സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര തുടങ്ങി കേവലം രണ്ട് മാസം പിന്നിടുമ്പോഴേക്കും അവര്‍ സൗജന്യ യാത്രയ്ക്ക് ബസ്സില്‍ തള്ളിക്കയറുന്നവരാണെന്ന ഗതാഗത വകുപ്പ് മുന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പരാമര്‍ശം അവഹേളനപരമാണെന്നും പിണറായി പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍ കേവലം ഒരു നാക്കുപിഴയല്ല, മറിച്ച്, അതില്‍ മുഴച്ചുനില്‍ക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ നയസമീപനമാണെന്നും പിണറായി പറഞ്ഞു. സാമ്പത്തികമായ മുന്നൊരുക്കങ്ങളില്ലാതെയും മതിയായ ഫണ്ട് അനുവദിക്കാതെയും സൗജന്യ യാത്ര നടപ്പിലാക്കിയത് കെഎസ്ആര്‍ടിസി യെ തകര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഭരണതലത്തിലെ സ്വന്തം വീഴ്ചകള്‍ക്ക് സ്ത്രീകളെ പഴിചാരുകയാണ് ഗതാഗതമന്ത്രിയെന്ന് പിണറായി പറഞ്ഞു.
കേരളത്തില്‍ കുടുംബിനികളുടെ കയ്യില്‍ പണമില്ലെന്ന് മന്ത്രി പുച്ഛിക്കുമ്പോള്‍, അവരുടെ ക്ഷേമത്തിനായി പ്രതിമാസം ആയിരം രൂപ വീതം നല്‍കി നടപ്പാക്കിയ 'സ്ത്രീ സുരക്ഷാ പദ്ധതി' മുടക്കിയത് ഈ സര്‍ക്കാരാണെന്നത് ഓര്‍ക്കണമെന്നും യാതൊരു രാഷ്ട്രീയ പക്ഷപാതിത്വവുമില്ലാതെ നടപ്പിലാക്കിയ ഈ ജനകീയ പദ്ധതി ഇല്ലാതാക്കിയ ഈ സര്‍ക്കാര്‍ പ്രിയദര്‍ശിനി പദ്ധതി വഴി സൗജന്യയാത്ര നടത്തുന്ന നാമമാത്രമായ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചവിട്ടി മെതിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
