Skip to main content
വാർത്തകൾ

'സിസ തോമസിന്റെ പക തീരുന്നില്ല, റോജി എം ജോണും അതേ പാതയിൽ'; വിസിക്കും മന്ത്രിക്കുമെതിരെ പി.എസ്. സഞ്ജീവിന്റെ രൂക്ഷ വിമർശനം

sanjeev

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെതിരെ രൂക്ഷ വിമർശനവുമായി പി.എസ്. സഞ്ജീവ്. വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയ വിസിയുടെ നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ നിലപാടുകളെയും സഞ്ജീവ് കടന്നാക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവകലാശാലയിൽ ആർഎസ്എസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് സഞ്ജീവ് ആരോപിച്ചു. വിദ്യാർഥികളുടേത് സമരമല്ല, അപരിഷ്കൃതമായ രീതിയാണെന്നായിരുന്നു സിസ തോമസിന്റെയും റോജി എം. ജോണിന്റെയും പ്രതികരണം. സിസ തോമസ് ആർഎസ്എസ് അനുകൂലിയാണെന്നും അതേ നിലപാടാണ് റോജി എം. ജോണും സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കോടതി വിധി അംഗീകരിക്കുമെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ 24 മണിക്കൂറിനുള്ളിൽ റോജി എം. ജോണിന്റെ സിൻഡിക്കേറ്റും അപ്പീലിൽ കക്ഷി ചേർന്നു. ഇതോടെ വിദ്യാർഥികളോടുള്ള പ്രതികാര നടപടികൾ തുടരുകയാണെന്നും സഞ്ജീവ് ആരോപിച്ചു. സസ്പെൻഷനു മുൻപ് വിദ്യാർഥികൾക്കെല്ലാം മികച്ച ഹാജർനിലയുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് എസ്എഫ്ഐയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന് അനുവദിക്കില്ലെന്നും സഞ്ജീവ് പറഞ്ഞു. സർവകലാശാലയെ ആർഎസ്എസിന്റെ പരീക്ഷണശാലയാക്കാനാണ് നീക്കമെന്നും കേരളത്തിലെ കോൺഗ്രസും സംഘപരിവാറും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തിൽ നിയമപോരാട്ടം ശക്തമായി തുടരുമെന്നും ഡിവിഷൻ ബെഞ്ചിലും പോരാട്ടം നടത്തുമെന്നും സഞ്ജീവ് വ്യക്തമാക്കി. കേരളത്തിന്റെ തെരുവുകളിലും പ്രതിഷേധം സംഘടിപ്പിക്കും. റോജി എം. ജോൺ സംഘപരിവാർ നിലപാടുകൾക്കൊപ്പം നിൽക്കുകയാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ അധഃപതനം ഉറപ്പാണെന്നും സഞ്ജീവ് വിമർശിച്ചു. സിസ തോമസിനെതിരെയും രൂക്ഷമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്.