Skip to main content
വാർത്തകൾ

സൗരവ് ദാസിന്റെ വിദേശയാത്ര തടഞ്ഞു; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്‌കെ

abhijith

കോക്രോച്ച് ജനതാ പാർട്ടി സഹകൺവീനർ സൗരവ് ദാസിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. തങ്ങളുടെ പരാജയങ്ങൾ അന്താരാഷ്ട്ര തലത്തിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയമാണ് കേന്ദ്ര സർക്കാരിന്റെ നടപടിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

വൻ സാമ്പത്തിക തട്ടിപ്പുകൾ ആരോപിക്കപ്പെട്ടവർക്ക് രാജ്യം വിട്ടുപോകാൻ കഴിയുമ്പോൾ, അന്താരാഷ്ട്ര പ്രശസ്തമായ അക്കാദമിക് സ്ഥാപനങ്ങളുടെ ക്ഷണം സ്വീകരിച്ച് വിദേശത്തേക്ക് പോകുന്നവരെ തടയുകയാണെന്ന് ദീപ്‌കെ വിമർശിച്ചു. ഛത്രപതി സംഭാജിനഗറിൽ മാധ്യമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓക്സ്ഫോർഡ് സർവകലാശാല ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പ്രഭാഷണം നടത്തുന്നതിനായി ലണ്ടനിലേക്ക് പോകാനെത്തിയ സൗരവ് ദാസിനെ കഴിഞ്ഞ ദിവസമാണ് ഡൽഹി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചത്. യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെയാണ് അഭിജീത് ദീപ്‌കെ രംഗത്തെത്തിയത്.

സൗരവ് ദാസ് എന്തെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും ബാങ്ക് കൊള്ളയടിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരു പ്രസ്ഥാനത്തെക്കുറിച്ച് പ്രമുഖ സർവകലാശാലകളിൽ സംസാരിക്കാൻ ഒരു ഇന്ത്യൻ പൗരൻ പോകുന്നതിൽ എന്താണ് തെറ്റെന്നും ദീപ്‌കെ ചോദിച്ചു.

കേന്ദ്ര സർക്കാരിന്റെ നടപടി അഭിപ്രായസ്വാതന്ത്ര്യത്തെയും അന്താരാഷ്ട്ര വേദികളിൽ ആശയങ്ങൾ പങ്കുവെക്കാനുള്ള പൗരന്മാരുടെ അവകാശത്തെയും തടയുന്നതാണെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.