മാലിന്യം വലിച്ചെറിയുന്നതിനെതിരെ നവകേരള മിഷന്‍റെയും മയക്കുമരുന്നിനെതിരെ എക്സൈസ് വകുപ്പിന്‍റെയും നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ വിപുലമായ ക്യാമ്പയിൻ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഒരു പൊതുവിടം കണ്ടെത്തി ശുചീകരിക്കും. ജനുവരി 30 വരെ ഓരോ വാര്‍ഡ് അടിസ്ഥാനത്തിലും ശുചീകരണം നടത്തും. ഇത്തരത്തില്‍ ആദ്യഘട്ടത്തില്‍ ഇരുപത്തി അയ്യായിരം കേന്ദ്രങ്ങള്‍ ശുചീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരളാ കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പാലക്കാട് നടക്കുന്ന പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് പങ്കെടുക്കും.

മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിന്‍റെ സമാപനമാണ് നാളെ. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും ലഹരിയില്ലാ തെരുവ് പരിപാടി സംഘടിപ്പിക്കും. തിരുവനന്തപുരത്ത് മന്ത്രി ആന്‍റണി രാജു, എറണാകുളത്ത് മന്ത്രി പി രാജീവ്, പാലക്കാട് മന്ത്രി എം ബി രാജേഷ്, മലപ്പുറത്ത് മന്ത്രി കെ കൃഷ്ണൻകുട്ടി, വയനാട്ടില്‍ മന്ത്രി ആര്‍ ബിന്ദു, കാസര്‍ഗോഡ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികളുടെ വിവിധ കലാകായിക പ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്.

രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന ഗോള്‍ ചലഞ്ചില്‍ 2,01,40,526 ഗോളുകളടിച്ചിരുന്നു. മയക്കുമരുന്ന് രഹിത മാലിന്യമുക്ത ലോകകപ്പ് ആഘോഷിക്കാനുള്ള തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ നിര്‍ദേശത്തിനും വലിയ പിന്തുണയാണ് ലഭിച്ചത്. ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത് ആരാധകരും ഈ ആഹ്വാനത്തോടൊപ്പം നിന്നു. നവംബര്‍ 14ന് തുടങ്ങിയ രണ്ടാം ഘട്ട പ്രചാരണത്തിനാണ് നാളെ സമാപനമാകുന്നത്.

മയക്കുമരുന്നിനെതിരെയും മാലിന്യത്തിനെതിരെയും സമൂഹത്തെയാകെ ബോധവത്കരിക്കാനും അണിനിരത്താനുമുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കൊപ്പം എല്ലാവരും അണിനിരക്കണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു.