പുരോഗമന ചിന്തകളില്‍ ഇടംകോലിടാമെന്നത് വ്യാമോഹം

ശബരിമലയില്‍ പോകണോ പോകണ്ടയോ എന്ന് ഏത് സ്ത്രിക്കും തീരുമാനിക്കാം. അത് അവരുടെ ഇഷ്ടമാണ്. അത് അവർക്ക് വിട്ട് കൊടുക്കുക. സ്വന്തം വീട്ടിലെ സ്ത്രികളോട് പോലും ശബരിമലയില്‍ പോകണമോ വേണ്ടയോ എന്ന് പറയാന്‍ ആ വീട്ടിലെ പുരുഷന് അധികാരമില്ല. അങ്ങനെ ഉണ്ടെന്ന് അവകാശപ്പെടുന്നത് പുരുഷാധിപത്യവും ഫ്യൂഡല്‍ മനോഭാവവുമാണ്. സ്ത്രീ തീരുമാനം എടുക്കാന്‍ സ്വതന്ത്രയാണ്. സ്വാതന്ത്രമാണ് ജീവിതത്തിന്റെ അടിസ്ഥാനം. ഇതാണ് "സ്വാതന്ത്ര്യം തന്നെയമൃതം... പാരതന്ത്ര്യം മനുഷ്യന് മൃതിയേക്കാള്‍ ഭയാനകം" എന്ന് കുമാരനാശാന്‍ പറയുന്നത്. അതുകൊണ്ട് തെരുവിലെ പ്രക്ഷോഭണം അവസാനിപ്പിക്കണം.

കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുക. കേരളത്തെ ആർക്കും വിലക്കെടുക്കാന്‍ സാധ്യമല്ല. സ്വാതന്ത്ര്യവും യുക്തിബോധവും വിജയിക്കും. അത് ശാസ്ത്രത്തിന്റെ തീരുമാനമാണ്. അതുകൊണ്ട് ഭയപ്പെടുന്നവര്‍ ഭീരുക്കളും പുരോഗമനപരമായി ചിന്തിക്കാന്‍ കഴിയാത്തവരുമാണ്. മറ്റുള്ളവരെ നിർബന്ധിക്കാനും പ്രേരിപ്പിക്കാനും വിശ്വാസവും അവിശ്വാസവും അടിച്ചേൽപ്പിക്കാന്‍ പാടില്ല. മനസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാം. സ്ത്രികൾക്ക് അതിന് കഴിവുണ്ട്.

ശബരിമല സ്ത്രീ പ്രവേശനം ആരെയും നിർബന്ധിച്ച് കയറ്റുന്നില്ല. മനസാക്ഷിയനുസരിച്ച് കയറുകയോ കയറാതെയിരിക്കുകയോ ചെയ്യാം. സുപ്രീംകോടതി വിധി അത്രമാത്രമാണ്. ഭരണഘടനയിലെ സ്ത്രീ പുരുഷ സമത്വമാണ് ഈ വിധിയിലൂടെ വന്നിരിക്കുന്നത്. അത് ലോകത്ത് എല്ലാ പരിഷ്കൃത രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്.

ക്ഷേത്ര പ്രവേശന വിളംബരം വരുന്നത് വരെ 85% ഹിന്ദുകൾക്കും ക്ഷേത്രത്തിൽ കയറാന്‍ പാടില്ലായിരുന്നു. ഇപ്പോൾ എല്ലാ ഹിന്ദുകൾക്കും കയറാം. കയറ്റാതിരിക്കുന്നത് ശരിയല്ലെന്ന വാദത്തിൽ വിശ്വസിക്കുന്നവര്‍ ധാരാളം ഉണ്ട്. പ്രായവ്യത്യാസം ഇല്ലാതെ സ്ത്രീകള്‍ കയറുന്നതിനെ എതിർക്കുന്ന കുറച്ച് പേരുണ്ട്. അംഗീകരിക്കുന്നവരുമുണ്ട്. പക്ഷേ അവര്‍ ശബ്ദം ഉണ്ടാക്കുന്നില്ല. തെരുവില്‍ സമരം ചെയ്യേണ്ട കാര്യമില്ല. വിശ്വാസത്തിന്റെ പ്രശ്നമാണ്.

