പ്രളയം പകര്‍ന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടാവണം മുന്നോട്ടുപോക്ക്

കാലാവസ്ഥാ വ്യതിയാനം ഒരു കൂട്ടം പുതിയ തരം അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്ന് പറഞ്ഞത് എം എസ് സ്വാമിനാഥനാണ്. അത് കേരളത്തില്‍ എത്രമാത്രം അന്വര്‍ത്ഥമായി എന്നതിന് നമ്മള്‍ അതിജീവിക്കുന്ന പ്രളയം തെളിവായുണ്ട്. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ച പുതിയൊരു കേരളം പരിസ്ഥിതി സൗഹൃദത്തിന്റെയും പരിസ്ഥിതി പുനര്‍ നിര്‍മാണത്തിന്റെയും കേരളം കൂടിയായിരിക്കണം. ജല സ്രോതസുകളായ പുഴകള്‍, തോടുകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണവും പുനരുദ്ധാരണവും മലയാളികള്‍ ഉറപ്പുവരുത്തണം. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും പ്രഥമ പരിഗണനയിലുണ്ടാവണം. ഭൂഗര്‍ഭ ജലവിനിയോഗത്തിന്റെ നിയന്ത്രണവും പരിപോഷണം സംഭരണം തുടങ്ങയവയും മറന്നുപോകരുത്. കാര്യക്ഷമമായ ജലവിനിയോഗത്തിലൂന്നിയ മുന്നോട്ടുപോക്കാണ് ഇനി വേണ്ടത്.

തകര്‍ന്ന കേരളത്തെ അതിനുമുമ്പുള്ള അവസ്ഥയിലേക്ക് പുനസ്ഥാപിക്കുകയല്ല ലക്ഷ്യം., പുതിയൊരു കേരളത്തെ സൃഷ്ടിക്കലാണ് എന്ന പറഞ്ഞ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ച്ചയായും ഇനിയൊരു പ്രളയത്തിന് കേരളത്തെ വിട്ടുകൊടുക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊള്ളും എന്നുതന്നെയാണ് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും  ജാതിജീര്‍ണ്ണവും അന്ധവിശ്വാസ ജഡിലവുമായ സമൂഹത്തെ മാറ്റി മറിക്കുന്നതിനും പ്രബുദ്ധമായ കേരള ജനതയെ വാര്‍ത്തെടുക്കുന്നതിനും കാരണമായി. അങ്ങനെ ഉരുത്തിരിഞ്ഞുവന്ന കേരള മോഡല്‍ ലോകത്തിനാകെ മാതൃകയായി ഉയര്‍ന്നു നിന്നു. അപ്പോഴൊക്കെ പരിസ്ഥിതി പോലുള്ള വിഷയങ്ങളില്‍ സംസ്ഥാനം പരമ്പരാഗതമായ കേട്ടറിവുകള്‍ പിന്‍പറ്റി നില്‍ക്കുകയായിരുന്നു. ആഗോളവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങളോടൊപ്പം രാജ്യത്താകമാനവും വിശിഷ്യാ കേരളത്തിലും പരിസ്ഥിതിയെ വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഉടലെടുത്തു. അപ്പോഴാണ് കേരളത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സജീവമായ പരിസ്ഥിതി ഇടപെടലുകള്‍ ഉയര്‍ന്നുവന്നത്.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെയോ, മറ്റേതെങ്കിലും എന്‍ ജി ഒയുടെയോ, സുഗതകുമാരിയെ പോലുള്ള പ്രഖ്യാപിത പരിസ്ഥിതി സംരക്ഷകരുടെയോ പിന്തുണ കര്‍ഷക തൊഴിലാളി യൂണിയന്റെ ഇടപെടലുകള്‍ക്ക് ലഭിച്ചു എന്ന് പറയാനാവില്ല. ചെങ്കൊടിയോട് പലര്‍ക്കും ഉണ്ടായിരുന്ന അലര്‍ജി കാരണം അവരൊന്നും ആ ഇടപെടലിന്റെ ഭാഗമായില്ല. മണ്ണില്‍പ്പണിയെടുക്കുന്നോര്‍ അതൊക്കെ ചെയ്താല്‍ മതി, പരിസ്ഥിതി സംരക്ഷണമൊക്കെ ബുദ്ധിജീവികള്‍ ആലോചിച്ച് സെമിനാര്‍ നടത്തി ചെയ്യുമെന്ന് പറഞ്ഞ് കുറെ വിഭാഗങ്ങള്‍ വേണ്ടത്ര സഹകരണം കാണിച്ചില്ല. പക്ഷെ, തൊഴിലാളികള്‍ വയലുകള്‍ നികത്താനും കായല്‍ നിലങ്ങള്‍ കരഭൂമിയാക്കാനും സമ്മതിക്കാതെ കൊടികുത്തി. ഇന്‍ക്വിലാബ് വിളിച്ചു പരിസ്ഥിതിക്ക് വേണ്ടി. 

കേരളത്തിന്റെ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നതില്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ല. ഭൂമാഫിയകളടക്കമുള്ള ക്ഷിദ്രശക്തികള്‍ ലാഭം കുന്നുകൂട്ടുന്നതിന് വേണ്ടി ഭൂമിയെ അറുത്തുമുറിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ഒരുക്കിയ പ്രതിരോധത്തിന്റെ മഹാദുര്‍ഗങ്ങള്‍ ചരിത്രമാണ്. കേരളത്തിന്റെ പരിസ്ഥിതി നവോത്ഥാന പ്രസ്ഥാനമായിരുന്നു യൂണിയന്‍ മുന്നോട്ടുവെച്ചത്. പക്ഷെ, ആ മുന്നേറ്റത്തെ മുതലാളിത്ത മാധ്യമങ്ങളുടെ നേതൃത്വത്തില്‍ വലതുപക്ഷവും മുതലാളിത്ത ശക്തികളും പരിഹസിച്ചു. ഇന്നുള്ള പ്രഖ്യാപിത പരിസ്ഥിതി പ്രസ്ഥാനക്കാര്‍ പോലും 'വെട്ടിനിരത്തല്‍ സമര'മെന്നും 'കൊടിനാട്ടല്‍ സമര'മെന്നും പറഞ്ഞപഹസിച്ച ആ സമരങ്ങള്‍ക്ക് പിന്തുണയുമായി വരാതെ പരിഹാസത്തോടെ ഊറി ചിരിച്ചു. അന്നേ കേരളം നെല്‍വയലുകളുടെയും നീര്‍ത്തടങ്ങളുടെയും നീരുറവകളുടെയും പ്രാധാന്യം മനസിലാക്കി സംരക്ഷിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ പ്രളയ ഭീകരത ഇത്രത്തോളം ഭീകരമാകുമായിരുന്നില്ല.

ഇന്നിപ്പോള്‍ കേരളം പ്രളയാനന്തരമുള്ള ദുരിതപര്‍വ്വത്തിലൂടെ മുന്നോട്ടുപോവുകയാണ്. അതിജീവനത്തിനായുള്ള പരിശ്രമങ്ങളാണെങ്ങും. പ്രളയ ഭൂമികകളില്‍ മാലിന്യങ്ങളും ജൈവ, അജൈവ അവശിഷ്ടങ്ങളും ഉയര്‍ത്തുന്ന സാംക്രമികരോഗ ഭീഷണിയെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടുക എന്ന ദൗത്യം നമുക്ക് മുന്നിലുണ്ട്. പ്രളയത്തെത്തുടര്‍ന്ന് ഉയരാനിടയുള്ള മഹാമാരികളെ തടുത്തില്ലെങ്കില്‍ മലയാളികള്‍ വലിയ വില നല്‍കേണ്ടിവരും. ശുചീകരണ, സംസ്‌കരണ, ആരോഗ്യപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപനസ്വഭാവത്തില്‍ നടത്തേണ്ടതുണ്ട്. അതിനുള്ള പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോവുകയാണ്. സര്‍ക്കാരിന്റെ കൂടെ കൈകോര്‍ത്ത് പൊതുസമൂഹമൊന്നാകെയുണ്ട്. ആ ഘട്ടം കഴിഞ്ഞാല്‍ പിന്നെ കേരളത്തെ പുതുക്കിപ്പണിയുന്ന യജ്ഞമാണ്. 

