‘ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല’; കാലടി സർവകലാശാലയിലെ നിരാഹാര സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ
കേരള ഹൈക്കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. കോടതി വിധി പുറത്തുവന്നതോടെ സമരപ്പന്തലിൽ വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി. സസ്പെൻഷനെതിരെ സമരം ചെയ്ത വിദ്യാർഥികളുടെ ആദ്യ പ്രതികരണം, ‘ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല’ എന്നായിരുന്നു.
വൈസ് ചാൻസലറും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും തങ്ങളെ വേട്ടയാടുകയായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. ‘മാപ്പുമില്ല, ഒരു കോപ്പുമില്ല’ എന്ന തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും സമരരംഗത്തുണ്ടായിരുന്ന വിദ്യാർഥികൾ പ്രതികരിച്ചു.
അതേസമയം, ഹൈക്കോടതി വിധിയെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചത്. മാപ്പപേക്ഷിച്ചാൽ മാത്രമേ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാനാകൂ എന്നായിരുന്നു നേരത്തെ സർവകലാശാല സ്വീകരിച്ച നിലപാട്. മന്ത്രിയും ഇതേ നിലപാടിനെ പിന്തുണച്ചിരുന്നു.
സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി വിധി വിദ്യാർഥികൾക്ക് വലിയ ആശ്വാസമായതോടെയാണ് 22 ദിവസമായി തുടർന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.