കഥാഖ്യാനത്തിന്റെ ചിമിഴൊതുക്കം

തീരെ ചെറിയ കഥകള്‍കൊണ്ട് വലിയ ആഘാതങ്ങളേല്പിക്കാന്‍ കഴിയുന്നു എന്നതാണ് ഷാഹുല്‍ ഹമീദിന്റെ സമാഹാരത്തിലെ കഥകളുടെ സവിശേഷത. പ്രകൃതിബോധവും ജീവിതബോധവും രാഷ്ട്രീയാവബോധവും സമ്മേളിക്കുന്ന കഥാസന്ദര്‍ഭമെന്ന് ഇതിനെ വിളിക്കാം. സമകാലിക ഇന്ത്യന്‍ ദേശീയത ഒളിപ്പിച്ചുവെച്ച (?) വംശീയത ഭീകരരൂപംപൂണ്ടുനില്ക്കുന്നതിന്റെ അപകടസാധ്യത കഥകള്‍ ധ്വനിപ്പിക്കുന്നുണ്ട്. പരിസ്ഥിതിപ്രത്യയശാസ്ത്രത്തോടും കീഴാളപക്ഷ മാനവികതയോടും ഹൃദയൈക്യം പ്രാപിച്ചുകൊണ്ടുള്ള രചനകളാണ് ഷാഹുലിന്റേത്. പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്‍ പക്ഷാന്തരങ്ങളില്ല. നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ശക്തി, കാപട്യമില്ലായ്മയുടെ ധീരത, സത്യസന്ധതയുടെ നൈര്‍മ്മല്യം ഇവ ഇദ്ദേഹത്തിന്റെ കഥകളെ കരുത്തുറ്റതാക്കുന്നു. എങ്കിലും, ഈ നൂറ്റിപ്പത്തില്‍ പതിരെല്ലാം പാറ്റിക്കളഞ്ഞ് ഒരറുപതില്‍ നിര്‍ത്തിയിരുന്നെങ്കില്‍ കരുത്തിരട്ടിക്കുമായിരുന്നു; തീര്‍ച്ച.

കാലം മാറുന്നു; കഥയും. എത്ര നന്നായെഴുതിയാലും നീണ്ടൊരു കഥ വായിക്കാന്‍ വായനക്കാരന്‍ ഒന്നു മടിക്കും. അത്രമേല്‍ ദൈര്‍ഘ്യമേറിയ കഥ വായിക്കാന്‍ തക്കൊരു മനസ്സല്ല ഇന്ന് മലയാളിയുടേത്. കമ്പോളാധിഷ്ഠിത നവസംസ്‌കാരം സൃഷ്ടിച്ച വായനാപരിസരം, എന്തിനെയും അതിജീവിക്കാനുള്ള ത്വര നിര്‍മ്മിച്ചെടുത്ത സാംസ്‌കാരിക പൊതുബോധം -ഇവയൊക്കെ വായനയെയും, വായനാവിഭവ സ്വീകരണത്തെയും നിര്‍ണ്ണയിക്കാന്‍മാത്രം ശക്തി സംഭരിച്ചിരിക്കുന്നു. കരുത്തുകൊണ്ടല്ല, കാപട്യംകൊണ്ടാണ് കരുക്കള്‍ നീക്കേണ്ടതെന്ന് തിരിച്ചറിയുന്നിടത്ത് പരാജയ ബോധം പതുക്കെ പത്തിവിടര്‍ത്തുന്നതു കാണാം.