കേരളത്തിന്റെ ഭൂപ്രകൃതി, ആവാസരീതി, ജനസാന്ദ്രത തുടങ്ങിയവയുടെ സവിശേഷതകൂടി കണക്കിലെടുത്തുവേണം ഇപ്പോഴത്തെ പ്രളയക്കെടുതിയെയും അതിന്റെ ഫലമായുണ്ടായ അടിസ്ഥാനസൗകര്യത്തകര്‍ച്ചയെയും വിലയിരുത്തേണ്ടത്. റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി വിതരണശൃംഖലകള്‍, ആശുപത്രികളും കാര്യാലയങ്ങളും ഉള്‍പ്പെടെയുള്ള പൊതുമന്ദിരങ്ങള്‍, അണക്കെട്ടുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ മിക്കതും തകര്‍ന്നുപോയിട്ടുണ്ട്. മനുഷ്യര്‍ മരിച്ചതും വീടുകള്‍ തകര്‍ന്നതും കൃഷിനശിച്ചതും കന്നുകാലികള്‍ ചത്തൊടുങ്ങിയതും ഇതിനുപുറമേയാണ്.

വലുപ്പത്തില്‍ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ 22ാം സ്ഥാനംമാത്രമുള്ള കേരളം ജനസാന്ദ്രതയില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ്. ജനസാന്ദ്രതയില്‍ ഇന്ത്യയുടെ ദേശീയ ശരാശരി ഒരു ചതുരശ്ര കിലോമീറ്ററിന് 370 പേരാണെങ്കില്‍ കേരളത്തില്‍ അത് 859 പേരും. റോഡുകളുടെ ദേശീയ ശരാശരി ആയിരംപേര്‍ക്ക് 2.59 കിലോമീറ്ററാണ്; കേരളത്തില്‍ 4.62 കിലോമീറ്ററും. ഇതൊക്കെക്കൊണ്ടാണ് പ്രളയം മൂലമുണ്ടായ നാശം കേരളത്തില്‍ സാമാന്യത്തിലധികമായിരിക്കുന്നത്. സമഗ്രമായ പുനര്‍നിര്‍മാണവും വന്‍തോതിലുള്ള പുനരധിവാസവും ആവശ്യമായി വന്നിരിക്കുന്ന ഈ അത്യപൂര്‍വ സാഹചര്യത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിന് കൈത്താങ്ങാവണം.

ഈ മഹാപ്രതിസന്ധിയുടെ ഘട്ടത്തില്‍ തയ്യാറെടുപ്പൊന്നുമില്ലാതെതന്നെ നിര്‍ണായകമായൊരു ചെറിയ സമയംകൊണ്ട് മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്താനും അത്യാവശ്യമേഖലകളിലേക്ക് അതിനെ വിന്യസിക്കാനും സര്‍ക്കാരിനു കഴിഞ്ഞു എന്നത് നാം കാണണം. സേവനസന്നദ്ധരായി സ്വന്തം വള്ളങ്ങളുമായി രംഗത്തുവന്ന മത്സ്യത്തൊഴിലാളികളെ ദുരന്തമുഖങ്ങളില്‍ രക്ഷകരായെത്താന്‍ സര്‍വസഹായവും നല്‍കിയതുതന്നെ ഇതിനു മാതൃകയാണ്. സര്‍ക്കാര്‍ ജീവനക്കാരോട് ഞായറാഴ്ചയും ജോലിക്കു ഹാജരാകാന്‍ നിര്‍ദേശിച്ചു. തിരുവോണ ദിവസം പോലും കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തന നിരതമായിരുന്നു. കേരളത്തിന്റെ ഓണാഘോഷം പോലും അതിജീവന ഗാഥയ്ക്കുവേണ്ടി പൂക്കളമിട്ടു എന്നത് നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. 

