- കോഴിക്കോട് വടകരയിലെ തൂണേരിയിൽ ഒരു ദരിദ്രകുടുംത്തിലെ അംഗമാണല്ലൊ എ കെ ബാലന്‍. ബാല്യകാലത്തെ, കുടുംബത്തെ, വീടിനെ, നാടിനെ ഒക്കെ ഓര്‍ത്തെടുക്കാമോ..?
കോഴിക്കോട് വടകര താലൂക്കിലാണ് തൂണേരി എന്ന പ്രദേശം. അവിടെയാണ് ഞാന്‍ ജനിച്ചത്. എന്റെ അച്ഛൻ കേളപ്പന്‍ നിർമ്മാണ തൊഴിലാളിയായിരുന്നു. അമ്മ കുഞ്ഞി ഓലമെടയും. അക്കാലത്ത് വീടുകളുടെ മേൽക്കൂര ഓലകെട്ടാറാണ് പതിവ്. നേരത്തെ കെട്ടിയ കരിയോലയും പുതിയ ഓലയും ഉപയോഗിച്ച്, അഞ്ച് ആറ് ഇഞ്ച് വീതിയില്‍ അടുക്കി കെട്ടും. അന്ന് വീടുകൾക്ക് ഓടുമേയലൊന്നും നാട്ടിലില്ല. പ്രമാണിമാരുടെ വീടുകളിൽ ഓലയ്ക്ക് മുകളിൽ പുല്ല് മേയും. ആ വീടുകളില്‍ മഴവെള്ളം അകത്തേക്ക് ചോരുന്നതില്‍ കുറവുണ്ടാവും. അമ്മയെപ്പോലെ നാട്ടിലെ മിക്കവാറും അമ്മമാർ ഓലമെടയാറായിരുന്നു പതിവ്. അതിൽ നിന്നുമുള്ള വരുമാനം വലിയ ആശ്വാസമായിരുന്നു. അച്ഛന്‍ കര്‍ണാടകത്തിലെ പേട്ടയിലായിരുന്നു മിക്കവാറും പണിക്ക് പോയിരുന്നത്. വീട്ടില്‍ നിന്ന് പോയാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് തിരികെ വരിക. ചെറിയ തോതിലുള്ള മദ്യപാനവുമുണ്ട് അച്ഛന്. എങ്കിലും അച്ഛന്‍റേയും അമ്മയുടേയും വിശ്രമമില്ലാത്ത അധ്വാനത്തിന്റെ ബലത്തില്‍ ഞങ്ങളുടെ വീട് പുലര്‍ന്നു.
അക്കാലത്ത് ഞങ്ങള്‍ക്ക് സ്വന്തമായി വീടില്ല. കാരണം കുടികിടപ്പായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ പഠിക്കുന്ന സ്കൂളിലേക്ക് രണ്ടര കിലോമീറ്ററിലേറെ നടക്കണം. അപ്പോള്‍ അച്ഛന്‍ സ്കൂളിനടുത്ത് കുടികിടപ്പാക്കി. അക്കാലത്ത് അച്ഛന്‍ പേട്ടയില്‍ നിന്നും വന്ന് നാട്ടിൽ പണിക്ക് പോവുകയായിരുന്നു. വല്ലാത്ത സാമ്പത്തിക ഞെരുക്കം വരുമ്പോള്‍ അച്ഛൻ പേട്ടയിൽ പണി തേടി പോകും. നാട്ടിൽ പണിയുണ്ടെങ്കിൽ ഞങ്ങളോടൊപ്പം നിൽക്കും. സ്കൂളിനടുത്ത കുടികിടപ്പ് ഭൂമിയില്‍ കുടില് വെച്ചതോടെ പഠിക്കാന്‍ പോകാന്‍ എളുപ്പമായി. കുറച്ചുകഴിഞ്ഞപ്പോള്‍ ആ ഭൂമിയില്‍ നിന്നും ഇറങ്ങേണ്ടി വന്നു. തെക്കേഅമ്പലത്തെ ഒരു ഈഴവ പ്രമാണിയായ പൊക്കിണന്റെ ഭൂമിയിലായിരുന്നു ആദ്യത്തെ കുടികിടപ്പ്. അന്ന് ഭൂപരിഷ്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകളും അത് നടപ്പായാൽ എങ്ങിനെ മറികടക്കണമെന്നുള്ള ഭൂപ്രമാണിമാരുടെ ശ്രമങ്ങളുമൊക്കെ സജീവമാണ്. രണ്ടുമൂന്ന് കൊല്ലം ഞങ്ങള്‍ പൊക്കിണന്റെ പറമ്പിൽ കുടിൽ കെട്ടി താമസിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവി ആയിരുന്നു പൊക്കിണനെങ്കിലും ഒരു ദിവസം രാത്രി അച്ഛനോട് ആ ഭൂമിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞു. കുടികിടപ്പുകാര്‍ക്ക് മറിച്ച് പറയാനുള്ള അവകാശമില്ലല്ലോ. ഇറങ്ങിപ്പോവുക എന്ന വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. കലം, പാനി, പായ, കിണ്ടി, കോളാമ്പി തുടങ്ങിയുള്ള വീട്ടുസാധനങ്ങള്‍ എല്ലാം എടുത്ത് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. തുടര്‍ന്ന് പുളിക്കണ്ടി എന്ന സ്ഥലത്തേക്കാണ് പോയത്. അവിടെ ഒരു മുസ്ലീം പ്രമാണിയുടെ ഭൂമിയാണ്. തർവ്വേ ഹാജി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മുസ്ലീം ലീഗുകാരനായിരുന്നു. അവിടെ നിന്ന് സ്കൂളില്‍ പോകാന്‍ കുറച്ചേറെ നടക്കാനുണ്ടായിരുന്നു. പഠിക്കാന്‍ എനിക്ക് ഏറെ ഇഷ്ടമായതിനാല്‍ ദൂരമുണ്ടെങ്കിലും സ്കൂളിൽ പോക്ക് മുടക്കിയില്ല. ഹാജിയുടെ പറമ്പിലെ കുടിലിൽ താമസിച്ചാണ് മൂന്നും നാലും ക്ലാസില്‍ പഠിച്ചത്. അപ്പോഴേക്കും ഹാജി, അദ്ദേഹത്തിന്റെ ഭൂമിയില്‍ നിന്നും ഞങ്ങളെ ഇറക്കി വിട്ടു. പിന്നീട് കോണ്‍ഗ്രസുകാരനായ ചാത്തു നമ്പ്യാരുടെ ‘നിടിയാണ്ടി’ എന്ന ഭൂമിയിലാണ് കുടികിടക്കുന്നത്. തോടിന്റെ അക്കരെയാണ് ആ സ്ഥലം. ഇതുവരെ കുടികിടന്ന ഭൂമിയെല്ലാം തോടിന്റെ ഇക്കരയായിരുന്നു. പച്ച വിരിപ്പുപോലെ നീണ്ടുകിടക്കുന്ന പാടങ്ങളുടെ ഇടയിലൂടെ ഒഴുകുന്ന തോട് മനോഹരമായ ഒരു കാഴ്ചയായി ഞങ്ങള്‍ ആസ്വദിച്ചു. ഇന്ന് ആ പാടങ്ങളില്ല. മണ്ണിട്ട് നികത്തി പറമ്പുകളാക്കി. ഇപ്പോള്‍ അവിടെ പോയാല്‍ പഴയ നാടാണെന്ന് മനസ്സിലാവില്ല. വല്ലാത്തൊരു വേദന മനസ്സിലേക്കൂറികൂടും. ഞങ്ങളെ ആ ഭൂമിയില്‍ താമസിപ്പിച്ചാല്‍ കുടികിടപ്പ് കൊടുക്കേണ്ടി വരുമെന്ന് കരുതി, രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ചാത്തു നമ്പ്യാരുടെ ഭൂമിയില്‍ നിന്നും ഞങ്ങളെ കുടിയിറക്കി. പതിവുപോലെ എല്ലാം പെറുക്കിയെടുത്ത്, കണ്ണീരോടെ അടുത്ത കുടില്‍ തേടിയുള്ള യാത്ര.
ഐക്യകേരളത്തിൽ ഇ എം എസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 1958-59 ആയപ്പോഴേക്കും കുടികിടപ്പുകാർക്ക് കുടികിടപ്പവകാശം ലഭിക്കുമെന്നും ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കിട്ടുമെന്നുമൊക്കെയുള്ള പ്രചരണം സജീവമായിരുന്നു. ഇന്ന് സ്വന്തമായി ഭൂമി എന്നത് ആർക്കും ആഗ്രഹിക്കാം. പക്ഷെ, അന്ന് അങ്ങിനെയല്ല. സ്വന്തമായി ഭൂമി, വീട് എന്നൊന്നും സ്വപ്നം കാണാന്‍ പോലും പാവപ്പെട്ടവര്‍ക്ക് പറ്റാത്ത കാലഘട്ടമാണത്. ജാതിജീർണ്ണതയുടെ ഭാഗമായുള്ള ദുരാചാരങ്ങൾ സമൂഹത്തിൽ നിന്ന് പൂർണ്ണമായി ഇല്ലാതായിട്ടില്ല. സവർണ്ണരും അവർണ്ണരും രണ്ട് ധ്രുവങ്ങളിൽ തന്നെയാണുള്ളത്. എന്നാല്‍, അവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട ഈഴവരിലെ ചില പ്രമാണിമാര്‍ക്ക് സവര്‍ണ്ണ ബോധമുണ്ടായിരുന്നു. ഇതിനെല്ലാമുപരി ഹിന്ദു-മുസ്ലീം വേര്‍തിരിവും പ്രകടമായിരുന്നു. ഒരു ഘട്ടമായപ്പോള്‍ നായര്‍ പ്രാമാണിത്വം മുസ്ലീം പ്രാമാണിത്വത്തിലേക്ക് വഴിമാറി. മറ്റൊരു ഘട്ടത്തില്‍ വര്‍ഗീയ കലാപവും കൊലയും ആ നാടിനെ വിറങ്ങലിപ്പിച്ചു. ഇപ്പോള്‍ അത്തരം പ്രവണതകളൊന്നും ആ രൂപത്തില്‍ കാണാനില്ല. ആ സമൂഹത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻകൈയ്യിൽ ഭൂപരിഷ്കരണ പ്രസ്ഥാനം നടപ്പിലാക്കാനുള്ള നിയമനിർമാണങ്ങൾ നടന്നത്. അത് പാവപ്പെട്ട ജനങ്ങളിൽ ഉണ്ടാക്കിയ ആവേശം ചെറുതല്ല. എന്നാൽ, ഭൂപ്രഭുക്കൻമാർ ഭൂപരിഷ്കരണ പ്രക്രിയയെ അട്ടിമറിക്കാൻ രംഗത്തിറങ്ങി. തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടുപോകുമോ എന്ന ഭയമാണ് അവർക്കുണ്ടായിരുന്നത്. അതിനാലാണ് ഞങ്ങളെപ്പോലുള്ള കുടികിടപ്പുകാർക്ക് സ്ഥിരമായി ഒരാളുടെ ഭൂമിയിലും കുടിലുകെട്ടി താമസിക്കാൻ കഴിയാതെ പോയത്.
ചാത്തുനമ്പ്യാരുടെ സ്ഥലത്ത് നിന്നും ഇറക്കപ്പെട്ടപ്പോൾ ആകെ പ്രതിസന്ധിയിലായി. അച്ഛനും അമ്മയും ഇനി എവിടേക്ക് എന്ന ചോദ്യത്തിൽ പരസ്പരം വെന്തുരുകി. ഞങ്ങൾ കുട്ടികളെയും കൊണ്ട് ഓരോരോ സ്ഥലങ്ങളിലേക്കുള്ള പാലായനമാണല്ലൊ. കോവിഡ് കാലത്ത് ഉത്തരേന്ത്യയിലെ പാവങ്ങൾ ജീവിയ്ക്കാനായി പാലായനത്തിന് നിർബന്ധിതരായപ്പോൾ, അത് സംബന്ധിച്ച വേദനാജനകമായ വാർത്തകൾ മാധ്യമങ്ങളിൽ വന്നപ്പോൾ ഞാൻ എന്റെ പഴയ കാലത്തേക്ക് തിരിച്ചു പോയിരുന്നു. ഒരു കാലത്ത് കേരളത്തിലും പാലായനം ഉണ്ടായിരുന്നല്ലൊ എന്നോർത്തു. ഉത്തരേന്ത്യയിലെ ഇന്നത്തെ പാവങ്ങളെ പോലെയായിരുന്നു കേരളത്തിലെ അന്നത്തെ പാവങ്ങൾ. പ്രത്യേകിച്ച് ദളിതര്‍. ചാത്തുനമ്പ്യാരുടെ പറമ്പിൽ നിന്നും ഇറങ്ങിയ ഞങ്ങൾ കുറച്ച് അലഞ്ഞതിന് ശേഷമാണ് തൊട്ടടുത്ത പുലകുന്നത്ത് കണാരൻ കോമരത്താന്റെ ഭൂമിയിൽ കുടികിടപ്പാവുന്നത്. ഇതുവരെ ഞങ്ങൾ കുടി കിടന്ന സ്ഥലം പോലെയായിരുന്നില്ല പുലകുന്നത്ത്. സമതലത്തില്‍ നിന്നും ഉയരെ മുകളിലുള്ള അവിടെ വെള്ളമില്ല. കുന്നിന് താഴേയ്ക്കിങ്ങി വെള്ളമെടുക്കണം.
ഞങ്ങൾ ഇതുവരെ താമസിച്ച വീടുകളുടെ ചുവരുകൾ മൺകട്ട കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. പാടങ്ങളിലാണ് ഈ കട്ട ഉണ്ടാക്കുക. പാടത്തെ മണ്ണ് കല്ലരിച്ച് കളഞ്ഞ് ചെളിയാക്കി, നാലഞ്ച് ഇഷ്ടിക വലിപ്പത്തിലുള്ള മരത്തിന്റെ അച്ചിൽ നിറക്കും. അച്ച് പൊക്കിയെടുക്കുമ്പോൾ നനഞ്ഞ ചെളിക്കട്ട തറയിൽ കിടക്കും. അതിനടുത്ത് വീണ്ടും അച്ച് വെച്ച് അടുത്ത കട്ടയ്ക്കായി ചെളി നിറക്കും. വയലുകളിലെ നല്ല വെയിലടിക്കുന്ന സ്ഥലത്താണ് കട്ട ഉണ്ടാക്കുക. വെയിലത്ത് ഉണക്കുന്ന ഈ മൺകട്ടകൾ ഉപയോഗിച്ചാണ് വീടിന്റെ ചുവരുകൾ ഉണ്ടാക്കിയിരുന്നത്. പുലകുന്നത്തെ കുന്നിന്റെ നിറുകയിൽ മൺകട്ട ഉണ്ടാക്കൽ നടക്കില്ല. അവിടെ വെള്ളത്തിന് ക്ഷാമമാണ് താനും. അതുകൊണ്ട് അവിടെ നിർമ്മിച്ച കുടിലിന്റെ ചുവരുകൾ അമ്മ മെടഞ്ഞ ഓലകൾ കൊണ്ടാണ് ഉണ്ടാക്കിയത്. കവുങ്ങിന്റെ തടി മുറിച്ച്, ചെത്തിയുണ്ടാക്കിയ വാരി ഉപയോഗിച്ച് ഓലയുടെ ഇരുപുറവും കെട്ടിയുറപ്പിച്ചു ബലപ്പെടുത്തി. പുലകുന്നത്ത് എനിക്ക് ഏറ്റവും വിഷമമായി തോന്നിയത് വീട്ടിലെ ആവശ്യത്തിന് വെള്ളത്തിനായി അമ്മ ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ്. കുന്നിറങ്ങി താഴെ വന്ന് മണ്‍കലത്തില്‍ വെള്ളം നിറച്ച് തല ചുമടായി മുകളിലേക്ക് കൊണ്ടുപോകണം. ഞങ്ങളും അമ്മയെ സഹായിക്കും. പാനിയിലും കലത്തിലുമൊക്കെ വെള്ളം നിറച്ച് കുന്നുകയറും. ആ കാലത്ത് എല്ലാ വീടുകളിലെ കിണറുകളിൽ നിന്നും ഞങ്ങളെപ്പോലുള്ളവർക്ക് വെള്ളം കോരാൻ പറ്റില്ല. കുറച്ചുകാലം മുമ്പുവരെ ആ വീട്ടുകാരുടെ അയിത്ത ദൂരങ്ങൾക്കപ്പുറമാണല്ലൊ ഞങ്ങള്‍ നിൽക്കേണ്ടിയിരുന്നത്. അത്തരം വിവേചനങ്ങളൊന്നും പൂര്‍ണമായി മാറിയിരുന്നില്ല. കുന്നിന്റെ താഴെയുള്ള ഒരു മുസ്ലീം കുടുംബത്തിന്റെ വീട്ടിൽ നിന്നാണ് വീട്ടിലേക്ക് വെള്ളം എടുത്തിരുന്നത്. അവർക്ക് വിവേചനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെ അടുത്ത വീടാണ് സ്ഥലം അധികാരിയുടെ വീട്. അതൊരു നായര്‍ തറവാടാണ്. അധികാരിയുടെ മകന്‍ കുഞ്ഞുകൃഷ്ണന്‍ എന്റെ കൂടെയാണ് പഠിച്ചിരുന്നത്. വീട്ടിലുള്ളവര്‍ക്കെല്ലാം തൊട്ടുകൂടായ്മ ഉണ്ടെങ്കിലും കുഞ്ഞികൃഷ്ണന് അത്തരത്തിലുള്ള അകല്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ല.
കണാരൻ കോമരത്താൻ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. എങ്കിലും വൈകാതെ ഞങ്ങൾ പുലകുന്നത്തെ കുന്നിൻപുറത്തു നിന്നും കുടിയിറക്കപ്പെട്ടു.
- കുടിയൊഴിപ്പിക്കപ്പെടുക എന്നത് ജീവിതത്തിലെ സമാനതകളില്ലാത്ത അനിശ്ചിതാവസ്ഥയാണല്ലൊ. തലചായ്ക്കാന്‍ ഒരിടമില്ലാത്ത പരിതാപകരമായ അവസ്ഥ. ഈയൊരു ദുസ്ഥിതി എപ്പോഴാണ് മാറുന്നത്?
ഞാനിന്നും അത് ഓർമ്മിക്കുന്നുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടേതായ ഇടം ലഭിച്ചത്. അന്ന് 235 രൂപയ്ക്കാണ് അച്ഛന്‍ പത്ത് സെൻറ് സ്ഥലം വാങ്ങിയത്. വയൽ പ്രദേശമായിരുന്നു. മഴക്കാലത്ത് കുത്തിയൊലിച്ച് വയലിലേക്ക് ഒഴുകി വന്ന മണ്ണടിഞ്ഞ് നൂർന്ന ഒരു തുണ്ട് ഭൂമി. അവിടെ കുടില് കെട്ടാനും മറ്റും ഞങ്ങൾ അച്ഛനെ സഹായിച്ചു. അടുത്തുള്ള ഒരാൾ കുറച്ച് മണ്ണ് തന്നിരുന്നു. അയാളുടെ സ്ഥലത്ത് നിന്നും തലച്ചുമടായി അച്ഛന്‍ വാങ്ങിയ സ്ഥലത്തേക്ക് മണ്ണുകൊണ്ടുവന്നു. അതുപയോഗിച്ചാണ് വീടിന് തറയൊക്കെ ഉണ്ടാക്കിയത്. അച്ഛൻ രാവിലെ പണിക്ക് പോയി തിരികെ വന്നാൽ വൈകുന്നേരങ്ങളിൽ ഞങ്ങളെല്ലാം ചേർന്ന് വീടിന്റെ പണിയെടുക്കും. ഈ സ്ഥലത്ത് 5തെങ്ങ് അച്ഛന്‍ വെച്ചു. അത് കുലച്ചു. ആ തെങ്ങില്‍ നിന്നുള്ള ഇളനീര്‍ വെള്ളം കുടിച്ചാണ് അച്ഛന്‍ മരിക്കുന്നത്. നാല് കുടിയൊഴിപ്പിക്കലുകൾക്ക് ശേഷമാണ് അച്ഛന് കുറച്ച് ഭൂമി വാങ്ങാനും അവിടെ ഞങ്ങളുടെ വീട് വെക്കാനും കഴിഞ്ഞത്. ജീവിതത്തിൽ തലചായ്ക്കാനൊരിടമില്ലെന്ന അനിശ്ചിതത്വത്തിനും കുടിയൊഴിപ്പിക്കലുകൾക്കും ഭൂമിയും ഓലകൊണ്ട് മേഞ്ഞ വീടും സ്വന്തമായതോടെ അറുതി വന്നു എന്ന് പറയാം. ഭൂപരിഷ്കരണം നടപ്പിലാക്കിയ കേരളത്തിലാണ് ഈ അവസ്ഥ ഉണ്ടായത് എന്നത് ഓര്‍ക്കണം.
പിന്നീട് ഞാൻ എം.പി ആയപ്പോൾ ഈ പത്ത് സെന്റ് സ്ഥലം വിറ്റു. എന്നിട്ട് ആ പണം കൊണ്ട് ഇരുപത് സെന്റ് കരഭൂമി വാങ്ങി. എം ഐ ജി സ്കീമിൽ 25,000 രൂപ ഞാന്‍ കടമെടുത്തു. അനിയന് അപ്പോഴേക്കും ബാങ്കിൽ ക്ലർക്കായി ജോലി ലഭിച്ചു. അവൻ 10000 രൂപ കടമെടുത്തു. ഞങ്ങൾ അവിടെ എഴുനൂറ് സ്ക്വയർ ഫീറ്റുള്ള ഒരു വീട് വെച്ചു. അത് പിന്നീട് അനുജന്‍ നവീകരിച്ചു. ഞങ്ങൾക്ക് എല്ലാവർക്കും കൂടിയുള്ള അച്ഛന്റെ സമ്പാദ്യമാണ് ആ ഇരുപത് സെന്റ് ഭൂമിയും ആ വീടും. അതല്ലാതെ ഒന്നും ഇപ്പോഴും എനിക്കില്ല.
- ബാല്യകാലത്ത് എ കെ ബാലനെ രാഷ്ട്രീയം സ്വാധീനിക്കുന്നുണ്ടോ
ഉണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ എനിക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾ ഹരമായിരുന്നു. നാട്ടിൽ പ്രകടനം നടന്നാൽ അതിൽ ഞാനുമുണ്ടാവും. തൂണേരി മുതൽ പാറക്കടവ് വരെ ആദ്യമൊക്കെ രാഷ്ട്രീയം നോക്കാതെ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനത്തിൽ കൂടുമായിരുന്നു. പിന്നീട് അതിന് മാറ്റം വന്നു. തിരിച്ചറിവ് വരുമ്പോൾ നാം ചില വഴികൾ ഉപേക്ഷിക്കുമല്ലൊ. ഞങ്ങളെ പോലുള്ള പാവങ്ങളുടെ കൂടെ നിൽക്കുന്ന രാഷ്ട്രീയം ഏതാണെന്ന് തിരിച്ചറിയാനുള്ള വകതിരിവ് അക്കാലത്താണ് ഉണ്ടായത്. കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു ഞങ്ങളെ ചേർത്ത് പിടിക്കുന്നതെന്ന് എന്റെ കുട്ടിമനസ്സിന് മനസ്സിലായി. പറ്റൂല്ലാ ഇനി “പറ്റൂല്ലാ, കുടിയിറക്കൽ പറ്റൂല്ല.... കിട്ടൂല്ല ഇനി കിട്ടൂല്ല, പാട്ടോം വാരോം കിട്ടൂല്ല…” തുടങ്ങിയ മുദ്രാവാക്യങ്ങൾ ചങ്ക് തുളച്ചുകയറിയ തിരിച്ചറിവുകളായിരുന്നു. അക്കാലത്ത് ഞങ്ങൾ കുടി കിടപ്പുകാരാണ്. ആരാന്റെ സ്ഥലത്ത്, എപ്പോൾ വേണമെങ്കിലും ആട്ടിയിറക്കപ്പെടാൻ വിധിക്കപ്പെട്ടവർ. തലചായ്ക്കുന്ന ഭൂമി ഞങ്ങളുടേതല്ലെന്ന അനിശ്ചിതത്വത്തിൽ ജീവിക്കുന്നത് ഹൃദയഭേദകമാണ്. അത് ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കാനാവില്ല. തിക്താനുഭവങ്ങളുടെ ഉലയിൽ ചുട്ടുപൊള്ളുമ്പോഴാണ് ഭൂപരിഷ്കരണം നടപ്പിലാക്കും എന്ന ഉറപ്പുമായി ഇ എം എസ് സർക്കാർ വരുന്നത്, 1957 ൽ. പാവപ്പെട്ടവരില്‍ ഞങ്ങളും മനുഷ്യരാണെന്ന ബോധം ഉണർത്താൻ ആ ചരിത്രഗാഥയ്ക്ക് സാധിച്ചു.
