേവസ്വം ജീവനക്കാര്‍ പോലുമല്ല. ഒരു നിശ്ചിതസമയത്ത് മേല്‍ശാന്തിയെ സഹായിക്കാന്‍ നിയോഗിച്ചുള്ള കരാറുകാരാണ്. സംഘപരിവാറിന്റെ കുഴലൂത്തുകാരായി, ശബരിമലയെ പ്രക്ഷോഭകേന്ദ്രമാക്കാന്‍ ഇറങ്ങിയ പരികര്‍മികളുടെ തെറ്റായ നടപടിയെപ്പറ്റി ദേവസ്വം ബോര്‍ഡ് ഉചിതമായ പരിശോധനകള്‍ നടത്തുമെന്ന് കരുതുന്നു.

ശബരിമലയില്‍ പൊലീസ് ഡ്യൂട്ടി എത്രയോ കാലമായി ഉള്ളതാണ്. അവിടെ വരുന്ന പൊലീസുകാരും ഉദ്യോഗസ്ഥരുമെല്ലാം ഹിന്ദുക്കളായിരിക്കണമെന്ന് ശഠിക്കുന്നത് എത്രമാത്രം ഹീനമാണ്. ജാതിയും മതവും വേര്‍തിരിച്ച് പൊലീസ് ഉദ്യോഗസ്ഥരെ സംഘപരിവാറിന്റെ 'സാമൂഹ്യമാധ്യമ ക്രിമിനലുകള്‍' മാത്രമല്ല, ശ്രീധരന്‍പിള്ളവരെ ആക്രമിക്കാന്‍ ശ്രമിച്ചത് അപമാനകരമാണ്. മതനിരപേക്ഷ കേരളത്തിന്റെ യശസ്സിന് ഇത് കളങ്കമാണ്. അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയില്‍ അയ്യപ്പന്‍തന്നെ കൂട്ടിയ വാവര് സ്വാമിയുണ്ട്. അതുപോലെ മാളികപ്പുറത്തമ്മയുണ്ട്. ഇവിടെ ഹിന്ദു ആചാരങ്ങള്‍ നിലനില്‍ക്കുന്ന കേന്ദ്രമാണെന്നതിനൊപ്പം എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും ദര്‍ശനത്തിന് അനുമതിയുള്ള ഇടവുമാണ്. ഇവിടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മറ്റ് ഉദ്യോഗസ്ഥരോടൊപ്പം പൊലീസ് ഐജി മനോജ് എബ്രഹാം വന്നത് സംഘപരിവാറുകാരുടെ കണ്ണില്‍ കൊടിയ പാതകമായി. മുന്‍കാലങ്ങളിലും ഈ ഉദ്യോഗസ്ഥന്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്. ഇവിടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് വരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജാതിയും മതവും തിരയുന്നവര്‍ നാളെ ശബരമലയില്‍ ധര്‍മശാസ്താവിനെ പാടിയുറക്കുന്ന 'ഹരിവരാസനം' ആലപിച്ച ഗായകന്റെ ജാതിയും മതവും ചികയില്ലെന്ന് ആര് കണ്ടു. ഈ പോക്ക് അംഗീകരിക്കാന്‍ പ്രബുദ്ധകേരളത്തിനാകില്ല. പൊലീസിലും സമൂഹത്തിലും ശബരിമലയുടെപേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള നികൃഷ്ടനീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ശബരിമലയെ മറ്റൊരു അയോധ്യയാക്കാന്‍ ഉല്‍കൃഷ്ടകേരളം അനുവദിക്കില്ല.


കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More