സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്കു ചെന്നെത്താൻ കഴിയാത്തത്ര ഉയരത്തിലെത്താൻ സഹായിച്ച പാർട്ടിക്കു നന്ദി, നിയമസഭാംഗവും മന്ത്രിയുമായിരിക്കെ വഴികാട്ടിയ മഹാരഥൻമാർക്കും നന്ദി’’– സ്വതസിദ്ധമായ മൃദുശബ്ദത്തിലാണ് മന്ത്രി കെ.രാധാകൃഷ്ണൻ പതിനഞ്ചാം കേരള നിയമസഭയോട് യാത്ര പറഞ്ഞ് ഇറങ്ങി. ഇനി പാർലമെന്റിലേക്ക്. ക്ലിഫ് ഹൗസിലെത്തി രാജി കൈമാറി.

1996 ൽ ചേലക്കരയിൽനിന്നു നിയമസഭയിലേക്കായിരുന്നു രാധാകൃഷ്ണന്റെ ആദ്യ ജയം. ആദ്യ അവസരത്തിൽത്തന്നെ മന്ത്രി പദവി ലഭിച്ചു. ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി - പട്ടിക വർഗ ക്ഷേമം, യുവജനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2001ൽ സീറ്റു നിലനിർത്തി. പ്രതിപക്ഷ വിപ്പായി. 2006 ൽ സ്പീക്കർ.

2011ലും ചേലക്കര നിന്നു വിജയിച്ചു. 2016 ൽ മത്സരിച്ചില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജില്ലാ സെക്രട്ടറിയായും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ്, ദലിത് ശോഷൻ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.