ബി.ജെ.പിയുടെ കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഒരു പ്രതിയുടെ വീട്ടില്‍ നിന്നും എട്ട് ലക്ഷം രൂപ കൂടി പിടികൂടി. പ്രധാന പ്രതികളിലൊരാളായ വെള്ളാങ്ങല്ലൂര്‍ സ്വദേശി ഷുക്കൂറിന്റെ വീട്ടില്‍ നിന്നാണ് തുക കണ്ടെടുത്തത്. വീട്ടിലെ കോഴിക്കൂട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തുക.മൂന്നരക്കോടിയുടെ കുഴല്‍പ്പണകേസില്‍ അറസ്റ്റിലായ 19 പ്രതികളുടേയും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായി.

കേസില്‍ ബിജെപി ബന്ധമുള്ള പ്രതികളും ഉണ്ട്. ഇവരെ പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച്‌ അന്വേഷണ സംഘം ചൊവ്വാഴ്ച്ച ഓണ്‍ലൈനില്‍ യോഗം ചേരും.25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന കോഴിക്കോട്ടെ വ്യാപാരിയും സംഘപരിവാര്‍ സഹയാത്രികനും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമായ ധര്‍മ്മരാജനായിരുന്നു പരാതിക്കാരന്‍.

എന്നാല്‍ കൊടകരയില്‍ നിന്നും തട്ടിയെടുത്തത് 25 ലക്ഷമല്ല, മൂന്നരക്കോടിയാണെന്ന് പിന്നീട് ധര്‍മ്മരാജന്‍ വെളിപ്പെടുത്തുകയായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പായിരുന്നു വാഹനം തട്ടികൊണ്ട് പോയി പണം തട്ടിയത്.

ഈ പണം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിതരണം ചെയ്യാനായി ബിജെപി കൊണ്ടുവന്ന മൂന്നര കോടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.കേസ് ഗൗരവമേറിയതാണെന്നും അന്വേഷണം കൂടുതല്‍ കാര്യകക്ഷമമായി നടക്കേണ്ടകുള്ളതിനാലും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.ധര്‍മ്മരാജന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇയാള്‍ തന്നെയാണ് പാര്‍ട്ടി ഫണ്ട് കൊടുത്തുവിട്ടതെന്നുമാണ് പോലിസിന്റെ നിഗമനം.

ചോദ്യം ചെയ്യലില്‍ ധര്‍മ്മരാജന്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായിട്ടാണ് റിപോര്‍ട്ടുകള്‍.യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായികിനേയും ചോദ്യം ചെയ്തിരുന്നു. ബിജെപിക്ക് കുഴല്‍പ്പണ ഇടപാടുമായി ബന്ധമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും പാര്‍ട്ടി പാളയത്തില്‍ ആശങ്കയുണ്ട്. നേതാക്കളില്‍ ചിലര്‍ കേസില്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.