വടയമ്പാടിയിലെ വസ്തുതകള്‍

ഭജനമഠം മൈതാനത്തെ അവകാശങ്ങളെക്കുറിച്ചുള്ള സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കിയിട്ടും വടയമ്പാടിയില്‍ ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാനാണ് മൗമാ മുന്നണി ശ്രമിച്ചത്. പരസ്പരമുള്ള ആക്രമണങ്ങളിലൂടെ ശക്തി പ്രാപിക്കുന്ന ആര്‍ എസ് എസും മൗദൂദിസ്റ്റ് നേതൃത്വത്തിലുള്ള അവശിഷ്ട സമരക്കാരും തമ്മിലുള്ള സംഘര്‍ഷമുണ്ടാവുന്നത് ഈ സാഹചര്യത്തിലാണ്. സംഘികളും സുഡാപ്പികളും തമ്മിലടിച്ചപ്പോള്‍ സ്വാഭാവികമായും പോലീസ് ഇടപെടലുമുണ്ടായി. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങളെ തുടര്‍ന്ന് ഇനിയും വടയമ്പാടിയില്‍ സമരം തുടര്‍ന്നാല്‍ അവശിഷ്ട സമരക്കാരും കൂടെക്കാണില്ല എന്ന തിരിച്ചറിവിലാണ് സമരം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുന്നത്. കൂടുതല്‍ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാനും ഇടതുപക്ഷ സര്‍ക്കാരിനെതിരെ വസ്തുതാവിരുദ്ധമായ പ്രചരണം നടത്താനുമാണ് വടയമ്പാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വത്വരാഷ്ട്രീയക്കാര്‍ സഞ്ചരിക്കുന്നത്.

വടയമ്പാടിയിലെ ജാതിമതില്‍ എന്ന് പറഞ്ഞുറപ്പിക്കുകയാണ് മാധ്യമ പ്രവര്‍ത്തകരടക്കമുള്ള ചില പുരോഗമനവാദികള്‍. അവരോട് സഹതാപമാണ് തോന്നുന്നത്. അവര്‍ പറയുംപോലെ ഒരു ജാതിമതില്‍ ഉണ്ടാവേണ്ടത് അവരുടെ വയറ്റുപിഴപ്പിന്റെ ആവശ്യമായിരിക്കും. പക്ഷെ, കേരളത്തില്‍ ഒരു ജാതിമതില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ന് ആര്‍ക്കും സാധിക്കില്ല. ആര്‍ എസ് എസ് വിചാരിച്ചാലൊന്നും കേരളത്തില്‍ എവിടെയും ജാതിമതില്‍ ഉയര്‍ത്താന്‍ കഴിയുകയില്ല.

വടയമ്പാടി വിഷയം വൈകാരികമാക്കി വളര്‍ത്തി മുതലെടുക്കാന്‍ നോക്കുന്ന ഒരു വിഭാഗമുണ്ട്. മൗദൂദിസ്റ്റുകളും മാവോവാദികളും അടങ്ങുന്ന മൗമാ മുന്നണിയാണ് അത്. ദളിത് വികാരം കുത്തിപ്പൊക്കി സ്വത്വ രാഷ്ട്രീയത്തെ വളര്‍ത്തി, തങ്ങള്‍ക്ക് രാഷ്ട്രീയമായി ലാഭമുണ്ടാക്കാമെന്ന കണക്കുകൂട്ടലില്‍ ആണ് മൗമാ മുന്നണി മുന്നോട്ടുപോകുന്നത്. ആ മുന്നണിക്ക് കൂട്ടായി കേരളത്തിലെ ചില പുരോഗമനവാദികളും കഥയറിയാതെ ആട്ടം കാണുകയും താളം പിടിക്കുകയുമാണ്.

വടയമ്പാടിയില്‍ എന്‍ എസ് എസ് നേതൃത്വത്തിലുള്ള അമ്പലക്കമ്മറ്റി കെട്ടിപ്പൊക്കിയ മതില്‍ പൊളിച്ച് നീക്കണം എന്ന കാര്യത്തില്‍ പുരോഗമനകാരികള്‍ക്കാര്‍ക്കും രണ്ട് അഭിപ്രായമില്ല. ആര്‍ എസ് എസ് സംഘപരിവാരവും മാത്രമാണ് അവിടെ മതില്‍ വേണമെന്ന ദുശ്ശാഠ്യവുമായി ഇപ്പോള്‍ നില്‍ക്കുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ വടയമ്പാടി വിഷയം?

