രാജ്യത്ത് ഇപ്പോള്‍ കോണ്‍ഗ്രസ് തകര്‍ച്ചയെ നേരിടുന്നുവെന്നത് സത്യമാണെന്നും കേവലയുക്തിയുള്ളവരാരും ആ സത്യത്തോട് വിയോജിക്കില്ലെന്നും മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്നാല്‍, പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും മോശം സമയത്തെ കോണ്‍ഗ്രസ് അതിജീവിക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.മാത്രമല്ല, പാര്‍ട്ടി വിടാന്‍ തീരുമാനിക്കുന്നവരെ തടയാനാകില്ലെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജിതിന്‍ പ്രസാദയോട് ഇളയ സഹോദരനോടെന്ന പോലെ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് എന്റെ അടുത്ത സുഹൃത്തായിരുന്നു. വളരെ വിഷമമുണ്ടാക്കുന്ന തീരുമാനമായിപ്പോയി അദ്ദേഹം എടുത്തത്,’ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.