വായനക്കാര്‍ കുറയുന്നു എന്നത് എക്കാലത്തെയും പരിഭവം പറച്ചിലാണ്. ഏതുതരം വായനക്കാരാണ് കുറയുന്നത്? ഏതു വായനാമണ്ഡലത്തിലാണ് അവരുടെ കുറവനുഭവപ്പെടുന്നത്? നവമാധ്യമങ്ങളുടെ വിസ്‌ഫോടനകാലത്ത് വിലാസിനിയുടെ അവകാശികളെപോലെയുള്ളവ വായിച്ചുതീര്‍ക്കാന്‍ ആരെയാണ് ലഭിക്കുക? ആര്‍ക്കാണങ്ങനെ ധൂര്‍ത്തടിക്കാന്‍ സമയമുള്ളത്? ബാക്കിയാവുന്ന സമയത്തെ സറണ്ടര്‍ ചെയ്ത് കീശ വീര്‍പ്പിക്കാന്‍ തക്കം പാര്‍ക്കുന്ന മലയാളിക്കെവിടെ 'ആള്‍ക്കൂട്ടം' വായിച്ചെടുക്കാന്‍ സമയം?! ബഷീറിന്റെ നോവലുകളും ബെന്യാമന്റെ ആടുജീവിതവും വായിച്ചവരൊക്കെയും ആരാച്ചാരും, ഇട്ടിക്കോരയും, മനുഷ്യനൊരാമുഖവും വായിച്ചുതീര്‍ത്തു എന്നു കരുതാനാവില്ല. വലുപ്പം വായനയെ ബാധിക്കാതിരിക്കുന്നില്ലെന്നാണ് സൂചന.

ചെറുകഥയിലേക്കുതന്നെ തിരിച്ചുവരാം. നാതിദീര്‍ഘമായ സംവാദമാണ് കഥ എന്ന വില്യം സരോയന്റെ നിര്‍വ്വചനമുയര്‍ത്തുന്ന സംശയം എന്നു പറയുന്നത് കഥയുടെ ദൈര്‍ഘ്യം എത്രമാത്രമാവാം എന്നതാണ്. കാലത്തിനും ദേശത്തിനും സംസ്‌കാരത്തിനും അനുസൃതമായ ദൈര്‍ഘ്യം എന്നു സ്വീകരിക്കുന്നതായിരിക്കും ഉചിതം. നോവലിനേക്കാള്‍ ലളിതവും ഏകകേന്ദ്രിത സംഭവാധിഷ്ഠിതവും ഏകേതിവൃത്തകേന്ദ്രിതവും ഏതാനും കഥാപാത്രങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതും ഒരു ചെറിയ കാലയളവില്‍ സംഭവിക്കുന്നതുമാണല്ലോ ചെറുകഥ?!? ഇത്തരം പാരമ്പര്യ നിര്‍വ്വചനങ്ങളെ പുതുകഥകള്‍ പലപ്പോഴും മറികടക്കുന്നു. എഡ്ഗര്‍ അലന്‍പോയുടെ അഭിപ്രായത്തില്‍ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്നതാണ് കഥ.

എന്നാല്‍ ഇന്ന്, മറ്റേതൊരു സാഹിത്യരൂപവുംപോലെ കഥകളും വല്ലാതെ മാറിയിരിക്കുന്നു. ഒറ്റയിരുപ്പിലല്ല, ഒറ്റ നില്പില്‍ വായിച്ചു തീര്‍ക്കാനാവുമോ എന്നതാണ് പരീക്ഷണം. അത്തരം അന്വേഷണം ചെന്നെത്തുന്നത് മിനിക്കഥകളിലും കുറുങ്കഥകളിലുമാണ്. നേരമില്ലാനേരങ്ങളില്‍ വായിച്ചുതീര്‍ക്കാവുന്ന ഇമ്മാതിരി കഥകള്‍ നമ്മുടെ കഥാപാരമ്പര്യത്തിന്റെ തുടര്‍ച്ചയെ പ്രതിനിധീകരിക്കുന്നുണ്ടോ എന്നതും സംവാദാത്മകമാണ്.

