തുടര്‍ച്ചയായി മൂന്നാംദിനവും ഡീസല്‍ വിലയില്‍ കയറ്റം. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇന്നും ഡീസല്‍ ലിറ്ററിന് 26 പൈസയാണ് വര്‍ധിച്ചത്. ഇതോടെ മൂന്നു ദിവസംകൊണ്ട് ഡീസല്‍ ലിറ്ററിന് 74 പൈസ വര്‍ധിച്ചു. പെട്രോള്‍ വില ഇത് 21-ാം ദിവസമാണ് മാറ്റമില്ലാതെ തുടരുന്നത്.

ഈ മാസം അഞ്ചിനാണ് രാജ്യത്ത് പെട്രോള്‍ വില ഇതിനു മുമ്പു കുറഞ്ഞത്. നിലവില്‍ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.42 രൂപയും ഡീസലിന് 96.13 രൂപയുമാണ് വില. രാജ്യാന്തര എണ്ണവിലക്കയറ്റം പ്രാദേശിക ഇന്ധനവില കുതിക്കാന്‍ വഴിവയ്ക്കുമെന്നാണു നിഗമനം.

നിലവില്‍ രാജ്യത്ത് ഡീസല്‍ വില റെക്കോഡിലും പെട്രോള്‍ വില റെക്കോഡിനരികെയുമാണ്. ഇന്ധനവില നിര്‍ണയ അധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.