കേരളത്തിന്റെ ഭൂവുടമാബന്ധത്തില്‍ മൗലികമായ മാറ്റം വരുത്താന്‍ 1957ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് സാധിച്ചു. അത് പാർലമെന്ററി പ്രവർത്തനത്തിലൂടെ മാത്രം കൈവരിച്ച നേട്ടമായിരുന്നില്ല. നിയമസഭ പാസാക്കിയ നിയമങ്ങൾ നടപ്പിലാക്കുവാനും ജന്മിത്വം അവസാനിപ്പിക്കുവാനും കഴിഞ്ഞത് കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വർഗ പ്രസ്ഥാനങ്ങൾ നടത്തിയ ത്യാഗോജ്ജ്വലമായ ഇടപെടലുകളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ്.
പാട്ടക്കുടിയായ്മ, വെറുംപാട്ടക്കാര്‍, കുടികിടപ്പുകാര്‍, കുടിയിരുപ്പുകാര്‍, കാണക്കുടിയാന്മാര്‍, വാക്കാല്‍പാട്ടം, വെറുംപാട്ടം തുടങ്ങി വിവിധങ്ങളായ പാട്ടവ്യവസ്ഥകളില്‍ കുടുങ്ങി ഫ്യൂഡല്‍ ജന്മിത്വത്തിന്റെ കീഴിൽ അടിമകളെ പോലെ കഴിയാൻ വിധിക്കപ്പെട്ടിരുന്ന വലിയൊരു വിഭാഗം ജനതയുടെ പാട്ടവും, വാരവും, അവസാനിപ്പിച്ചും ഒഴിപ്പിക്കല്‍ നടപടി നിറുത്തലാക്കിയും ഭൂപരിധി നിര്‍ണ്ണയിച്ചും സമഗ്രവും സമൂലവുമായ കാര്‍ഷിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നതിന് 1969-ലെ ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന് കഴിഞ്ഞു.
ഭൂപരിധി നിശ്ചയിച്ചതിന്റെ ഭാഗമായി സംസ്ഥാനത്ത് 17.5 ലക്ഷം ഏക്കര്‍ മിച്ചഭൂമിയുള്ളതായി പ്രഖ്യാപിച്ചു. അത് ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. ഭൂപ്രമാണിമാരും അവർക്ക് ഓശാന പാടുന്ന കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ ശക്തികളും ചില നിക്ഷിപ്ത താൽപ്പര്യക്കാരും വെറുതെയിരുന്നില്ല. കാര്‍ഷികപരിഷ്കാര ഭേദഗതികളുടെ അന്തസത്ത നിലനിര്‍ത്തിക്കൊണ്ട് ആ നിയമം പൂർണാർത്ഥത്തിൽ നടപ്പിലാക്കുവാന്‍ അവർ സമ്മതിച്ചില്ല. പല കുതന്ത്രങ്ങളും അതിനായി അവർ പ്രയോഗിച്ചു.
കേരള നിയമസഭ 1969-ല്‍ പാസ്സാക്കിയ കേരള ഭൂപരിഷ്കരണ നിയമത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയെങ്കിലും നിയമവ്യവസ്ഥകള്‍ നടപ്പിലാക്കുവാന്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് തയ്യാറായില്ല. എന്നുമാത്രമല്ല നിയമവ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുവാനുള്ള പരിശ്രമമാണ് അവർ നടത്തിയത്. ഇതിനെതിരായി കർഷക തൊഴിലാളി യൂണിയന്റേയും കർഷക സംഘത്തിന്റേയും ആഭിമുഖ്യത്തിൽ സംസ്ഥാനത്താകമാനം വലിയ പ്രചരണം സംഘടിപ്പിച്ചു. ഭൂരഹിതരായ കർഷക തൊഴിലാളകളും ദരിദ്ര കർഷകരും ഭൂപരിഷ്കരണ നിയമത്തിന് വേണ്ടി ദാഹിച്ചു. അവരുടെ മോചനത്തിനായുള്ള നിർണായകമായ നീക്കമാണ് കർഷക തൊഴിലാളി യൂണിയനും കർഷക സംഘവും നടത്തുന്നതെന്ന ബോധ്യം പാവപ്പെട്ട ജനവിഭാഗങ്ങൾക്കെല്ലാമുണ്ടായി. തുടർന്ന് മൂന്ന് ജാഥകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആലപ്പുഴയിലേക്ക് പ്രയാണം ആരംഭിച്ചു. അറവുകാട് മൈതാനത്ത് ആ ജാഥകൾ സംഗമിച്ചപ്പോൾ നാല് ലക്ഷത്തോളം പാവപ്പെട്ട ജനങ്ങൾ അവിടേക്ക് ഒഴുകിയെത്തിയിരുന്നു. അവിടെ വെച്ചാണ് പ്രസിദ്ധമായ ആലപ്പുഴ പ്രഖ്യാപനം നടത്തപ്പെട്ടത്.
