Skip to main content
വാർത്തകൾ

വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയ നടപടി; അടിയന്തര സ്റ്റേയില്ല, സർക്കാരിന് ഹൈക്കോടതി നോട്ടീസ്

kerala hc

വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. ടി സെക്ഷന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. പൊതുതാൽപ്പര്യ ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച ഹൈക്കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനും നിർദേശിച്ചു.

നേരത്തേ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്ന രഹസ്യ വിഭാഗമായ ടി സെക്ഷനെ 2022-ൽ വീണ്ടും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതാണ് വിവാദമായത്. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനുകളെ നേരത്തേ തന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു.

ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട ഫയലുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളാണ് ടി1, ടി2 സെക്ഷനുകൾ. രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണങ്ങളും ഈ വിഭാഗങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അത്തരം കേസുകൾ ടി സെക്ഷനിലേക്ക് മാറ്റിയാൽ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നത് പ്രയാസകരമാകും.

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകളിലെ വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് മറച്ചുവയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടപടിയെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. ടി സെക്ഷനെ ഒഴിവാക്കിയതിന്റെ പരിധിയും നടപടിയുടെ നിയമസാധുതയും സംബന്ധിച്ച കാര്യങ്ങൾ ഇനി സർക്കാരിന്റെ വിശദീകരണത്തെ ആശ്രയിച്ചിരിക്കും.