ഐക്കരനാട് നോര്‍ത്ത് വില്ലേജ് എറണാകുളം ജില്ലയിലാണ്. അവിടെ സര്‍വ്വേ നമ്പര്‍ 223/24ലുള്ള ഭൂമിയായ പൊതുമൈതാനമാണ് ഭജനമഠം മൈതാനമെന്നറിയപ്പെടുന്ന സ്ഥലം. ഈ പൊതുമൈതാനത്തോട് ചേര്‍ന്ന് ഒരു പട്ടികജാതി കോളനിയും ലക്ഷം വീട് കോളനിയും സെറ്റില്‍മെന്റ് കോളനിയും ഉണ്ട്. മൂന്ന് കോളനികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന റവന്യൂപുറമ്പോക്കായിരുന്ന ഈ പൊതുമൈതാനത്തില്‍ രാഷ്ട്രീയ പാര്‍ടികളുടെ യോഗങ്ങളടക്കം സംഘടിപ്പിച്ചുവരാറുണ്ട് എന്നതാണ് വസ്തുത. എല്ലാ ജാതിമതസ്ഥരും ഉപയോഗിക്കുന്ന ആ പൊതുമൈതാനത്തിലാണ് എന്‍ എസ് എസ് നേതൃത്വത്തിലുള്ള അമ്പലക്കമ്മറ്റി മതില്‍ കെട്ടിയത്. 2017 മാര്‍ച്ചിലാണ് എന്‍ എസ് എസ് കരയോഗം മതിലിന്റെ പണി ആരംഭിച്ചത്.

സ്വാഭാവികമായും ഈ സമയത്ത് സിപിഐ എം ലോക്കല്‍ കമ്മറ്റിയുടെ മുമ്പാകെ ഈ വിഷയം ഉയര്‍ന്നുവന്നു. ഇത് ചര്‍ച്ച ചെയ്യാനായി അമ്പലകമ്മറ്റിയുടെ ആള്‍ക്കാരെയും മറ്റ് പൊതുകാര്യസ്ഥരെയും വിളിച്ചുകൊണ്ട് അവിടെ ഒരു കമ്മറ്റികൂടി. ഭജനമഠം മൈതാനം ഒരു പൊതുഇടമാണ്. അവിടെ മതില്‍ കെട്ടുന്നത് ശരിയല്ല എന്ന പൊതുജനങ്ങളുടെ അഭിപ്രായമായിരുന്നു പാര്‍ടിയുടെയും നിലപാട്. അപ്പോഴാണ് അമ്പലക്കമ്മറ്റി ഈ മൈതാനം പൊതുസ്ഥലമല്ല, തങ്ങള്‍ക്ക് പട്ടയം കിട്ടിയ സ്വകാര്യഭൂമിയാണ് എന്ന വാദമുന്നയിച്ചുകൊണ്ട് പട്ടയം ഉയര്‍ത്തിക്കാട്ടിയത്. 1981 ല്‍ G.O.M.S. No230/81/RD എന്ന് ഉത്തരവായിരുന്നു അത്. റവന്യുവകുപ്പിന്റെ ആ ഉത്തരവില്‍ ഗവര്‍ണര്‍ക്ക് വേണ്ടി ഒപ്പിട്ടിരിക്കുന്നത് അണ്ടര്‍ സെക്രട്ടറി ടി എന്‍ ജയദേവനാണ്. സിപിഐ നേതാവായിരുന്ന പി എസ് ശ്രീനിവാസനായിരുന്നു ആ സമയത്ത് റവന്യുവകുപ്പ് ഭരിച്ചിരുന്നത്.

ആ പട്ടയം മുന്നില്‍ വെച്ചുകൊണ്ട് അമ്പലക്കമ്മറ്റി കാണിക്കുന്ന വകതിരിവില്ലായ്മയെ സിപിഐ എം എതിര്‍ത്തു. ജനങ്ങളോടൊപ്പം നിന്നു. ഭജനമഠം മൈതാനത്തിലെ മതില്‍ നിര്‍മാണത്തിനെതിരെ അവിടെ ഒരു ആക്ഷന്‍കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. മൈതാനത്തില്‍ മതില്‍കെട്ടുന്നതിനെതിരായും പൊതുഇടം എന്നുള്ള നിലയില്‍ മൈതാനം നിലനിര്‍ത്തുന്നതിന് വേണ്ടിയും ആക്ഷന്‍കൗണ്‍സില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അമ്പലക്കമ്മറ്റിയും അവരുടെ ന്യായങ്ങള്‍ നിരത്തി അവരുടേതായ കേസുമായി മുന്നോട്ട് നീങ്ങി. കോടതി പട്ടയം പരിശോധിച്ചപ്പോള്‍ അത് നിയമാനുസൃതമായുള്ളതാണെന്ന് കണ്ട് അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അമ്പലക്കമ്മറ്റിക്ക് നിയമപരമായ അവകാശമുണ്ടെന്ന് തീര്‍പ്പിട്ടു.

