ദേശാഭിമാനിക്കെതിരെ പാര്‍ടി അന്വേഷണം നടത്തുമെന്ന മനോരമ വാര്‍ത്ത ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച പച്ച നുണയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവന . പി.വി അന്‍വര്‍ എംഎൽഎ നടത്തിയ വാര്‍ത്താ സമ്മേളനം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച കാര്യം പാര്‍ടി അന്വേഷിക്കുമെന്നാണ്‌ മലയാള മനോരമ പറഞ്ഞിരിക്കുന്നത് .

പൊതുവായ വാര്‍ത്തകള്‍ നല്‍കിക്കൊണ്ട്‌ പാര്‍ടിയുടെ നയം ജനങ്ങളിലെത്തിക്കുകയാണ്‌ ദേശാഭിമാനി ചെയ്യേണ്ടത്‌ എന്നതാണ്‌ പാര്‍ടി നയം. ആ നയത്തിനനുസരിച്ച്‌ തന്നെയാണ്‌ ദേശാഭിമാനി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്‌. ദേശാഭിമാനിയുടെ ഒരു വായനക്കാരന്‌ വാര്‍ത്ത അറിയാന്‍ മറ്റൊരു പത്രത്തെ ആശ്രയിക്കേണ്ടി വരരുത്‌. ഓരോ ദിവസവും വരുന്ന വാര്‍ത്തകളെ ജനങ്ങളിലെത്തിക്കുകയെന്നത്‌ ദേശാഭിമാനിയുടെ ഉത്തരവാദിത്വമാണ്‌.

പാര്‍ടി പത്രമായിരിക്കെ തന്നെ ഒരു പൊതുപത്രമായി അത്‌ വളരണമെന്നാണ്‌ പാര്‍ടിയുടെ നിലപാട്‌. ആ നിലയ്‌ക്ക്‌ പത്രം വളരുകയും ചെയ്യുന്നുണ്ട്‌. സി.പി.ഐ (എം)ന്‌ എതിരായി നിലകൊള്ളുന്ന പ്രതിപക്ഷ പാര്‍ടി നേതാക്കളുടെ വാര്‍ത്താസമ്മേളനവും, പ്രസ്‌താവനകളും എല്ലാം ദേശാഭിമാനി പ്രസിദ്ധീകരിക്കാറുണ്ട്‌. ഇത്‌ മറച്ചുവെച്ച്‌ ഇങ്ങനെയൊരു തെറ്റായ വാര്‍ത്ത കൊടുത്തത്‌ മനപ്പൂര്‍വ്വമാണ്‌.

ദേശാഭിമാനി ക്യാമ്പയിന്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഒരു വായനക്കാരനെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനായാല്‍ അത്രയും നേട്ടമെന്ന ദുഷ്ട ബുദ്ധി മാത്രമാണ്‌ മനോരമയുടെ ഈ വാര്‍ത്തക്ക്‌ പിന്നിലെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.