റോഡിലെ കുഴികൾ എന്നത്‌ കേരളം ഉണ്ടായ അന്ന്‌ മുതലുള്ള പ്രശ്‌നമാണെന്നും അതിന്‌ പരിഹാരം കാണുക എന്നത്‌ നാടിന്റെ ആവശ്യമാണെന്നും സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതിന്‌ എല്ലാവരും തയ്യാറാകേണ്ടതാണ്‌. സർക്കാർ എല്ലാ നിലയിലും പ്രശ്‌നത്തിൽ ഇടപെടുന്നുണ്ട്‌ എന്ന അഭിപ്രായം പൊതുവേ ജനങ്ങളിലുണ്ട്‌. പൊതുമരാമത്ത്‌ വകുപ്പ്‌ അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്‌. ക്രിയാത്മകമായ ചർച്ചകളും വിമർശനങ്ങളും വരും. അത്‌ സ്വാഭാവികമാണ്‌. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കാണണം. വിമർശനങ്ങളും നിർദേശങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങൾവഴി അതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്‌. ഇതെല്ലാം നാടിന്റെ നന്മയ്‌ക്കുള്ള കാര്യങ്ങളാണ്‌. എൺപതുകളിൽ വെള്ളാനകളുടെ നാട്‌ എന്ന സിനിമ ഇറങ്ങിയിരുന്നു. അതിൽ റോഡ്‌ റോളർ ഇപ്പൊ ശരിയാക്കിത്തരം എന്ന ഡയലോഗ്‌ എല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ്‌. അതുപോലെതന്നെ എടുത്താൽമതി ഇതും എന്ന് 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ പോസ്റ്ററിനെതിരെയുള്ള വിമർശനങ്ങളെ ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ താൽപര്യം കേരളത്തിന്റെ ദീർഘകാലത്തെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം എന്നുള്ളതാണ്‌. അത്‌ തന്നെയാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റേയും അഭിപ്രായം. അതിനുവേണ്ടി പലനിലയിലുള്ള ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്‌. കൃത്യമായ ഡ്രൈനേജ്‌ സംവിധാനം സംസ്ഥാനത്ത്‌ വേണം. എങ്കിൽ മാത്രമേ റോഡുകൾ സംരക്ഷിക്കപ്പെടുകയുള്ളൂ.

റോഡിൽ ചെലവഴിക്കേണ്ട തുക മുഴുവൻ ചെലവഴിക്കാതെ പോകുന്ന സാഹചര്യമുണ്ട്‌. അത്‌ വെച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്‌. അതിന്‌ കോക്കസ്‌ ഉണ്ടാകുന്നു. അതിനോട്‌ സന്ധിചെയ്യുന്നവരാണ്‌ പിഡബ്ല്യുഡി എന്ന്‌ ആരും പറയില്ല. അതിനോടുള്ള ശക്തമായ സർക്കാർ നിലപാട് തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.