ഫ്യൂഡല്‍ പ്രമാണിത്വം കേരളത്തെ നിയന്ത്രിക്കാമെന്ന് വ്യാമോഹിക്കുകയാണ്. ഫ്യൂഡലിസത്തിന്റെ അവസാന വിഷപ്പല്ലുകളും പറിക്കേണ്ടതായിട്ടുണ്ട്. അതൊരു സമ്പത് വ്യവസ്ഥ മാത്രമല്ല. ഫ്യൂഡലിസം പ്രതിരോധകരമായ ഒരു സംസ്കാരവും, ആചാരവും, പിന്തിരിപ്പന്‍ വിശ്വാസവുമാണ്. അതിനെതിരായിട്ടാണ് നവോത്ഥാനമുണ്ടായത്. ഇ.എം.എസ് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു, ശ്രീനാരായണഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു, അയ്യങ്കാളി പട്ടിക ജാതികാർക്ക് പ്രത്യേക സ്കൂള്‍ സ്ഥാപിച്ചു, പി.കൃഷ്ണപിള്ള ഗുരുവായൂര്‍ അമ്പലത്തില്‍ അവർണ്ണർക്ക് വേണ്ടി മണിയടിച്ചു സമരം ചെയ്തു, എ.കെ.ഗോപാലന്‍ വൈക്കം സത്യാഗ്രഹത്തിന് മുമ്പില്‍ അവർണ്ണർക്ക് വേണ്ടി സത്യാഗ്രഹം കിടന്നു. ഇതെല്ലാം നവോത്ഥാനത്തിന്റെ ഭാഗമായി നടന്ന സമരങ്ങളാണ്. ഇവിടെല്ലാം അന്ധവിശ്വാസങ്ങള്‍ തൂത്തെറിയപ്പെട്ടു.

അങ്ങനെയുള്ള കേരളത്തില്‍ പ്രായവ്യത്യാസം ഇല്ലാതെ ഏവർക്കും കയറാം എന്ന് സുപ്രീംകോടതി പറഞ്ഞപ്പോള്‍ അതിനെതിരെ സമരം ചെയ്യുന്നത് ന്യായീകരിക്കത്തക്കതല്ല. വിധിയെ എതിർക്കാം, പക്ഷേ സമരം ചെയ്യാന്‍ പാടില്ല. വിധിയെ അനുകൂലിച്ചും സമരത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് സമരം അസംബന്ധവും പ്രതിരോപകരവുമാണ്. ചെറിയൊരു വിഭാഗം ജനങ്ങളെ അതില്‍ പങ്കെടുക്കുന്നുള്ളു. അതുകൊണ്ട് ഇത്തരം അസംബന്ധ നാടകങ്ങൾക്ക് നമുക്ക് തിരശീലയിടാം.

രാജകുടുംബാംഗം പറഞ്ഞു, രാജ്ഞിപറഞ്ഞു എന്നൊക്കെ വാർത്ത വരുന്നുണ്ട്. ഇപ്പോള്‍ രാജവാഴ്ചയില്ല, രാജാവുമില്ല, രാജ്ഞിയുമില്ല. മുന്‍ രാജകുടുംബാംഗം എന്ന് പറയുന്നത് ശരിയാണ്. പുറംതള്ളപ്പെട്ട വ്യവസ്ഥയെ എഴുന്നള്ളിച്ചുകൊണ്ട് വരരുത്. പുറന്തള്ളപ്പെട്ട വ്യവസ്ഥ കോടാനുകോടി ജനങ്ങളെ മർദ്ദിച്ച് ഒതുക്കിയതാണ്. ചവിട്ടി അരച്ചതാണ്. പട്ടികജാതിക്കാരെ തെണ്ടാളന്മാരായി വലിച്ചെറിഞ്ഞതാണ്. 85% ഹിന്ദുക്കളെയും ക്ഷേത്രങ്ങളില്‍ കയറ്റാത്തവരാണ്. പൊതുനിരത്തില്‍ അവര്‍ സ്ത്രീകളെ അപമാനിച്ചവരാണ്. എല്ലാ സമ്പത്തും കൈയടക്കി വെച്ചവരാണ്. അതിന്റെ അവശിഷ്ടങ്ങളാണ് അവര്‍ ഇപ്പോൾ അനുഭവിക്കുന്നത്. അവര്‍ അഹങ്കരിക്കരുത് അവര്‍ പ്രതിവിപ്ലവത്തില്‍ നിന്ന് മുന്നോട്ട് വന്നാല്‍ ജനങ്ങള്‍ അത് അംഗീകരിക്കില്ല. ഇതില്‍ ആരും ഭയപ്പെടുകയോ വെപ്രാളപ്പെടുകയോ ചെയ്യേണ്ടകാര്യമില്ല.

ചരിത്രം അതിന്റെ ശരിയായ വഴിയിലൂടെ തന്നെ സഞ്ചരിച്ച് കൊള്ളും. എല്ലാവരും ചരിത്രം സമ്മാനിച്ചത് ഏറ്റുവാങ്ങി കൊണ്ട് അവനവനുയോജിക്കുന്നത് പോലെ ജീവിക്കുന്നതാണ് നല്ലത്. രാജ്യത്തെ പുരോഗമന ചിന്താഗതികളില്‍ ഇടംകോലിടരുത്. കോടതിവിധിയിൽ എതിർപ്പ് ഉള്ളവര്‍ റിവ്യു പെറ്റിഷനുമായി പോകണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണം. എല്ലാ കോടതി വിധികളും എല്ലാവരും അംഗീകരിച്ചിട്ടില്ല. പക്ഷേ കോടതി വിധിക്കെതിരെ സമരം ചെയ്യുന്നത് സാധാരണയല്ല. ഭരണഘടനയേയും വ്യവസ്ഥയെയും അംഗീകരിക്കാത്തവരാണ് സമരത്തിന് പോയിരിക്കുന്നത്.

