Skip to main content
വാർത്തകൾ

സരൾ ബില്ലിനെതിരെ പി. രാജീവ്; വ്യവസായ സൗഹൃദ അന്തരീക്ഷം തകരുമെന്ന് വിമർശനം

p rajiv

സരൾ ബിൽ സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുമെന്ന് മുൻ വ്യവസായ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമം കൃത്യമായി വായിച്ചുനോക്കാതെയാണ് പുതിയ നിയമത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

നിലവിലെ നിയമപ്രകാരം എംഎസ്എംഇകൾക്ക് മൂന്നര വർഷം വരെ ലൈസൻസില്ലാതെ പ്രവർത്തിക്കാനുള്ള ഇളവുണ്ടെന്നും പുതിയ നിയമം ഇതില്ലാതാക്കുമെന്നും പി. രാജീവ് പറഞ്ഞു. നേരത്തെ 30 ദിവസത്തിനുള്ളിൽ ലഭിച്ചിരുന്ന സ്വമേധയാ അനുമതിക്ക് പകരം 75 ദിവസം കാത്തിരിക്കേണ്ടിവരുന്നതും തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഒറ്റ ലൈസൻസ് സംവിധാനം നേരത്തേ നിലവിലുണ്ടായിരുന്നുവെന്നും പുതിയ നിയമം അത് ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തി ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കാമായിരുന്നിട്ടും പുതിയ നിയമം കൊണ്ടുവന്നത് എന്തിനാണെന്നും പി. രാജീവ് ചോദിച്ചു. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമുണ്ടെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.