ഇത്തരത്തില്‍ പതിച്ചുലഭിക്കുന്ന പട്ടയത്തില്‍ മറ്റാര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍, പട്ടയം നല്‍കി ഇത്രനാളുകള്‍ക്കകം പരാതി ഉന്നയിക്കണം എന്നുണ്ട്. എന്‍ എസ് എസ് കരയോഗക്കാര്‍ പട്ടയം ലഭിച്ച വിവരം രഹസ്യമാക്കി വെച്ചതിനാല്‍ ആ പരാതി ഉന്നയിക്കാനുള്ള കാലാവധി സമയം കഴിഞ്ഞുപോയിരുന്നു. ആ കാലതാമസത്തില്‍ ക്ഷമാപണം നടത്തിക്കൊണ്ട് ആക്ഷന്‍കൗണ്‍സിലിന്റെ അഭിഭാഷകന്‍ പട്ടയത്തിനെതിരെ പരാതി നല്‍കാന്‍ അനുവാദം നല്‍കണമെന്ന് കോടതിയോട് അപേക്ഷിച്ചു. കോടതി അത് അനുവദിക്കുകയും ചെയ്തു.

തുടര്‍ന്ന് കോടതിയുടെ അനുവാദത്തോടെ അമ്പലക്കമ്മറ്റിക്കാര്‍ മതില്‍ കെട്ടി. തുടര്‍ന്ന് സമരക്കാര്‍ 2017 ഏപ്രില്‍ 14ന് ആ മതില്‍ പൊളിച്ചു. ആ സംഭവത്തില്‍ നാട്ടുകാരേക്കാള്‍ കൂടുതലുണ്ടായിരുന്നത് മൗദൂദിസ്റ്റുകളും മാവോവാദികളുമടക്കമുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരായിരുന്നു. നിയമപരമായ നടപടികളിലൂടെയും സമവായത്തിലൂടെയും പ്രശ്‌നം പരിഹരിക്കാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി അവര്‍ക്കുണ്ടായിരുന്നു.

എസ് ഡി പി ഐ അടക്കമുള്ള വിധ്വംസക ശക്തികള്‍ സമരത്തിലേക്ക് നുഴഞ്ഞുകയറുന്നത് ഈ സമയത്താണ്. മീഡിയാവണ്‍ ചാനലിന്റെ ഒ ബി വാന്‍ അവിടെ നിന്ന് സ്വത്വരാഷ്ട്രീയത്തിന് സഹായകമായ വാര്‍ത്തകള്‍ പടച്ചുവിടുകയും മറ്റ് ചാനലുകള്‍ക്ക് സ്റ്റോറികള്‍ ഉണ്ടാക്കി നല്‍കുന്നതും ഈ ഘട്ടംമുതലാണ്.

കുറച്ചുകഴിഞ്ഞപ്പോള്‍ അമ്പലത്തില്‍ ഉത്സവമായി. അമ്പലക്കമ്മറ്റിക്കാര്‍ സമരത്തിലേര്‍പ്പെട്ടവരോട് ഉത്സവം കഴിയുന്നതുവരെ സമരപന്തല്‍ അമ്പലത്തിന്റെ കവാടത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു. സമരക്കാര്‍ അത് ചെവിക്കൊണ്ടില്ല. അപ്പോള്‍ കമ്മറ്റിക്കാര്‍ പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സമരസമിതി കണ്‍വീനര്‍ക്ക് സമരപ്പന്തല്‍ മാറ്റാനുള്ള നോട്ടീസ് നല്‍കി. അതും സമരക്കാര്‍ വകവെച്ചില്ല. തുടര്‍ന്നാണ് പുത്തന്‍കുരിശ് സി ഐ സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെയെത്തി സമരപന്തല്‍ പൊളിച്ചു നീക്കിയത്.

ഹിന്ദു ദിനപത്രമടക്കമുള്ള ദേശീയ മാധ്യമങ്ങള്‍, ദളിതര്‍ക്കെതിരെ കേരള പോലീസ് എന്ന് രീതിയിലുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നത് ആ സാഹചര്യത്തിലാണ്. ഹിന്ദുവിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സി ഗൗരീദാസന്‍ നായരാണ് ആ വാര്‍ത്താവിന്യാസത്തിന്റെ സ്വഭാവം നിശ്ചയിച്ചത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പിണറായി വിജയന്‍ എന്ന കേരളത്തിന്റെ മുഖ്യമന്ത്രിയെ ദേശീയ തലത്തില്‍ ഇകഴ്ത്താന്‍ ലഭിച്ച ഒരു സ്‌കൂപ്പായിരുന്നു ഗൗരീദാസന്‍ നായരെ സംബന്ധിച്ച് ആ പോലീസ് നടപടി.