പ്രശസ്ത എഴുത്തുകാരന്‍ എന്‍. പ്രഭാകരന്റെ 'എന്റെ ഞരമ്പുകളിലെ അഗ്നിപർവ്വതം' എന്ന പുസ്തകത്തിൽ “എ കെ ബി പറഞ്ഞതുപോലെ എല്ലാ സായാഹ്നങ്ങളിലും പ്രകടനങ്ങളുണ്ടായിരുന്നെങ്കിൽ…” എന്ന് എഴുതിയിട്ടുണ്ട്. ഞാൻ ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ പറഞ്ഞ വാക്കുകളാണ് അത്. പ്രകടനങ്ങളോടുള്ള എന്റെ അത്യിഷ്ടത്തെ കുറിച്ച് വിദ്യാർത്ഥി കാലത്ത് പ്രഭാകരനോട് പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിൽ അണയാതെ കിടന്നിരിക്കണം. പ്രകടനങ്ങളിലും മുദ്രാവാക്യങ്ങളിലും പ്രതീക്ഷകൾ തുന്നിയെടുത്ത എന്നെ പോലുള്ള നിരവധി ബാല്യങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നിരിക്കണം.
- അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ - അവരോടൊത്തുള്ള ജീവിതവഴി - അക്കാലത്തേക്ക് തിരികെ നോക്കുമ്പോള്‍ ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റി എന്ന് പറയാനാവുമോ?
സത്യം പറഞ്ഞാല്‍ അവരോടൊന്നും നീതി പുലര്‍ത്താന്‍ എനിക്ക് സാധിച്ചിട്ടില്ല. അന്നത്തെ കാര്യങ്ങളെല്ലാം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നും. ചിലപ്പോള്‍ ആരും കാണാതെ പൊട്ടിക്കരയും. പൊതുപ്രവർത്തകനെന്നുള്ള നിലയില്‍ കാത്തുസൂക്ഷിക്കേണ്ട തത്വങ്ങളും മൂല്യങ്ങളും എന്നും ഉയര്‍ത്തിപ്പിടിച്ചാണ് മുന്നോട്ടുപോയത്. ഒരുതരത്തിലുള്ള ആരോപണവും കേൾപ്പിക്കരുത് എന്ന കരുതലോടെ മുന്നോട്ടുപോയതിനാല്‍ വീട്ടിലുള്ളവരെ സംതൃപ്തിപ്പെടുത്തുന്ന വിധത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അവരാരും പരാതിയൊന്നും പറഞ്ഞിരുന്നില്ലെങ്കിലും എന്റെയുള്ളില്‍ ഒരു കുറ്റബോധം നിറായാറുണ്ട്. ബാലന്‍ സമൂഹത്തിനുമുന്നിൽ നല്ലവനായി നിൽക്കുന്നുണ്ടല്ലോ എന്നതില്‍ അവര്‍ക്കൊക്കെ അഭിമാനമാണ്.
അമ്മ എന്റെ എല്ലാമെല്ലാമായിരുന്നു. അമ്മയെ ഓര്‍മ്മിക്കാത്ത ഒരു ദിവസം പോലും അമ്മ ജീവിച്ചിരുന്നപ്പോഴും മരിച്ചതിന് ശേഷവും എനിക്ക് ഉണ്ടായിട്ടില്ല. നിരക്ഷരയാണെങ്കിലും അമ്മയ്ക്ക വിശാലമായ കാഴ്ചപ്പാടുണ്ടായിരുന്നു. നാട്ടില്‍ നടക്കുന്ന കാര്യങ്ങളിലെ നന്‍മ തിന്‍മകള്‍ മനസ്സിലാക്കി അമ്മ പ്രതികരിക്കും. അമ്മയുടെ അവസാന നാളുകളില്‍ വടകരയിലെ സഹകരണ ആശുപത്രിയിലാണ് അഡ്മിറ്റായിരുന്നത്. ഞാന്‍ അവിടെ പോകുമ്പോഴൊക്കെ അമ്മയുടെ തലയും തടവി അടുത്തിരിക്കും. രണ്ടുമൂന്ന് ദിവസം എവിടെയും പോകാതെ അമ്മയുടെ അടുത്ത് തന്നെ ഇരുന്നപ്പോള്‍ അമ്മ എന്നോട് പറഞ്ഞു: “മോന്‍ എപ്പോഴും ഇങ്ങനെ എന്റടുത്തിരിക്കേണ്ട. പാലക്കാട് പോയിക്കോ... അവിടെ നിന്റെ ആവശ്യമുള്ള പാവങ്ങള്‍ ഒരുപാട് കാണും...” അമ്മയുടെ ആ വാക്കുകള്‍ എന്നെ ഞെട്ടിപ്പിച്ചു. വിദ്യാഭ്യാസമൊന്നുമില്ലാത്ത, എഴുത്തും വായനയുമറിയാത്ത എന്റെ അമ്മ, അവരെ പോലെ ജീവിതത്തില്‍ ബുദ്ധിമുട്ടുന്ന പാവങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അവരുടെ മകന്റെ സമയമെന്ന് കരുതുന്നത് എത്രമാത്രം വിശാലമായ മാനവിക ബോധമാണ്! അമ്മയുടെ നിഷ്കളങ്കതയും സഹാനുഭൂതിയും എന്റെ ജീവിതത്തില്‍ ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടു. ആ ഊര്‍ജ്ജത്തില്‍ നിന്നാണ് എനിക്ക് എല്ലാ മേല്‍വിലാസങ്ങളും ഉണ്ടായത്. ഞങ്ങളുടെ കുടിലില്‍ നിന്നുമുള്ള എന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെല്ലാം അമ്മ കണ്ടു. അച്ഛന് അത് കഴിഞ്ഞില്ല. ജീവിതത്തില്‍ ആശ്വാസത്തോടെ ഒന്നിരിക്കാന്‍, വിശ്രമിക്കാന്‍ എന്റെയച്ഛന് ഒരിക്കലും കഴിഞ്ഞിട്ടില്ല.
അച്ഛനും അമ്മയും നിരക്ഷരരായിരുന്നു. കഠിനാധ്വാനികളായ അവര്‍ക്ക് ഞങ്ങള്‍ അഞ്ച് മക്കളാണ്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. മക്കളെ പഠിപ്പിച്ച് വലിയവരാക്കണം എന്ന ചിന്തയ്ക്ക് പകരം എന്തെങ്കിലും ജോലിയെടുപ്പിച്ച് വീട് പോറ്റാന്‍ പാകമാക്കുക എന്നതിനപ്പുറം പാവപ്പെട്ടവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍, എന്റെ അച്ഛനും അമ്മയും അങ്ങനെ ചിന്തിച്ചില്ല. മക്കളെ പഠിപ്പിച്ച് വലുതാക്കണം എന്നായിരുന്നു അവര്‍ ആഗ്രഹിച്ചത്. ഏട്ടന്‍ ഏഴാം ക്ലാസ് വരെ പഠിച്ചു. തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചില്ല. അച്ഛന്റെ കൂടെ നിര്‍മ്മാണ ജോലിക്ക് പോകാന്‍ തുടങ്ങി.
അച്ഛന്റെ മരണത്തിനുശേഷമാണ് അനുജന്‍ പിണറായിയിലെ ഒരു ദിനേശ് ബീഡി കമ്പനിയില്‍ ബീഡി ലേബലിങ്ങ് ജോലിയ്ക്കായി പോകാന്‍ തുടങ്ങിയത്. അപ്പോള്‍ അവന്‍ എസ് എസ് എല്‍ സി കഴിഞ്ഞിരുന്നു. ജോലിക്കൊപ്പം കോ-ഓപ്പറേറ്റീവ് കോളേജില്‍ പഠിച്ചു. തുടര്‍ന്ന് ജില്ലാ ബാങ്കില്‍ ജോലി കിട്ടി. മാനേജര്‍ വരെയായി. വടകര സഹകരണ ആശുപത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിരമിച്ചു.
എന്റെ രണ്ട് സഹോദരിമാരും വീട്ടുജോലിയും തൊഴിലുറപ്പ് പദ്ധതിയിലും ജോലി ചെയ്യുന്നു. തങ്ങളുടെ സഹോദരന്‍ മന്ത്രിയായതിന്റെ ഒരാനുകൂല്യവും അവര്‍ കൈപ്പറ്റിയിട്ടില്ല. അമിതമായ ഒരാഗ്രഹവവും പ്രകടിപ്പിച്ചില്ല.
ഞാന്‍ എം. പി.യാവുന്നതിന് മുമ്പാണ് അച്ഛന്‍ മരണപ്പെട്ടത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വഴിത്താരകളില്‍ അടികൊണ്ടു വീഴുന്ന മകന്‍ ഏതൊരച്ഛനും വേദനയാണ്. എന്റെ അച്ഛനും അങ്ങിനെയായിരുന്നു. എന്നെയോര്‍ത്ത് അച്ഛന്‍ വിഷമിച്ചിരിക്കണം. കുട്ടിക്കാലത്ത് നിലവിലുള്ള വ്യവസ്ഥയോടുള്ള പ്രതിഷേധം എന്റെയുള്ളില്‍ ജ്വലിച്ചിരുന്നു. വളരുംതോറും അതും വളര്‍ന്നു.
- പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള പ്രേരണ ആ കാലഘട്ടത്തിലാണോ ഉണ്ടാവുന്നത്? അന്ന് കെ എസ് എഫ് (കേരള സ്റ്റുഡൻ്റ് ഫെഡറേഷൻ) ആണല്ലൊ. എങ്ങിനെയാണ് കെ എസ് എഫിന്റെ പ്രവർത്തകനായത്?
എന്റെ മനസ്സിൽ കമ്യൂണിസ്റ്റ് ബോധം പകർന്ന് തന്നത് നാട്ടിലെ അന്തരീക്ഷവും ഞങ്ങളോടൊപ്പം നിന്ന കമ്യൂണിസ്റ്റ് പാർട്ടിക്കാരുമാണ്. എട്ടാം ക്ലാസിലെത്തുമ്പോഴേക്കും ഞാൻ കെ എസ് എഫായിരുന്നു. അഡ്വ. കണ്ണോത്ത് വിജയനാണ് എനിക്ക് മെമ്പര്‍ഷിപ്പ് തരുന്നത്. പിണറായി വിജയനാണ് കെ എസ് എഫിന്റെ സംസ്ഥാന പ്രസിഡൻ്റ്. സെക്രട്ടറി വൈക്കം വിശ്വന്‍. എനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഇഷ്ടം തോന്നാന്‍ പ്രധാന കാരണം സി എച്ചായിരുന്നു. സി എച്ച് കണാരന്‍. വല്ലാത്ത സ്വാധീനമുണ്ടാക്കിയ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അദ്ദേഹം. അതുപോലെ കേളുവേട്ടനും.
- സി എച്ച് ഏത് വിധത്തിലാണ് സ്വാധീനിക്കുന്നത്? എപ്പോഴാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നത്?
സി എച്ചിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് നാട്ടില്‍ നിന്നാണ്. ഞങ്ങളുടെ ചുറ്റുമുള്ള നാട്ടുകാര്‍ പലപ്പോഴും സി എച്ചിനെ കുറിച്ച് പറയും. അവരുടെ വിഷമങ്ങള്‍ പങ്കുവെക്കാന്‍, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അങ്ങനെ വിവിധ ഭാവങ്ങളില്‍, തലങ്ങളില്‍ സി എച്ച് ഞങ്ങളെ പോലുള്ളവരുടെ ജീവിതപന്ഥാവുകളില്‍ നിറഞ്ഞുനിന്നു. എന്റെ കുട്ടിക്കാലത്ത് തന്നെ സി എച്ചിനെ കാണുന്നുണ്ട്. ദൂരെ നിന്ന്. പ്രസംഗ വേദികളില്‍, സമരമുഖങ്ങളില്‍. ആദ്യ ഇ.എം.എസ്. മന്ത്രിസഭാ സമയത്ത് നാദാപുരം എം.എല്‍.എ. ആയിരുന്നു സി.എച്ച്. അസാമാന്യ സംഘാടകനായിരുന്നു അദ്ദേഹം. കേഡർമാരെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും നിലനിർത്തുന്നതിനും സി എച്ചിനെ പോലെ കഴിവുള്ള മറ്റൊരാളില്ല. എസ് എഫ് ഐ രൂപീകരിക്കപ്പെട്ടപ്പോഴാണ് സി എച്ചുമായി അടുത്ത് സംസാരിക്കുന്നത്. സി എച്ചിന് എസ്എഫ്ഐയുടെ ചാർജ്ജ് ഉണ്ടായിരുന്നു. എസ്എഫ്ഐയുടെ ഒരു മീറ്റിംഗ് എറണാകുളത്ത് മാരുതി ലോഡ്ജില്‍ വെച്ച് നടക്കുമ്പോഴാണ് അടുത്ത് സംസാരിക്കുന്നത്. രക്തസാക്ഷിയായ സഖാവ് അഴീക്കോടന്റെ മൃതശരീരം കണ്ണൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനായി വെച്ചപ്പോള്‍ രോഗിയായ സി എച്ച് അഴീക്കോടനെ അവസാനമായി കാണാന്‍ വന്ന രംഗം ഓര്‍ക്കുമ്പോള്‍ ഇന്നും എന്റെ കണ്ണുകള്‍ നിറയും. സി എച്ച് ഒരു പച്ച മനുഷ്യനായിരുന്നു. അപരനെ സ്വന്തമായി കാണാനും തിരിച്ചറിയാനുമുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
- ബാലേട്ടന്റെ സ്കൂള്‍ കാലം കെ എസ് യു കേരളമാകെ പടര്‍ന്നുനില്‍ക്കുന്ന കാലമല്ലേ? എങ്ങിനെയാണ് കെ എസ് എഫ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സാധിച്ചത്?
അതെ. അന്ന് കെ എസ് യു കേരളമാകെ കൊടികുത്തി വാഴുന്ന കാലമാണ്. കമ്യൂണിസ്റ്റ് അനുഭാവികളുടെ കുടുംബത്തിൽ നിന്നും വരുന്ന കുട്ടികൾ വരെ അക്കാലത്ത് ആകർഷിക്കപ്പെട്ടിരുന്നത് കെ എസ് യുവിലേക്കാണ്. അവരുടെ രീതികൾ അരാഷ്ട്രീയമായിരുന്നു. ഗുണ്ടായിസമാണ് കെ എസ് യുക്കാരുടെ മുഖമുദ്ര. ആ സമയത്ത് ഞാൻ സ്കൂളിലെ അറിയപ്പെടുന്ന പ്രാസംഗികനാണ്. അന്ന് സാഹിത്യസമാജം ഉണ്ട്. ക്ലാസുകളിൽ പോയി പ്രസംഗിക്കേണ്ടി വരും. വിഷയാധിഷ്ഠിതമായി പ്രസംഗിക്കാനുള്ള കഴിവ് വികസിച്ചത് സാഹിത്യസമാജത്തിലെ സംസാരം വഴിയാണ്.
- അപ്പോൾ ലോവർ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ പ്രസംഗിക്കാനൊക്കെയുള്ള അഭിരുചി വളർത്തിയെടുക്കപ്പെട്ടുകാണും അല്ലെ?
പ്രസംഗിക്കാനുള്ള കഴിവ് ഒരു വീഴ്ചയില്‍ നിന്നാണ് തുടങ്ങുന്നത്. ചെറുപ്പത്തിൽ ഞാൻ ആക്ടീവായ കുട്ടി ആയിരുന്നു. എന്നാലും ഉള്ളിന്റെയുള്ളിൽ ഒരു പേടി ഉണ്ടായിരുന്നു. ചാലപ്പുറം സി സി യു പി സ്കൂളിൽ എത്തിയപ്പോള്‍ എന്റെ മിടുക്കും സംസാരിക്കാനുള്ള കഴിവുമൊക്കെ കണ്ട്, സ്കൂളിലെ അധ്യാപകർ ഒരു പ്രസംഗ മത്സരത്തിന് ചേർത്തു. ‘കുഞ്ചൻ നമ്പ്യാരും മലയാള കവിതയും’ ആയിരുന്നു വിഷയം. ഞാൻ മാഷൻമാരുടെ സഹായത്തോടെ തരക്കേടില്ലാത്ത ഒരു പ്രസംഗം തയ്യാറാക്കി, പഠിച്ച് മനപാഠമാക്കി. അങ്ങിനെ പ്രസംഗത്തിനുള്ള ദിവസമായി. സ്റ്റേജിൽ കയറി. മുന്നിലേക്ക് നോക്കിയപ്പോൾ ഒരു ഇരുട്ട് ഉള്ളിലേക്ക് കയറി വന്നു. വല്ലാത്തൊരു അപകർഷതാ ബോധം, ഞാൻ അവിടെയുള്ളവരേക്കാൾ കുറഞ്ഞൊരാളാണ് എന്നൊരു തോന്നലിന്റെ തിരയടിയിൽ ഞാൻ പതറിപ്പോയി. “അധ്യക്ഷാലങ്കൃതമായ സദസ്സിന് കൂപ്പുകൈ, ഇന്നത്തെ വിഷയം കുഞ്ചൻ നമ്പ്യാരും കവിതയും എന്നതാണല്ലോ…” ആ തുടക്കം കഴിഞ്ഞ് അടുത്ത വാചകത്തിലേക്ക് പോകാൻ എനിക്ക് സാധിച്ചില്ല. രണ്ടാമത്തെ വരി ഓർത്തെടുക്കാനാവാതെ, തുടക്കത്തിലെ വാചകം ഞാൻ രണ്ടുമൂന്നാവർത്തി പറഞ്ഞു. അപ്പോൾ അധ്യാപകർ ചിരിച്ചു. ഒപ്പം കുട്ടികളും ആർത്തുചിരിക്കാൻ തുടങ്ങി. ആ പ്രസംഗ വേദിയിൽ എന്റെ രണ്ടു കാലുകൾക്കിടയിലൂടെ, ട്രൗസർ നനച്ചുകൊണ്ട് എന്നിലെ പേടി ഒഴുകിപ്പരന്നു.
മറ്റുള്ളവർ എന്നേക്കാൾ മുകളിലാണെന്നും ഞാൻ പിന്നോക്കമാണെന്നുമുള്ള ഒരു തോന്നൽ ആ കാലത്ത് എന്നെ ഭരിച്ചിരുന്നു. ഞാൻ അത് തിരിച്ചറിഞ്ഞു. ആ മനോഭാവത്തെ മറികടക്കാൻ ബോധപൂർവ്വം പരിശ്രമിച്ചു. യു.പി സ്കൂൾ വിടുംമുൻപ് എനിക്ക് അപകർഷതാ ബോധത്തിന്റെ തടങ്കലിൽ നിന്നും രക്ഷപ്പെടാനായി. ഏത് വലിയ സദസ്സിന്റെ മുന്നിലും തലയുയര്‍ത്തി നിന്ന് സംസാരിക്കാനാവുമെന്ന ബോധ്യം എന്നിലുണ്ടായി. യു.പി സ്കൂളിനോട് വിട പറഞ്ഞതിന് ശേഷം കല്ലാച്ചി ഹൈസ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്.
- കല്ലാച്ചി ഹൈസ്കൂളിലല്ലേ താങ്കൾ സ്കൂൾ ലീഡറായി ആദ്യം മത്സരിച്ചത്?
അതെ. കാലഘട്ടം 1967കളാണ്. അന്ന് ഞാൻ സാഹിത്യ സമാജത്തിലൊക്കെ സജീവമാണ്. സ്കൂള്‍ ലീഡര്‍ ഇലക്ഷൻ സമയത്ത് ക്ലാസ് മുറികളിൽ പോയി സംസാരിക്കാനൊക്കെ തുടങ്ങിയിരുന്നു. എന്റെ പ്രസംഗം കുട്ടികൾക്ക് ഇഷ്ടമായിരുന്നു. എസ് എസ് എല്‍ സി ആയപ്പോള്‍ സ്കൂൾ ലീഡറായി മത്സരിച്ചു. എനിക്കെതിരെ മത്സരിച്ചത് വട്ടക്കണ്ണിയിൽ പത്മനാഭനാണ്. സ്ഥലത്തെ പ്രമാണിയുടെ മകൻ. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കെ എസ് യുവിന്റെ പുഷ്ക്കല കാലമാണല്ലൊ. പത്മനാഭൻ സ്കൂൾ ലീഡറായി ജയിക്കുമെന്നതില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല.
കല്ലാച്ചിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന വഴിയിൽ പയന്തോങ്ങ് എന്ന സ്ഥലത്താണ് ഞങ്ങളുടെ സ്കൂൾ. പണ്ട്, പണക്കാരൻ പട്ടർ എന്ന വ്യക്തി സർക്കാരിന് സാജന്യമായി നൽകിയ ഭൂമിയിലാണ് സ്കൂൾ കെട്ടിടം. അതൊരു കുന്നിൻപുറമാണ്. സ്കൂളിൽ വെള്ളമില്ല. അങ്ങിനെയാണ് പുതിയ ഒരു കിണർ കുഴിച്ചത്. കുന്നിന്‍ മുകളിലായത് കൊണ്ട് നല്ല ആഴമുള്ള കിണറാണ്. മുകളിൽ നിന്നും കിണറിനകത്തേക്ക് നോക്കിയാൽ താഴെ പപ്പടവട്ടത്തിൽ വെള്ളം കാണാം. സ്കൂളിൽ ഞങ്ങൾ വോളിബോൾ കളിക്കും. ഒരു ദിവസം ഞങ്ങളുടെ കൂടെ പഠിക്കുന്ന ഗംഗാധരന്റെ കൈയ്യിൽ നിന്നും ബോൾ കിണറ്റിൽ വീണു. കെ എസ് യുവിന്റെ സജീവ പ്രവർത്തകനാണ് ഗംഗാധരൻ. അവനാകെ പേടിയായി. കാരണം സ്കൂളിലെ ഡ്രിൽ മാസ്റ്റര്‍ കുഞ്ഞപ്പ നമ്പ്യാരാണ്. മാഷ് ഞങ്ങളുടെ മാത്രമല്ല, സ്കൂളിലെ അധ്യാപകരുടെ വരെ പേടി സ്വപ്നമാണ്. ഒരു ആജാനബാഹു. വോളിബോള്‍ കിണറില്‍ പോയെന്നറിഞ്ഞാൽ ഗംഗാധരന്റെ കാര്യം പോക്കാണ്. നീ ബേജാറാകണ്ട കിണറ്റിൽ നിന്ന് ബോള് പുറത്തെടുക്കാം എന്ന് പറഞ്ഞ് ഞാൻ ഗംഗാധരനെ ആശ്വസിപ്പിച്ചു. യു പി സ്കൂള്‍കാലം മുതല്‍ ഞാന്‍ പഠനത്തോടൊപ്പം എന്തെങ്കിലും ജോലിയും ചെയ്യും. അക്കാലത്ത് സ്കൂൾ വിട്ടു കഴിഞ്ഞാൽ നാട്ടിലെ വീടുകളിലെ കിണറ് കോരാൻ ഞാനും പുറമേരി സ്കൂളിൽ കൂടെ പഠിക്കുന്ന നാട്ടുകാരന്‍ കണ്ണനും പോകാറുണ്ട്. ഞങ്ങൾ കിണറിലെ മണ്ണും ചെളിയും കോരി വൃത്തിയാക്കാൻ കരാറെടുക്കും. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും ദിവസം മുഴുവൻ പണിക്കിറങ്ങും. അങ്ങനെ പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ടാണ് എന്റെ ചെലവെല്ലാം കഴിഞ്ഞു പോകുന്നത്. കിണറിൽ ഇറങ്ങിയ പരിചയം ഉള്ളതുകൊണ്ട് സ്കൂളിലെ കിണറ്റിലിറങ്ങാൻ എനിക്ക് ഒരു പേടിയുമുണ്ടായിരുന്നില്ല.
