രാ‍ജ്യത്ത് കൊവിഡ് വൈറസിന്റെ വകഭേദങ്ങൾ കണ്ടെത്താൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിർന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ രാജിവച്ചു. മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെ വിമർശിച്ചതിനു പിന്നാലെയാണ് രാജി.

രാജിക്കാര്യം ശരിയാണെന്നും തനിക്കു കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വൈറസിന്റെ ജനിതക മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും സര്‍ക്കാറിന് നിര്‍ദേശം നല്‍കാനുമാണ് ഇന്ത്യന്‍ സാര്‍സ്-കൊവി-2 ജെനോമിക്‌സ് കണ്‍സോര്‍ഷ്യം സര്‍ക്കാര്‍ രൂപീകരിച്ചത്.

കൊറോണ വൈറസിന്റെ പുതിയതും കൂടുതൽ പടർന്നുപിടിക്കുന്നതുമായ ബി.1.617 വകഭേദത്തെക്കുറിച്ച് മാർച്ച് ആദ്യംതന്നെ ഷാഹിദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കണ്ടെത്തലുകളോട് ശക്തമായി പ്രതികരിക്കാത്തതിന് അദ്ദേഹം കേന്ദ്രത്തെ വിമർശിച്ചിരുന്നു.

ഷാഹിദ് അടുത്തിടെ ഒരു വിദേശ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ ഇന്ത്യ കൊവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ചും കുറഞ്ഞ പരിശോധന, പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗതയില്ലായ്മ, വാക്സീൻ ക്ഷാമം തുടങ്ങിയവ. മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് 800ഓളം ശാസ്ത്രജ്ഞന്മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.