ബിഹാറിൽ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്ത്. അമിത് ഷായുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി തേജസ്വി ആരോപിച്ചു. അദ്ദേഹം ഉദ്യോഗസ്ഥരെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ്. മഹാസഖ്യത്തിന്റെ ശക്തികേന്ദ്രങ്ങളിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതായും തേജസ്വി എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ ചൂണ്ടിക്കാട്ടി.
ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം എൻ.ഡി.എ. സഖ്യം ആശങ്കയിലാണെന്ന് തേജസ്വി യാദവ് പറഞ്ഞു. തോൽക്കുമെന്ന് അവർ ഭയക്കുന്നു. ഫോണിലൂടെയും നേരിട്ടും അമിത് ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും, താമസിക്കുന്ന ഹോട്ടലിലെ സി.സി.ടി.വി ഓഫ് ചെയ്ത ശേഷമാണ് അദ്ദേഹം ഉദ്യോഗസ്ഥരെ കാണുന്നതെന്നും തേജസ്വി ആരോപിച്ചു. രണ്ട് ഗുജറാത്തികൾ ബിഹാറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമം നടത്തുകയാണെന്നും, ബിഹാർ ജനത വോട്ട് കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർ നീതിപൂർവം പ്രവർത്തിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
ബിഹാറിൽ നാളെ (നവംബർ 11) 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുന്നത്. 1,302 സ്ഥാനാർത്ഥികളാണ് രണ്ടാംഘട്ടത്തിൽ മത്സരിക്കുന്നത്. 45,399 പോളിങ് കേന്ദ്രങ്ങളിലായി പോളിംഗ് നടക്കും. 3.70 കോടി വോട്ടർമാർ, അതായത് 1.95 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളും, രണ്ടാംഘട്ടത്തിൽ വിധിയെഴുതും. ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയ 64.66 ശതമാനം പോളിംഗ് സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശതമാനമായിരുന്നു. 2020-നെ അപേക്ഷിച്ച് 8.5 ശതമാനമാണ് വർദ്ധനവുണ്ടായത്. ബെഗുസരായിയിലാണ് കൂടുതൽ പോളിംഗ് (67.32%) രേഖപ്പെടുത്തിയത്, ഏറ്റവും കുറവ് ഷെയ്ക്ക്പുരയിലായിരുന്നു (52.36%).
