സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ ഡി എ മുന്നണിയുടെ സ്ഥാനാര്‍ത്ഥി സി കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി എത്തിയെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയത് സ്ഥിരീകരിച്ചുള്ള ബി ജെ പി നേതാവ് അയച്ച ഇ-മെയില്‍ സന്ദേശത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി.

ഇത് പ്രകാരം ഫണ്ടിലേക്ക് മൂന്നരക്കോടി വരവും ഇതില്‍ 1.69 കോടി ബാക്കിയുണ്ടെന്നുമാണ് ഇ-മെയില്‍ സന്ദേശത്തിലുള്ളത്. അമിത് ഷാ പങ്കെടുത്ത മീനങ്ങാടിയിലെ സമ്മേളന പരിപാടിക്ക് 68.25 ലക്ഷം മാത്രമാണ് ചെലവായെന്നും ഈ കണക്കിലുണ്ട്. 2021 മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ ആറുവരെയുള്ള തെരഞ്ഞെടുപ്പ് സമയത്തെ വിശദമായ കണക്കുവിവരങ്ങളാണ് 11 പേജിലായി ഇ-മെയിലിലൂടെ അയച്ചിട്ടുള്ളത്.

പക്ഷെ സികെ ജാനുവിന്റെ തെരഞ്ഞെടുപ്പ് ചെലവായി 17 ലക്ഷം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കണക്ക് കാണിച്ചിട്ടുള്ളത്. ബിജെപിയുടെ പുനസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പുറത്തുവന്ന വിവരങ്ങള്‍ സ്ഥിതി രൂക്ഷമാക്കും.