രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവർ ആൽവിനെയും ഓഫീസ് സ്റ്റാഫ് ഫസലിനെയും പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇരുവർക്കും നോട്ടീസ് നൽകിയ ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി വിട്ടയച്ചു. രാഹുലിനെ കർണാടക - തമിഴ്നാട് അതിർത്തിയായ ബാഗലൂരിൽ എത്തിച്ചത് ഇരുവരും ചേർന്നാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.

രാഹുലിന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇരുവരെയും എസ്ഐടി കസ്റ്റഡിയിലെടുത്തത്. ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. രാഹുലിനെ ഇവർ ബാഗലൂരിൽ എത്തിച്ചത് ഹോണ്ട അമേസ് കാറിലാണെന്നും എസ്ഐടി കണ്ടെത്തി. ഈ കാർ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചിട്ടുണ്ട്. ബാഗലൂരിൽ നിന്ന് മറ്റൊരു കാറിലാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്.