ഒറ്റയിരുപ്പില്‍/നില്പില്‍ വായിച്ചുതീര്‍ക്കാവുന്ന കഥകള്‍ എന്നു വിളിക്കാവുന്ന ഗണത്തിലാണ് ഷാഹുല്‍ ഹമീദ് കെ ടി-യുടെ '110 കഥകള്‍' ഉള്‍പ്പെടുന്നത്. കൃത്യതയും ക്രിറ്റിക്കല്‍ സ്വഭാവമുള്ളവയുമാണ് ഷാഹുലിന്റെ കഥകള്‍. പരമാവധി ഒതുക്കി പറയുകയും ഒതുക്കലിന്റെ തീര്‍ച്ചയില്‍ മൂര്‍ച്ചകൂട്ടിയ ഭാഷയുമാണ് കഥകളുടെ സാമാന്യസ്വഭാവങ്ങള്‍. ആക്ഷേപഹാസ്യത്തിന്റെയും രാഷ്ട്രീയാംശത്തിന്റെയും ചേരുവയില്‍നിന്ന് വേണ്ടത് അരിച്ചെടുത്ത് നുണയാവുന്നതാണ്. ചിലപ്പോള്‍ തിക്തരസം പിണയും; അതു ജീവിതത്തിന്റെ തിക്താനുഭവങ്ങളില്‍നിന്ന് അറിയാതെ അടിഞ്ഞുകൂടിയതാണ്. അതിനാരോടും കയര്‍ത്തിട്ടു കാര്യമില്ല. നൂറിനെ പത്താക്കിയും, പത്തിനെ ഒന്നാക്കിയും ആറ്റിക്കുറുക്കിയെടുക്കുന്ന ജീവിതകഥാകഷായത്തിന് കയ്പല്ലാതെ മാധുര്യമേറുമെന്നു കരുതുന്നതല്ലേ വിഡ്ഢിത്തം?

എനിക്കൊന്നും പറയാനില്ല. പറയാനുള്ളതൊക്കെയും ഷാഹുല്‍ ഹമീദിന്റെ 110 കഥകള്‍ വിളിച്ചുപറയുന്നുണ്ട്. ബധിരകര്‍ണ്ണങ്ങളില്‍ അതു നിരന്തരം അലോസരം സൃഷ്ടിക്കുന്നുണ്ട്. കണ്ണടച്ചിരുട്ടാക്കുന്നവരുടെ കണ്ണുകളെ കുത്തിനോവിക്കുന്നുമുണ്ട്. മൂന്നു ഭാഗങ്ങളായി 110 കഥകള്‍. ആദ്യ ഭാഗത്ത് രാഷ്ട്രീയാതിപ്രസരമുള്ള കഥകളും, രണ്ടാം ഭാഗത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കഥകളുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അവസാനഭാഗത്ത് പുതിയ കാലത്തിന്റെ നോവുകളും നൊമ്പരങ്ങളും ചേര്‍ത്തുവെച്ചിരിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇരുണ്ട അംശങ്ങളോടുള്ള നിലപാട് വെളിപാടുകളായി പുറത്തേക്ക് ചിതറുന്നുണ്ട് ചില കഥകളില്‍. ദളിതന്റെ ജീവിതം അവനെ ആത്മഹത്യയിലേക്ക് ആനയിക്കുന്നു. കഴുത്തില്‍ കയറു കുരുക്കാനൊരുങ്ങുമ്പോഴാണ് കാഫ്കയുടെ 'രൂപാന്തരീകരണ'ത്തിലെ നായകനെപ്പോലെ അയാള്‍ക്ക് രൂപമാറ്റം സംഭവിച്ചത്. തലയില്‍ കൊമ്പു മുളക്കുകയും കാലുകളില്‍ കുളമ്പു രൂപപ്പെടുകയും ചെയ്തു. ദളിത് സ്വത്വത്തെ മായ്ച്ചുകളഞ്ഞുകൊണ്ടുള്ള പശുരൂപപ്രാപ്തി. യൂനിവേഴ്‌സിറ്റിയില്‍നിന്ന് പുറത്താക്കിയ വൈസ് ചാന്‍സലര്‍, പശുവായി മാറിയ ദളിതനെ വണ്ടിയില്‍നിന്നിറങ്ങിവന്ന് വണങ്ങുന്നു; നിന്ദിച്ചവര്‍ വന്ദിച്ചു നില്ക്കുന്നു; വംശീയമായി അധിക്ഷേപിച്ചവര്‍ വിധേയരായി മാറുന്നു. ചെറുതെങ്കിലും 'പശുജന്മം' എന്ന കഥ മനുഷ്യജന്മത്തിന്റെ ദൈന്യത്തെയാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഉച്ചിയില്‍ കുത്തി നോവിക്കുന്നുണ്ടിത്.

