ബിജെപി ഇപ്പോഴും പ്രതിപക്ഷ മനോഭാവത്തിൽ: രാജ് താക്കറെ
അധികാരത്തിലെത്തിയിട്ടും ബിജെപി പ്രതിപക്ഷത്തിന്റെ മനോഭാവത്തിൽനിന്ന് പുറത്തുവന്നിട്ടില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്ട്രയിൽ ബിജെപി സംഘടിപ്പിച്ച ‘ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക’ എന്ന പ്രതിഷേധ റാലിയെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധികാരത്തിലിരിക്കെ ജനാധിപത്യം സംരക്ഷിക്കാൻ റാലി നടത്തേണ്ട സാഹചര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യം സംരക്ഷിക്കാൻ ബിജെപി രംഗത്തിറങ്ങുന്നത് കെഎഫ്‌സിയുടെ പരസ്യത്തിലെ വൃദ്ധൻ കോഴികളെ രക്ഷിക്കാൻ ആഹ്വാനം ചെയ്യുന്നതുപോലെയാണെന്നും രാജ് താക്കറെ പരിഹസിച്ചു. കോൺഗ്രസിന് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം എന്താണെന്നും ഇതുവരെ മനസ്സിലായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രതികരണങ്ങളെയും പരാമർശിച്ച രാജ് താക്കറെ, ഭരണത്തിലുള്ളവർ എല്ലാ സംഭവങ്ങളോടും പ്രതികരിക്കേണ്ടതില്ലെന്നും വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും പറഞ്ഞു.