സ്കൂളിലെ കിണറ്റിൽ പടവില്ല. കുത്തുകല്ലാണുള്ളത്. തറ നിരപ്പിൽ നിന്ന് കെട്ടിപ്പൊക്കിയ ആൾമറയുള്ള കിണറിനകത്തേക്ക് ഇറങ്ങൽ കുറച്ചു ബുദ്ധിമുട്ടാണ്. വെള്ളം കോരാനുപയോഗിക്കുന്ന കയർ ഊരിയെടുത്ത് കപ്പിത്തൂണിൽ കെട്ടി ഞാൻ കിണറ്റിലേക്ക് ഇറങ്ങി. കുത്തുകല്ലില്‍ ചവിട്ടി, കിണറ്റിലേക്കിട്ട കയറിന്റെ സഹായത്തോടെ വേഗത്തില്‍ താഴേക്കെത്തി. മുണ്ടും ഷർട്ടും നനയാതിരിക്കാൻ അഴിച്ച് അവസാനത്തെ കുത്തുകല്ലിനോട് ചേർന്നുള്ള കല്ലില്‍ വെച്ചു. വേനൽക്കാലമായതുകൊണ്ട് അവസാനത്തെ കുത്തുകല്ലിന് കുറെ താഴെയായാണ് വെള്ളമുള്ളത്. അങ്ങോട്ട് ചവിട്ടിയിറങ്ങാൻ കല്ലോ, പടയോ ഒന്നുമില്ല. വഴുക്കലുള്ള ചെളിയാണ്. അവിടെ ചവിട്ടാതെ അവസാനത്തെ കുത്തുകല്ലിൽ നിന്നും വെളളത്തിലേക്ക് ചാടി. വോളിബോൾ എടുത്തു, മുകളിലേക്ക് കൊടുത്തു. അപ്പോഴേക്കും ഞാൻ കിണറ്റിലിറങ്ങിയ കാര്യം സ്കൂളിൽ മുഴുവൻ അറിഞ്ഞിരുന്നു. കിണറ്റിന് ചുറ്റും അധ്യാപകരും വിദ്യാർത്ഥികളും തടിച്ചു കൂടി. മുകളിൽ നിന്ന് കുഞ്ഞപ്പനമ്പ്യാർ മാഷിന്റെ അലർച്ച കേൾക്കുന്നുണ്ട്. എന്നെ ചീത്ത വിളിക്കുന്നതാണ്. കുഞ്ഞപ്പനമ്പ്യാരുടെ തല ഒരു പൊട്ടുപോലെ തോന്നി. അത്രക്ക് ആഴം കിണറിനുണ്ട്. കിണറ്റിനടിയിൽ നിന്ന് മുകളിലേക്ക് നോക്കുമ്പോൾ ഒരു പപ്പട വട്ടത്തിൽ ആകാശം കാണാം. എനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി. ഓക്സിജൻ കുറവായത് കൊണ്ടാവാം. ആഴമുള്ള കിണറാണല്ലൊ. ബോൾ മുകളിലെത്തിയതും എനിക്ക് പിടിച്ച് കയറാൻ കയർ താഴേക്കിട്ടുതന്നു. കിണറിന്റെ താഴെ നിന്നും കുത്തുകല്ലിലേക്ക് കയറണമല്ലൊ. അവിടേക്കെത്താൻ കയറിൽ കുരുക്കുണ്ടാക്കി അതിൽ ചവിട്ടിപ്പിടിച്ച് കുത്തുകല്ലില്‍ കയറി. അവിടെ നിന്ന് അഴിച്ചുവെച്ച ഷർട്ടും മുണ്ടും ധരിച്ചു. മുകളിലെത്തിയപ്പോള്‍ മറ്റൊരു പ്രശ്നമുണ്ടായിരുന്നു. അവസാനത്തെ കുത്തുകല്ലിൽ നിന്നും ആൾമറയ്ക്ക് മുകളിലേക്ക് കാലെടുത്തു വെക്കൽ പ്രയാസമുള്ള കാര്യമാണ്. ഒന്ന് തെന്നിയാൽ, പിടിയൊന്ന് ലൂസായാൽ എന്റെ കാര്യം പോക്കാണ്. അവിടെ നിന്ന് താഴോട്ട് കിണറ്റിലേക്ക് നോക്കിയാൽ തല കറങ്ങും. ഞാൻ താഴേക്ക് നോക്കാതെ, മുകളിലുള്ളവരോട് എന്റെ കൈ പിടിക്കണമെന്ന് പറഞ്ഞു. കയറിൽ കാലുകള്‍ ഇറുക്കിപ്പിടിച്ച് പൊങ്ങി എന്റെ വലത്തേ കൈ പുറത്തേക്ക് നീട്ടി. പുറത്തുള്ള കൈകളിൽ പിടുത്തം കിട്ടിയപ്പോൾ അതിൽ പിടിച്ച് മുകളിലേക്ക് ആഞ്ഞ് ആൾമറയിലേക്ക് കയറി. ചുറ്റും നിന്ന കുട്ടികൾ നിർത്താതെ കൈയ്യടിക്കുന്നുണ്ടായിരുന്നു. അതിനും മുകളിൽ കുഞ്ഞപ്പനമ്പ്യാർ മാഷിന്റെ ചീത്ത വിളി മുഴങ്ങി. അപ്പോള്‍ തന്നെ സ്കൂള്‍ ജനറൽ ബോഡി വിളിച്ചു. അവിടെ വെച്ചും കുഞ്ഞപ്പ മാഷ് എന്നെ ചീത്ത വിളിച്ചു. സഹികെട്ട ഞാൻ മാഷിനെ നോക്കി, ഇനി എന്നെ ഭീഷണിപ്പെടുത്തുകയോ ചീത്ത വിളിക്കുകയോ ചെയ്താൽ എന്റെ സ്വഭാവം മാറുമെന്ന് അലറി. സ്തംഭിച്ചു നിന്ന കുഞ്ഞപ്പ മാഷിന്റെയും മറ്റ് അധ്യാപകരുടെയും മുഖത്ത് നോക്കി പറഞ്ഞു; കിണറ്റിലിറങ്ങിയത് മാഷെ പേടിച്ചിട്ടാണ്. മാഷ് കാണാതെ കിണറ്റിൽ നിന്ന് പന്ത് എടുത്തില്ലെങ്കിൽ മാഷ് ഗംഗാധരനെ തല്ലും. അതൊഴിവാക്കാനാണ് ഞാൻ കിണറ്റിലിറങ്ങിയത്. അത് കേട്ടപ്പോൾ കുഞ്ഞപ്പ മാഷ് ഒന്നടങ്ങി. നിന്റെയും നിന്റെ അച്ഛന്റെയും കുലത്തൊഴിൽ കിണറ്റിലിറങ്ങൽ ആയിരിക്കും. അത് ഈ സ്കൂളിലെ കിണറ്റിൽ പറ്റില്ല. ഇവിടെ എന്തെങ്കിലും പറ്റിയാൽ ഞാനാണ് ജയിലിൽ പോകേണ്ടി വരിക. പോയി കുളിച്ചിട്ട് വാടാ എന്ന് പറഞ്ഞുകൊണ്ട് കുഞ്ഞപ്പ മാഷ് കൂടി നിന്നവരോടൊക്കെ ക്ലാസിൽ പോകാൻ പറഞ്ഞു. സ്കൂളിന്റെ കുന്നിന് താഴെ വയലിനടുത്തുള്ള കിണറ്റിന്‍ കരയിൽ പോയി ഞാൻ കുളിച്ചു. ചളി പറ്റിയ ഉടുപ്പ് കഴുകി പിഴിഞ്ഞുടുത്ത് തിരികെ ക്ലാസിലേക്ക് വന്നു.
പിറ്റേന്ന് ഞാന്‍ സ്കൂളിലെത്തുമ്പോള്‍, കെ എസ് യുക്കാരടക്കമുള്ള വിദ്യാര്‍ത്ഥികള്‍ എന്നെ ഒരു ഹീറോയെ പോലെയാണ് പരിഗണിച്ചത്. തുടര്‍ന്ന് സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് നടപ്പോള്‍ വന്‍ഭൂരിപക്ഷത്തോടെ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കാലമേറെ കഴിഞ്ഞ് ഞാന്‍ മന്ത്രിയായപ്പോള്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എന്റെ സ്കൂളിലേക്ക് പോയി. അപ്പോള്‍ പണ്ട് ഞാനിറങ്ങിയ പഴയ കിണര്‍ കണ്ടു. ഞാന്‍ കിണറിലിറങ്ങുമ്പോള്‍ കയര്‍ പിടിച്ചുതന്ന സഹപാഠി ചറച്ചില്‍ രാജനും കൂടെ ഉണ്ടായിരുന്നു. ആ കിണറിന്റെ അടിയിലേക്ക് നോക്കിയപ്പോള്‍ എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി.
- കോഴിക്കോട് ജില്ലയില്‍ കെ എസ് എഫിന്റെ ആദ്യത്തെ സ്കൂള്‍ ലീഡറായിരുന്നു എ കെ ബാലന്‍ എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ?
ശരിയാണ്. വോളിബോളെടുക്കാനായി കിണറ്റിലിറങ്ങിയതിന്റെ ഭാഗമായി ലഭിച്ച വീരപരിവേഷമാണ് എന്നെ ജയിപ്പിച്ചത്. അല്ലെങ്കില്‍ കെ എസ് യു നല്ല ഭൂരിപക്ഷത്തില്‍ അവിടെ ജയിക്കുമായിരുന്നു. രാഷ്ട്രീയത്തിനപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക്, കൂട്ടുകാര്‍ക്ക് വേണ്ടി നില്‍ക്കുന്നയാള്‍ എന്ന പ്രതിച്ഛായകുട്ടികളുടെ ഇടയില്‍ ക്ലച്ച് പിടിച്ചു. അതായിരുന്നു വിജയത്തിന്റെ കാരണം.
- കെ എസ് എഫ് എങ്ങിനെയാണ് ആ വിജയത്തെ വിലയിരുത്തിയത് ?
അന്ന് ഞാൻ കെ എസ് എഫിന്റെ താലൂക്ക് പ്രസിഡന്റ് ആണ്. ടി.പി. ദാസനാണ് ജില്ലാ സെക്രട്ടറി. സ്കൂള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി ഒരു സ്പെഷ്യൽ യോഗം വിളിച്ചു, അതില്‍ എന്നെ അഭിനന്ദിച്ചു. ഇതാ എ കെ ബാലൻ, കോഴിക്കോട് ജില്ലയിലെ കെ എസ് എഫിന്റെ ആദ്യത്തെ സ്കൂൾ ലീഡറെന്ന് പറഞ്ഞുകൊണ്ട് എന്നോട് വിജയത്തിന്റെ അനുഭവം പങ്കുവെക്കാന്‍ പറഞ്ഞു. സ്കൂളിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെ മികവ് കൊണ്ട് മാത്രമല്ല, കെ എസ് യുക്കാരനെ സഹായിക്കാന്‍ രാഷ്ട്രീയം നോക്കാതെ കിണറ്റിലിറങ്ങി ബോളെടുത്തുകൊടുത്തത് കൊണ്ടുകൂടിയാണ് സ്കൂള്‍ ലീഡറാകാന്‍ സാധിച്ചത് എന്ന് ഞാന്‍ വിശദീകരിച്ചു. കെ എസ് എഫിനെ നമുക്ക് വളർത്താം. വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തില്‍, അവരുടെ നായകരായി മാറും വിധത്തില്‍ ഇടപെട്ടാല്‍ മാത്രമേ കുട്ടികളെയും ക്യാമ്പസുകളേയും കൈയ്യിലെടുക്കാന്‍ പറ്റു എന്നതായിരുന്നു ഞാന്‍ സംസാരിച്ചതിന്റെ ചുരുക്കം. പൊതുവില്‍ എന്റെ അഭിപ്രായത്തിന് ആ യോഗത്തില്‍ സ്വീകാര്യത ലഭിച്ചു. ഈ ശൈലി പിന്നീട് എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി.
- വടകരക്കാരനായ എ കെ ബാലന്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിക്കാനെത്തിയ സാഹചര്യം എന്തായിരുന്നു?
ഞാന്‍ സ്കൂള്‍ ലീഡറായ സമയത്ത് കെ എസ് എഫിന്റെ ഒരു ക്യാമ്പില്‍ പങ്കെടുത്തു. പിണറായിയിലെ അമല സ്കൂളിലായിരുന്നു. മലബാറില്‍ നിന്നുള്ള കെ എസ് എഫിന്റെ പ്രധാന പ്രവര്‍ത്തകരെല്ലാം ആ ക്യാമ്പിലുണ്ട്. ഇ എം എസ്, എ കെ ജി, പി ഗോവിന്ദപിള്ള, സുശീല ഗോപാലന്‍, സി എ പീറ്റര്‍, ഡോക്ടര്‍ സുകുമാര്‍ തുടങ്ങിയ പ്രമുഖരാണ് ക്ലാസെടുത്തത്. ആ ക്യാമ്പില്‍ നിന്നാണ് എനിക്ക് പ്രത്യയശാസ്ത്രപരമായ ബാലപാഠങ്ങള്‍ പകര്‍ന്നുകിട്ടിയത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തോടൊപ്പം എന്തിന്റെയും മുന്നില്‍ ധൈര്യപൂര്‍വ്വം തലയുയര്‍ത്തി നില്‍ക്കാനുള്ള ആത്മവിശ്വാസവും അവിടെ നിന്ന് സ്വായത്തമാക്കിയാണ് മടങ്ങിയത്. അവിടെവെച്ചാണ് ബ്രണ്ണന്‍ കോളേജില്‍ പഠിക്കാനായി പോകണം എന്ന ആഗ്രഹം എന്നിലുണ്ടാവുന്നത്.
സി പി അബൂബക്കറും രാമന്‍ രാമന്തളിയുമായിരുന്നു ബ്രണ്ണനിലേക്കുള്ള പ്രചോദനം. അബൂബക്കര്‍ അന്ന് ബ്രണ്ണനില്‍ എം എയ്ക്ക് പഠിക്കുകയാണ്. ക്യാമ്പില്‍ അദ്ദേഹം മനോഹരമായി ഒരു ക്ലാസെടുക്കുകയുണ്ടായി. രാമന്‍ രാമന്തളി ദേശാഭിമാനി ലേഖകനാണ്. അദ്ദേഹവും ബ്രണ്ണനിലാണ് പഠിക്കുന്നത്. അമല സ്കൂളില്‍ വെച്ചാണ് പിണറായി വിജയനെ നേരിട്ട് പരിചയപ്പെടുന്നത്. പിണറായിയും ബ്രണ്ണന്റെ ഭാഗമായിരുന്നല്ലൊ. ക്യാമ്പ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് എസ് എസ് എല്‍ സി റിസള്‍ട്ട് വന്നത്. ഞാന്‍ നല്ല മാര്‍ക്കോടെ ജയിച്ചു. ഫസ്റ്റ് ക്ലാസിന് 23 മാര്‍ക്ക് കുറവ്. സ്കൂളിലെ ഏറ്റവും കൂടിയ മാര്‍ക്ക്. അന്തരിച്ചുപോയ മൊയ്തു മാസ്റ്ററുടെ പരിഗണനയും സ്നേഹവാത്സല്യവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ എന്നെ സഹായിച്ച ഒരു ഘടകമായിരുന്നു. പഠിക്കാനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളുമില്ലാത്ത വീടാണ് എന്‍റേത്. ചിമ്മിണി വെളിച്ചത്തിന് പരിമിതിയുണ്ട്. മാത്രമല്ല, കുറേനേരം അത് കത്തിച്ചുവെച്ച് പഠിക്കാനുള്ള മണ്ണെണ്ണ വീട്ടിലുണ്ടാലുണ്ടാവുകയുമില്ല. അയല്‍വീടുകളുടെ തിണ്ണയിലിരുന്നാണ് ഞാന്‍ പഠിച്ചത്. അങ്ങിനെയാണ് നല്ല മാര്‍ക്ക് വാങ്ങാനായത്. ഞാന്‍ നന്നായി പഠിക്കുമെന്ന് മനസ്സിലാക്കിയ സി പി അബൂബക്കറും രാമന്‍ രാമന്തളിയും തുടര്‍ പഠനം ബ്രണ്ണനിലാക്കുന്നതാണ് നല്ലതെന്ന് ഉപദേശിച്ചു. മാത്രമല്ല, ബ്രണ്ണന്‍ കോളേജില്‍ ഫലപ്രദമായ ഒരു പ്രവര്‍ത്തകനെ മെരുക്കി എടുക്കാം എന്ന ഉദ്ദ്യേശവും അവര്‍ക്കുണ്ടായിരുന്നു. ഇക്കാര്യം സി.പി. അബൂബക്കിന്റെ ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്.
വീടിനടുത്തുള്ള മടപ്പള്ളി കോളേജില്‍ പോകാതെ, ബ്രണ്ണൻ കോളേജിലേക്ക് പോകാനുള്ള മറ്റൊരു പ്രധാനപ്പെട്ട കാരണം അവിടെ ഹോസ്റ്റല്‍ സൗജന്യമായിരുന്നു എന്നതാണ്. കൂടാതെ വിദ്യാഭ്യാസ ആനുകൂല്യങ്ങളുമുണ്ട്. കൈയ്യില്‍ പൈസയില്ലാത്ത, ദരിദ്ര പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് ബ്രണ്ണന്‍ എന്തുകൊണ്ടും ഒരു ആശ്വാസ തീരമായിരുന്നു. എന്നെപോലുള്ള കുട്ടികളെ ആകര്‍ഷിക്കുന്ന പ്രഗത്ഭരായ അധ്യാപകരും വിദ്യാര്‍ത്ഥികളും ആ കാലത്ത് ബ്രണ്ണനിലുണ്ട്. അന്ന് ബ്രണ്ണനിലെ ശക്തമായ വിദ്യാര്‍ത്ഥി സംഘടന കെ എസ് യുവായിരുന്നു. അല്ലെങ്കില്‍ കെ എസ് യുക്കാരുടെ കൂത്തരങ്ങായിരുന്നു ബ്രണ്ണന്‍ എന്ന് പറയാം. ഞാന്‍ ബ്രണ്ണനില്‍ പി ഡി സിക്ക് ചേര്‍ന്നു. ഹോസ്റ്റലില്‍ താമസിക്കാന്‍ തുടങ്ങി. കോളേജും ഹോസ്റ്റലും കെ എസ് യുവിന്റെ സമഗ്രാധിപത്യത്തിന് കീഴിലാണ്. ഹോസ്റ്റലിലെ താമസത്തിനൊപ്പം അവിടെ താമസിക്കുന്ന മറ്റ് കുട്ടികളെ കെ എസ് യുവില്‍ നിന്ന് കെ എസ് എഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ ഞാന്‍ ക്ഷമയോടെ ഏര്‍പ്പെട്ടു.
- കെ എസ് യുവിന്റെ പുഷ്ക്കലകാലത്ത് താങ്കള്‍ എങ്ങിനെയാണ് ബ്രണ്ണൻ ഹോസ്റ്റലിനെ കൈപ്പിടിയിലാക്കിയത് ?
ബ്രണ്ണൻ ഹോസ്റ്റലിലെ അന്തേവാസികളില്‍ ഭൂരിഭാഗവും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളായിരുന്നു. അവരില്‍ മിക്കവാറും പേര്‍ കമ്യൂണിസ്റ്റ് കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. ബ്രണ്ണനിലും ഹോസ്റ്റലിലും കെ എസ് യുവിന്റെ തേര്‍വാഴ്ച ആയതിനാല്‍ അവരൊക്കെ കെ എസ് യുവായി നില്‍ക്കുന്നുവെന്ന് മാത്രം. ഏറെ വൈകാതെ ഞാന്‍ ഹോസ്റ്റലിലെ മെസ് സെക്രട്ടറിയായി. അപ്പോള്‍ ഹോസ്റ്റലിലുള്ള എല്ലാവരോടും അടുത്ത് ഇടപഴകാനുള്ള അവസരം കിട്ടി. ഓരോരുത്തരെയായി കണ്ട് കെ എസ് യുവില്‍ നിന്നും അവരെ മാറ്റിയെടുക്കാനുള്ള നീക്കം നടത്തി. അവരുടെ ഉള്ളില്‍ കെ എസ് യുവിനോടുള്ള പേടി ഇല്ലാതാക്കി. മെസ് സെക്രട്ടറി എന്ന നിലയില്‍ ചിലര്‍ക്ക് ഭക്ഷണമൊക്കെ കൂടുതല്‍ നല്‍കാന്‍ പറ്റും. അങ്ങിനെയും ചിലരെ കൂടെ നിര്‍ത്താനായി. കെ എസ് യുവിന്റെ മായാവലയത്തിൽ കുടുങ്ങിപ്പോയവരെയെല്ലാം മോചിപ്പിച്ചെടുക്കാന്‍ വലിയ ശ്രമം വേണ്ടിവന്നു. എന്നാല്‍, ആ നീക്കം വിജയം കണ്ടു. ആ സമയത്ത് കെ എസ് യുക്കാരുടേയും ചില അരാജക വാദികളുടേയുമൊക്കെ നേതൃത്വത്തില്‍ കോളേജിലും ഹോസ്റ്റലിലും റാഗിംഗ് നടത്തുമായിരുന്നു. അപ്പോള്‍, റാഗിംഗിനെതിരെ കെ എസ് എഫ് നിലപാടെടുത്തു. ഹോസ്റ്റലില്‍ കെ എസ് യുക്കാരുടെ നേതൃത്വത്തില്‍ കടുത്ത റാഗിംഗ് നടത്തും. അപ്പോള്‍ ഹോസ്റ്റലില്‍ റാഗിംഗ് പാടില്ലെന്ന് പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷത്തേയും കൂടെ നിര്‍ത്താന്‍ പറ്റി. അതോടെ പ്രീഡിഗ്രിക്ക് ചേര്‍ന്ന കുട്ടികളുടെ നേതാവ് എന്ന രീതിയിലേക്ക് ഉയര്‍ന്നു. എന്നില്‍ എന്തോ ഒരു പ്രത്യേകത കുട്ടികള്‍ കണ്ടിരുന്നെന്ന് തോന്നുന്നു. പലപ്പോഴും കൂടെ പഠിച്ച പ്രശസ്ത സാഹിത്യകാരന്‍ എന്‍ പ്രഭാകരന്‍ അതെന്നോട് സൂചിപ്പിച്ചിട്ടുണ്ട്.
- കെ സുധാകരന്‍ ആ സമയത്ത് ബ്രണ്ണനില്‍ പഠിച്ചിരുന്നോ? പിണറായിയുടെ കൂടെയാണ് പഠിച്ചതെന്നും മറ്റും സുധാകരന്‍ പറയാറുണ്ടല്ലൊ..
അത് പച്ചക്കള്ളമാണ്. പിണറായി ബി എ കഴിഞ്ഞ് ബ്രണ്ണനില്‍ നിന്ന് പോകുമ്പോഴാണ് സുധാകരന്‍ ബി എക്ക് ചേരുന്നത്. അദ്ദേഹം പ്രീ ഡിഗ്രി പഠിച്ചത് ബ്രണ്ണനില്‍ അല്ല. ഞാന്‍ പി ഡി സിക്ക് ചേരുന്ന സമയത്താണ് സുധാകരന്‍ ബി എയ്ക്ക് ചേരുന്നത്. സുധാകരനും പിണറായിയും ഒരേസമയത്ത് ബ്രണ്ണനില്‍ പഠിച്ചിട്ടില്ല. പിന്നെ, പിണറായി സിപിഐ എം തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നപ്പോള്‍, സംഘര്‍ഷ വേളകളിലൊക്കെ ബ്രണ്ണനിലേക്ക് ഓടിയെത്താറുണ്ട്. അപ്പോള്‍ സുധാകരന്‍ അവിടെയുണ്ട്. അത്തരം കാര്യങ്ങളെയൊക്കെ വളച്ചൊടിച്ചാണ് സുധാകരന്‍ കള്ളം പറയുന്നത്.