ഭരണകൂടങ്ങള്‍ വംശീയവിദ്വേഷത്തിന്റെ കലിപൂണ്ടലറിയപ്പോള്‍, സ്വരാജ്യവും, അഭയമാവുമെന്നു കരുതിയ അയല്‍രാജ്യവും കൈവെടിഞ്ഞപ്പോള്‍, അശരണര്‍ക്ക് അഭയം നല്‍കുന്ന തീരം പ്രതീക്ഷിച്ച് കടലിലേക്കെടുത്തു ചാടേണ്ടിവന്നവര്‍. രണ്ടു വഴികളാണ് മുന്നില്‍ തെളിയുന്നത്. ഒന്ന്, മരണം; രണ്ട്, സമാധാനം പൂക്കുന്ന ദേശം. അങ്ങനെയൊരാജ്ഞാത ദേശത്തായിരിക്കുമോ അവരണയുക? വംശീയതയുടെ നെറികേടുകളെ അവതരിപ്പിക്കുന്ന 'കടലലര്‍ച്ചകള്‍' ഇത്തരം ചോദ്യങ്ങളുയര്‍ത്തുന്നു. വംശഹത്യകളുടെ നിഷ്ഠൂരതകളാണ് രൗദ്രം, നിഷ്‌കാസിതന്‍, ഉദ്ഖനനം തുടങ്ങിയവയിലെയും പ്രതിപാദ്യം.

തേടുന്നവനെ കിട്ടിയില്ലെങ്കില്‍ കിട്ടുന്നവനെ മാവോയിസ്റ്റാക്കുന്ന ഭരണകൂട ഭീകരത 'ഭയാനകം'. പോലീസും പട്ടാളവും ഭരണകൂടത്തിന്റെ പ്രതിനിധാനങ്ങളാണെന്നും ഭയം ജനിപ്പിക്കുന്ന കൃത്യങ്ങളിലൂടെ ഭരണകൂടത്തോടുള്ള ഭയ-ഭക്തി-ബഹുമാനങ്ങള്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും മിഷേല്‍ ഫൂക്കോ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മണ്ണിനുവേണ്ടി വാദിക്കുന്നവന്‍ മാവോവാദിയായി മുദ്രകുത്തപ്പെടുന്നു. (മാവോവാദിയാവുക എന്നത് ഒരു കുറ്റമല്ലെന്ന കോടതിവിധി ഓര്‍ക്കുക). അല്ലെങ്കില്‍ ഏറ്റുമുട്ടലില്‍ മരിച്ച മാവോവാദിയായിത്തീരുന്നു. രണ്ടായാലും ഭീകരമെന്ന് 'ഭയാനകം' എന്ന കഥ. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കുംഭകോണദുര്‍ഗന്ധം വമിക്കുന്ന നുറുങ്ങു കഥകളും ഈ ഭാഗത്തെ സമ്പുഷ്ടമാക്കുന്നുണ്ട്.

ആതുരസേവനരംഗത്തു പ്രവര്‍ത്തിക്കുന്ന കഥാകാരന്റെ നേരനുഭവങ്ങളും കഥയെ സമ്പന്നമാക്കുന്നു. എ.പി.എല്‍./ബി.പി.എല്‍.വിഭജനത്തിന്റെ അടിസ്ഥാനത്തെ ചോദ്യംചെയ്യുന്നു ചില കഥകള്‍. ആശുപത്രിയില്‍ വിതരണം ചെയ്യുന്ന റൊട്ടിയും പാലും കാര്‍ഡ് എ.പി.എല്‍. ആയതിന്റെ പേരില്‍ ലഭിക്കാതെ പോവുന്ന ദരിദ്രയുടെ ദയനീയ ചിത്രം വായനക്കാരന്റെ ഉള്ളുണര്‍ത്താന്‍ പോന്നതാണ്. പ്രകൃതിപാഠങ്ങളാണ് രണ്ടാം ഭാഗത്തുള്ള കഥകളുടെ പൊതുപ്രമേയം എന്നു പറയുന്നത്. കുടില ചിത്തരായ മനുഷ്യരുടെ പ്ലാസ്റ്റിക്ഭ്രമം 'പ്ലാസ്റ്റിക് ലൈഫ്' എന്ന കഥയില്‍ കാണാം. സ്വാര്‍ത്ഥസൗകര്യം മാത്രം നോക്കി, ഒടുവില്‍ ജീവിതംതന്നെ പ്ലാസ്റ്റിക്കായിത്തീരുന്നു. 'ഇക്കോഫ്രണ്ട്‌ലി' ആശുപത്രി ഗ്രാമത്തില്‍ തുടങ്ങിയപ്പോള്‍ ഇത്ര പെട്ടെന്ന് തങ്ങളുടെ കൃഷിഭൂമി സിറിഞ്ചുകളുടെ അവശിഷ്ടഭൂമിയായി മാറുമെന്ന് അവര്‍ ഓര്‍ത്തില്ല (ഇക്കോ ഫ്രണ്ട്‌ലി).