കേരളത്തിന്റെ ജനസംഖ്യയില്‍ 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളുമാണ്. എല്ലാവരും നല്ലത് പോലെ ഓർക്കണം. 55 ശതമാനം ഹിന്ദുക്കളില്‍ ഭൂരിപക്ഷം പേരും വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷത്തെ അവിശ്വാസികളെന്ന് പറഞ്ഞ് നടക്കുന്നവര്‍ ഒരു കാര്യം ഓർക്കുക ശബരിമലയടങ്ങുന്ന റാന്നിയിലും, അമ്പലപ്പുഴ ക്ഷേത്രം അടങ്ങുന്ന അമ്പലപ്പുഴയിലും, ഗുരുവായൂര്‍ ക്ഷേത്രം അടങ്ങുന്ന ഗുരുവായൂരിലും, തലശ്ശേരി ജഗനാഥ ക്ഷേത്രമടങ്ങുന്ന തലശ്ശേരിയിലും, ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രം അടങ്ങുന്ന ആലപ്പുഴ മണ്ഡലത്തിലും, വടക്കുംനാഥ ക്ഷേത്രമടങ്ങുന്ന തൃശ്ശൂർ മണ്ഡലത്തിലും ജയിച്ചത് കമ്മ്യൂണിസ്റ്റ്കാരാണ്. ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ ഇനിയും പറയാനുണ്ട്. അതുകൊണ്ട് വിശ്വാസികളും, മതവിശ്വാസികളും, അല്ലാത്തവരും എല്ലാം ഒരുപോലെ ഒറ്റക്കെട്ടായി നിന്നാണ് നാം മുന്നോട്ട് പോകുന്നത്. വിശ്വാസം വ്യക്തിപരമായ കാര്യമാണ്. സാമൂഹ്യമായിട്ടുള്ള ഒരു തീരുമാനമല്ല.

അതുകൊണ്ട് ശബരിമലയില്‍ പോകണോ പോകണ്ടയോ എന്ന് ഏത് സ്ത്രിക്കും തീരുമാനിക്കാം. അത് അവരുടെ ഇഷ്ടമാണ്. അത് അവർക്ക് വിട്ട് കൊടുക്കുക. സ്വന്തം വീട്ടിലെ സ്ത്രികളോട് പോലും ശബരിമലയില്‍ പോകണമോ വേണ്ടയോ എന്ന് പറയാന്‍ ആ വീട്ടിലെ പുരുഷന് അധികാരമില്ല. അങ്ങനെ ഉണ്ടെന്ന് അവകാശപ്പെടുന്നത് പുരുഷാധിപത്യവും ഫ്യൂഡല്‍ മനോഭാവവുമാണ്. സ്ത്രീ തീരുമാനം എടുക്കാന്‍ സ്വതന്ത്രയാണ്. സ്വാതന്ത്രമാണ് ജീവിതത്തിന്റെ അടിസ്ഥാനം. ഇതാണ് "സ്വാതന്ത്ര്യം തന്നെയമൃതം... പാരതന്ത്ര്യം മനുഷ്യന് മൃതിയേക്കാള്‍ ഭയാനകം" എന്ന് കുമാരനാശാന്‍ പറയുന്നത്. അതുകൊണ്ട് തെരുവിലെ പ്രക്ഷോഭണം അവസാനിപ്പിക്കണം.

റിവ്യു ഹർജ്ജി കൊടുക്കുന്നവര്‍ ഡൽഹിയിലേക്ക് പോകുക. ശബരിമലയില്‍ പോകേണ്ടവര്‍ ശബരിമലയില്‍ പോകുക. പോകാത്തവര്‍ പോകേണ്ട കാര്യമില്ല. കേരളത്തെ അശാന്തിപ്പെടുത്താതിരിക്കുക. കേരളത്തെ ആർക്കും വിലക്കെടുക്കാന്‍ സാധ്യമല്ല. സ്വാതന്ത്ര്യവും യുക്തിബോധവും വിജയിക്കും. അത് ശാസ്ത്രത്തിന്റെ തീരുമാനമാണ്. അതുകൊണ്ട് ഭയപ്പെടുന്നവര്‍ ഭീരുക്കളും പുരോഗമനപരമായി ചിന്തിക്കാന്‍ കഴിയാത്തവരുമാണ്. മറ്റുള്ളവരെ നിർബന്ധിക്കാനും പ്രേരിപ്പിക്കാനും വിശ്വാസവും അവിശ്വാസവും അടിച്ചേൽപ്പിക്കാന്‍ പാടില്ല. മനസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാം. സ്ത്രികൾക്ക് അതിന് കഴിവുണ്ട്.

06-Oct-2018