സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ചരിത്രത്തോടും വർത്തമാനത്തോടും നീതി പുലർത്താൻ നാഷണൽ സർവീസ് സകീമിനു കഴിയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല എൻഎസ്എസ് പുരസ്കാര വിതരണ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 37 സർവകലാശാലകളിൽ 40000 വോണ്ടിയർമാരുമായി പ്രവർത്തനമാരംഭിച്ച എൻഎസ്എസ് ഇന്ന് 40 ലക്ഷത്തോളം വോളണ്ടിയർമാർ ഉൾപ്പെടുന്ന സന്നദ്ധ സംഘടനയായി മാറി.

നവോത്ഥാന മൂല്യങ്ങളടക്കം പിൻതുടരുന്ന പുരോഗമനപരമായ നിലപാടിലൂടെയാണ് എൻഎസ്എസ് മുന്നോട്ട് പോകുന്നത്. മതനിരപേക്ഷതയുടെ മാതൃകയായ നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും യാതൊരുവിധ വിവേചനങ്ങളുമില്ലാതെയാണ് മുന്നോട്ട് പോകുന്നത്. നാഷണൽ സർവീസ് സ്കീമിന്റെ സ്വാഗതഗാനത്തിലെ മനസ്സു നന്നാകട്ടെ എന്നു തുടങ്ങുന്ന വരികളും ഇതേ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്നു. വിഷലിപ്തമായ ആശയങ്ങൾ നമ്മുടെ മനസിലേക്ക് കയറാതെ മാതൃകാപരമായ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും തലമുറയെ നയിക്കാനും നാഷണൽ സർവീസ് സ്കീമിന് കഴിയുന്നു.

ഇന്ന് മാലിന്യ നിർമ്മാർജ്ജനത്തിലും ശുചീകരണ പ്രവർത്തനങ്ങളുമായുള്ള വിവിധ പരിപാടികൾ എൻഎസ്എസിന് സംസ്ഥാന വ്യാപകമായി വിജയകരമായി പൂർത്തിയാക്കൻ സാധിച്ചു എന്നത് അഭിമാനകരമാണ്. സഹപാഠികളുടെ അവസ്ഥകൾ പരിഗണിക്കുകയും അവരുടെ ജീവിതത്തിൽ ഇടപെടുകയും ചെയ്യുന്ന വോളണ്ടിയർമാരാണ് എൻഎസ്എസിന്റെ ഭാഗമായുള്ളത്. സമൂഹത്തിന്റെ പിന്തുണയോടെ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി ഏറെ ശ്രദ്ധേയമായ ഒന്നാണ്.

കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ പതിനായിരത്തോളം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് രണ്ട് ലക്ഷത്തിലധികം ബ്ലഡ് യൂണിറ്റുകൾ സംഭാവന ചെയ്തു. ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രങ്ങൾ, ആദിവാസി സംരക്ഷണ കേന്ദ്രങ്ങൾ, കരിയർ ഡെവലപ്മെന്റ് പരിപാടികൾ, പച്ചക്കറിത്തോട്ടങ്ങൾ, വയോജന സംരക്ഷണ പരിപാടികൾ തുടങ്ങിയ നിരവധി പരിപാടികൾ എൻഎസ്എസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്നു. ഇതിനെ പ്രോൽസാഹിപ്പിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അരക്കോടിയിലധികം രൂപ ബജറ്റിൽ എൻഎസ്എസ് പ്രവർത്തനങ്ങൾക്കായി വകയിരുത്തിയതും നാല് വർഷ ബിരുദ കോഴ്സുകളുടെ പാഠ്യപദ്ധതിയിൽ നാഷണൽ സർവ്വീസ് സ്കീം സേവനങ്ങൾ ഉൾപ്പെടുത്തിയതും ഇതിനുദാഹരണങ്ങളാണ്. ചൂരൽമല ദുരന്തത്തിലടക്കമുള്ള പ്രതിസന്ധികളിൽ നാഷണൽ സർവീസ് സ്കീം നടത്തിയ പ്രവർത്തനങ്ങളും ദുരന്തബാധിതർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനവും മാതൃകാപരമാണ്.

വിദ്യാർഥി കാലഘട്ടങ്ങളിൽ വോളണ്ടിയർമാർ കാട്ടുന്ന സന്നദ്ധതയും നൻമയും സ്നേഹവും തുടർന്നുള്ള ജീവിത ഘട്ടങ്ങളിലും ആവർത്തിക്കാൻ കഴിയണം. മാതൃകാപരമായ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അവാർഡ് ജേതാക്കളായവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരായ ആസാദ് സേന രൂപീകരിച്ചും സാമൂഹിക നീതി വകുപ്പിന്റെ വയോജന പരിപാടികളിലടക്കം സഹകരിച്ചും വൈവിധ്യമാർന്ന പദ്ധതികളിലൂടെ എൻ എസ് എസ് മാതൃക തീർക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. യുവാക്കളുടെ കർമശേഷി രാഷ്ട്ര പുനർനിർമാണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് എൻ എസ് എസ് രൂപീകരണത്തിന് കാരണമായത്. ഇന്ന് സംസ്ഥാനത്തിന്റെ സേവന പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത ചരിത്രം നാഷണൽ സർവീസ് സ്‌കീം സൃഷ്ടിക്കുന്നു.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ഉദ്യാനങ്ങളാക്കി മാറ്റിയ സ്‌നേഹാരാമം പദ്ധതി വിജയകരമായി പൂർത്തിയാക്കി സംസ്ഥാനത്തെ മൂന്നര ലക്ഷം വരുന്ന നാഷണൽ സർവീസ് സ്‌കീം വോളണ്ടിയമാർ നടത്തുന്ന പ്രവർത്തനങ്ങളാണ് അവാർഡ് നിർണയത്തിൽ പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.

2022 - 23 വർഷത്തെ നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. മികച്ച സ്‌നേഹാരാമങ്ങൾ നിർമിച്ച എൻ എസ് എസ് യൂണിറ്റുകൾക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങിൽ നടന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. കെ. പ്രശാന്ത് എം എൽ എ, സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. അൻസർ ആർ എൻ, എൻ എസ് എസ് റീജീയണൽ ഡയറക്ടർ പി എൻ സന്തോഷ്, കാലിക്കറ്റ് സർവകലാശാല ഇ ടി ഐ ട്രെയിനിംഗ് കോർഡിനേറ്റർ ഡോ. സണ്ണി എൻ എം, കേരള സർവകലാശാല എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ഷാജി എ തുടങ്ങിയവർ സംബന്ധിച്ചു.