മൂന്നു വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനുശേഷം പുഴകാണാന്‍ നാട്ടില്‍ ഓടിയെത്തിയവന് പുറപ്പെട്ടേടത്തുതന്നെ തിരിച്ചെത്തിയ വിചിത്രാനുഭൂതി. പുഴയില്‍ മൂന്ന് ഒട്ടകങ്ങള്‍ മേഞ്ഞുനടക്കുന്നു. അമ്പരപ്പോടെ ഓടിയെത്തിയ അയാളെ ചിലര്‍ തടയുന്നു. അപ്പോഴാണ് അയാള്‍ക്ക് അവിടെ സിനിമാ ഷൂട്ടിംഗ് നടക്കുകയാണെന്നു മനസ്സിലായത്. രാജസ്ഥാനിലെ മരുഭൂമിയിലേക്ക് ഷൂട്ടിംഗ് സംഘത്തെ കൊണ്ടുപോവാന്‍ പണമില്ലാത്ത നിര്‍മ്മാതാവ് പുഴയില്‍വെച്ച് ഷൂട്ടിംഗ് നടത്തുകയാണ്. പ്രകൃതിനാശത്തിന്റെ ശക്തമായ ആവിഷ്‌കാരമായി മാറുന്നു 'പുഴ വിളിക്കുമ്പോള്‍' എന്ന കഥ. ഹരിതരാഷ്ട്രീയം, ഗ്ലോബലൈസേഷന്‍, ഉറുമ്പുകള്‍, അപരിചിതര്‍, കൃഷിപാഠം തുടങ്ങിയ 'തീരെ ചെറിയ കഥ'കള്‍ പ്രകൃത്യവബോധം സൃഷ്ടിക്കുന്നവയാണ്.

ഫാന്റസി ടച്ചുള്ള കഥയാണ് ഉറുമ്പുകള്‍. പ്രകൃതിവിരുദ്ധവും നിന്ദ്യവുമായ പ്രവൃത്തികളുടെ ഫലം അനുഭവിക്കാന്‍ വിധിക്കപ്പെടുന്നവരുടെ ദുരന്തം ഭീകരമാവുന്നു. സ്വപ്നസമാന ദൃശ്യങ്ങളിലൂടെ ചില ദുരന്ത യാഥാര്‍ത്ഥ്യങ്ങളെ അനുഭവിപ്പിക്കുകയാണ് ഈ കഥ. വിജയിച്ചവരേക്കാള്‍ നാം കേള്‍ക്കേണ്ടത് പരാജിതരെയാണെന്ന് ഷാഹുല്‍ ഹമീദ് വ്യക്തമാക്കുന്നു. കുത്തകകള്‍ എങ്ങനെയാണ് നമ്മുടെ കൃഷിയിടങ്ങളില്‍ ഇടപെടുന്നതെന്ന് 'കൃഷിപാഠം'. വിത്തും വളവും വെറുതെ തരാമെന്നു പറയും ആദ്യം. പിന്നെ വില ഈടാക്കും. കളപോവാനുള്ള ഉഗ്രവിഷം തരും. പിന്നീട് വിത്തു വിളയാത്ത ഊഷരഭൂമിയാക്കി നമ്മുടെ വിളനിലങ്ങളെ മാറ്റും. അപ്പോള്‍ അവരത് വിലക്കെടുക്കാമെന്ന് വാഗ്ദാനം ചെയ്യും. ചൂഷണം ഏതു വഴിക്കാണ് വരികയെന്നു തിരിച്ചറിയാതെ പോവുന്ന ജനതയുടെ അമ്പരപ്പും അങ്കലാപ്പുമാണ് ഇത്തരം കഥകളുടെ ജീവന്‍ എന്നു പറയുന്നത്.