- ഹോസ്റ്റല്‍ നിങ്ങളുടെ വരുതിയിലാക്കിയതിന് ശേഷമാണോ ബ്രണ്ണന്‍ കോളേജിലെ കുട്ടികളുടെ സംഘടനയായി കെ എസ് എഫ് മാറുന്നത്?
അതെ. ഹോസ്റ്റലിലെ പ്രധാന ശക്തിയായി കെ എസ് എഫ് മാറിയപ്പോള്‍ അവിടെയുള്ള വിദ്യാര്‍ത്ഥികളെല്ലാം കെ എസ് എഫിന് വേണ്ടി കോളേജില്‍ രംഗത്തിറങ്ങി. അതൊരു തരംഗമായി മാറിയപ്പോള്‍ മുസ്ലീം കുടുംബത്തില്‍ നിന്നും വരുന്ന കുട്ടികള്‍ വ്യാപകമായി കെ എസ് എഫിലേക്ക് വന്നു. അതിന് മുമ്പ് ആ കുട്ടികള്‍ എം എസ് എഫിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ബ്രണ്ണന്‍ കോളേജിലെ എസ് എഫ് ഐയുടെ രക്തസാക്ഷിയായ സഖാവ് അഷറഫ് അടക്കം ആദ്യകാലത്ത് എം എസ് എഫ് ആയിരുന്നു. പതിയെ അവരൊക്കെ കെ എസ് എഫും തുടര്‍ന്ന് എസ് എഫ് ഐയുമായി മാറി. ആ ഒഴുക്കില്‍ എല്ലാ വിഭാഗം കുട്ടികളും ഉണ്ടായിരുന്നു. ബ്രണ്ണനില്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ കെ എസ് യു പ്രസക്തമല്ലാതായി എന്നതും ചരിത്രമാണ്.
- എ കെ ബാലനായിരുന്നു ബ്രണ്ണന്‍ കോളേജിലെ ആദ്യത്തെ യൂണിയന്‍ ചെയര്‍മാന്‍. ഒരു ചരിത്രം സൃഷ്ടിക്കപ്പെടുകയായിരുന്നു അല്ലെ?
നീണ്ട കാലത്തെ പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രമായിരുന്നു എസ് എഫ് ഐയുടെ ആ ചരിത്ര വിജയം. ഏത് ക്യാമ്പസ് ആയാലും അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെയും വിദ്യാര്‍ത്ഥി നേതാക്കളെയുമാണ് ഇഷ്ടം. ക്യാമ്പസിന്റെ സ്വഭാവം വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കും. ബ്രണ്ണന്‍ കോളേജില്‍ എസ് എഫ് ഐ നേതൃത്വമാകെ അവിടുത്തെ വിദ്യാര്‍ത്ഥികളുടെ ഹൃദയപക്ഷത്ത് നില്‍ക്കുന്നതില്‍ വിജയിച്ചു. കുട്ടികളെ പുരോഗമനോന്‍മുഖമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും എസ് എഫ് ഐ സര്‍ഗാത്മകമായി ഇടപെട്ടു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ നേതൃത്വം നല്‍കാന്‍ സാധിച്ചു എന്നതില്‍ ഏറെ അഭിമാനമുണ്ട്. എന്റെ ശൈലി ബ്രണ്ണനിലെ കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നു. പ്രസംഗവും പെരുമാറുന്ന രീതിയും വിഷയങ്ങളില്‍ ഇടപെടുന്നതും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കാനായി ശ്രമിക്കുന്നതുമൊക്കെ അവരെ ആകര്‍ഷിച്ചു. ഫസ്റ്റ് പി ഡി സി കാലത്ത് തന്നെ റപ്രസെന്‍റേറ്റിവ് ആയി കോളേജില്‍ മത്സരിച്ചു. കെ എസ് യുവിനോട് തോറ്റു. സെക്കൻഡ് പി ഡി സികാലത്തും മത്സരവും തോല്‍വിയും ആവര്‍ത്തിച്ചു. പി ഡി സി കഴിഞ്ഞപ്പോള്‍ ഡിഗ്രിക്ക് ബ്രണ്ണനില്‍ തന്നെ അഡ്മിഷന്‍ ലഭിച്ചു. ഫസ്റ്റ് ഡി സിയുടെ ക്ലാസ് റെപ്പായി മത്സരിച്ചു. തോറ്റു. മൂന്നാം വര്‍ഷ ഡി സിയായപ്പോള്‍ കോളേജ് ചെയർമാനായാണ് മത്സരിച്ചത്. അപ്പോള്‍ വിജയിച്ചു. കെ എസ് യുവിലെ ഭിന്നിപ്പ്, രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ എസ് എഫ് ഐ നേതൃത്വത്തിലുള്ള ഞങ്ങള്‍ക്ക് സാധിച്ചു.
- സംഘടനാ കോണ്‍ഗ്രസ് രണ്ടായ സാഹചര്യം ബ്രണ്ണനില്‍ അനുകൂല ഘടകമായി അല്ലെ?
അതെ. കോൺഗ്രസ്സ് രണ്ടായപ്പോള്‍ ശങ്കരനാരായണന്റെ നേതൃത്വത്തില്‍ സംഘടനാ കോൺഗ്രസിനകത്ത് എന്‍ എസ് ഒ എന്ന വിദ്യാര്‍ത്ഥി സംഘടന രൂപപ്പെട്ടു. ആ പക്ഷത്തായിരുന്നു കെ സുധാകരന്‍ നിന്നത്. സ്വാഭാവികമായും ബ്രണ്ണനിലെ കെ എസ് യുവിന്റെ അപ്രമാദിത്വത്തിന് വലിയ ഇടിവ് സംഭവിച്ചു. ആ സമയത്ത് മമ്പറം ദിവാകരന്‍ ബ്രണ്ണനിലുണ്ട്. നിർമ്മലഗിരി കോളേജിൽ നിന്നും ബ്രണ്ണനില്‍ ഫസ്റ്റ് ബി എക്ക് ചേര്‍ന്നതായിരുന്നു ദിവാകരന്‍. എന്റെ സഹപാഠിയായിരുന്നു. അയാള്‍ കെ എസ് യു പക്ഷത്താണ്. ഞാന്‍ ഫസ്റ്റ് ഡി സി സമയത്ത് മത്സരിക്കുമ്പോള്‍, സുധാകരനും ദിവാകരനും കെ എസ് യുവായിരുന്നു. സെക്കൻഡ് ഡി സി ആയപ്പോഴാണ് കെ എസ് യു പിളര്‍ന്നത്. അപ്പോള്‍ കെ എസ് യുവിന്റെ കോളേജ് യൂണിയന്‍ ചെയര്‍മാനായി അവരുടെ ജില്ലാ പ്രസിഡന്റ് വിജയ് ശങ്കർ മത്സരത്തിനിറങ്ങി. എസ് എഫ് ഐയുടെ ചെയർമാൻ സ്ഥാനാർത്ഥിയായി ഞാനാണ് മത്സരിച്ചത്. എൻ എസ് ഒയുടെ ചെയര്‍മാന്‍ സ്ഥാനാർത്ഥിയായിരുന്നു കെ സുധാകരന്‍.
അന്ന് എസ് എഫ് ഐയുടെ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ബ്രണ്ണന്‍ കോളേജിലെ അതുവരെയുള്ള ഇലക്ഷന്‍ അനുഭവങ്ങള്‍ വെച്ച്, കെ എസ് യുവിനെ തോല്‍പ്പിക്കാന്‍ എന്‍ എസ് ഓയെ കൂട്ടുപിടിച്ചാല്‍ പറ്റുമെന്നത് എനിക്ക് ഉറപ്പായിരുന്നു. അപ്പോള്‍ സുധാകരന്‍ എന്‍റടുക്കലേക്ക് വന്ന് നമുക്ക് ഒരുമിച്ചുനില്‍ക്കാം എന്ന് പറഞ്ഞു. ഏത് വിധേനയും കെ എസ് യുവിനെ തോല്‍പ്പിക്കാനാണ് ബ്രണ്ണനിലെ എസ് എഫ് ഐ ശ്രമിക്കുന്നത്. സുധാകരനോട് എസ് എഫ് ഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമോ എന്ന് ഞാന്‍ ചോദിച്ചു. ഓ, പിന്നെന്താ എന്ന് സുധാകരന്‍ സമ്മതം മൂളുകയും ചെയ്തു. അപ്പോള്‍ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഇ പി ജയരാജന്‍ ആണ്. അടുത്ത ദിവസം എസ് എഫ് ഐ ജില്ലാ കമ്മറ്റി യോഗമാണ്. ജില്ലാ കമ്മറ്റി യോഗത്തില്‍ കെ സുധാകരന്‍ എസ് എഫ് ഐ സ്വതന്ത്രനായി മത്സരിക്കാമെന്ന് സമ്മതിച്ച കാര്യം ഞാന്‍ അവതരിപ്പിച്ചു. ബ്രണ്ണനിലെ വോട്ടിംഗ് പാറ്റേണിനെ പറ്റിയും വിശദമാക്കി. ഇ പി ജയരാജനടക്കമുള്ളവര്‍ സുധാകരന്‍ മത്സരിക്കുന്നതിനോട് വിയോജിപ്പ് പറഞ്ഞു. കെ സുധാകരന്‍ കാലങ്ങളായി എസ് എഫ് ഐക്കെതിരെ ആക്രമണമടക്കം ശക്തമായ നിലപാട് കൈക്കൊള്ളുന്നയാളാണ്. അയാള്‍ മത്സരിച്ചാല്‍ ബ്രണ്ണനിലെ എസ് എഫ് ഐ കുട്ടികളുടെ വോട്ട് പോലും കിട്ടില്ലെന്നായിരുന്നു ജയരാജന്റെ വിലയിരുത്തല്‍. ഞാന്‍ മത്സരിച്ചാല്‍ മതി എന്നാണ് ജില്ലാകമ്മറ്റിയിലുള്ളവരൊക്കെ പറഞ്ഞത്. എസ് എഫ് ഐ ചുമതലയുള്ള പാട്യം ഗോപാലനോട് വിഷയം പറഞ്ഞപ്പോള്‍ കോളേജില്‍ ജനറല്‍ബോഡി വിളിച്ച് അഭിപ്രായ സ്വരൂപണം നടത്തി തീരുമാനമെടുത്താല്‍ മതിയെന്ന് പറഞ്ഞു. ജനറല്‍ബോഡി വിളിച്ചപ്പോള്‍ കുട്ടികളെല്ലാം ഞാന്‍ മത്സരിക്കണമെന്ന വികാരമാണ് പങ്കുവെച്ചത്. അവര്‍ക്ക് കെ സുധാകരനെ ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല. അങ്ങിനെയാണ് ബ്രണ്ണനില്‍ കോളേജ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്നത്.
അതൊരു ചരിത്ര വിജയം തന്നെയായിരുന്നു. ബ്രണ്ണന്‍ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എസ് എഫ് ഐ ജയിക്കുന്നത്. കേരളത്തിൽ തന്നെ മൂന്നോ നാലോ കോളേജുകൾ ആണ് അന്ന് എസ് എഫ് ഐക്ക് ഉള്ളത്. അതിലൊന്നായി ബ്രണ്ണന്‍ തലയുയര്‍ത്തി. തോല്‍വിയുടെ രുചിയറിഞ്ഞ കെ എസ് യു അത്യന്തം പ്രകോപിതരായി. ആ കാലയളവിലാണ് നിരവധി സംഘര്‍ഷങ്ങള്‍ നടന്നത്. സഖാവ് അഷ്റഫിന്റെ രക്തസാക്ഷിത്വം അത്തരമൊരു അക്രമണത്തിന്റെ ബാക്കിപ്പത്രമായിരുന്നു.
അന്ന് ബ്രണ്ണന്‍ കോളേജിലെ യൂണിയന്‍ ഉദ്ഘാടനം ചെയ്യാനായി സഖാവ് ഇ എം എസിനെയാണ് കൊണ്ടുവന്നത്. സിപിഐ എം ഏരിയാ സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് അതിന് ഞങ്ങളെ സഹായിച്ചത്. അതോടുകൂടി കോളേജ് യൂണിയന്‍ ചെയര്‍മാനെന്നുള്ള നിലയില്‍ എനിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മറ്റ് കോളേജുകളിലും അംഗീകാരം കിട്ടി. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് വരുന്ന കുട്ടികള്‍ വരെ എസ് എഫ് ഐയുമായി സഹകരിക്കാന്‍ തുടങ്ങി. മട്ടന്നൂര്‍ എന്‍ എസ് എസ് കോളേജില്‍ ഞാന്‍ പോയപ്പോള്‍ എന്നെ സ്വീകരിച്ച് ഹാരാര്‍പ്പണം നടത്തിയത് ഇന്ദുമതി എന്ന കുട്ടിയായിരുന്നു. എന്റെ വീടിനടുത്തുള്ള പ്രമാണിയായ ഒരു വക്കീലിന്റെ മകളാണ് ആ കുട്ടി. കടുത്ത കോണ്‍ഗ്രസ് കുടുംബമാണ് അവരുടേത്. ഇന്ദുവിനെ പോലുള്ള നിരവധി കുട്ടികള്‍ എസ് എഫ് ഐയെ നെഞ്ചേറ്റി. അതിന്റെയൊക്കെ ഭാഗമായാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ് എഫ് ഐ മാറിയത്.
- കെ എസ് എഫിന് ആ കാലത്ത് സ്വീകാര്യത ഉണ്ടായിരുന്നോ? എങ്ങിനെയായിരുന്നു പ്രവർത്തനങ്ങൾ ?
ഞങ്ങൾക്ക് മുന്നിൽ പൂർവ്വമാതൃകകൾ ഒന്നുമുണ്ടായിരുന്നില്ല. ആ കാലത്ത് ക്യാമ്പസുകളിൽ സജീവമായിരുന്ന കെ എസ് യു, വിദ്യാർത്ഥികൾക്ക് പിന്തുടരാവുന്ന ഒരു സംഘടനയല്ല. പുരോഗമനപരമായി ചിന്തിക്കുന്ന, ശാസ്ത്ര ചിന്തകൾ മുന്നോട്ടു വെക്കുന്ന, സർഗാത്മകമായി ചിന്തിക്കുന്ന, ജനാധിപത്യവാദികളായ തലമുറയെ വാർത്തെടുക്കുന്ന ഒരു സംഘടന വേണം. അതായിരുന്നു കെ എസ് എഫ്. ഞങ്ങൾ അതിനെ നാട്ടിലാകെ പടർത്താൻ യത്നിച്ചു. ഒരു സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് കുറഞ്ഞത് ഒരു കിലോമീറ്റർ മുതല്‍ മൂന്ന് കിലോമീറ്റർ ഒക്കെ ദൂരമുണ്ടാവും. നടന്നു പോകണം. മിക്കവാറും ഉച്ചയ്ക്ക് ഭക്ഷണം ഉണ്ടാവില്ല. പ്രവർത്തന വഴികളിൽ പരിചയപ്പെടുന്ന ആള്‍ക്കാരുണ്ടാവുമല്ലൊ. അവരുടെ വീടുകളിൽ പോയാൽ ഭക്ഷണമുണ്ടാവും. വളയത്തെ ദാമു, കൃഷ്ണൻ മാഷ് തുടങ്ങി ഒരു പാടുപേര്‍ അങ്ങിനെയുണ്ടായിരുന്നു.
എസ് എഫ് ഐക്കാലവും വ്യത്യസ്തമല്ല. കാസർഗോഡ് മഞ്ചേശ്വരത്ത് എസ് എഫ് ഐയുടെ ലോക്കൽ കമ്മിറ്റി രൂപീകരിക്കാൻ പോയത് ഇപ്പോഴും ഓർമ്മയുണ്ട്. കമ്മറ്റിയൊക്കെ കഴിഞ്ഞ് രാത്രി തിരിച്ച് കണ്ണൂരിലേക്കുള്ള ബസ്സിൽ കയറി. നോക്കുമ്പോൾ കാഞ്ഞങ്ങാട് വരെ ടിക്കറ്റെടുക്കാനുള്ള കാശേ കൈയ്യിലുള്ളു. കാഞ്ഞങ്ങാടേക്കുള്ള ടിക്കറ്റെടുത്തു. അവിടെയിറങ്ങി. കാഞ്ഞങ്ങാട്ടെ സിപിഐ എം ഓഫീസ് ഒരു പഴയ കെട്ടിടമാണ്. അടച്ചുറപ്പൊന്നുമില്ല. രണ്ട്, മൂന്ന് ചെത്തുകല്ല് അടുക്കി അതിന് മേലെ പലക വെച്ച് ബെഞ്ച് പോലുള്ള ഒരു സംവിധാനമുണ്ട്. രാത്രി അവിടെ കിടന്നു. നേരം വെളുക്കുമ്പോൾ ഓഫീസിൽ ആരെങ്കിലും വരുമല്ലോ അപ്പോൾ എന്തെങ്കിലും ചെയ്യാം എന്ന് കരുതി. കാഞ്ഞങ്ങാടുള്ള ഒരു കേളു നായരെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. പുലർന്നപ്പോൾ കേളു നായരുടെ വീടന്വേഷിച്ച് അങ്ങോട്ടേക്ക് പോയി. ആ സഖാവ് എന്നോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കൈയ്യിൽ കാശില്ലാത്ത കാര്യം അദ്ദേഹത്തോട് പറഞ്ഞു. അന്ന് കണ്ണൂരും കാസർഗോഡും ചേർന്ന് ഒരു ജില്ലയാണ്. ഞാൻ എസ് എഫ് ഐയുടെ ജില്ലാ പ്രസിഡന്റും. രാത്രി തന്നെ അദ്ദേഹത്തിന്റെ വീടന്വേഷിച്ച് പോകാത്തതിനും ഓഫീസില്‍ കിടന്നതിനും കേളുനായർ എന്നെ വഴക്ക് പറഞ്ഞു. രാവിലെ തന്നെ പുട്ടും മത്തിക്കറിയും വയറുനിറയെ കഴിക്കാൻ തന്നു. യാത്രാക്കൂലിക്ക് മൂന്നു രൂപയും തന്നു. ഞങ്ങളുടെ പ്രവർത്തനങ്ങൾക്കൊപ്പം ഇത്തരം സഖാക്കളുടെ ചേർത്ത് പിടിക്കലുകളുടെ കൂടി ബാക്കിപത്രമാണ് പൊരുതുന്ന വിദ്യാർത്ഥി സംഘടന.
- ബാലേട്ടന്‍ ബ്രണ്ണനില്‍ ഡിഗ്രിക്ക് ചേര്‍ന്നത് ബി എസ് സിക്കാണല്ലൊ. പിന്നെ എങ്ങിനെയാണ് മലയാളം ബി എക്കാരനായത്?
ശരിയാണ്. ഞാന്‍ BSc സുവോളജിയാണ് എടുത്തത്. അഡ്മിഷന്‍ എടുത്തപ്പോള്‍ എം എന്‍ വിജയന്‍ മാഷ് എന്നെ വിളിച്ചു. നിന്റെ പ്രീഡിഗ്രി സ്വഭാവം വെച്ച് ഡിഗ്രിക്ക് ഈ വിഷയമെടുത്ത് പഠിച്ചാല്‍ ജയിക്കാന്‍ പറ്റില്ല, ഒന്നുകിൽ നീ സംഘടന പ്രവർത്തനത്തിൽ നല്ല നിയന്ത്രണം വരുത്തണം. അല്ലെങ്കിൽ സയന്‍സ് ഗ്രൂപ്പ് ഒഴിവാക്കി ആര്‍ട്സ് എടുക്കണം എന്നായിരുന്നു വിജയന്‍ മാഷിന്റെ ഉപദേശം. ബ്രണ്ണനിലെ മലയാളം ഡിപ്പാര്‍ട്ട്മെന്‍റ് വളരെ മികച്ചതാണ്. വിജയൻ മാഷെയും ബി രാജീവനെയും പോലുള്ള അധ്യാപകര്‍ പഠിപ്പിക്കുന്ന കാലമായിരുന്നല്ലൊ അത്. എന്നെ സംബന്ധിച്ച് സംഘടനാ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യല്‍ എന്നത് സാധിക്കുന്ന കാര്യമല്ല. സയന്‍സ് ഉപേക്ഷിച്ച് മലയാളത്തെ സ്വന്തമാക്കുക എന്നതേയുള്ളു വഴി. അങ്ങിനെയാണ് ഞാൻ ബി എ മലയാളം വിദ്യാര്‍ത്ഥിയായത്. സംസ്കൃതം സബ്സിഡറിയും.
- വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്ന കോടിയേരി ബാലകൃഷ്ണന്റെ തട്ടകമാണല്ലൊ തലശ്ശേരി. താങ്കൾ ബ്രണ്ണനിലേക്ക് വരുമ്പോൾ കോടിയേരിയെ കാണുന്നുണ്ടോ?
പിണറായി അമല സ്കൂളിലെ കെ എസ് എഫ് ക്യാമ്പിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് കോടിയേരി ബാലകൃഷ്ണനെ പരിചയപ്പെടുന്നത്. കോടിയേരി അന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ട്രൗസറും ഷർട്ടുമാണ് വേഷം. ബ്രണ്ണനിൽ ചേർന്ന സമയം തന്നെ എന്നെ കെ എസ് എഫിന്റെ തലശ്ശേരി താലൂക്ക് സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. കോടിയേരി ജോയിൻ്റ് സെക്രട്ടറിയാണ്. പി ജയരാജനും ആ കമ്മറ്റിയിൽ ഉണ്ടായിരുന്നു. അക്കാലത്തെ കോടിയേരി ഡബിൾ എഞ്ചിൻ ഊർജ്ജത്തോടെ എല്ലായിടത്തും എത്തുമായിരുന്നു. മിക്കപ്പോഴും ഹോസ്റ്റലില്‍ വന്ന് കൂടെ ഭക്ഷണം കഴിക്കും, ഒന്നായി കിടന്നുറങ്ങും. ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകളുടെ കടലാഴം ബാക്കിവെച്ചാണ് കോടിയേരി വിട പറഞ്ഞ് പോയത്.
- ബാലേട്ടനെ കുറിച്ച് പറയുമ്പോൾ കോടിയേരി ചിരിച്ചു കൊണ്ട്, ഓണിയൻ സ്കൂളിന് മുന്നിൽ ഒരു കുറുപ്പ് മാഷിനെതിരെ നടത്തിയ പ്രസംഗം സൂചിപ്പിക്കാറുണ്ടായിരുന്നു. എന്താണ് ആ സംഭവം ?
ഞങ്ങൾ തലശ്ശേരി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം കെ എസ് എഫ് യൂണിറ്റുണ്ടാക്കാൻ ഓടി നടക്കുന്ന സമയമാണത്. ഒരു ദിവസം കോടിയേരി ഓണിയൻ സ്കൂളിൽ കെ എസ് എഫ് യൂണിറ്റുണ്ടാക്കാനും സ്കൂളിലും പരിസരത്തും കൊടി നാട്ടാനും ഹെഡ്മാസ്റ്റർ സമ്മതിക്കുന്നില്ല എന്ന പരാതിയുമായി വന്നു. സ്കൂൾ പരിസരത്ത് ഒരു പൊതുയോഗം വെക്കണമെന്ന് കോടിയേരി പറഞ്ഞു. സി പി അബൂബക്കർ അപ്പോൾ ബ്രണ്ണനിൽ എം എയ്ക്ക് പഠിക്കുന്നുണ്ട്. അബൂബക്കറും ഞാനും ഓണിയൻ സ്കൂളിന് മുന്നിലെ പൊതുയോഗത്തിൽ സംസാരിക്കാനായി പോയി. അവിടുത്തെ ഹെഡ്മാസ്റ്ററാണ് കരുണാകര കുറുപ്പ്. ആളെ എനിക്ക് പരിചയമുണ്ട്. ഇദ്ദേഹം ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് കല്ലാച്ചി ഗവൺമെൻറ് സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരുന്നു. ട്രാൻസ്ഫറായി ഓണിയൻ സ്കൂളിൽ വന്നതാണ്. പൊതുയോഗം തുടങ്ങി. കോടിയേരിയാണ് അധ്യക്ഷൻ. അബൂബക്കറിനെ ആദ്യം പ്രസംഗിക്കാനായി ക്ഷണിച്ചു. നല്ല സ്റ്റാൻഡേർഡായി അദ്ദേഹം സംസാരിച്ചു. തുടർന്ന് ഞാനാണ്. മൈക്ക് കിട്ടിയപ്പോൾ തന്നെ ഞാൻ മാഷെ വാക്കുകളാൽ പെരുമാറാൻ തുടങ്ങി. മാഷ് അർശസ്സ് അസുഖത്തിന് ചികിത്സിക്കാൻ പോകുന്നത് എനിക്ക് അറിയാമായിരുന്നു. ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തുന്ന ഈ മാഷിന്റെ അർശ്ശസ് അടിച്ചു പൊട്ടിക്കാൻ ഇടവരുത്തരുതെന്നൊക്കെയാണ് അന്നവിടെ പ്രസംഗിച്ചത്. കുട്ടികൾ എന്റെ പ്രസംഗത്തെ കൈയ്യടിയും ആർപ്പുവിളിയുമായി സ്വീകരിച്ചു. അവിടെ കെ എസ് എഫിന്റെ യൂണിറ്റ് തുടങ്ങി. പതാകയും നാട്ടി. പിന്നീട് കുറുപ്പ് മാഷ് അർശസ്സ് മാഷെന്നാണ് സ്കൂളില്‍ അറിയപ്പെട്ടത്.