പാവങ്ങളുടെ പടത്തലവൻ എ കെ ജി, 1970 ജനുവരി ഒന്നുമുതല്‍ ഗവണ്‍മെന്‍റ് നിയമം നടപ്പിലാക്കിയാലും ഇല്ലെങ്കിലും, കൈവശഭൂമി വളച്ചുകെട്ടി അവകാശം സ്ഥാപിച്ച്, നിയമം നടപ്പിലാക്കുമെന്ന് 1969 ഡിസംബര്‍ 14ന് നടത്തിയ പ്രഖ്യാപനമാണ് ആലപ്പുഴ പ്രഖ്യാപനം എന്ന നിലയിൽ ചരിത്രത്തിന്റെ തങ്കലിപികളിൽ കൊത്തിവെക്കപ്പെട്ടത്. ആ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടപ്പാക്കപ്പെട്ടു.
1970 ജനുവരി ഒന്നുമുതല്‍ ആലപ്പുഴ പ്രഖ്യാപനം നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളിൽ കർഷക – കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ ഏർപ്പെട്ടു. വലതുപക്ഷ ഗവണ്മെന്റ് ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ച് നടത്തിയ എതിർപ്പുകളേയും ജന്മി-ഗുണ്ടാപടയുടെ അക്രമങ്ങളേയും നേരിട്ട് ആ പ്രവർത്തനങ്ങൾ മുന്നേറി. തുടര്‍ന്ന് ഗവണ്‍മെന്‍റ് ചര്‍ച്ചയ്ക്കു സന്നദ്ധമായി. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിനും കുടികിടപ്പവകാശം ലഭ്യമാക്കുന്നതിനും നടപടികള്‍ ആവിഷ്ക്കരിക്കുവാന്‍ നിര്‍ബന്ധിതമായി. തീക്ഷ്ണവും, ത്യാഗപൂര്‍ണ്ണവുമായ ആ പ്രക്ഷോഭത്തില്‍ 18 പേരുടെ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ടു. ഇതിനെ തുടർന്ന് സംസ്ഥാനവ്യാപകമായി നാലരലക്ഷത്തോളം പേര്‍ക്ക് കുടികിടപ്പവകാശം നേടിയെടുക്കുവാന്‍ കഴിഞ്ഞു. സ്വന്തമായി ഭൂമിയില്ലാതിരുന്ന നാലരലക്ഷം കര്‍ഷക തൊഴിലാളികളില്‍ മൂന്നുലക്ഷത്തിനും 10 സെന്‍റു ഭൂമിവീതം കൊടുപ്പിക്കുവാന്‍ സാധിച്ചു. 38 ലക്ഷം കുടിയായ്മ കേസ്സുകളില്‍ 32 ലക്ഷത്തിലും കർഷകന് കൃഷിഭൂമി ലഭ്യമായി. ഇവരില്‍ ബഹുഭൂരിപക്ഷവും ഒരു ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ള ദരിദ്ര കൃഷിക്കാരായിരുന്നു.
തുടര്‍ന്ന് അധികാരത്തില്‍വന്ന വലതുപക്ഷ ഗവണ്‍മെന്റുകൾ ഭൂപരിഷ്കരണ നിയമത്തില്‍ ഇഷ്ടം പോലെ ഭേദഗതികള്‍ വരുത്തി എന്നത് വസ്തുതയാണ്. ഇതിന്‍റെ ഫലമായി കേരളത്തില്‍ 17.5 ലക്ഷം ഏക്കര്‍ മിച്ചഭൂമിയുണ്ടായിരുന്നു എന്ന് പ്രഖ്യാപിച്ചിരുന്നത് ഏഴുലക്ഷം ഏക്കറായി ചുരുങ്ങി. മാത്രമല്ല, 1970 നും 74നും ഇടയിൽ നടന്ന ഇഷ്ടദാനങ്ങള്‍ക്ക് നിയമസാധുത നല്‍കിയപ്പോൾ 14000 ഏക്കര്‍ മിച്ചഭൂമി കൂടി ഇല്ലാതായി. വ്യാജകുടിയായ്മ ഉള്ളതായി രേഖകൾ ചമച്ച് പലരും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായില്ല.