ആത്മരതിയുടെ ആധിക്യം അപാകയകരമാവുന്നത് വ്യക്തമാക്കുന്ന 'സെല്‍ഫികള്‍', കവികളെക്കൊണ്ടുള്ള പൊറുതികേടിനെ ആക്ഷേപഹാസ്യത്തോടെ ആവിഷ്‌കരിക്കുന്ന 'ക(ലി)വികാലം' എന്നീ കഥകള്‍ സമാഹാരത്തിന്റെ അവസാന ഭാഗത്തെ സവിശേഷമാക്കുന്നു. സ്വാര്‍ത്ഥവിചാരം ചെറുപ്പംമുതലേ പിടികൂടുന്നതിന്റെ സൂചനയും, മനുഷ്യബന്ധങ്ങളുടെ വിലയിടിയുന്നതിന്റെ വേദനയും 'ചാനല്‍യുദ്ധ'ത്തില്‍ കാണാം. ഭരണകൂടത്തിന്റെ മനുഷ്യത്വമില്ലായ്മ 'പ്രാഥമികാരോഗ്യകേന്ദ്ര'ത്തിലും പാരിസ്ഥിതികബോധത്തിന്റെ അഭാവം 'വിദ്യാലയ'ത്തിലും പ്രകടമാവുന്നു. അധ്യയനവര്‍ഷാരംഭത്തില്‍ ക്ലാസ്സുമുറി വൃത്തിയാക്കുന്നതിന്റെ ഭാഗമായി പക്ഷികൂടുകള്‍ വലിച്ചെറിഞ്ഞ്, കണ്ണുകീറാത്ത അണ്ണാന്‍ കുഞ്ഞുങ്ങളെ അഴുക്കുചാലില്‍ കളഞ്ഞ് 'ഭൂമിയുടെ അവകാശികള്‍' പഠിപ്പിക്കാന്‍ തുനിയുമ്പോള്‍, പുസ്തകത്തില്‍നിന്ന് ആ പാഠം അപ്രത്യക്ഷമായതിന്റെ വിചിത്രാനുഭവമാണ് 'വിദ്യാലയ'ത്തിലുള്ളത്. അപ്രത്യക്ഷമാവുന്ന പാഠം നല്‍കുന്ന 'പാഠ'മെന്ത് എന്നതാണ് വായനക്കാരന്റെ അന്വേഷണപഥം.

അന്ധവിശ്വാസത്തിനെതിരെയുള്ള സിനിമ പൂജനടത്തി ആരംഭിക്കുന്നതിന്റെ കാപട്യവും, ഭഗവതിയുടെ പള്ളിവേട്ടപോലും വീട്ടിലിരുന്ന് ലൈവായി കാണുന്നതിന്റെ പരിഹാസ്യതയും ചില കഥകള്‍ വെളിവാക്കുന്നു. സ്ത്രീജന്മങ്ങളെ കണ്ണീര്‍പുഴയില്‍ മുക്കിക്കളയുന്ന പരമ്പരകളെ പരിഹസിക്കുന്നതിനും കഥാകാരന് മടിയൊന്നുമില്ല. മരണം, ജീവിതദീനത എന്നിവയെ ആശുപത്രിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ധാരാളം ചെറുകഥകള്‍ ഷാഹുല്‍ ഹമീദിന്റേതായിട്ടുണ്ട്. ലുക്കേമിയയുടെ അര്‍ഥം തിരക്കുന്ന രോഗബാധിതയായ കുട്ടിയുടെ ചിത്രം (അമ്മയും കുട്ടിയും) വായനക്കാരനെ പിടിച്ചുലയ്ക്കുന്നു. ചുരുക്കം വാക്കുകൊണ്ട് അനുവാചകന്റെ ഹൃദയത്തെ എങ്ങനെ പ്രകമ്പനം കൊള്ളിക്കാം എന്നതിന് ദൃഷാടന്തംകൂടിയാണ് ഈ കഥ. ലുക്-മിയ എന്ന അമ്മയുടെ വിശദീകരണം ചിരിയുണര്‍ത്തേണ്ടതാണ്; എന്നാല്‍ അതുണ്ടാക്കുന്ന സന്ത്രാസം വാക്കുകള്‍ക്കതീതമാണ്. കഥാകാരന്റെ ക്രാഫ്റ്റ് പ്രകടമാവുന്ന ഇത്തരം സന്ദര്‍ഭങ്ങളാണ് കെ.ടി. ഷാഹുല്‍ ഹമീദിനെ കഥാലോകത്തോട് ചേര്‍ത്തുനിര്‍ത്തുന്നത്.

