വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് പി. ജയരാജൻ; നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം
വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനത്തോടൊപ്പമാണോ അതോ ഹിന്ദുത്വ വർഗീയതയെ പ്രതിനിധീകരിക്കുന്ന സംഘപരിവാറിനൊപ്പമാണോ വെള്ളാപ്പള്ളി നിലയുറപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുന്നപ്ര–വയലാർ രക്തസാക്ഷി വാരാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, നിവർത്തന പ്രക്ഷോഭകാലത്ത് 1935ൽ അന്നത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സി. കേശവൻ നടത്തിയ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം പരാമർശിച്ചിരുന്നതായി ജയരാജൻ പറഞ്ഞു. ഈഴവരെ 'ചണ്ഡാലർ' എന്ന് വിശേഷിപ്പിച്ചതിനെ വിമർശിച്ചുകൊണ്ട് ഹിന്ദുമതത്തോടുള്ള അകൽച്ച സി. കേശവൻ തുറന്നുപറഞ്ഞിരുന്നു. ഈ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചതായും ജയരാജൻ ചൂണ്ടിക്കാട്ടി.
സി. കേശവനിൽനിന്ന് ഇന്നത്തെ വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്നായിരുന്നു തന്റെ ചോദ്യമെന്നും അതിന് വെള്ളാപ്പള്ളി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുമായി നടത്തിയ സംവാദത്തിൽ താൻ ഹിന്ദുവാണെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരു സ്വയം ഹിന്ദുവെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും ഗുരുവിന്റെ ദർശനങ്ങൾ പിന്തുടരുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെയും ശിവഗിരിയിലെ ധർമ്മസംഘം ട്രസ്റ്റിന്റെയും ഔദ്യോഗിക രേഖകളിൽ 'ഹിന്ദു' എന്ന പദം കാണാനാകില്ലെന്നും ജയരാജൻ വാദിച്ചു.
ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനം ഉയർത്തിപ്പിടിക്കുന്നവർ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെ നിലകൊള്ളണമെന്നാണ് ജയരാജന്റെ നിലപാട്. വെള്ളാപ്പള്ളി നടേശൻ ഏത് പക്ഷത്താണെന്ന് വ്യക്തമാക്കണമെന്നും ഈ ചോദ്യത്തിന് മറുപടി നൽകിയാകണം തുറന്ന സംവാദം ആരംഭിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.