അനുനയ നീക്കങ്ങള്‍ തുടരവെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിക്ക് പിന്നാലെ എ ഐ സി സി അംഗത്വവും രാജിവെച്ചു. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐസിസി അംഗത്വം രാജിവെച്ചിരിക്കുന്നത് .

സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കുന്നു . കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ പറഞ്ഞു.