തകര്‍ച്ച

2017 ഏപ്രില്‍-ജൂണ്‍ കാലയളവുകളില്‍ തൊട്ടുമുന്‍ വര്‍ഷത്തെ ജി ഡി പിയായ 6.1 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായാണ് ജി ഡി പി നിരക്ക് കുത്തനെ താണത്. രാജ്യത്ത് അടിച്ചേല്‍പ്പിച്ച നോട്ടുനിരോധനം വഴിയുണ്ടായ ആഘാതം നടുവൊടിക്കുന്നതായിരുന്നു. ഡിജിറ്റല്‍ എക്കണോമിയെന്നും കള്ളപ്പണം ഇല്ലാതാക്കാനാണെന്നും ഭീകരതയെ പിടിച്ചുകെട്ടുമെന്നൊക്കെയുള്ള വീരവാദങ്ങള്‍ ഇപ്പോള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഡിമോണറ്റൈസ് ചെയ്ത പണത്തിന്റെ തൊണ്ണൂറ് ശതമാനം തുകയും ബാങ്കിംഗ് വ്യവസ്ഥയിലേക്ക് തിരികെയെത്തിയതിലൂടെ കള്ളപ്പണം പുറത്തുകൊണ്ടുവരാനായിരുന്നു നോട്ടുനിരോധനമെന്ന വാദം പൊളിഞ്ഞു കഴിഞ്ഞു. ഇതോടൊപ്പമാണ് വല്ലാത്ത ധൃതിയോടെ ജി എസ് ടി നടപ്പിലാക്കിയത്. ഈ രണ്ട് നടപടികള്‍ മൂലമാണ് ജി ഡി പി നിരക്ക് കുത്തനെ ഇടിഞ്ഞതെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്.

രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പികുത്തിയിരിക്കുന്നു എന്ന് സംഘപരിവാറുകാര്‍ വരെ വിളിച്ചുപറയുന്ന കാലമാണിത്. ആര്‍ എസ് എസ് നേതൃത്വത്തേയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും പേടിച്ച് മിണ്ടാതിരുന്ന സംഘികളില്‍ പലരും പരസ്യമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുന്നു. മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ യശ്വന്ത് സിന്‍ഹ മോഡി സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെ പി്ന്തുണച്ച് സംഘി ക്യാമ്പിലെ നിരവധി പേര്‍ മുന്നോട്ടുവന്നത് അസംതൃപ്തി അവിടെ പുകയുന്നുണ്ട് എന്നതിന് തെളിവാണ്. സിന്‍ഹ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാന്‍ ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന' സര്‍ക്കാരിനെ വെല്ലുവിളിച്ചിട്ടും ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രി മോഡിയോ, ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോ തയ്യാറായിട്ടില്ല എന്നത് മറിച്ചൊന്നും പറയാനില്ല എന്നതിന്റെ തെളിവാണ്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും ബാങ്കുകള്‍ പൂട്ടേണ്ടിവരുന്ന സാഹചര്യമാണ് നിലവില്‍വരുന്നതെന്നും പറഞ്ഞുകൊണ്ട് ബി ജെ പിയുടെ രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി ധനമന്ത്രിയെയും സര്‍ക്കാരിനെയും കുറ്റപ്പെടുത്തി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന മോഡി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് തുറന്നടിച്ചു. ഇത്തരത്തില്‍ ബി ജെ പി ഭരണകൂടത്തിന്റെ കൂടെ നില്‍ക്കുന്നവര്‍ ഓരോരുത്തരായി പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. പ്രശ്‌നം ഗുരുതരം തന്നെയാണ്.

