കര്‍ഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തെ ദുരിതത്തിലേക്കാഴ്ത്തുകയും സ്ത്രീകളുടെ ഇരട്ടഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും വിധത്തില്‍ പാചകവാതകത്തിന്റെയും ഇന്ധനങ്ങളുടെയും വില നിരന്തരം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കെ എസ് കെ ടി യു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 20 ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും വൈകുന്നേരം 4 മണിക്കാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുക.

ഇന്ന് തിരുവനന്തപുരത്ത് വെച്ച് ചേര്‍ന്ന കെ എസ് കെ ടി യു സംസ്ഥാന വനിതാ സബ് കമ്മിറ്റി യോഗമാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സബ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ അംബികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ എസ് കെ ടി യു സംസ്ഥാന വനിതാ സബ് കമ്മിറ്റി കണ്‍വീനറായി കോമള ലക്ഷ്മണനെ തെരഞ്ഞെടുത്തു.

നിലവിലുള്ള കണ്‍വീനര്‍ ലളിതാ ബാലന്‍ അഖിലേന്ത്യാ വനിതാ സബ് കമ്മിറ്റി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് കണ്ണൂര്‍ സ്വദേശിനിയായ കോമള ലക്ഷ്ണനെ തെരഞ്ഞെടുത്തത്. ആലപ്പുഴയിലെ സുധാമണിയെ ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു.

എ ഐ എ ഡബ്‌ള്യു യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കോമളകുമാരി, കെ എസ് കെ ടി യു സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രന്‍ എന്നിവരും സബ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.