- ബാലേട്ടനും കോടിയേരിയും കെ എസ് എഫ് തലശ്ശേരി താലൂക്ക് ഭാരവാഹികൾ ആയിരിക്കുമ്പോഴല്ലേ കോടിയേരിയുടെ ‘’ശാസ്ത്രീയ സോഷ്യലിസ”ത്തെ സംബന്ധിച്ച പത്രപ്രസ്താവന വരുന്നത്? അതായിരുന്നല്ലൊ കോടിയേരിയുടെ ആദ്യത്തെ പ്രസ്താവന. അദ്ദേഹത്തിന്റെ അവസാനത്തെ പത്ര സമ്മേളനത്തിലും താങ്കളുണ്ടായിരുന്നു. ആ ഓർമ്മകൾ പങ്കുവെക്കാമോ?
വല്ലാത്ത യാദൃശ്ചികതയാണ് അത്. കെ എസ് എഫിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റിയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഞാന്‍ സെക്രട്ടറി കോടിയേരി ജോയിൻ്റ് സെക്രട്ടറി. അപ്പോഴാണ് ദേശാഭിമാനി പത്രത്തിന്റെ പ്രാദേശിക പേജിൽ “ശാസ്ത്രീയ സോഷ്യലിസത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കുക : കോടിയേരി ബാലകൃഷ്ണൻ” എന്ന തലക്കെട്ടിൽ ഒരു വാർത്ത വരുന്നത്. താലൂക്ക് കമ്മറ്റിയിൽ ഇത് ചർച്ചയായി. പാട്യം ഗോപാലൻ, പിണറായി വിജയൻ എന്നൊക്കെ വിളിക്കപ്പെടുന്നത് പോലെ ആകാനാണോ ഈ കോടിയേരി ബാലകൃഷ്ണൻ എന്ന് പേര് കൊടുത്തിരിക്കുന്നത്? എവിടുന്നാ ഈ പേര് കിട്ടിയത്? എന്നൊക്കെ കമ്മറ്റിയില്‍ ബാലകൃഷ്ണനെ ഞങ്ങള്‍ നിര്‍ത്തി പൊരിച്ചു. എന്നത്തേയും പോലെ കോടിയേരി മായാത്ത ചിരിയോടെ അക്ഷോഭ്യനായി എല്ലാം കേട്ടിരുന്നു. അക്കാലത്ത് എം ബാലകൃഷ്ണൻ എന്നാണ് കോടിയേരിയുടെ പേര്. അന്തരിച്ച ഇ നാരായണനാണ് അന്ന് ദേശാഭിമാനിയുടെ തലശ്ശേരി ലേഖകൻ. കോടിയേരിയുടെ ചങ്ങാതിയാണ് അദ്ദേഹം. അങ്ങിനെയാണ് ആ വാർത്ത വരുന്നത്. കാലമേറെ കഴിയും മുമ്പെ ഞാനടക്കം ആ കമ്മറ്റിയിലുള്ളവരെല്ലാം ബാലകൃഷ്ണനെ, കോടിയേരി എന്ന് വിളിക്കാൻ തുടങ്ങി. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ, പാർട്ടിയുടെ ഒക്കെ നേതൃത്വത്തിലേക്ക് കുതിക്കാനുള്ള അസാമാന്യമായ നേതൃപാടവം കോടിയേരിയുടെ സവിശേഷതയായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ലീഡര്‍ഷിപ്പ് ക്വാളിറ്റി പ്രകടമാക്കിയതാണ് ബാലകൃഷ്ണന്‍ എന്ന് ഞാന്‍ പലരോടും പറയുന്നതുകേട്ട് ബാലകൃഷ്ണന്‍ ഉള്ളുതുറന്ന് ചിരിച്ചിട്ടുണ്ട്. അന്ന് ദേശാഭിമാനിയിൽ വന്നത് കോടിയേരിയുടെ ആദ്യത്തെ പത്രക്കുറിപ്പ് ആയിരുന്നെങ്കില്‍, കോടിയേരിയുടെ അവസാനത്തെ പത്രസമ്മേളനം 2022 ആഗസ്ത് 12നായിരുന്നു. അന്നും ഞാന്‍ കൂടെയുണ്ട്. ആഗസ്ത് 10,11,12 തീയതികളിൽ നടന്ന സിപിഐ എം സംസ്ഥാന കമ്മറ്റിക്കുശേഷമായിരുന്നു ഈ പത്രസമ്മേളനം. കമ്മറ്റി കഴിഞ്ഞപ്പോൾ പത്രസമ്മേളനം വിളിക്കേണ്ട പത്രക്കുറിപ്പ് കൊടുത്താൽ മതിയെന്ന് കോടിയേരിയോട്, പിണറായി പറഞ്ഞതായിരുന്നു. കാരണം അന്ന് വീൽചെയറിലാണ് കോടിയേരി കമ്മറ്റിക്ക് വന്നത്. കോടിയേരിക്ക് നടക്കാൻ പറ്റാത്ത കാര്യം പത്രക്കാർ അറിയേണ്ട എന്നതിനാലാണ് പിണറായി അങ്ങനെയൊരഭിപ്രായം പറഞ്ഞത്. എന്നാൽ, പത്രസമ്മേളനം നടത്തണമെന്ന് കോടിയേരി പറഞ്ഞു. അങ്ങനെയാണെങ്കിൽ ബാലനെയും കൂടി കൂടെ കൂട്ടണമെന്ന് പിണറായി പറഞ്ഞതുകൊണ്ടാണ് ഞാനും പത്രസമ്മേളനത്തിൽ ഒപ്പമുണ്ടായത്. മൂന്ന് പ്രധാനപ്പെട്ട സംഘടനാ രേഖകൾ അംഗീകരിച്ച സംസ്ഥാന കമ്മിറ്റിയ്ക്ക് ശേഷമായിരുന്നു ആ പത്രസമ്മേളനം. പതിവ് പോലെ കോടിയേരി സംസാരിച്ചു. തീരെ വയ്യെങ്കിലും എത്ര മനോഹരമായിട്ടാണ്, സ്വീക്വിൻസിലാണ്, ലോജിക്കലായാണ് കൊടിയേരി അവതരണം നടത്തുന്നത് എന്നുകണ്ട് ഞാൻ അതിശയത്തോടെ ഇരുന്നു. പത്രസമ്മേളനം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പത്രക്കാർ പോകും വരെ അവിടെ ഇരുന്നു. കോടിയേരിക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതും വീൽ ചെയറിൽ പോകുന്നതും പത്രക്കാർ മനസ്സിലാക്കേണ്ടെന്ന് കരുതിയാണ് അങ്ങനെ ഇരുന്നത്. പത്രക്കാരൊക്കെ പോയപ്പോൾ ബാലകൃഷ്ണനെ വീൽചെയറിൽ ഇരുത്തി, അതിൽ പിടിച്ചുകൊണ്ട് ഞാൻ മുകളിൽ നിന്ന് ലിഫ്റ്റിൽ താഴേക്ക് വന്നു. വലതുകൈ കൊണ്ട് വീല്‍ചെയറിലിരിക്കുന്ന ബാലകൃഷ്ണനെ ചേർത്തു പിടിച്ചു. അറിയാതെ ഞാൻ കരഞ്ഞു പോയി. ബാലകൃഷ്ണനും വിതുമ്പുകയായിരുന്നു. ഞങ്ങളുടെ കെ എസ് എഫ് കാലം. ശാസ്ത്രീയ സോഷ്യലിസം ഉയർത്തിപ്പിടിക്കുക എന്ന് പറഞ്ഞതിന് ഞാൻ ബഹളം വെച്ചത്. ഇപ്പോൾ ഒരു പത്രസമ്മേളനം കഴിഞ്ഞ് കണ്ണീരണിഞ്ഞ് പുറത്തേക്ക് പോവുകയാണ് ഞങ്ങൾ. ഒരു കാലത്ത് പരസ്പരം നിഴൽ പറ്റി ജീവിച്ച രണ്ടുപേരായിരുന്നു ഞങ്ങൾ. ഒരു നിമിത്തം പോലെ ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഞാൻ കൂടെ ഉണ്ടായിരുന്നു. ബാലകൃഷ്ണന്റെ വേർപാട് ഒരു ദുസ്വപ്നം മാത്രമാണോ എന്ന് പലപ്പോഴും ഞാൻ ശങ്കിക്കാറുണ്ട്. അത്രമേൽ ഇഷ്ടമുള്ള വ്യക്തിത്വമായിരുന്നു.
- കോടിയേരിയുമായി വല്ലാത്തൊരാത്മബന്ധം ഉണ്ടായിരുന്നു അല്ലെ?
അതെ. സമാതകളില്ലാത്ത ആത്മബന്ധമായിരുന്നു. അത് തലശ്ശേരിയിൽ നിന്ന് ഉണ്ടാവുന്നതാണ്. ട്രൗസറിട്ട് നടക്കുന്ന ബാലകൃഷ്ണനെ മുതൽ പാർട്ടി സംസ്ഥാന കമ്മറ്റി യോഗത്തിൽ അവസാന വാക്കായി മാറുന്ന കോടിയേരിയെ വരെ എനിക്കറിയാം. ഞാൻ എന്നും കൂടെയുണ്ടായിരുന്നു. ബ്രണ്ണൻ കോളേജിൽ ഞാൻ പഠിക്കുന്ന കാലത്ത് ബാലകൃഷ്ണന്‍ എന്നും ഹോസ്റ്റലില്‍ വരും. ഭക്ഷണം കഴിക്കാനാണ്. ആ കാലത്ത് ഉച്ചഭക്ഷണം കഴിക്കാനുള്ള പണമൊന്നും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരുടെ കൈയ്യിലുണ്ടാവില്ല. മിക്കവാറും പട്ടിണി കിടന്നാവും പ്രവര്‍ത്തിക്കുക. ബ്രണ്ണന്‍ ഹോസ്റ്റലിലെ മെസ് സെക്രട്ടറിയായി പ്രവർത്തിക്കുന്നത് കൊണ്ട് ഞാന്‍ ഉച്ചയ്ക്കുള്ള ഭക്ഷണം റൂമിലേക്ക് കൊണ്ടുപോകും. മിക്കവാറും രണ്ടുപേർക്കുള്ള ഭക്ഷണം പാത്രത്തില്‍ കാണും ചില ദിവസങ്ങളിൽ അങ്ങനെയെടുക്കാൻ മാത്രം ഭക്ഷണം മെസ്സില്‍ കാണില്ല. ഒരാൾക്കുള്ളത് മാത്രമേ കാണൂ. ഞാൻ കഴിക്കാൻ തുടങ്ങുമ്പോഴാകും ബാലകൃഷ്ണൻ വരുന്നത്. ഭക്ഷണം അയാൾക്ക് കൊടുക്കും. ഞാൻ കഴിച്ചു എന്ന് പറയും. ബ്രണ്ണനിലെ പഠനം കഴിഞ്ഞ് കോഴിക്കോട് ലോ കോളേജില്‍ ചേര്‍ന്ന സമയത്ത് അവിടെ കോസ്മോപൊളിറ്റൻ ഹോസ്റ്റലിലും ബാലകൃഷ്ണൻ സ്ഥിരം സന്ദർശകനായിരുന്നു. രാവിലെയും ഉച്ചയ്ക്കും അവിടെ ഭക്ഷണം കാണും. എന്റെ കട്ടിലിൽ ഞങ്ങൾ രണ്ടാളും ഉറങ്ങും. അമ്മയേക്കാൾ കൂടുതൽ ഭക്ഷണം ഞാനല്ലേ തന്നതെന്ന് ചോദിച്ച് ഇടയ്ക്ക് ബാലകൃഷ്ണനെ ഒന്ന് പ്രകോപിപ്പിക്കും. അപ്പോഴൊക്കെ ചിരിച്ചുകൊണ്ടിരിക്കുന്ന കോടിയേരി എന്റെ ഉള്ളില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല.
ബാലകൃഷ്ണന്റെ വീട് എനിക്ക് അന്യമായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് ഞാൻ അവിടെ പോകും. താമസിക്കും. കോടിയേരിയുടെ അമ്മ എന്റെയും അമ്മയായിരുന്നു. സ്നേഹത്തിന്റെയും കരുതലിന്റെയും ആള്‍രൂപമായിരുന്നു അവര്‍. ആ അമ്മയുണ്ടാക്കുന്ന മത്തിക്കറിയുടെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്. അന്ന് പഴയൊരു വീടായിരുന്നു. ആ വീട് ഇപ്പോള്‍ നവീകരിച്ചു. പുതിയ രണ്ടു വീടുകള്‍ കൂടി വന്നു. അന്ന് വരണ്ട ഭൂമിയായിരുന്നു. ഇന്ന് നന്നായി പച്ചപിടിച്ച പറമ്പായി. ലോകസഭയിലേക്ക് നോമിനേഷൻ കൊടുക്കാൻ പോകുന്നതിന്റെ തലേദിവസം ഞാൻ പോയത് ബാലകൃഷ്ണന്റെ വീട്ടിലേക്കാണ്. ഞങ്ങൾ ഒരേ കട്ടിലിൽ കിടന്നുറങ്ങി. പിറ്റേന്ന് വടകരയിൽ പോയി കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റും വാങ്ങി നേരെ ഒറ്റപ്പാലത്ത് പോയി നോമിനേഷൻ കൊടുക്കുകയായിരുന്നു. ഇപ്പോഴത്തെ സഖാക്കൾ തമ്മിൽ ഇത്തരം ഒരാത്മബന്ധം ഉണ്ടോ എന്നതിൽ സംശയമുണ്ട്.
- പിണറായി വിജയനുമായും താങ്കള്‍ക്ക് വളരെ അടുപ്പമാണല്ലൊ ഉള്ളത്? ബ്രണ്ണനില്‍ പഠിക്കുമ്പോഴേയുള്ള ആത്മബന്ധം ഇപ്പോഴും തുടരുകയാണല്ലൊ. ആ കാലത്തെ പിണറായിയെ ഓര്‍ത്തെടുക്കാനാവുമോ?
അന്നത്തെ പിണറായിയെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നത് തലശ്ശേരി കോടതിയുടെ മുന്നിലുള്ള കടലില്‍ ഇറങ്ങി കുട്ടികളെ രക്ഷിക്കുന്നപിണറായിയുടെ ദൃശ്യമാണ്. 1969 നവമ്പറിലാണ് അത്. അന്ന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സിംഗിൾ ബെഞ്ചിന്റെ ഒരു വിധി ഉണ്ടായിരുന്നു. വിദ്യാലയ മാനേജ്മെന്റുകള്‍ നിയമനം നടത്തുമ്പോൾ അവർക്ക് മുൻതൂക്കം കിട്ടുന്ന ഒരു വിധിയായിരുന്നു അത്. അതിനെതിരെ കെഎസ്എഫ് പഠിപ്പുമുടക്ക് സമരം ആഹ്വാനം ചെയ്തു. സമരത്തിന്റെ ഭാഗമായി കോടതിയിലേക്ക് കെ എസ് എഫ് മാര്‍ച്ച് സംഘടിപ്പിച്ചു. ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു നേതൃനിരയില്‍. സിആർപിഎഫാണ് കോടതിയുടെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. അവര്‍ അടിക്കാന്‍ തുടങ്ങിയാല്‍ ഒരു രക്ഷയുമുണ്ടാകില്ല. ഞങ്ങള്‍ സി ആര്‍ പി എഫ് വലയെ ഭേദിച്ച് കോടതിയ്ക്കകത്തേക്ക് കയറി. പിന്നെ പൊരിഞ്ഞ അടിയാണ്. എന്റെ നെഞ്ച് രണ്ട് ലാത്തികൊണ്ട് ഒന്നാക്കി അമര്‍ത്തി. വേദനകൊണ്ട് പിടഞ്ഞുപോയി. പോലീസുകാര്‍ തല്ലി ചതച്ച് വലിച്ചെറിയുകയാണ്. കുട്ടികള്‍ പ്രാണരക്ഷാര്‍ത്ഥം കോടതിയില്‍ നിന്ന് ഇറങ്ങിയോടുമ്പോള്‍ പിറകെ വന്ന് സി ആര്‍ പി എഫുകാര്‍ അടിക്കുന്നു. അപ്പോള്‍ മുന്നിലുള്ള കടലിലേക്ക് ജിവനും കൊണ്ട് കുട്ടികള്‍ ചാടുകയാണ്. പിണറായി വിജയന്‍ അന്ന് തലശ്ശേരി ഏരിയാ സെക്രട്ടറിയാണ്. അടിയുടെ വിവരം അറിഞ്ഞ് പിണറായി കോടതിയുടെ മുന്നിലെത്തി. സി ആര്‍ പി എഫുകാരോട് അടി നിര്‍ത്താന്‍ അലറുന്ന പിണറായിയും സഖാക്കളും അവരെ വകവെക്കാതെ മര്‍ദ്ദനം നടത്തുന്ന പോലീസ്. അവര്‍ക്കിടയിലേക്ക് ധൈര്യപൂര്‍വ്വം തടസ്സമായി നില്‍ക്കുന്ന പിണറായി. ഇടയില്‍ അദ്ദേഹത്തിനും മര്‍ദ്ദനമേല്‍ക്കുന്നുണ്ട്. അടി ഒന്നൊതുങ്ങിയപ്പോള്‍ കടലില്‍ ചാടിയ കുട്ടികളെ രക്ഷിക്കാനായി മുണ്ടും മാടിക്കെട്ടി പിണറായി കടലിലേക്ക് ഇറങ്ങുകയാണ്. തീരമില്ലാത്ത കടലാണ് അവിടെയുള്ളത്. ഉരുളന്‍പാറകളും കടലുമാണ്. പാറകള്‍ക്കിടയിലൂടെ സാഹസികമായി കടലിലേക്കിറങ്ങി ഓരോരുത്തരെയായി രക്ഷിക്കുന്ന പിണറായി വിജയനും സഖാക്കളും. വല്ലാത്തൊരു കാഴ്ചയായിരുന്നു അത്. . കണ്ണൂര്‍ യാത്രയില്‍ ഇപ്പോഴും ഞാന്‍ ഈ കടല്‍ നോക്കിനില്‍ക്കും. സംഘര്‍ഷവേളയില്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ എന്തായിരിക്കണമെന്നുള്ള പാഠമായിരുന്നു പിണറായിയുടെ ആ ധീരത.
ബ്രണ്ണന്‍ കോളേജില്‍ പിണറായി നടത്തിയ ഒരു ഇടപെടല്‍ ഈ ഇടയ്ക്ക് വലിയ ചര്‍ച്ചയായിരുന്നല്ലൊ. അതും കെ എസ് എഫ് കാലമാണ്. ഞങ്ങള്‍ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം പ്രഖ്യാപിച്ച സമയം. കെ.എസ്.എഫ് ആഹ്വാനം ചെയ്താല്‍ കോളേജ് സ്തംഭിക്കാറില്ല. പ്യൂണിനെക്കൊണ്ട് ബെല്ലടിപ്പിച്ച് കോളേജ് അടപ്പിക്കും. അതാണ് രീതി. ബ്രണ്ണനില്‍ ഒരു ടി വി ബാലന്‍ മാഷുണ്ട്. മീശ ബാലന്‍. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസില്‍ പോയി കുട്ടികളെ വിടാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. മാഷ് കുട്ടികളെ വിട്ടില്ല. അത് ബയോളജി ക്ലാസിന്റെ സമയമാണ്. അപ്പോള്‍ അവിടെ വാഗ്വാദമായി. അക്കാലത്ത് കെ എസ് എഫിന്റെ സമരം പൊളിക്കാന്‍ കെ എസ് യു നേരിട്ട് രംഗത്ത് വരും. അവര്‍ കായികമായി ആക്രമിക്കും. ബ്രണ്ണനിലെ കെ എസ് യു നേതാവായ കെ സുധാകരന്‍ ആ ക്ലാസിന് മുന്നിലേക്ക് എന്നെയും സഖാക്കളെയും ആക്രമിക്കുക എന്ന ഉദ്ദേശത്തോടെ വരികയാണ്. ആ സമയത്ത് ഒരു പരീക്ഷ എഴുതാനായി പിണറായി വിജയന്‍ ബ്രണ്ണനില്‍ വന്നിട്ടുണ്ടായിരുന്നു. സംഘര്‍ഷ സാധ്യത മനസ്സിലാക്കിയ പിണറായി താഴത്തെ ക്ലാസ് മുറിയില്‍ നിന്നും ഞങ്ങള്‍ നില്‍ക്കുന്ന രണ്ടാം നിലയില്‍ വന്നു. അപ്പോഴേക്കും സുധാകരനും ഞങ്ങളും പരസ്പരം വെല്ലുവിളിച്ചുകൊണ്ട് നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അടി പൊട്ടാറായി. അവിടേക്കാണ് പിണറായി വന്നത്. വരുമ്പോള്‍ തന്നെ കൈയടിച്ച് വലിയ ശബ്ദമുണ്ടാക്കി, എതിരാളിയില്‍ ഭീതിയുണര്‍ത്തുന്ന രീതിയില്‍ മാറി പോകാന്‍ ആക്രോശിക്കുകയാണ്. പിണറായി അഭ്യാസിയാണ്. അടിതടയൊക്കെ പഠിച്ചിട്ടുണ്ട്. പിണറായിയെ കണ്ടതോടെ കെ എസ് എഫിന്റെ കുട്ടികളൊക്കെ ധൈര്യപൂര്‍വ്വം ഉഷാറായി നില്‍ക്കുകയാണ്. സുധാകരന് അടിവീഴുമെന്ന ഘട്ടം വന്നപ്പോള്‍ മാഹി ബാലനൊക്കെ ഓടിവന്ന് ഇടപെട്ടു. പിണറായിയെ തണുപ്പിച്ച്, സുധാകരനോട് പോകാന്‍ പറഞ്ഞ് അവര്‍ അന്തരീക്ഷം സമാധാനപൂര്‍ണമാക്കി. ഇതിനൊക്കെ ഞാനും ആ കാലത്ത് ബ്രണ്ണനില്‍ പഠിച്ച വിദ്യാര്‍ത്ഥികളും ദൃക്സാക്ഷികളാണ്. അപ്പോള്‍ പിണറായി ബ്രണ്ണനിലെ വിദ്യാര്‍ത്ഥിയല്ല. പരീക്ഷയെഴുതാനാണ് അവിടെ വന്നത്. ഇതൊക്കെ സുധാകരന് നന്നായി അറിയാം. ഇതാണ് പിണറായി പിന്നീട് സൂചിപ്പിച്ച പ്രമാദമായ 'ചില പ്രത്യേക ആക്ഷന്‍'.