ഭൂപരിഷ്കരണ നിയമവ്യവസ്ഥ നടപ്പിലാക്കി മിച്ചഭൂമി ഏറ്റെടുക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി 1970കളില്‍ കേരളത്തിലങ്ങോളമിങ്ങോളം മിച്ചഭൂമി സമരകേന്ദ്രങ്ങളില്‍ വളണ്ടിയർമാരെ ചുമതലപ്പെടുത്തി. ചിട്ടയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃപാടവം വെളിവായ സന്ദർഭമായിരുന്നു അത്. പലരും അറസ്റ്റുചെയ്യപ്പെട്ടു. ജാമ്യമെടുക്കാതെ ജയില്‍വാസം അനുഭവിച്ചു. ഭീകരമര്‍ദ്ദനങ്ങളെ നേരിട്ടു. ആ കാലയളവിൽ കേരളം കണ്ട പ്രക്ഷോഭക്കൊടുങ്കാറ്റിന് സമാനതകളില്ലെന്ന് തന്നെ പറയാം.
ഘട്ടംഘട്ടങ്ങളിലായി നടത്തപ്പെട്ട ഭൂസമരങ്ങളില്‍ എടുത്തുപറയേണ്ട അധ്യായമാണ് 1972 മെയ് 7ന്റെ എറണാകുളം കണ്‍വന്‍ഷൻ. തുടർന്നാണ് കര്‍ഷക -കര്‍ഷക തൊഴിലാളികളുടെ സംയുക്ത സമരപ്രഖ്യാപന കണ്‍വന്‍ഷൻ സംഘടിപ്പിച്ചത്. 1972 മെയ് 25 മുതല്‍ മിച്ചഭൂമിയില്‍ പ്രവേശിക്കാനും അവിടങ്ങളിലെ വിളകൾ സ്വന്തമാക്കാനും അവിടെ കൃഷി നടത്താനും ആഹ്വാനം ചെയ്യുന്ന ഒരു പുതിയ സമരമുറതന്നെ പ്രഖ്യാപിച്ചത് അപ്പോഴാണ്. അതിനായി ലക്ഷക്കണക്കിന് വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്തു. സമരം കൂടുതൽ ശക്തമായി. കർഷക തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സമരവേലിയേറ്റത്തെ തുടര്‍ന്ന് മൂന്ന് മഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗവണ്‍മെന്‍റുകളെ വെല്ലുവിളിച്ച് മിച്ചഭൂമിയില്‍ കയറി വിളവുകൾ സ്വന്തമാക്കി. സമരത്തിന്റെ ഓരോ ഘട്ടങ്ങളിലും ഗവണ്‍മെന്‍റുകൾ ചര്‍ച്ചയ്ക്ക് സന്നദ്ധമായി. ഒത്തുതീര്‍പ്പുണ്ടാക്കാൻ മുന്നോട്ടുവന്നു. അങ്ങിനെയാണ് മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ട ഭൂമി ഏറ്റെടുപ്പിക്കുവാനും വിതരണം ചെയ്യിപ്പിക്കുവാനും സാധിച്ചത്.
കേരളത്തില്‍ കുടിയായ്മ സമ്പ്രദായം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഉണ്ടായത്ര പുരോഗതി, ഭൂപരിധി നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കാനായില്ലെന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടാനാവും. 1970 മുതല്‍ നടപ്പാക്കിയ ഭൂപരിഷ്ക്കരണ നിയമമനുസരിച്ച് അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധി 10 സ്റ്റാന്റേഡ് ഏക്കറായി നിശ്ചയിക്കപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഭൂവിസ്തൃതി അധികമില്ലാത്ത സംസ്ഥാനമാണ്. മറ്റു സംസ്ഥാനങ്ങളെപ്പോലെ മിച്ചഭൂമി കേരളത്തിൽ കിട്ടാനില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഭൂപരിഷ്കരണ നിയമം കര്‍ശനമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഇപ്പോള്‍ ലഭ്യമായതിനേക്കാൾ കൂടുതല്‍ ഭൂമി തീര്‍ച്ചയായും ഏറ്റെടുക്കുവാന്‍ സാധിക്കുമായിരുന്നു. പല വന്‍കിടഭൂവുടമകളും നിയമത്തെ മറികടന്ന് കള്ളപ്രമാണങ്ങളുണ്ടാക്കി ഭൂമി സര്‍ക്കാരിന് വിട്ടുകൊടുക്കാതെ രക്ഷപെട്ടിട്ടുണ്ട്.