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ധനകാര്യവര്‍ഷത്തിന്റെ ഓരോ പാദത്തിലും രാജ്യത്തെ വളര്‍ച്ചാ നിരക്ക് താണുവരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. 2017 ഏപ്രില്‍-ജൂണ്‍ കാലയളവുകളില്‍ തൊട്ടുമുന്‍ വര്‍ഷത്തെ ജി ഡി പിയായ 6.1 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായാണ് ജി ഡി പി നിരക്ക് കുത്തനെ താണത്. രാജ്യത്ത് അടിച്ചേല്‍പ്പിച്ച നോട്ടുനിരോധനം വഴിയുണ്ടായ ആഘാതം നടുവൊടിക്കുന്നതായിരുന്നു. ഡിജിറ്റല്‍ എക്കണോമിയെന്നും കള്ളപ്പണം ഇല്ലാതാക്കാനാണെന്നും ഭീകരതയെ പിടിച്ചുകെട്ടുമെന്നൊക്കെയുള്ള വീരവാദങ്ങള്‍ ഇപ്പോള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഡിമോണറ്റൈസ് ചെയ്ത പണത്തിന്റെ തൊണ്ണൂറ് ശതമാനം തുകയും ബാങ്കിംഗ് വ്യവസ്ഥയിലേക്ക് തിരികെയെത്തിയതിലൂടെ കള്ളപ്പണം പുറത്തുകൊണ്ടുവരാനായിരുന്നു നോട്ടുനിരോധനമെന്ന വാദം പൊളിഞ്ഞു കഴിഞ്ഞു. ഇതോടൊപ്പമാണ് വല്ലാത്ത ധൃതിയോടെ ജി എസ് ടി നടപ്പിലാക്കിയത്. ഈ രണ്ട് നടപടികള്‍ മൂലമാണ് ജി ഡി പി നിരക്ക് കുത്തനെ ഇടിഞ്ഞതെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷവും ആഗോള എണ്ണവിലയില്‍ തുടര്‍ച്ചയായ ഇടിവാണ് സംഭവിക്കുന്നത്. എന്നാല്‍, ആഭ്യന്തര വിപണിയില്‍ എണ്ണവില വര്‍ധിപ്പിക്കുന്ന നിലയില്‍ എക്‌സൈസ് തീരുവ 150 ശതമാനം വര്‍ധിപ്പിക്ക് ജനങ്ങളെ പിഴിയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. കോര്‍പ്പറേറ്റുകള്‍ക്ക് 50,000 കോടി രൂപവരെയുള്ള ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍, പാവപ്പെട്ടവന്റെ എല്ലാ സമാശ്വാസ സാധ്യതകളും ഇല്ലാതാക്കി. രാജ്യത്തിന്റെ ഉല്‍പ്പാദനമേഖലയും തകര്‍ന്നടിയുകയാണ്. ഉല്‍പ്പാദനമേഖലയില്‍ 2016-17 വര്‍ഷത്തിലെ 5.3 ശതമാനം വളര്‍ച്ച, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വെറും 1.2 ശതമാനമായി മാറി. 2016ല്‍ 30 ശതമാനം തൊഴിലവസരങ്ങളാണ് രാജ്യത്ത് വെട്ടിക്കുറച്ചത്. 2017ല്‍ ഇത് 40 ശതമാനമായി വര്‍ധിപ്പിച്ചു. അതിനിയും വര്‍ധിക്കുകതന്നെയാണ്. അനുദിനം പെരുകി വരുന്ന കിട്ടാക്കട ബാധ്യത നിമിത്തം പൊതുമേഖലാ ബാങ്കുകള്‍ വായ്പാപ്രതിസന്ധിയില്‍ കഴുത്തറ്റം മുങ്ങിക്കിടപ്പാണെന്ന് ആര്‍ ബി ഐ തന്നെ വെളിപ്പെടുത്തുന്നു. 'മെയ്ക്ക് ഇന്‍ ഇന്ത്യാ' പദ്ധതി പൊളിഞ്ഞ് പാപ്പര്‍സൂട്ടായത് വായ്പാ പ്രതിസന്ധി കൊണ്ടാണെന്ന പഠനം പുറത്തുവന്നിട്ടുണ്ട്. ഇതല്ലെ ബി ജെ പി ഭരണത്തിലെ സാമ്പത്തികാവസ്ഥയുടെ ബാക്കിപത്രം ?

രാജ്യത്തെ അടിസ്ഥാനസൗകര്യമേഖലയിലെ നിക്ഷേപം വെട്ടിക്കുറച്ചുകൊണ്ടിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. അതിനുള്ള കാരണമായി പറയുന്നത് ജി എസ് ടി നികുതി വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായി എന്നതാണ്. പുതിയ നികുതി വ്യവസ്ഥയിലേക്ക് എന്ത് മുന്‍കരുതലെടുത്താണ് കേന്ദ്രഭരണകൂടം എടുത്തുചാടിയത് ? നികുതി വരുമാന രംഗത്ത് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണാനാവില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രി മോഡിയും ധനമന്ത്രി ജെയ്റ്റിലും കൂടിക്കാഴ്ച നടത്തിയത്. ജി എസ് ടി നടപ്പാക്കിയതിനെ തുടര്‍ന്നാണ് നികുതി വരുമാനത്തിനൊപ്പം സാമ്പത്തിക വികസനത്തിലും രാജ്യം പിറകോട്ടുപോയതെന്ന് എസ് ബി ഐ യുടെ ഗവേഷണ വിഭാഗം വെളിപ്പെടുത്തുമ്പോള്‍ യശ്വന്ത് സിന്‍ഹയുടെ തുറന്നടിക്കല്‍ പ്രസക്തമാവുന്നു.

പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം മോഡി സര്‍ക്കാരിനാണെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യവകുപ്പുമമന്ത്രിയുമായ സിന്‍ഹ പറയുമ്പോള്‍ ബി ജെ പിയിലെ തന്നെ ഒരു വന്‍നിര ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകിയൊഴികയാണെന്നതും കാണേണ്ടതുണ്ട്. സാമ്പത്തിക മാന്ദ്യങ്ങള്‍ക്ക് കാരണം മുന്‍സര്‍ക്കാരുകളാണെന്ന് പറയാന്‍ 40 മാസമായി അധികാരത്തിലിരിക്കുന്നവര്‍ക്ക് യാതൊരവകാശവുമില്ലെന്ന് സിന്‍ഹ പറഞ്ഞപ്പോള്‍, ബി ജെ പി കേന്ദ്രനേതൃത്വം സിന്‍ഹയുടെ മകനും കേന്ദ്രമന്ത്രിയുമായ ജയന്ത് പട്ടേലിനെ ഭീഷണിപ്പെടുത്തി ഒരു ദേശീയ ദിനപത്രത്തില്‍ ലേഖനമെഴുതിപ്പിക്കുകയാണ് ചെയ്തത്. അച്ഛന്‍ പറഞ്ഞതൊന്നും ശരിയല്ലെന്ന് മകന്‍ ലേഖനമെഴുതിയാല്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതദുരിതം തീരുന്നില്ലല്ലോ. ബി ജെ പിയുടെ ഇത്തരം ഗിമ്മിക്കുകളൊക്കെ മനസിലാക്കാനുള്ള ദുരിതവഴികള്‍ രാജ്യത്തെ ജനങ്ങള്‍ താണ്ടികഴിഞ്ഞു. അതാണ് രാജ്യമാകെ അലയടിക്കുന്ന പ്രതിഷേധ തരംഗങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

30-Sep-2017