1969ല്‍ കെ എസ് എഫിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമയം. ആ സമ്മേളനത്തിലാണ് പിണറായി ഒഴിയുന്നത്. സമ്മേളനത്തിന്റെ അവസാന ഒരുക്കത്തിലാണ് ഞങ്ങളുള്ളത്. തലശ്ശേരി നഗരത്തില്‍ അലങ്കാരം നടത്തുകയാണ്. പിണറായി കൊടിനാട്ടാനുള്ള കുഴിയെടുക്കാന്‍ കമ്പിപാരയുമായി ഞങ്ങളെ നയിക്കുന്നു. കൊടിയും അത് കെട്ടേണ്ട കഴകളുമായി ഞാനും കെ ഇ ഗംഗാധരനും സുദര്‍ശനന്‍ മാഷുമൊക്കെ കൂടെയുണ്ട്. സമയം രാത്രി 12 മണി കഴിഞ്ഞു. തലശ്ശേരി പഴയ മുകുന്ദ് ടാക്കീസിന്റെ അടുത്ത് ഒരു ലോറി നിര്‍ത്തിയിട്ടിട്ടുണ്ട്. നിറയെ മധുരനാരങ്ങയാണ്. ഗംഗന്‍ ലോറിയില്‍ നിന്നും ഒരു ഓറഞ്ച് എടുത്തു. കൂടെ ഞാനുമുണ്ട്. അതുകണ്ട ലോറിക്കാരും കൂടെയുള്ളവരും ഞങ്ങളെ തല്ലാനായി വന്നു. ഇതുകണ്ട പിണറായി കൈയ്യിലെ കമ്പിപ്പാരയുമായി അങ്ങോട്ട് വന്നു. പാര നിലത്തേക്ക് ആഞ്ഞടിച്ച് ശബ്ദമുണ്ടാക്കിയപ്പോള്‍ തല്ലാന്‍ വന്നവര്‍ ഒന്ന് പതറി. അധികം കളിക്കല്ലേയെന്ന് അവരോട് പറഞ്ഞ് ഞങ്ങളെയെല്ലാം കൂട്ടി പിണറായി പാര്‍ട്ടി ഏരിയാ കമ്മറ്റി ഓഫീസിലേക്ക് പോയി. പാട്യം ഗോപാലനാണ് സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍. ഏരിയാ കമ്മറ്റി ഓഫീസില്‍ പാട്യം ഉണ്ട്. ഓറഞ്ച് വിഷയമൊക്കെ അദ്ദേഹം അറിഞ്ഞു. പിന്നെ പുലഭ്യത്തിന്റെ വെടിക്കെട്ടാണ്. പൂരപ്പറമ്പില്‍ പോയത് പോയതുപോലെ. പാട്യം ചീത്ത പറയാന്‍ തുടങ്ങിയാല്‍ പിന്നെ ഒരു നിവൃത്തിയുമുണ്ടാവില്ല. ഈ എരപ്പന്‍മാരെ വെച്ചൊന്നും സമ്മേളനം നടത്താന്‍ പറ്റില്ല. സമ്മേളനം നടത്തേണ്ടതില്ല എന്നൊക്കെയാണ് പാട്യം പറയുന്നത്. ഒരു ഓറഞ്ച് എടുത്തതിന് സമ്മേളനം മുടങ്ങുക എന്നത് ഒന്ന് ആലോചിച്ച് നോക്കൂ. ഗംഗനും ഞാനും വാടിയ ഇലകള്‍ പോലെ തളര്‍ന്നിരിപ്പാണ്. രാത്രി വിശന്നു കുടല് കത്തിയപ്പോള്‍ എടുത്തുപോയതാണ്. അപ്പോഴുണ്ട് ടി സി ഉമ്മറെന്ന മുതിര്‍ന്ന സഖാവ് പാര്‍ട്ടി ഓഫീസിലേക്ക് കയറി വരുന്നു. കൂടെ മറ്റൊരാളുമുണ്ട്. അദ്ദേഹത്തിന്റെ കൈയ്യില്‍ മധുരനാരങ്ങ നിറച്ച ഒരു കൂടയുമുണ്ട്. സി എച്ചിന്റെ കൂടെയൊക്കെ പ്രവര്‍ത്തിച്ച സഖാവാണ് ടി സി ഉമ്മര്‍. ഒരു ആജാനബാഹു. നസ്സ സ്വാധീനമുള്ള സഖാവാണ്. കുട്ടികള്‍ ഏതാണെന്ന് ഇവര്‍ക്ക് മനസ്സിലായില്ല അങ്ങിനെ പറ്റിയൊരു പിശകാണ്. നിങ്ങള് വിഷമിക്കേണ്ട. വയറ് നിറയെ കഴിച്ചോളൂ എന്ന് പറഞ്ഞ് ഓറഞ്ച് കൂട അവിടെ വെച്ച് അവര്‍ പോയി. ടി സി ഉമ്മര്‍ സംസാരിച്ചതോടെ പാട്യം അയഞ്ഞു. ഇത്തരത്തില്‍ ഒരുപാട് സന്ദര്‍ഭങ്ങള്‍ പിണറായിയുടേതായി ഓര്‍ത്തെടുക്കാനുണ്ട്.
പിണറായിക്ക് ഒരു മൗലികത ഉണ്ട്. നമ്മളോട് വളരെ അടുപ്പം ഉണ്ടെങ്കിലും ഒരു അകൽച്ച പാലിക്കും. വല്ലാത്ത രൂപത്തിലുള്ള ആത്മബന്ധം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കില്ല. എന്നാൽ, ഉള്ളില്‍ അതുണ്ടാവും. ഒരിക്കൽ പിണറായിയുമായി അടുത്താല്‍ പിന്നെ അകന്നു പോകാന്‍ നമുക്ക് സാധിക്കില്ല. പിണറായി അകൽച്ച കാണിച്ചാലും അദ്ദേഹത്തോട് കാന്തവും സൂചിയും പോലുള്ള ഒരു ആകർഷകത്വം നമുക്കുണ്ടാവും. അങ്ങിനെയൊരു വ്യക്തിത്വമാണ് പിണറായി. അത് മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. ഇത്തരത്തില്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന നിരവധി സംഭവങ്ങള്‍ ഉണ്ട്.
- ബാലേട്ടന്റെ വലതുകാലിനുള്ള സ്വാധീന കുറവ് കെ എസ് യുക്കാര്‍ അടിച്ചൊടിച്ചുണ്ടായതല്ലേ? എപ്പോഴായിരുന്നു അത്?
അത് ബ്രണ്ണൻ കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന സമയത്താണ്. ഹോസ്റ്റലിൽ ദേശാഭിമാനി പത്രം ഇടാറില്ല. ഞാന്‍ ഒരു ദേശാഭിമാനി വരുത്താന്‍ തുടങ്ങി. ഒരു ദിവസം കെ എസ് യുവിന്റെ ഒരു നേതാവ് ദേശാഭിമാനി വായിച്ചിട്ട് ഇത് നുണ പത്രമാണെന്ന് പറഞ്ഞു. എന്നേക്കാള്‍ നല്ല ഉയരവും ഇരട്ടി വണ്ണവുമൊക്കെയുള്ള ആളാണ്. അയാള്‍ ദേശാഭിമാനിയെ അപമാനിച്ച് സംസാരിക്കാന്‍ തുടങ്ങി. എനിക്കത് സഹിച്ചില്ല. ഞാന്‍ ചാടി എഴുനേറ്റ് ഒരടി വെച്ചുകൊടുത്തു. അയാൾ താഴെ വീണുപോയി. പെട്ടെന്ന് ചാടി എഴുനേറ്റ് എന്റെ കാല് പിടിച്ച് തിരിച്ചു. അപ്പോള്‍ കാലിന്റെ കാർട്ടിലേജ് പൊട്ടി. അപ്പോള്‍ അതങ്ങ് ശരിയായി. പക്ഷെ, കുറച്ചു കഴിഞ്ഞപ്പോള്‍ പടി കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും കാല് സ്ലിപ്പ് ആവും. കൂടാതെ പ്രാണന്‍ പോകുന്ന വേദനയും. അപ്പോൾ ചിലപ്പോൾ വീണുപോകും. കോഴിക്കോട് ലോ കോളേജിൽ പഠിക്കുന്ന സമയത്ത് പലരും എന്നോട് ഇത് കൂടുതല്‍ പ്രശ്നമാകും ഓപ്പറേഷന്‍ നടത്തുന്നതാണ് നല്ലതെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി. എന്റെ കൂടെ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന ചന്ദ്രശേഖരൻ അവിടെ എം ബി ബി എസിന് പഠിക്കുന്നുണ്ടായിരുന്നു. അയാളുടെ സഹായത്തോടെ ഡോക്ടറെയൊക്കെ കാണിച്ചു. ഓപ്പറേഷൻ നടത്തി. മൂന്നുമാസം കിടപ്പില്‍ തന്നെ. കാർട്ടിലേജ് പൊട്ടിയ കാലിന് ഇപ്പോഴും ചെറിയ സ്വാധീനകുറവുണ്ട്. വലിയ ഓപ്പറേഷനാണ് നടത്തിയത്. അപ്പോള്‍ കുറെ മസിലും നഷ്ടപ്പെട്ടു. ഇന്നാണെങ്കിൽ കീഹോൾ സർജറി മതിയായിരുന്നു. കുറേക്കാലം എക്സര്‍സൈസ് ചെയ്തു. കുറെയൊക്കെ നേരെയായി. ഓപ്പറേഷന്‍ കഴിഞ്ഞുള്ള മൂന്നുമാസം നന്നായി ബുദ്ധിമുട്ടി. വീട്ടിലും ആശുപത്രിയിലും ഒക്കെയായി കഴിഞ്ഞു. കൈയിലാണെങ്കില്‍ അഞ്ചു പൈസ ഇല്ലായിരുന്നു. ദുരഭിമാനം നിമിത്തം ഒരോളോടും സഹായം ചോദിച്ചുമില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. മൂന്ന് ബസ്സില്‍ കയറി വീട്ടില്‍ എത്തി. ഒറ്റയ്ക്ക് നടക്കാന്‍ കഴിയില്ല. അനുജന്‍ ശ്രീധരന്‍ സഹായിച്ചാണ് വീട്ടില്‍ എത്തിയത്. മനസ്സ് ശൂന്യതയിലായിരുന്നു. പിന്നീട് വീണ്ടും കോഴിക്കോട് ലോ കോളേജില്‍ എത്തി സജീവമായി. അപ്പോള്‍ എസ് എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
- കേരളത്തിലെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായിരുന്ന കെ എസ് എഫ് പോലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രസ്ഥാനങ്ങളും ലയിപ്പിച്ച് സ്റ്റുഡൻ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ; എസ് എഫ് ഐ രൂപീകരിക്കുകയായിരുന്നല്ലൊ. ആ കാലഘട്ടത്തെ കുറിച്ച്…
എസ് എഫ് ഐയുടെ രൂപീകരണ സമ്മേളനത്തിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ഒന്നാം സംസ്ഥാന സമ്മേളനം 1971 ല്‍ പാലക്കാട് വച്ചായിരുന്നു. ആദ്യമായാണ് പാലക്കാട് പോകുന്നത്. മോയിൻ സ്കൂളിലായിരുന്നു സമ്മേളനം. ഞാനന്ന് ബ്രണ്ണൻ കോളേജിലാണ്. ജി സുധാകരനാണ് സമ്മേളനത്തിൽ പതാക ഉയർത്തിയത്. പ്രസീഡിയത്തിൽ കോടിയേരി ഉണ്ടായിരുന്നു. അന്ന് സംസ്ഥാന സെക്രട്ടറി രവിയും പ്രസിഡൻ്റ് ജി സുധാകരനുമാണ്. എസ് എഫ് ഐയുടെ രണ്ടാം സംസ്ഥാന സമ്മേളനം കോട്ടയത്ത് സംഘടിപ്പിച്ചപ്പോൾ സംസ്ഥാന കമ്മറ്റി പാനലിൽ ഞാൻ ഉണ്ടായിരുന്നു. പക്ഷെ, എന്നെ കമ്മറ്റിയിൽ ഉൾപ്പെടുത്തിയില്ല.
- അതെന്ത് പറ്റി? തുടക്കത്തിൽ തന്നെ വിഭാഗീയത ഉണ്ടായിരുന്നോ?
ഏയ് അതൊന്നുമല്ല.
സമ്മേളനത്തിന്റെ ഭാഗമായി ഞാൻ നടത്തിയ ഒരു പ്രസംഗം വളരെ വിവാദമായി. ആ സമയത്ത് നന്നായി വായിക്കുമായിരുന്നു. ഷേക്സ്പിയർ കൃതികളൊക്കെ വല്ലാത്ത സ്വാധീനിച്ച കാലമാണ്. മാക്ബത്ത് തലക്ക് പിടിച്ച സമയത്തായിരുന്നു സമ്മേളനം. ബ്ലഡും ബ്ലഡിയുമാണല്ലൊ അതിന്റെ കഥ. സമ്മേളന റിപ്പോർട്ടിൽ നിറയെ സുധാകരന്റെ പേരുണ്ട്. മാക്ബത്തിലെ ബ്ലഡിനും ബ്ലഡിക്കും സമാനമാണ് ജി സുധാകരനും എസ് എഫ് ഐയും തമ്മിലുളള ബന്ധം എന്ന് എന്റെ പ്രസംഗത്തിൽ പറഞ്ഞു. പറയാൻ പാടില്ലാത്ത പ്രയോഗമായിരുന്നു അത്. ആ കാലത്ത് ആരെയും വകവെക്കുന്ന ഒരു സ്വഭാവം എനിക്കില്ല. ആ സമയത്ത് ബ്രണ്ണനിൽ ഒരു ദിവസമൊഴിയാതെ എസ് എഫ് ഐ - കെ എസ് യു തമ്മിലുള്ള സംഘർഷമാണ്. അതിന്റെ ഭാഗമായി ജേതാവിന്റെ ഒരഹങ്കാരം ഉള്ളിലുണ്ട്. അപ്പോൾ അതൊക്കെ ഉള്ളിൽ വെച്ചുള്ള ഒരു പ്രസംഗമായിരുന്നു സമ്മേളനത്തിൽ നടത്തിയത്. സുധാകരന് എന്റെ പ്രയോഗങ്ങൾ വല്ലാത്ത വിഷമമുണ്ടാക്കി. സമ്മേളനത്തിന്റെ ചുമതലക്കാരൻ സഖാവ് നായനാരാണ്. അദ്ദേഹം എന്നെ വിളിച്ചു. നീ സുധാകരനോട് സമ്മേളനത്തിൽ മാപ്പ് പറയണമെന്ന് പറഞ്ഞു. എന്നെ അതിന് കിട്ടില്ലെന്ന് ഞാൻ നായനാരോട് മറുപടി പറഞ്ഞു. നീ എവിടുന്നാ വരുന്നത്, കൂത്തുപറമ്പിൽ നിന്നാണോ? നായനാർ എന്നോട് ചോദിച്ചു. ആ ചോദ്യത്തിന് പിന്നിൽ ഒരു കാര്യമുണ്ട്. പിണറായിയുടെ കൂടെയൊക്കെ പ്രവർത്തിച്ച ഒരു നന്ദനനുണ്ട്. അയാൾ പിന്നീട് നക്സലായി. അയാളുടെ സ്വഭാവമുള്ള ആളാണോ എന്ന് ധ്വനിപ്പിച്ചാണ് ആ ചോദ്യം. ഞാൻ നാദാപുരത്ത് നിന്നാണെന്ന് മറുപടി പറഞ്ഞു. ഓ അപ്പോൾ എ കണാരന്റെ കാറ്റായിരിക്കും എന്നായി നായനാർ. ആരുടെയും കാറ്റല്ല, ഞാൻ എനിക്ക് തോന്നിയത് പറഞ്ഞതാണ്. നായനാരോടുള്ള എന്റെ തർക്കുത്തരം മുറുകി. മാപ്പ് പറയാൻ സ്റ്റേജിന്റെ മുന്നിലേക്ക് വരാൻ നായനാർ പറഞ്ഞപ്പോൾ, പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് വരാന്തയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ എതിരെ ജി സുധാകരൻ വരുന്നു. ഞാൻ നിന്നു. സുധാകരാ, അടുത്ത സമ്മേളനത്തിന് കാണാം. ഞാൻ ബ്രണ്ണൻ കോളേജിലെ ചെയർമാനായാണ് വരിക. നോക്കിക്കോ. ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ എന്തൊരു ധിക്കാരമാണ് ഞാൻ കാണിച്ചത്. എന്തായാലും എസ് എഫ് ഐയുടെ മൂന്നാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ ഞാൻ ബ്രണ്ണൻ കോളേജ് ചെയർമാനാണ്. കൊല്ലം സമ്മേളനത്തിൽ സുധാകരൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറി. ആ സമ്മേളനത്തിൽ വെച്ചാണ് കോടിയേരി സംസ്ഥാന സെക്രട്ടറി ആവുന്നത്. ഞാൻ എസ് എഫ് ഐ സംസ്ഥാന കമ്മറ്റിയിലേക്ക് വരുന്നതും അവിടെ വെച്ചാണ്.
- ബാലേട്ടന്റെ ജൂനിയറായിരുന്ന കോടിയേരി സംസ്ഥാന സെക്രട്ടറിയായപ്പോൾ ഉള്ളിൽ ഒരസംതൃപ്തി തിളച്ച് പൊങ്ങിയോ? ഇത്രയൊക്കെ ചെയ്തിട്ടും നേതൃത്വത്തിലേക്ക് ഉയരാൻ പറ്റിയില്ല എന്ന നിരാശാബോധം ഉണ്ടായോ?
ഒരിക്കലുമില്ല. ബാലകൃഷ്ണൻ സെക്രട്ടറി ആയതിൽ ഏറ്റവുമധികം സന്തോഷിച്ചയാളാണ് ഞാൻ. അയാൾ അർഹിക്കുന്നതായിരുന്നു ആ സ്ഥാനം. എന്റെയും കോടിയേരിയുടെയും പ്രവർത്തന ശൈലിയിൽ വ്യത്യാസമുണ്ട്. ഞാൻ കോളേജ് കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചത്. എന്നാൽ, കോടിയേരി അക്കാദമിക് പ്രവർത്തനത്തേക്കാളുപരി പുറത്തുള്ള പ്രവർത്തനങ്ങളാണ് കൂടുതൽ. പാർട്ടി നേതാവാണ്. ജനങ്ങൾക്കിടയിലാണ്. പ്രീ ഡിഗ്രി തോറ്റുപോകുന്നതൊക്കെ പ്രവർത്തന ബാഹുല്യം കൊണ്ടാണ്. അപ്പോൾ ഞാനാണ് നിർബന്ധിച്ച് കണ്ണൂരിലെ മീത്തലെചൊവ്വ പ്രതിഭ വിദ്യാഭവനിൽ ചേർക്കുന്നത്. എന്റെ സീനിയറായി ബ്രണ്ണൻ ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഒരു ഭാസ്കരേട്ടൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ട് തേർഡ് ഗ്രൂപ്പിലെ സബ്സിഡിയറി പേപ്പറായ സയൻസ് പഠിപ്പിക്കാൻ ക്രമീകരണമുണ്ടാക്കി. എന്നിട്ടാണ് കോടിയേരി പ്രീഡിഗ്രി പാസാകുന്നത്. തുടർന്ന് ബി എയ്ക്ക് ചേർന്നപ്പോൾ കോടിയേരിയെ കാണുമ്പോഴെല്ലാം കോളേജിൽ നിന്ന് തന്നെ പാസാകണം എന്ന് പറയും. അപ്പോഴും പഠനത്തേക്കാളേറെ പൊതുപ്രവർത്തനങ്ങളിലാണ് ബാലകൃഷ്ണൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നെ സംബന്ധിച്ച് എന്റെ കുടുംബത്തിന്റെ അവസ്ഥ എപ്പോഴും മുന്നിലുണ്ട്. എനിക്കതിനാൽ കോളേജിൽ പഠനത്തിൽ പിറകിലേക്ക് പോകാൻ പറ്റില്ല. ജയിക്കണം, ജയിച്ചേ പറ്റൂ എന്ന് എന്റെ ഉള്ളിന്റെയുള്ളിൽ നിന്ന് ഒരു ബോധം എപ്പോഴും എന്നിലേക്ക് ആവേശിച്ചിരുന്നു. ഒരു പൂര്‍ണ്ണസമയ പൊതുപ്രവർത്തകൻ ആകണമെന്ന് അക്കാലത്ത് ഞാൻ ആഗ്രഹിച്ചതേ ഇല്ലായിരുന്നു. എന്നാല്‍, പഠിക്കുന്ന സ്ഥലത്ത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ച് എസ് എഫ് ഐയെ ഏറ്റവും വലിയ സംഘടനയാക്കുക എന്ന ലക്ഷ്യം നേടാന്‍ പഠനത്തോടൊപ്പം ശ്രമിച്ചു. പലപ്പോഴും പഠനത്തില്‍ കേന്ദ്രീകരിക്കാനാവാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാലും ഉഴപ്പാതെ പഠിച്ചു. പരീക്ഷകളിലെല്ലാം വിജയിച്ചു.
- എന്നിട്ടും എ കെ ബാലൻ, എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. അതെങ്ങനെ സംഭവിച്ചു?
അതും ഒരു കഥയാണ്. 1979ൽ ഞാൻ എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയിരുന്ന കാലത്താണ് ഏഴാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് വെച്ച് നടക്കുന്നത്. അപ്പോള്‍ ഞാന്‍ ജില്ലാ പ്രസിഡന്റാണ്. ഞാൻ സംസ്ഥാന സെക്രട്ടറി ആകുന്നത് ആ സമ്മേളനത്തിലാണ്. ആ സമയത്ത് ഒരു ജോലി കിട്ടിയ സന്തോഷത്തിലാണ് ഞാനുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രൊബേഷണറി ഓഫീസറായി സെലക്ഷൻ കിട്ടിയ സമയമാണ്. വീട്ടിൽ അമ്മയൊക്കെ വലിയ ആശ്വാസത്തിലാണുള്ളത്. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ അച്ഛൻ വെച്ച ആ പഴയ ഓലപ്പുരയാണ് അപ്പോഴുമുള്ളത്. 1979 ല്‍ 7300 രൂപ അടിസ്ഥാന ശമ്പളമുള്ള ബാങ്ക്ജോലി, ഞങ്ങളുടെ പട്ടിണിയും മറ്റ് ബുദ്ധിമുട്ടുകളും മാറ്റാൻ ഉപകാരപ്പെടും. ആ ഒരു പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്. എസ് എഫ് ഐയില്‍ നിന്നുള്ള കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ സെനറ്റ് മെമ്പര്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥി രംഗത്ത് ശ്രദ്ധിക്കപ്പെട്ട ഘട്ടമായിരുന്നു അത്. സംഘടനാ നേതൃത്വത്തിലേക്ക് വരിക, അതിനുവേണ്ടി ആരെയെങ്കിലും സ്വാധീനിക്കുക എന്നതൊന്നും എന്റെ രീതിയായിരുന്നില്ല. ഞാന്‍ ഒരു സ്ഥാനവും തേടിപ്പോയില്ല. എന്നാല്‍, എന്നിലേക്ക് സ്ഥാനങ്ങള്‍ വന്നുപെട്ടു. പാര്‍ട്ടിയുടെ ബോധപൂര്‍വ്വമായ തീരുമാനമാണ് ഈ പദവികള്‍ക്ക് കാരണമായത്.
സംസ്ഥാന സമ്മേളനത്തിന് മുമ്പ് ചേർന്ന ഫ്രാക്ഷനിൽ എന്നോട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയാവാൻ ആവശ്യപ്പെടുകയാണ്. എം വി രാഘവനാണ് ചുമതല. ഫ്രാക്ഷനിൽ പുത്തലത്തുമുണ്ട്. എസ്.ആര്‍.പി, കോടിയേരി, എം എ ബേബി എന്നിവരൊക്കെയുണ്ട്. സെക്രട്ടറിയാകാൻ എനിക്ക് പറ്റില്ലെന്ന് ആ ഫ്രാക്ഷനിൽ ഞാൻ പറഞ്ഞു. എം വി ആറിന് എന്റെ ചരിത്രം മൊത്തം അറിയാം. കുറെ കഷ്ട്ടപ്പെട്ടതല്ലേ ബാലാ, സംസ്ഥാന സെക്രട്ടറി ആകണം. എം വി ആറിനോട് പറ്റില്ലെന്ന് ഞാൻ മുറിച്ച് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന കേളുവേട്ടൻ എന്നെ സഹായിക്കാൻ വന്നു. ബാലന്റെ വീട്ടിലെ സ്ഥിതിയൊക്കെ വളരെ മോശമാണ്. അപ്പോൾ എം വി ആർ കേളുവേട്ടനോട് കയർത്തു. സിപി അബൂബക്കറെ നിങ്ങൾ നശിപ്പിച്ചു. അബൂബക്കർ കണ്ണൂരായിരുന്നെങ്കിൽ പാർട്ടിയുടെ നേതാവായി തന്നെ നിന്നേനെ. അയാൾ ബ്രണ്ണനിൽ നിന്ന് എം എ കഴിഞ്ഞ് കോഴിക്കോട് വന്നതു കൊണ്ടാണ് ചിറ്റൂർ കോളേജിൽ ലക്ചററുടെ പോസ്റ്റ് ലഭിച്ചപ്പോൾ പോയി ജോയിൻ്റ് ചെയ്തത്. കേഡർമാരെ പിടിച്ചുനിർത്താൻ നിങ്ങൾക്ക് കഴിയുന്നില്ല. അതുപോലെ ബാലനെയും നശിപ്പിക്കണോ? കേളുവേട്ടനോട് വളരെ ഷാർപ്പായി എം വി ആർ ചോദിച്ചപ്പോൾ കേളുവേട്ടൻ പിൻമാറി.