ഈ അവസരത്തില്‍ സിപിഐ എം കോലഞ്ചേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മൈതാനത്തിന് സമീപത്ത് ഒരു ബഹുജനമാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മൈതാനം ജനങ്ങളുടേതാണെന്നും ആ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ നിയമപരമായി പരിശോധിച്ച് പട്ടയം റദ്ദാക്കാനുള്ള സാധ്യതകള്‍ ആരായണമെന്ന് ആ പൊതുയോഗം അഭിപ്രായപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്, സംസ്ഥാന കമ്മറ്റിയംഗം സി എന്‍ മോഹനന്‍, കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി സി ബി ദേവദര്‍ശന്‍ തുടങ്ങിയവര്‍ വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച് അവിടെ സംസാരിച്ചു.

തുടര്‍ന്ന് ജില്ലാകലക്ടര്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച വിളിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമുദായിക നേതാക്കളുമായി വി പി സജീന്ദ്രന്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റില്‍ ചര്‍ച്ച നടത്തി. ദളിത് ഭൂസംരക്ഷണ സമിതിയുടെ വക്താക്കളെ ആ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചെങ്കിലും അവര്‍ ചര്‍ച്ചയെക്കെത്തിയില്ല.

ആ ചര്‍ച്ചയെ തുടര്‍ന്ന് വടയമ്പാടി ഭജനമഠത്തോട് ചേര്‍ന്ന് മതിലോ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഭജനമഠത്തിനു സമീപം സ്ഥാപിച്ച ബോര്‍ഡും സമരപ്പന്തലും ഒഴിപ്പിക്കും. ചരിത്രപരമായി പൊതുജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങളൊക്കെ നിലനിര്‍ത്തും. മൈതാനത്ത് കളിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടായിരിക്കും. മൈതാനത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കും പൊതുചടങ്ങുകള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണം. പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുമ്പോള്‍ അത് നടപ്പാക്കുമെന്നും ചര്‍ച്ചയ്ക്ക് ശേഷം ജില്ലാകളക്ടര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞി്ട്ടുണ്ട്.

ചര്‍ച്ചയില്‍ പങ്കെടുത്ത സാമുദായിക സംഘടനകളോ രാഷ്ട്രീയകക്ഷികളോ പ്രതിഷേധപ്രകടനങ്ങള്‍ നടത്തില്ലെന്ന് അവിടെ വെച്ച് വാഗ്ദാനം ചെയ്തു. വടയമ്പാടിയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുവരുത്തി. അവിടെ എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടും. പ്രത്യേകപരിഗണന ആരോടും ഉണ്ടാവില്ല. സ്ഥലത്തെ സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി ഉറപ്പാക്കാനുള്ള നടപടികള്‍ ജില്ലാഭരണകൂടം സ്വീകരിക്കും. തര്‍ക്കം മുതലെടുക്കാനുള്ള തല്‍പ്പര ബാഹ്യകക്ഷികളുടെ ഇടപെടല്‍ അനുവദിക്കില്ല.

ഭജനമഠം മൈതാനത്തെ അവകാശങ്ങളെക്കുറിച്ചുള്ള സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കിയിട്ടും വടയമ്പാടിയില്‍ ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാനാണ് മൗമാ മുന്നണി ശ്രമിച്ചത്. പരസ്പരമുള്ള ആക്രമണങ്ങളിലൂടെ ശക്തി പ്രാപിക്കുന്ന ആര്‍ എസ് എസും മൗദൂദിസ്റ്റ് നേതൃത്വത്തിലുള്ള അവശിഷ്ട സമരക്കാരും തമ്മിലുള്ള സംഘര്‍ഷമുണ്ടാവുന്നത് ഈ സാഹചര്യത്തിലാണ്. സംഘികളും സുഡാപ്പികളും തമ്മിലടിച്ചപ്പോള്‍ സ്വാഭാവികമായും പോലീസ് ഇടപെടലുമുണ്ടായി.

ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങളെ തുടര്‍ന്ന് ഇനിയും വടയമ്പാടിയില്‍ സമരം തുടര്‍ന്നാല്‍ അവശിഷ്ട സമരക്കാരും കൂടെക്കാണില്ല എന്ന തിരിച്ചറിവിലാണ് സമരം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുന്നത്. ചൂണ്ടിയില്‍ നടന്ന രണ്ടാംഘട്ട സമരപ്രഖ്യാപന കണ്‍വെന്‍ഷനിലാണ് ആ പ്രഖ്യാപനം ഉണ്ടായത്. കൂടുതല്‍ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാനും ഇടതുപക്ഷ സര്‍ക്കാരിനെതിരെ വസ്തുതാവിരുദ്ധമായ പ്രചരണം നടത്താനുമാണ് വടയമ്പാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വത്വരാഷ്ട്രീയക്കാര്‍ സഞ്ചരിക്കുന്നത്.

07-Feb-2018