കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുന്നു. ഇതിനായി അന്തിമ കരട് ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങി. ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകും. ഇതോടൊപ്പം വായ്പാ കുടിശിക തിരിച്ചടയ്ക്കാൻ കൂടുതൽ ഗഡുക്കൾ അനുവദിക്കും. ( kerala revenue recovery act )

1968 ലെ റവന്യൂ റിക്കവറി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കാനാണ് സർക്കാർ തീരുമാനം. ഭേദഗതി സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണർ സർക്കാരിന് ശുപാർശ ചെയ്്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ കരട് ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. റവന്യൂ റിക്കവറി അസിസ്റ്റന്റ് കമ്മിഷണർ നോഡൽ ഓഫീസറായ കമ്മിറ്റിയിൽ ലോ ഓഫീസറും അംഗമാണ്. വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തി അഞ്ചു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം.

സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തശേഷം ജപ്തി നടത്തിയ സംഭവങ്ങളുണ്ട്. ഇത് ലേലത്തിന് വച്ചെങ്കിലും മറ്റാരും വാങ്ങാനില്ലാത്തതിനാൽ സർക്കാർ തന്നെ ഏറ്റെടുത്ത ഭൂമിയുണ്ട്. ഇങ്ങനെ ബോട്ട് ഇൻ ലാന്റ് ആയി ഏറ്റെടുത്ത സ്ഥലം ഉടമകൾക്ക് തന്നെ ലഭ്യമാക്കാൻ നടപടി ലളിതമാക്കും. ഇതിനുള്ള കലായളവ് നീട്ടി നൽകും.

ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയാൻ വ്യവസ്ഥയുണ്ടാകും. അഞ്ചു ലക്ഷം വരെയുള്ള വായ്്പാ കുടിശികയ്ക്ക് ഗ്രാമങ്ങളിൽ ഒരേക്കറും നഗരത്തിൽ അരയേക്കറും വരെയുള്ള കൃഷിഭൂമിയെയാണ് ഒഴിവാക്കുക. കടക്കാരന്റെ ഏക കിടപ്പാടം ആയിരം ചതരുശ്ര അടിയിൽ കുറവാണെങ്കിൽ ജപ്തി പാടില്ലെന്ന വ്യവസ്ഥയും ഉൾപ്പെടുത്തും. ജപ്തി നടത്തുന്നതിന് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത് തടയും. കേന്ദ്രത്തിന്റെ സർഫാസി ആക്ടിനെ പ്രതിരോധിക്കാനുള്ള വ്യവസ്ഥകളും ആലോചനയിലുണ്ട്.