എന്റെയും സി പി അബൂബക്കറിന്റെയുമൊക്കെ കുടുംബ പശ്ചാത്തലം തമ്മില്‍ വലിയ വ്യത്യാസം ഇല്ല. സി പിയുടേത് കുറച്ചുകൂടി മെച്ചപ്പെട്ടതാണ്. ഞങ്ങളെ ഫുൾടൈമറാക്കണമെന്ന് ഞങ്ങളെ കുറിച്ചറിയുന്നവർക്ക് പറയാൻ പറ്റില്ല. എം വി ആറിന് ഞങ്ങളെ കുറിച്ച് എല്ലാമറിയാം. എന്നിട്ടും അദ്ദേഹം അർത്ഥശങ്കയ്ക്കിടയില്ലാതെ എന്നെ സെക്രട്ടറിയാക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. ആ അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാനായി, എം വി ആറേ രാവിലെ തീരുമാനിച്ചാൽ പോരെ? എന്നൊരു ചോദ്യം ഞാനെറിഞ്ഞു. ശരി, എനിക്ക് ഒരു പൊതുയോഗമുണ്ടെന്ന് പറഞ്ഞ് എം വി ആർ അപ്പോള്‍ കൂത്തുപറമ്പിലേക്ക് പോയി. കോടിയേരിയും ബേബിയും എന്നെ വിട്ടില്ല. കോടിയേരിക്ക് ഞാൻ തന്നെ സെക്രട്ടറി ആകണമെന്നത് നിർബന്ധമാണ്. കൂടെ എം എ ബേബിയും സമ്മർദ്ദ തന്ത്രങ്ങളുമായി എന്നെ വരിഞ്ഞു മുറുക്കി. അവരുമായുള്ള ബന്ധം എനിക്കങ്ങനെ നിഷേധിക്കാൻ പറ്റുന്നതായിരുന്നില്ല. അവരുടെ വാക്കുകള്‍ തള്ളിക്കളയാന്‍ പറ്റുന്നതുമായിരുന്നില്ല.
പിറ്റേന്ന് രാവിലെ എം വി ആർ വന്നു. എന്താടോ മനംമാറ്റം വന്നോ എന്ന് എന്നോട് ചോദിച്ചു. എം വി ആർ എന്താണ് തീരുമാനിക്കുന്നത് അതുപോലെ ആയിക്കോട്ടെ എന്നാണ് ഞാൻ മറുപടി പറഞ്ഞത്. അപ്പോൾ എം വി ആർ എന്നെ കെട്ടിപ്പിടിച്ചു. അങ്ങനെയാണ് ഞാന്‍ എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയാവുന്നത്.
- കെ സുധാകരനെ ബ്രണ്ണന്‍ കോളേജില്‍ വെച്ച് മുട്ടിന് മുകളില്‍ പാന്റ്സ് കയറ്റി കോളേജിന് ചുറ്റും നടത്തിച്ച ഒരു സംഭവമുണ്ടായിരുന്നല്ലൊ. എന്തായിരുന്നു അന്ന് നടന്നത് ?
ബ്രണ്ണനില്‍ പഠിക്കുമ്പോള്‍ നാടകാഭിനയത്തിലും ഫാന്‍സിഡ്രസ്സിലുമൊക്കെ ഞാന്‍ സജീവമാണ്. 'കുമ്പസാരം' എന്നൊരു നാടകം ഫൈന്‍ആര്‍ട്സ് ഡേയ്ക്ക് എന്റെ നേതൃത്വത്തില്‍ ബ്രണ്ണനില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. മുന്‍ കുന്ദംകുളം എംഎല്‍എ ടി.വി. ചന്ദ്രമോഹന്‍, കെ.എസ്.യു പ്രവര്‍ത്തക ലീല തുടങ്ങിയവര്‍ ഇതില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. നാടകാവതരണം പൊളിക്കാന്‍ വേണ്ടി കെ എസ് യു തീരുമാനിച്ചു. സുധാകരനാണ് അതിന് പിന്നിലുള്ളത്. സ്വാഭാവികമായും ഞങ്ങള്‍ കെ എസ് എഫുകാര്‍ അവരെ പ്രതിരോധിക്കാനും തീരുമാനിച്ചു. അതിനുള്ള വഴികള്‍ തേടി. അവസാനം ഫൈന്‍ആര്‍ട്സ് ഡേ ആയി. സുധാകരന്റെ നേതൃത്വത്തില്‍ ആക്രമണം തുടങ്ങി. ഞങ്ങള്‍ തിരിച്ചടിച്ചു. അവസാനം സുധാകരനെ പിടിച്ചുവച്ചു. എന്നിട്ട് പാന്റഴിപ്പിക്കാന്‍ ശ്രമിച്ചു. അവസാനം മുട്ടുവരെ പാന്റ്സ് ഉടുപ്പിച്ച് കോളേജ് ചുറ്റിച്ചു. അത് സുധാകരന് വലിയ ക്ഷീണമായി മാറി. കലാപരിപാടികൾ മുടങ്ങി. ഞങ്ങളോടൊപ്പം പഠിച്ച നിരവധി പേര്‍ ഇന്നുമുണ്ട്. അവര്‍ക്ക് ഈ വസ്തുതകളൊക്കെ അറിയാം. ഇക്കഴിഞ്ഞ ദിവസം കോളേജില്‍ പഴയ യൂണിയന്‍ ഭാരവാഹികളുടെ സംയുക്ത യോഗം ഉണ്ടായിരുന്നു. കോളേജിലെ മുന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാനായിരുന്നു ഉദ്ഘാടകന്‍. ഈ രംഗത്തിന്റെ ഒരു ഭാഗം അന്ന് കാഴ്ച കണ്ടുനിന്ന മുന്‍ സഹപാഠിയും കെ.എസ്.യു.ക്കാരനും കുന്ദംകുളം എം.എല്‍.എ.യുമായിരുന്ന ടി.വി. ചന്ദ്രമോഹനന്‍ സൂചിപ്പിച്ചിരുന്നു. നാടകം അലങ്കോലപ്പെട്ടപ്പോള്‍ വൃദ്ധനായി അഭിനയിച്ച ഞാന്‍ കൈയിലുള്ള വടിയുമായി സ്റ്റേജില്‍നിന്ന് ഇറങ്ങിവന്ന് നേരിട്ട് തല്ലിന് നേതൃത്വം കൊടുത്ത രംഗമാണ് ചന്ദ്രമോഹന്‍ വിവരിച്ചത്. കേട്ടുനിന്നവരെല്ലാം പൊട്ടിചിരിച്ചുപോയി.
- ബ്രണ്ണന്‍ കോളേജില്‍ സഖാവ് അഷ്റഫിന്റെ രക്തസാക്ഷിത്വത്തില്‍ കെ സുധാകരന് പങ്കുണ്ടോ? യാഥാര്‍ത്ഥ്യമെന്താണ്?
സുധാകരന് അതില്‍ പങ്കില്ല. അക്കാലത്ത് ഞാന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനാണ്. എന്നെ ഒരു ദിവസം പോലും ചെയർമാനായി വച്ച് പൊറുപ്പിക്കില്ലെന്നകൊലവിളിയുമായി നടപ്പാണ് കെ എസ് യു, എ ബി വി പിക്കാര്‍. അതിനൊക്കെ നേതൃത്വം കൊടുക്കുന്നത് മമ്പറം ദിവാകരനും, കെ ടി ജോസഫുമാണ്. മമ്പറം ദിവാകരന്‍ നല്ല സംഘാടകനാണ്. കെ എസ് യുക്കാരെയെല്ലാം രംഗത്തിറക്കാനുള്ള കഴിവുണ്ട്. ഒരു ദിവസം മമ്പറം ദിവാകരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തല്ലി. തലശ്ശേരിയിലുള്ള ഒരു മൂസയുണ്ട്. പുള്ളിയുടെ നേതൃത്വത്തിലാണ് അടി കൊടുത്തത്. അടിച്ചുരുട്ടി ഓവുചാലിലിട്ടു. അതിന്റെ തുടര്‍ച്ചയായി പിന്നീട് ഹനീഫ് എന്ന കെ എസ് യുക്കാരന് കോടിയേരിയില്‍ വെച്ച് അടി കിട്ടി. ദിവാകരനും ഹനീഫയും കൂടി ആലോചിച്ച് എസ് എഫ് ഐക്കാരെ അടിക്കാന്‍ പ്ലാനിട്ടു. ബ്രണ്ണൻ കോളേജ് കുന്നിന്റെ മുകളിലാണല്ലൊ. കെ എസ് യുക്കാര്‍ ഒരു സ്ഥലത്ത് ഞങ്ങളെയും കാത്ത് കേന്ദ്രീകരിച്ചു. അപ്പോഴാണ് ദാസനും കെ ഇ ഗംഗാധരന്റെ അനിയന്‍ ജനാർദ്ദനനും കവിയൂർ ബാലനും ഞാനുമൊക്കെ താഴെ വന്നത്. കെ എസ് യുക്കാര്‍ ഒരു വിസിലിട്ട് ഞങ്ങളെ ആക്രമിക്കാനായി ഓടിയിറങ്ങി. അപ്രതീക്ഷിതമായിരുന്നു അത്. പിന്നെ പൊരിഞ്ഞ അടിയാണ്. സാധാരണ ക്യാമ്പസിലെ അടി വെറും കൈകൊണ്ടും അങ്ങേയറ്റം വടികൊണ്ടുമാണ്. അതിനപ്പുറം ആയുധങ്ങളൊന്നും ആരും ഉപയോഗിക്കാറില്ല. എന്നാല്‍, കെ എസ് യു പ്രവര്‍ത്തകനായ ഒരു കെ ടി ജോസഫ്,ഒരു കൈയ്യില്‍ കത്തിയും മറ്റേ കൈയ്യില്‍ ഉരുമ്പ് വടിയുമായാണ് വന്നത്. മമ്പറം ദിവാകരന്റെ കൈയ്യിലും ആയുധമുണ്ട്. എന്നെ കുത്താനാണ് ജോസഫ് വരുന്നത്. അപ്പോള്‍ ഈ സംഘര്‍ഷ സ്ഥലത്ത് ഓട്ടോറിക്ഷയില്‍ അഷറഫ് വന്നിറങ്ങുകയാണ്. അയാള്‍ വരുമ്പോള്‍ കാണുന്നത് കത്തിയുമായി വരുന്ന ജോസഫിനെയാണ്. അത് തടുക്കാനായി അഷറഫ് ഇടപെടുമ്പോഴാണ് ആ സഖാവിന് കുത്തുകൊണ്ടത്. അഷറഫ് വരുന്നതിന് മുമ്പ് എനിക്ക് കുത്ത് കൊള്ളേണ്ടതായിരുന്നു. അപ്പോള്‍ എന്നെ രക്ഷിച്ചത് കെ എസ് യു പ്രവര്‍ത്തകനായിരുന്ന എടക്കാടുള്ള ലക്ഷ്മണനാണ്. ഒരു ആജാനുബാഹുവാണ് ലക്ഷ്മണന്‍. ജോസഫിനും എനിക്കും ഇടയില്‍ വലിയൊരു മതിലുപോലെ അയാള്‍ നിലയുറപ്പിക്കുകയായിരുന്നു. ലക്ഷ്മണന്‍ ഉള്ളതുകൊണ്ട് കത്തി പ്രയോഗിക്കാന്‍ പറ്റാത്ത ജോസഫ്, ഇരുമ്പ് വടികൊണ്ട് എന്റെ കൈയ്യില്‍ ആഞ്ഞടിച്ചു. അങ്ങിനെയുണ്ടായ മുഴ ഇപ്പോഴും കൈയ്യിലുണ്ട്. ലക്ഷ്മണന്‍ പിന്നീട് കോണ്‍ഗ്രസ് പത്രമായ വീക്ഷണത്തിന്റെ ചീഫ് എഡിറ്ററായി. ഒരിക്കല്‍ മന്ത്രിയായിരിക്കുമ്പോള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വെച്ച് പത്ര സമ്മേളനം കഴിഞ്ഞപ്പോള്‍ പത്രക്കാരുടെയെല്ലാം മുന്നില്‍ വെച്ച് ലക്ഷ്മണനെ ചേര്‍ത്ത് പിടിച്ച് ഞാന്‍ പറഞ്ഞു, ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ഈ ലക്ഷ്മണന്‍ ഉള്ളതുകൊണ്ടാണ്. അപ്പോള്‍ ലക്ഷ്മണന്‍ കരഞ്ഞു. എന്റെ കണ്ണും നിറഞ്ഞു. അങ്ങിനെയും ബന്ധങ്ങളുണ്ട്. ജോസഫിന്റെ കുത്തുകൊണ്ട് നിലത്തുവീണ അഷറഫിനെ ആശുപത്രിയിൽ എത്തിക്കുന്നത് സുധാകരനാണ്. അപ്പോള്‍ സുധാകരന്‍ കെ എസ് യു അല്ല. എന്‍ എസ് ഒ ആണ്. പക്ഷെ, എല്ലാവരുടേയും വിചാരം സുധാകരനാണ് കൊലയാളിയെന്നാണ്. അഷറഫിനെ പിന്നീട് ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു. വൈകാതെ ആ സഖാവിന് കലശലായ വയറുവേദന വന്നു. അപ്പോള്‍ നടത്തിയ ഓപ്പറേഷന്റെ സമയത്താണ് അഷറഫ് മരണപ്പെടുന്നത്. കുത്തുകിട്ടി ഒന്നൊന്നരമാസം കഴിഞ്ഞായിരുന്നു മരണം. അതാണ് വസ്തുത.
- 1969ല്‍ ബ്രണ്ണന്‍ കോളേജില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനത്തിന് സി എച്ച് മുഹമ്മദ് കോയ വന്നതും കെ എസ് യു- എബിവിപി കൂട്ടുകെട്ട് സി എച്ചിനെതിരെ പ്രതിഷേധിച്ചതും എസ് എഫ് ഐ നേതാവായ എ കെ ബാലന്‍ സി എച്ചിന് സിന്ദാബാദ് വിളിച്ചതുമൊക്കെ ബ്രണ്ണനില്‍ പണ്ട് പഠിച്ചവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത്?
സി എച്ച് മുഹമ്മദ് കോയ കേവലം മുസ്ലീംലീഗിന്റെ നേതാവ് മാത്രമായിരുന്നില്ല. പൊതു സ്വീകാര്യതയുള്ള വ്യക്തിത്വമായിരുന്നു. ഏത് വേദിയിലും തിളങ്ങുന്നയാള്‍. മാസ്മരികതയുള്ള പ്രസംഗത്തിലൂടെ ആളുകളെ പിടിച്ചിരുത്തും. ചുരുക്കത്തില്‍ എ കെ ജിയുടെ മറ്റൊരു പതിപ്പെന്ന് പറയാം.
ഇ എം എസ് നേതൃത്വത്തിലുള്ള സപ്തകക്ഷി ഗവണ്‍മെന്റില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് സി എച്ച് ബ്രണ്ണന്‍ കോളേജിലെ ഓഡിറ്റോറിയം ഉദ്ഘാടനത്തിനായി വരുന്നത്. കൂടെ സി കെ പി ചെറിയ മമ്മുക്കേയിയും ഉണ്ടായിരുന്നു. ബ്രണ്ണനില്‍ കുറച്ച് എം എസ് എഫുകാര്‍ ഉണ്ട്. അവര്‍ താഴേക്ക് വരില്ല. എ ബി വി പിയെ പേടിയാണ്. എബിവിപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന വ്യക്തിയെന്ന നിലയില്‍ അവര്‍ മിക്കപ്പോഴും എന്റെ കൂടെയാവും നടക്കുക. അന്ന് ഓഡിറ്റോറിയം ഉദ്ഘാടനം സംഘര്‍ഷഭരിതമായിരുന്നു. കെ എസ് യുവിന്റെയും എ ബി വി പിയുടേയും നേതൃത്വത്തില്‍ കുടത്തുണിയും ചെരിപ്പും കല്ലും കെട്ടമുട്ടയുമൊക്കെയായി “സി എച്ച് ഗോബാക്ക്” വിളിക്കുകയാണ്. കെ സുധാകരനാണ് അക്രമങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്നത്. ഇതിനിടയില്‍ സി എച്ച് വേദിയിലെത്തി. ഞാനും പത്തോളം കെ എസ് എഫുകാരും മുന്‍നിരയില്‍ തന്നെ സ്ഥലംപിടിച്ചു. സി എച്ച് പ്രസംഗം തുടങ്ങിയപ്പോള്‍ കൂക്കിവിളി തുടങ്ങി. ഒപ്പം ചീമുട്ടയേറും. അപ്പോഴാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ശബ്ദത്തില്‍ കെ എസ് എഫ് പ്രവര്‍ത്തകര്‍ സി എച്ചിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത്. ആ മുദ്രാവാക്യങ്ങളുടെ മാറ്റൊലിയില്‍ ഓഡിറ്റോറിയം പ്രകമ്പനം കൊണ്ടു. മുദ്രാവാക്യം വിളിച്ചുകൊടുത്തത് ഞാനായിരുന്നു. ഞങ്ങളെ നോക്കി ഒരു പുഞ്ചിരിയോടെ സി എച്ച് പ്രസംഗം തുടര്‍ന്നു. പരിപാടി വന്‍ വിജയമായി. സ്റ്റേജില്‍ നിന്നിറങ്ങിയ സി എച്ച് നേരെ എന്റടുത്ത് വന്ന് പേര് ചോദിച്ചു. പേര് പറഞ്ഞപ്പോള്‍, സ്മാര്‍ട്ട് ബോയ് എന്ന് പറഞ്ഞ് ചുമലില്‍ തട്ടി അഭിനന്ദിച്ച് അദ്ദേഹം പോയി.
വര്‍ഷങ്ങള്‍ കഴിഞ്ഞ് 1972ല്‍ യൂണിവേഴ്സിറ്റി സെന്ററിന് വേണ്ടി ബ്രണ്ണന്‍കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം രണ്ടുമാസം നീണ്ടുനിന്നു. അപ്പോള്‍ സി എച്ച് മന്ത്രിയാണ്, അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റില്‍. പ്രശ്നം പരിഹരിക്കാനായി കോഴിക്കോട് റെസ്റ്റ് ഹൗസിലെത്തിയ സി എച്ചിനെ കാണാനായി ഞാനും മമ്പറം ദിവാകരനും കൂടി പോയി. ബ്രണ്ണന്‍ കോളേജില്‍ നിന്നെന്ന് പറഞ്ഞപ്പോള്‍ ആദ്യം അനുവാദം തന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ സി എച്ച് ഞങ്ങളെ കാണാന്‍ തയ്യാറായി. അത്ഭുതമെന്ന് പറയട്ടെ സി എച്ച് എന്നെ തിരിച്ചറിഞ്ഞു. ഞങ്ങളോട് കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കി. അനുകൂലമായാണ് പ്രതികരിച്ചത്.
തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് യോഗം ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അലങ്കോലപ്പെടുത്തി. യോഗം നടത്താന്‍ പറ്റിയില്ല. രാത്രി 12മണിക്ക് സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍ പുറത്തേക്ക് വന്ന് തലശ്ശേരിയില്‍ യൂണിവേഴ്സിറ്റി സെന്റര്‍ തുടങ്ങാമെന്ന് ഉറപ്പുനല്‍കി. അപ്പോള്‍ തന്നെ സമരം നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ തലശ്ശേരിയിലേക്ക് മടങ്ങുകയായിരുന്നു. അങ്ങിനെയാണ് പാലയാട് യൂണിവേഴ്സിറ്റി സെന്റര്‍ സ്ഥാപിതമായത്. രണ്ട് മാസം നീണ്ടുനിന്ന സമരത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി നേതാവെന്നുള്ള നിലയില്‍ എനിക്ക് കോളേജില്‍ സ്വീകാര്യത വര്‍ധിച്ചു. തൊട്ടുത്ത കൊല്ലം 1973ല്‍ ആദ്യമായി കെ എസ് എഫ് നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ അധികാരത്തില്‍ വന്നു. ഞാനായിരുന്നു യൂണിയന്‍ ചെയര്‍മാന്‍.
- അക്കാലത്ത് ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തത് ഇ എം എസ് ആയിരുന്നു അല്ലെ?
അതെ. കലുഷിതമായ അന്തരീക്ഷത്തിലായിരുന്നു ഇ എം എസ് കോളേജ് യൂണിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. യൂണഇയന്‍ ചെയര്‍മാനായിരുന്ന ഞാനായിരുന്നു അധ്യക്ഷന്‍. ഇ.എം.എസിനോടൊപ്പമുള്ള ആദ്യത്തെ വേദിയായിരുന്നു അത്. കോളേജിന്റെ യൂണഇയന്‍ ഉദ്ഘാടനത്തിനായി ഇ എം എസ് വന്നത് പിണറായിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായിട്ടായിരുന്നു.
- അധ്യാപകനായും വക്കീലായുമൊക്കെയുള്ള എ കെ ബാലന്റെ ജീവിതകാണ്ഡത്തെ എങ്ങിനെയാണ് കാണുന്നത് ?
അതൊക്കെ ഓരോ ആഗ്രഹങ്ങളുടെ പുറത്തുള്ള വേഷങ്ങളായിരുന്നു. പിന്നെ, കഷ്ടപ്പെടുന്ന കുടുംബത്തെ ഏതെങ്കിലും വിധത്തില്‍ കരപറ്റിക്കാനുള്ള പരിശ്രമവും. തിരിഞ്ഞുനോക്കുമ്പോള്‍ അവിശ്വസനീയമായിട്ട് തോന്നുന്ന എന്തൊക്കെ അനുഭവങ്ങളാണ്. വല്ലാത്തൊരു ജീവിത യാത്രയായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ എന്നെ സ്വാധീനിച്ച ഒരു മൊയ്തു മാഷുണ്ട്. അദ്ദേഹത്തെ പോലെ ആകണമെന്ന ആഗ്രഹമാണ് അധ്യാപകനാകാനുള്ള ശ്രമത്തിന് പിന്നിലുണ്ടായിരുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി എനിക്ക് മാഹിക്കടുത്തുള്ള അഴിയൂര്‍ സ്കൂളില്‍ അധ്യാപക ജോലി ലഭിച്ചിരുന്നു. അങ്ങനെ കുറച്ചുകാലംസ്കൂൾ മാഷായി. 250 രൂപയാണ് ശമ്പളം. വലിയ ആശ്വാസമായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള തുക ആവുമല്ലൊ. ഒരു ദിവസം പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ സ്കൂളിലേക്ക് വന്നു. ഹേയ് ഇതൊന്നും ശരിയാവില്ല, പഠിപ്പിക്കാനൊന്നും നിക്കണ്ടാ എന്ന് പറഞ്ഞ് എന്നെ ആ ജോലിയില്‍ നിന്നും ഒഴിവാക്കി കൊണ്ടുപോവുകയാണ്. അപ്പോൾ ഞാൻ എസ്എഫ്ഐയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. അങ്ങിനെ അധ്യാപക കാണ്ഡം അവിടെ അവസാനിച്ചു. എം.കെ. ദാമോദരന്‍ വക്കീലിനെ തലശ്ശേരിയിലുള്ളപ്പോള്‍ തന്നെ നല്ല പരിചയമുണ്ട്. എന്റെ പേരിലുള്ള നിരവധി കേസുകള്‍ വക്കീലാണ് കൈകാര്യം ചെയ്യുന്നത്. ബ്രണ്ണനില്‍ നിന്ന് കോഴിക്കോട് ലോ കോളേജില്‍ പഠിക്കാന്‍ പോകുന്നതിന് ആ പരിചയവും ഒരു കാരണമാണ്. എല്‍ എല്‍ ബി പാസ്സായി. ദമോദരന്‍ വക്കീലിനെ പോലെ ഒരു വക്കീലാകണമെന്ന് വലിയ ആഗ്രഹം മനസിലുണ്ടായിരുന്നു. എറണാകുളത്തുള്ള എം.കെ. ദാമോദരന്റെ ഓഫീസ് ബോര്‍ഡില്‍ എന്റെ പേരും വെച്ചു. ആ സമയത്താണ് ഞാൻ എം.പി. ആയത്. അപ്പോൾ പിന്നെ പ്രാക്ടീസിന് പോകാന്‍ പറ്റിയില്ല. ലോകസഭയിലെ കാലാവധി കഴിഞ്ഞപ്പോള്‍ 85-ൽ വീണ്ടും പാലക്കാട് പ്രാക്ടീസ് തുടങ്ങി. നല്ലനിലയില്‍ പ്രാക്ടീസ് വന്ന സമയത്താണ് പിണറായി വിജയൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മീറ്റിങ്ങിനായി വരുന്നത്. അപ്പോള്‍ തന്നെ എന്നെ പിടിച്ച് സിപിഐ എം പാലക്കാട്ഏരിയ സെക്രട്ടറിയാക്കി. അതോടെ വക്കീലാകണമെന്ന സ്വപ്നവും പൊലിഞ്ഞു.
- മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിന് എ കെ ബാലന്‍ ജയിലില്‍ കിടക്കുന്നുണ്ടല്ലൊ. വിദ്യാര്‍ത്ഥികള്‍ ആ സമരത്തില്‍ സജീവമായുണ്ടായിരുന്നില്ലല്ലോ. എങ്ങിനെയാണ് ആ സമരത്തില്‍ പങ്കാളിയായത്?
സ്വന്തമായി ഭൂമിയും വീടുമില്ലാത്ത കുടുംബമാണ് എന്റേതെന്ന് ആദ്യമേ സൂചിപ്പിച്ചരുന്നല്ലൊ. ഞങ്ങളെ പോലുള്ള നിരവധി പേര്‍ ചുറ്റുമുണ്ട്. അത്തരക്കാരുടെ മനസ്സ്, അവരുടെ വേദന അതൊക്കെ എനിക്കറിയാം. ആ ഒരു ബോധം എന്നും ഉള്ളിലുണ്ട്. മിച്ചഭൂമി സമരത്തിന്റെ സമയത്ത് ഒരു ദിവസം എടച്ചേരി വെച്ച് പി വി കുഞ്ഞിക്കണ്ണന്‍ പ്രസംഗിക്കുകയാണ്. ആദ്യാവസാനം ആ പ്രസംഗം കേട്ടിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മിച്ചഭൂമി സമരം ഒരവസരമാണെന്നാണ് പി വി കുഞ്ഞിക്കണ്ണന്‍ പ്രസംഗിച്ചത്. അതെനിക്ക് വല്ലാത്തൊരു വെളിച്ചവും ആവേശവും പകര്‍ന്നു. അടുത്തയാഴ്ച വീട്ടില്‍ പോയി കോളേജിലേക്ക് തിരികെ വരുമ്പോള്‍ തൊട്ടില്‍പ്പാലത്തിനടുത്ത് തോട്ടക്കാട് നടക്കുന്ന മിച്ചഭൂമി സമരത്തില്‍ 1972-ല്‍ ഞാനും പങ്കാളിയായി. ഞാനായിരുന്നു അന്ന് സമരത്തിന് നേതൃത്വം നല്‍കിയത്. 26പേര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. എല്ലാവരും അറസ്റ്റ് വരിച്ചു. വടകര മജിസ്ട്രേറ്റ് ലീവ് ആയതിനാല്‍ കൊയിലാണ്ടി മജിസ്ട്രേറ്റിന്റെ മുന്നിലാണ് ഹാജരാക്കിയത്. അങ്ങിനെ ഒരു ദിവസം കൊയിലാണ്ടി സബ് ജയിലിലടച്ചു. കൊയിലാണ്ടി മജിസ്ട്രേറ്റ് 15 ദിവസമാണ് റിമാന്റ് ചെയ്തത്. പിന്നീട് വടകര മജിസ്ട്രേറ്റ് 15 ദിവസം കൂടി ശിക്ഷിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ഞങ്ങളെ കാണാന്‍ അഴീക്കോടനും പി വി കുഞ്ഞിക്കണ്ണനും ജയിലില്‍ വന്നു. അഴീക്കോടനെ ആദ്യമായാണ് കാണുന്നത്. അപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എവിടെയാ പഠിക്കുന്നതെന്ന് അഴീക്കോടന്‍ ചോദിച്ചു. ബ്രണ്ണനിലാണെന്ന് മറുപടി പറഞ്ഞപ്പോള്‍ എങ്ങനെയാ ഈ സമരത്തില്‍ വന്നതെന്ന് ചോദിച്ചു. പി വി കുഞ്ഞിക്കണ്ണന്റെ പ്രസംഗത്തെ കുറിച്ചും ഞാന്‍ സമരത്തില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. അവരുടെ മനസ്സിൽ വിദ്യാർഥികളൊന്നും മിച്ചഭൂമി സമരത്തിൽ പങ്കെടുക്കേണ്ടതില്ല എന്നാണുള്ളത്. എന്നോട് ഏറെ വാല്‍സല്യത്തോടെ സംസാരിച്ചാണ് അഴീക്കോടനും പി വി കുഞ്ഞിക്കണ്ണനും തിരികെ പോയത്.
ആ കാലഘട്ടം എസ് എഫ് ഐയുടെ വളർച്ചയുടെ കാലമായിരുന്നു. 70 മുതൽ 79വരെ സിപിഐഎമ്മിനെ വല്ലാതെ ഒറ്റപ്പെടുത്തിയ കാലമായിരുന്നല്ലൊ. അപ്പോള്‍ കേരളമാകെ അരങ്ങേറിയ വര്‍ഗസമരങ്ങളുടെ ഭാഗമായി എസ്എഫ്ഐയുമുണ്ടായിരുന്നു. ഞങ്ങളൊക്കെ എസ്എഫ്ഐക്ക് നേതൃത്വം കൊടുക്കുന്ന കാലത്ത് ഇതുപോലുള്ള പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പൊതുസമൂഹത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. എസ്എഫ്ഐയുടെ വളർച്ചയുടെയും സംഘടന കെട്ടുറപ്പിന്റേയും വര്‍ഗബോധത്തിന്റേയും പ്രധാനപ്പെട്ട ഒരു കാരണം ഇത്തരത്തിലുള്ള ഇടപെടലുകളാണ്.
- ലോകസഭാ മെമ്പര്‍, ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്, മന്ത്രി തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ടല്ലൊ. മന്ത്രിയായി പ്രവര്‍ത്തിച്ചപ്പോള്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചോ?
പൂര്‍ണമായും സംതൃപ്തനാണെന്ന് പറയാന്‍ പറ്റില്ല. ഭരണകൂടത്തിന്റെ പിന്തിരിപ്പന്‍ സ്വഭാവത്തില്‍ നമുക്ക് മടുപ്പ് വരും. മന്ത്രിയാവുന്ന ആരായാലും ബ്യൂറോക്രസിയുടെ കൂടെ പോകാന്‍ നിര്‍ബന്ധിതനാവും. രാജ്യത്ത് ബൂര്‍ഷ്വാ ഭൂപ്രഭുത്വത്തിന്റെ നിയന്ത്രണത്തിലാണ് ഭരണകൂടമുള്ളത്. അതിന്റെ താല്‍പ്പര്യം ജനങ്ങളോടല്ല. കോര്‍പ്പറേറ്റുകളോടും ബൂര്‍ഷ്വകളോടുമാണ്. ബദലുകളിലൂടെ ഇടതുപക്ഷം ഭരണകൂട സ്വഭാവത്തെ മറികടക്കാന്‍ പരിശ്രമിക്കും. പക്ഷെ, വിചാരിക്കുന്നത് പോലെയൊന്നും സാധിക്കില്ല.
സാമൂഹ്യ, രാഷ്ട്രീയ ബോധമുള്ള ആര്‍ക്കും തട്ടിക്കളയാന്‍ പറ്റാത്തതാണ് ഭൂ പരിഷ്കരണ നിയമം. അതിലൂടെ സംസ്ഥാനത്ത് ജന്‍മിത്വ ഭൂപ്രഭുത്വം ഇല്ലാതായി. കേരളത്തെ മാറ്റി മറിച്ച നിയമനിര്‍മ്മാണമായിരുന്നു അത്. കാണക്കുടിയാനും പാട്ടക്കുടിയാനും ഒക്കെ ഭൂമിയുടെ ഉടമകളായി മാറിയത് ഭൂ പരിഷ്കരണത്തോടുകൂടിയാണ്. അപ്പോഴും വ്യക്തിപരമായി എനിക്ക് ചില വിമര്‍ശനങ്ങളുണ്ട്. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് വേണ്ടത്ര ഭൂമി കിട്ടിയില്ല. അവര്‍ കുടിയാന്‍മാര്‍ ആയിരുന്നില്ല. അവർക്ക് ആകെ കിട്ടിയിട്ടുള്ളത് 10 സെന്റ് ഭൂമിയാകും. അത് എല്ലാവർക്കും കിട്ടിയിട്ടില്ല. പാർട്ടി വളരെ ശക്തമായിരുന്നിടത്ത് മാത്രമാണ് കിട്ടിയത്. ബാക്കിയൊക്കെ മൂന്നും അഞ്ചും സെന്റാണ്. അതുകൊണ്ടാണ് ഇപ്പോഴും അടുക്കളയും മറ്റും പൊളിച്ച് ശവമടക്ക് നടത്തേണ്ടി വരുന്നത്. പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവരുടെ അടിസ്ഥാന പ്രശ്നം ഭൂമിയുടെ പ്രശ്നം തന്നെയാണ്.
എം കുഞ്ഞാമന്റെ ആത്മകഥയായ 'എതിരില്‍', അദ്ദേഹം പറയുന്ന ഒരു കാര്യം വികസനം വിഷയമല്ലാത്ത വിഭാഗമാണ് ആദിവാസികളെന്നാണ്. അവരുടെ പ്രശ്നം ഭൂമിയാണ്. കാരണം ഭൂമി കൈയിലുള്ളവര്‍ക്കുള്ള മാറ്റം അവരുടെ ജീവിത രീതികളില്‍, സാമൂഹ്യ അംഗീകാരത്തിന്റെ കാര്യത്തില്‍ പ്രതിഫലിക്കും. തിരുവനന്തപുരം ഭാഗത്തുള്ള ആദിവാസികളുടെ സ്റ്റാറ്റസ് അല്ല അട്ടപ്പാടിയില്‍ ജീവിക്കുന്ന ആദിവാസികൾക്കുള്ളതെന്ന് പറഞ്ഞുകൊണ്ട് കുഞ്ഞാമന്‍ ആ കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. അത് ശരിയാണ്. ഭൂമി കൈയ്യില്‍ വരുമ്പോള്‍ ലഭിക്കുന്ന ഒരു തന്റേടമുണ്ട്. അതിന്റെ ഭാഗമായുള്ള സാമ്പത്തിക ഉണര്‍വ്വുണ്ട്. അപ്പോള്‍ കുട്ടികളെ പഠിപ്പിക്കാനാവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പഠിക്കുന്ന കുട്ടികള്‍ക്ക് ജോലി ലഭിക്കുന്ന സാഹചര്യമുണ്ട്. അപ്പോഴുണ്ടാകുന്ന സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മണ്ഡലങ്ങളിലുണ്ടാവുന്ന മാറ്റമുണ്ട്. അതൊക്കെ ലഭിക്കുന്നതില്‍ പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് പരിമിതിയുണ്ടായിരുന്നു. മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ലഭിച്ച ഭൂമിയുടെ അത്രയും അളവ് ഭൂമി ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണ്. 1957 മുതല്‍ ഭൂപരിഷ്കരണത്തിന് തുരങ്കം വെക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷ രാഷ്ടീയ കക്ഷികളും ഭൂപ്രമാണിമാരും മറ്റും കൈവശം വെക്കുന്ന ഏക്കറുകണക്കിന് ഭൂമി, മിച്ചഭൂമിയായി പോകാതെ വകമാറ്റി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തില്‍ വന്ന ഘട്ടത്തിലെല്ലാം വലതുപക്ഷം കൂട്ടുനിന്നു. ഇഷ്ടദാനം പോലുള്ള നുണുക്ക് വിദ്യകളിലൂടെ അവര്‍ ഭൂപരിഷ്കരണത്തെ വഞ്ചിച്ചു.
ഭൂപരിഷ്കരണ നിയമം വരുന്നതിന് മുൻപ് 15 ലക്ഷം ഏക്കർ ഭൂമി, മിച്ചഭൂമിയായി തിട്ടപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതിൽ സര്‍ക്കാര്‍ ഏറ്റെടുത്തത് 96000 ഏക്കർ ഭൂമി മാത്രമാണ്. ബാക്കിയെല്ലാം ഇഷ്ടദാനമെന്നും മറ്റും പറഞ്ഞ് ഭൂപ്രഭുക്കന്‍മാര്‍ പിടിച്ചുവെച്ചു. വെള്ളം ചേര്‍ക്കാന്‍ സാധിക്കാതിരുന്നുവെങ്കില്‍ ഭൂമിയില്ലാത്ത കർഷക തൊഴിലാളികൾക്കും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിലുള്ളവര്‍ക്കും കിട്ടേണ്ടതാണ് ഈ ഭൂമി. അതങ്ങ് ഇല്ലാതായി.
ഇപ്പോഴും നമുക്ക് മുന്നില്‍ ഭൂമി ലഭ്യമാക്കാനുള്ള സാധ്യതയുണ്ട്. രാഷ്ട്രീയ ശക്തിയുണ്ടെങ്കിൽ നമുക്കത് സാധിക്കും. ഒരുദാഹരണം മലയാളം പ്ലാന്റേഷനാണ്. 75000 ഏക്കർ ഭൂമിയാണ് അവർ അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. ഇത് കേരള ഗവണ്മെന്റ് നിയമിച്ച കമ്മീഷൻ അന്വേഷിച്ച് കണ്ടെത്തിയതാണ്. അതിനെ ഹൈക്കോടതി അപ്ഹോൾഡ് ചെയ്തു. സുപ്രീംകോടതിയും അതുതന്നെ ചെയ്തു. പക്ഷെ. സുപ്രീംകോടതി ഒരു കാര്യം കൂടി പറഞ്ഞു. ഈ ഭൂമി നേരിട്ട് ഗവൺമെന്റിന് പിടിച്ചെടുക്കാൻ കഴിയില്ല. സിവിൽ കോടതിയിൽ കേസ് കൊടുത്ത് അതുവഴി മാത്രമേ ഭൂമി തിരികെ പിടിക്കാനാവുകയുള്ളു. ഇത് ഒരാവശ്യവും ഇല്ലാത്ത ഒരു പ്രക്രിയയാണ്. കെ വേണു ഐ എ എസ് റവന്യൂ സെക്രട്ടറിയായിരുന്ന കാലത്ത് ഇതുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങള്‍ ചെയ്തു. കോടതി വിധി വന്നതിന് ശേഷം ആ ഭൂമി തിരികെ പിടിക്കാന്‍ കളക്ടർമാരെ ചുമതലപ്പെടുത്തി. എന്നാല്‍, എട്ടു ജില്ലകളിലായി കിടക്കുന്ന ആ ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നിയമനടപടികൾ ഇപ്പോഴും സ്വീകരിച്ചിട്ടില്ല.
ബ്രിട്ടീഷുകാർ ഇവിടുന്ന് പോയിട്ടും ബ്രിട്ടീഷുകാരുടെ പ്രേതങ്ങൾ ഏക്കർ കണക്കിന് ഭൂമി കൈവശം വെച്ചനുഭവിക്കുന്നു. അതും ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ ഒരു സംസ്ഥാനത്ത്. പ്ലാന്റേഷന്‍ ഭൂമിയെന്നൊക്കെ പറഞ്ഞ് 1000, 2000 ഏക്കർ കൈവശം വയ്ക്കുകയാണ്. ഭൂപരിഷ്കരണ നിയമത്തിന്റെ കാഴ്ചപ്പാടും ഉദ്ദേശലക്ഷ്യവും ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള സമഗ്രമായ ഒരു ഇടപെടൽ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടാകണം. ഭൂമി അനർഹമായി കൈവശംവച്ചിക്കുന്ന നിരവധി ആൾക്കാരുണ്ട്.നിയമപ്രകാരമോ, നിയമം സൃഷ്ടിച്ചോ കൈവശം വെച്ചിരിക്കുന്നവര്‍. അവരില്‍ നിന്നും പിടിച്ചെടുക്കണം. അതിനുള്ള ഇച്ഛാശക്തി വേണം. എനിക്കീ കാര്യത്തില്‍ ഇത്രയേറെ വികാരപരമായി സംസാരിക്കേണ്ടി വരുന്നത് ഞാന്‍ ഭൂമിയില്ലാത്തവന്റെ വേദന അനുഭവിച്ചിട്ടുള്ളവനായതുകൊണ്ടാണ്.
ആദിവാസി ഭൂപ്രശ്നവും ഇതുപോലെ തന്നെയാണ്. ആദിവാസിക്ക് അവകാശപ്പെട്ട ഭൂമി നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാന്‍ പറ്റാത്ത അവസ്ഥ വന്നുപെട്ടത് 1975ലെ ആദിവാസി നിയമനിര്‍മ്മാണത്തില്‍ വന്ന ഭേദഗതിയോടുകൂടിയാണ്. 1996 നായനാര്‍ സർക്കാരിന്റെ കാലത്തായിരുന്നു അത്. കുടിയേറ്റക്കാര്‍ക്ക് ലഭിച്ച ഭൂമി ഫലത്തില്‍ ആദിവാസിക്ക് അവകാശപ്പെട്ടതായിരുന്നു. ഈ നിയമം സുപ്രീംകോടതിയിലെത്തി, ഗൗരിയമ്മ മാത്രമാണ് ഈ നിയമത്തിന് എതിരായ നിലപാട് എടുത്തത്. വ്യക്തിപരമായി ഗൗരിയമ്മയുടെ നിലപാടിനോടായിരുന്നു എനിക്ക് യോജിപ്പ്.
1999ല്‍ പാസ്സായ നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അട്ടപ്പാടി മേഖലയിലെ എല്ലാ ഊരുകളിലും വിശദീകരിക്കാന്‍ പോയത് പാലക്കാട് ജില്ലയിലെ അന്നത്തെ സിപിഐ എം സെക്രട്ടറി എം. ചന്ദ്രനും ഞാനുമായിരുന്നു. അപ്പോഴാണ് ആദിവാസിക്ക് നഷ്ടപ്പെട്ട ഭൂമിയുടെ വേദനിപ്പിക്കുന്ന ചരിത്രം നേരിട്ട് മനസ്സിലായത്.
- ഇപ്പോഴും ആദിവാസികളുടെ ഭൂപ്രശ്നം നിലനില്‍ക്കുകയാണല്ലൊ..
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ 2006-11 ഘട്ടത്തില്‍ ഞാന്‍ പട്ടികജാതി, പട്ടികവര്‍ഗ -പിന്നാക്കവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിയായിരുന്നു. ഈ ഘട്ടത്തിലാണ് കേന്ദ്ര വനാവകാശ നിയമം 2003 നമ്മുടെ രാജ്യത്ത് നടപ്പിലാവുന്നത്. കേരളത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി. ഫോറസ്റ്റ് റൈറ്റ് കമ്മറ്റികള്‍, സബ്ഡിവിഷന്‍ കമ്മറ്റികള്‍, ജില്ല, സംസ്ഥാനതല കമ്മിറ്റികളൊക്കെ അന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രൂപീകരിച്ചു. 240 താല്‍ക്കാലിക സര്‍വ്വേ ഉദ്യോഗസ്ഥരെ പട്ടികവിഭാഗ വകുപ്പിന്റെ പണം ഉപയോഗിച്ച് നിയമിച്ചു. റവന്യൂ, വനം, പട്ടികവര്‍ഗ വകുപ്പിന്റെ മന്ത്രിമാര്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു. 33,000 അപേക്ഷകരില്‍ 26,000 ആദിവാസികള്‍ക്ക് കേന്ദ്രവനാവകാശനിയമപ്രകാരം R.O.R. കൈവശരേഖ നല്‍കി.
പിന്നീട് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആറായിരത്തോളം ആദിവാസികള്‍ക്ക് കൂടി ഭൂമി നല്‍കി. വനാവകാശനിയമം വന്നതിന് ശേഷം വനഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന വയനാട്ടിലെ 3500 ഓളം വരുന്ന കുടുംബങ്ങളെ ഒഴിവാക്കിയാല്‍ കേരളത്തിലെ ഭൂമിയില്ലാത്ത എല്ലാ ആദിവാസികള്‍ക്കും ഭൂമി ലഭ്യമായി. വി.എസ് സര്‍ക്കാരിന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും ചരിത്രപരമായ ഇടപെടലായി ഇതിനെ കാണേണ്ടതുണ്ട്. ഇങ്ങനെ കിട്ടിയ ഭൂമിക്ക് ജന്മാവകാശം കേന്ദ്രനിയമപ്രകാരം ഇല്ല എന്ന കുറവുണ്ട്. ഇതും പരിഹരിക്കണം.
വി.എസ് സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ഘട്ടത്തില്‍ ശ്രദ്ധേയമായ, നിരവധി ജനകീയപദ്ധതികള്‍ ഈ വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കി. ഗദ്ദിക, പഠനമുറി, അംബേദ്കര്‍ ഗ്രാമം, വാത്സല്യനിധി, ഗോത്രബന്ധു, മെന്റ ടീച്ചര്‍, മില്ലറ്റ് വില്ലേജ്, ട്രൈബല്‍ പ്ലസ്, ട്രൈബല്‍ അപ്പാരല്‍പാര്‍ക്ക്, സ്വയം തൊഴില്‍, Hand holding cell, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, കമ്മ്യൂണിറ്റി കിച്ചന്‍, ഗോത്ര രശ്മി, അട്ടപ്പാടി കാര്‍ഷിക വികസന പദ്ധതി, ആറളം പുനരധിവാസ പദ്ധതി, ഗോത്ര ജീവിക, കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട 54 സ്വയം സഹായസംഘങ്ങള്‍, വിദേശപഠനത്തിന് പ്രത്യേക മാര്‍ഗ്ഗരേഖ തുടങ്ങി നിരവധി പദ്ധതികള്‍ ശ്രദ്ധേയമായ രീതിയില്‍ നടപ്പിലാക്കി. രാജ്യാന്തര ശ്രദ്ധനേടിയ പദ്ധതികളായിരുന്നു സാമൂഹ്യ പഠനമുറിയും ഗദ്ദികയും.
യു ഡി എഫ് കാലഘട്ടത്തില്‍ പട്ടിണി മരണം ആദിവാസി മേഖലയില്‍ പ്രത്യേകിച്ച് അട്ടപ്പാടി മേഖലയില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. 'ആദിവാസി മരണത്തിന്റെ താഴ്വര' എന്നതാണ് മനോരമ തന്നെ മുഖപ്രസംഗം എഴുതിയത്. ഈ അവസ്ഥയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയത് കമ്യൂണിറ്റി കിച്ചണ്‍ വഴിയാണ്. ഒപ്പം പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയിലെ പ്രത്യേക പരിചരണവും. നിര്‍ഭാഗ്യവശാല്‍ ഇതില്‍ പലതിനും തുടർച്ചയില്ല. ആദിവാസി വിഭാഗങ്ങളും മനുഷ്യരാണെന്ന സാമൂഹിക ബോധ്യം ഇന്നും കേരളം പോലൊരു പുരോഗമന സമൂഹത്തിനില്ല എന്നത് ഖേദകരമായ വസ്തുതയാണ്. നാം ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അത് മനസിലാക്കിയേ മതിയാവൂ.