2026 ജൂണിലെ റവന്യൂ രേഖകൾ പ്രകാരം മിച്ചഭൂമിയായി പ്രഖ്യാപിച്ച 49278.43899 ഹെക്ടറിൽ കോടതിയുടെ ഇടപെടൽ നിമിത്തം 8524.5345 ഹെക്ടർ ഭൂമി കുറവുവന്നിട്ടുണ്ട്. ബാക്കി 40753.904 ഹെക്ടർ മിച്ചഭൂമിയാണുള്ളത്. അതിൽ 37738.2203 ഹെക്ടർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി ഏറ്റെടുക്കാനുള്ളത് 3014.977ഹെക്ടർ ഭൂമിയാണ്. ഇതിൽ പിന്നെയും കോടതി വ്യവഹാരങ്ങൾ മൂലം 1830ലേറെ ഹെക്ടർ ഭൂമി വിതരണം ചെയ്യാനാകാതെ നിൽപ്പുണ്ട്. സാങ്കേതികത്വങ്ങളുടെ നൂലാമാലകളിലൂടെയാണ് മിച്ചഭൂമി വിതരണം കടന്നുപോവുന്നത്. ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്ന ഘട്ടങ്ങളിലെല്ലാം അതിനായി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നത് കാണേണ്ടതുണ്ട്. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാരുകൾ ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാനുള്ള പഴുതുകൾ തേടിയാണ് നടക്കുന്നത്.
ഇപ്പോൾ സംസ്ഥാനത്ത് അധികാരത്തിൽ വന്നിരിക്കുന്ന യു ഡി എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലും ബജറ്റിലും ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. 2026-27 പുതുക്കിയ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന് 'ഭൂപരിഷ്കരണം 2.0' നടപ്പിലാക്കുമെന്നത്. 1957-ൽ തുടങ്ങി നിരവധിയായ പ്രക്ഷോഭങ്ങളുടെ ഭാഗമായി നിയമമാക്കപ്പെട്ട ചരിത്രപരമായ കേരള ഭൂപരിഷ്കരണ നിയമത്തിന്റെ കാതലായ വശങ്ങൾ ഭൂപരിധി നിർണ്ണയവും ഭൂമിയില്ലാത്തവർക്ക് ഭൂമി വിതരണം ചെയ്യലുമാണ്. ഇതിനെ തകർക്കാനാണ് യു ഡി എഫ് സർക്കാരിന്റെ ഭൂപരിഷ്കരണം 2.0 കാരണമാകുക. സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പരിശോധിക്കുന്നതിനായി ഒരു പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നാണ് യു ഡി എഫ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന 'കേരള ഗവൺമെന്റ് ലാൻഡ് അസൈൻമെന്റ് (അമൻഡ്‌മെന്റ്) ആക്ട് 2023' റദ്ദാക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കുന്നു. മലയോര മേഖലകളിലെ പാവപ്പെട്ട കർഷകർ നേരിടുന്ന ഭൂവിനിയോഗ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇല്ലാതാക്കാനാണ് ഇത് വഴിവെക്കുക. പ്രഖ്യാപനങ്ങൾക്കൊന്നും കൂടുതൽ ആശയ വ്യക്തത വരുത്താൻ യു ഡി എഫ് സർക്കാർ തയ്യാറായിട്ടില്ല. അത് കോർപ്പറേറ്റുകൾക്കും മുതലാളിത്ത ശക്തികൾക്കും വേണ്ടിയുള്ള മൗനമാണ്. അവരുടെ നിർദേശാനുസരണമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് മുന്നോട്ടുപോകുന്നത്. പൊതുവില്‍ കേരളത്തിലെ കാര്‍ഷിക പരിഷ്ക്കാര നടപടികള്‍ക്ക് ആക്കവും തൂക്കവും നല്‍കിയത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള ഗവണ്‍മെന്റും തുടര്‍ന്ന് വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റുകളുമാണ്. കേരളം കൈവരിച്ച പുരോഗമനപരമായ എല്ലാ നടപടികളെയും തകര്‍ക്കുകയും ഇല്ലായ്മചെയ്യുകയും നിയമത്തില്‍ വെള്ളം ചേര്‍ക്കുവാനുമുള്ള പരിശ്രമങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാരുകൾ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഈ അവസരത്തിൽ ഭൂപരിഷ്കരണ നിയമത്തെ സംരക്ഷിക്കുവാനും, നിലനിര്‍ത്തുവാനും കഴിയണം. അതിനുള്ള ജാഗ്രത ജനാധിപത്യ സമൂഹം വളർത്തിയെടുക്കണം.