'മിസ്ഡ് കോള്‍' ഷാഹുലിന് മാത്രം സാധ്യമാവുന്ന ഒരു ചെറുകഥയാണ്. അമ്മ മരിച്ച വിവരത്തിന് അനുജന്‍ ജ്യേഷ്ഠന് മിസ്ഡ് കോള്‍ അടിക്കുന്നു. അതു കണ്ട ജ്യേഷ്ഠന്‍ തിരിച്ചും. പിന്നീട് അങ്ങോട്ടുമിങ്ങോട്ടും ഓരോ മിസ്ഡ് കോള്‍കൂടി അയക്കുന്നുണ്ട്. ഇങ്ങനെ മിസ്ഡ് കോള്‍ അടിച്ചു പിശുക്കുന്ന മകനോട് മരിച്ചിടത്തുനിന്ന് എഴുന്നേറ്റ അമ്മ താലിമാല പൊട്ടിച്ചുകൊണ്ട് പറഞ്ഞത് (''ഇതു കൊണ്ടുപോയി വിറ്റ് പത്തു കാശ് ഫോണിലിട്. കൊറച്ച് നിന്റെ ചേട്ടനും കൊടുക്ക്''്) കേള്‍ക്കുമ്പോള്‍ എതൊരാളും നടുങ്ങിപ്പോവും. ഈ സമയത്താണ് വണ്‍ ഫിഫ്റ്റി ബാലന്‍സുണ്ടെന്ന ഫോണിന്റെ അറിയിപ്പു വരുന്നത്. മനുഷ്യത്വം വാര്‍ന്നുപോവുന്നതിന്റെ ഞെട്ടിക്കുന്ന കഥാനുഭവമാണ് 'മിസ്ഡ് കോള്‍'.

തീരെ ചെറിയ കഥകള്‍കൊണ്ട് വലിയ ആഘാതങ്ങളേല്പിക്കാന്‍ കഴിയുന്നു എന്നതാണ് ഈ സമാഹാരത്തിലെ കഥകളുടെ സവിശേഷത. പ്രകൃതിബോധവും ജീവിതബോധവും രാഷ്ട്രീയാവബോധവും സമ്മേളിക്കുന്ന കഥാസന്ദര്‍ഭമെന്ന് ഇതിനെ വിളിക്കാം. സമകാലിക ഇന്ത്യന്‍ ദേശീയത ഒളിപ്പിച്ചുവെച്ച (?) വംശീയത ഭീകരരൂപംപൂണ്ടുനില്ക്കുന്നതിന്റെ അപകടസാധ്യത കഥകള്‍ ധ്വനിപ്പിക്കുന്നുണ്ട്. പരിസ്ഥിതിപ്രത്യയശാസ്ത്രത്തോടും കീഴാളപക്ഷ മാനവികതയോടും ഹൃദയൈക്യം പ്രാപിച്ചുകൊണ്ടുള്ള രചനകളാണ് ഷാഹുലിന്റേത്. പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്‍ പക്ഷാന്തരങ്ങളില്ല. നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ശക്തി, കാപട്യമില്ലായ്മയുടെ ധീരത, സത്യസന്ധതയുടെ നൈര്‍മ്മല്യം ഇവ ഇദ്ദേഹത്തിന്റെ കഥകളെ കരുത്തുറ്റതാക്കുന്നു. എങ്കിലും, ഈ നൂറ്റിപ്പത്തില്‍ പതിരെല്ലാം പാറ്റിക്കളഞ്ഞ് ഒരറുപതില്‍ നിര്‍ത്തിയിരുന്നെങ്കില്‍ കരുത്തിരട്ടിക്കുമായിരുന്നു; തീര്‍ച്ച.

15-Sep-2019