പ്രളയം നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ നെല്‍വലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടുമെന്നുള്ളത് ഉറപ്പുവരുത്തണം. ആരെങ്കിലും വയല്‍ നികത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ അത് തടയണം. ശക്തമായ ഇടപെടലുകളിലൂടെ  മാത്രമേ ബാക്കിയുള്ള നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ നമുക്ക് സാധിക്കുകയുള്ളു. കേരളത്തിന്റെ ജീവനും പച്ചപ്പും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍ അത് യാന്ത്രികമായ ഒരു നടപടിയായി മാറുകയുമരുത്. നാടിന്റെ ഹൃദയവികാരങ്ങള്‍ മനസിലാക്കി കൊണ്ടുള്ള മാതൃകാപരമായ ഇടപെടലുകളായി മാറുകയാണ് വേണ്ടത്.

കാലാവസ്ഥാ വ്യതിയാനം ഒരു കൂട്ടം പുതിയ തരം അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്ന് പറഞ്ഞത് എം എസ് സ്വാമിനാഥനാണ്. അത് കേരളത്തില്‍ എത്രമാത്രം അന്വര്‍ത്ഥമായി എന്നതിന് നമ്മള്‍ അതിജീവിക്കുന്ന പ്രളയം തെളിവായുണ്ട്. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ച പുതിയൊരു കേരളം പരിസ്ഥിതി സൗഹൃദത്തിന്റെയും പരിസ്ഥിതി പുനര്‍ നിര്‍മാണത്തിന്റെയും കേരളം കൂടിയായിരിക്കണം. ജല സ്രോതസുകളായ പുഴകള്‍, തോടുകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണവും പുനരുദ്ധാരണവും മലയാളികള്‍ ഉറപ്പുവരുത്തണം. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും പ്രഥമ പരിഗണനയിലുണ്ടാവണം. ഭൂഗര്‍ഭ ജലവിനിയോഗത്തിന്റെ നിയന്ത്രണവും പരിപോഷണം സംഭരണം തുടങ്ങയവയും മറന്നുപോകരുത്. കാര്യക്ഷമമായ ജലവിനിയോഗത്തിലൂന്നിയ മുന്നോട്ടുപോക്കാണ് ഇനി വേണ്ടത്.

കൃഷിഭൂമിയുടെ ശുചിത്വം, പ്രകൃതി സൗഹൃദമായ രോഗകീട നിയന്ത്രണ മാര്‍ഗങ്ങള്‍, വിള വൈവിധ്യം, വരള്‍ച്ച ചൂട് എന്നിവയെ ചെറുക്കുന്ന വിത്തിനങ്ങളുടെ ഉപയോഗം, ചിട്ടയായ വിളപരിക്രമം, ഇടവിള സമ്പ്രദായം, നടീല്‍സമയത്തിന്റെ ഏകീകരണം, കര്‍ഷക ബോധവല്‍ക്കരണവും കാര്‍ഷികമായ അറിവുകളുടെ ലഭ്യതയും ഉറപ്പുവരുത്തല്‍ തുടങ്ങിയ വിവിധ മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്.  തീര്‍ച്ചയായും ഇവയൊക്കെ പരിഗണനാ വിഷയമാകണം.

നെല്‍വയല്‍ നീര്‍ത്തടമടക്കമുള്ള പരിസ്ഥിതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ചും ഇല്ലെങ്കിലുണ്ടാവുന്ന സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചും കേരളത്തിന്റെ ചരിത്രത്തിലിന്നുവരെയുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള പ്രളയം നമ്മെ പഠിപ്പിച്ചിരിക്കുന്നു. നമുക്ക് ആ തിരിച്ചറിവുകള്‍ മനസിലാക്കി പുതിയൊരു കേരളം സൃഷ്ടിക്കാനായി കൈകള്‍ കോര്‍ക്കാം.   
 


27-Aug-2018